സുന്ദരനാണ്…ആരും ഒന്ന് നോക്കിപ്പോകും. വിജയ് ദേവേരകൊണ്ട യുടെ ഒരു ചെറിയ….അല്ലാ….നല്ല ഛായ ഉണ്ട്

പ്രണയ സംഗീതം

Story written by MAREELIN THOMAS

” എത്ര നാളായി ദക്ഷ… എനിക്ക് വയ്യ ഇനിയും കാത്തിരിക്കാൻ…. എനിക്ക് നിന്നെ കണ്ടേ തീരൂ…” ധ്യാനിന്റെ വാക്കുകൾ വീണ്ടും വീണ്ടും ദക്ഷയുടെ ഉള്ളിൽ പ്രതിധ്വനിച്ചു…

” മാഡം സ്ഥലം എത്തി….മാഡം….. മാഡം..”,

“ങ്ഹെ…”

” സ്ഥലം എത്തി മാഡം….”, ടാക്സി ഡ്രൈവർ പിറകോട്ട് തിരിഞ്ഞ് ദക്ഷയെ നോക്കി… തന്റെ ചിന്തകൾക്ക് താൽക്കാലികമായി കൂച്ച് വിലങ്ങിട്ട്‌ യൂബർ ടാക്സിയുടെ പൈസയും കൊടുത്ത് ദക്ഷ കാറിൽ നിന്ന് പുറത്തേക്കിറങ്ങി….

‘ഹോട്ടൽ സൺ സ്റ്റാർ…. ‘

ദക്ഷ ധൃതിയിൽ പടികൾ കയറി അകത്തേക്ക് നടന്നു…

അധികം ആൾത്തിരക്ക്‌ ഇല്ല… ദക്ഷ നാലുപാടും ഒന്ന് നോക്കി… ഇല്ല… ധ്യാനേട്ടൻ എത്തിയിട്ടില്ല….

ഒരു കോണിൽ , റോഡ് കാണത്തക്ക രീതിയിൽ സെറ്റ് ചെയ്തിരുന്ന ടേബിളിൽ അവള് ഇരുന്നു…

വാട്ട്സ്ആപ്പ് തുറന്ന് “ധ്യാൻ” എന്ന പേരിലുള്ള ചാറ്റ് വിൻഡോ തുറന്നു നോക്കിയപ്പോൾ 11.30 ന് ഒരു മെസ്സേജ് വന്ന് കിടപ്പുണ്ട്…..

” ബീ ദേയർ ഇൻ 30 മിനിട്ട്‌സ്…”,

ദക്ഷ വാച്ചിലേക്ക്‌ നോക്കി…

‘ഇനിയും 20 മിനിറ്റ്…’, അവള് ഒന്ന് ശ്വാസം വലിച്ച് വിട്ടു… അവളുടെ കണ്ണുകൾ അവന്റെ പ്രൊഫൈൽ പിക്ചറിലേക്ക്‌ നീണ്ടു…

ചുണ്ടിൽ പതിയെ ഒരു പുഞ്ചിരി വിടർന്നു…

‘ സുന്ദരനാണ്…. ആരും ഒന്ന് നോക്കിപ്പോകും…വിജയ് ദേവേരകൊണ്ട യുടെ ഒരു ചെറിയ…. അല്ലാ…. നല്ല ഛായ ഉണ്ട്… ‘ മൊബൈൽ സ്ക്രീനിൽ തെളിഞ്ഞിരുന്ന അവന്റെ ഫോട്ടോയിലൂടെ അവള് പ്രണയത്തോടെ വിരലോടിച്ചു…

ഫോൺ ഓഫ് ചെയ്ത് ദക്ഷ റോഡിലേക്ക് കണ്ണ് നട്ട് ഇരുന്നു…

‘ധ്യാനേട്ടൻ തന്റെ ജീവിതത്തിന്റെ ഭാഗമായിട്ട് ഏകദേശം 6 മാസം ആയിരിക്കുന്നു… …

ഒരു ഫോൺ കോളിൽ തുടങ്ങിയ ബന്ധം…

എന്നോ അറുത്ത് മുറിഞ്ഞു പോയ സുഹൃത്ത് ബന്ധം തിരികെ പിടിക്കാനായി, ആ കൂട്ടുകാരന്റെ നമ്പർ ആരോടൊക്കെയോ ചോദിച്ച്, തപ്പി പിടിച്ച് വിളിച്ചതായിരുന്നു കക്ഷി.. പക്ഷേ മറുവശം തന്റെ ശബ്ദം കേട്ടപ്പോൾ ആദ്യം ഒന്ന് ഞെട്ടി…

ആള് മാറിപ്പോയതറിഞ്ഞ് ക്ഷമാപണം നടത്തി പെട്ടെന്ന് ഫോൺ വെച്ചു….

ഒട്ടും പ്രതീക്ഷിക്കാതെ അന്ന് രാത്രി തന്നെ വാട്സാപ്പിൽ ഒരു സന്ദേശം വന്നു..

“ഹായ്… ഞാൻ ധ്യാൻ… ഇന്നത്തെ ആൾമാറാട്ടക്കേസിലെ മുഖ്യ പ്രതി…അതുകൊണ്ട് എനിക്ക് ഇയാളുടെ കുയിൽ നാദം കേൾക്കാൻ പറ്റിയല്ലോ… എന്തൊരു ശബ്ദമാടോ തന്റെ….😍😍”

ഡി പി എടുത്ത് നോക്കിയപ്പോൾ എന്തോ ഹൃദയത്തില് ഒന്ന് കൊളുത്തി വലിച്ചു… ബുള്ളറ്റിൽ ചാരി നിൽക്കുന്ന സുമുഖനായ ഒരു ചെറുപ്പക്കാരൻ..

‘ ഇനി ഇയാൾ ഒറിജിനൽ ആണോ…???? ഫേക്കുകളുടെ കാലമാണ്… തനിക്ക് ഒരു പരിചയവും ഇല്ലാത്ത ആൾക്കാരുടെ ഫോട്ടോ എടുത്ത് ‌‍ഡി പീ ആക്കി താൻ ആണെന്ന് വരുത്തി തീർക്കും….’ , ഉള്ളിൽ ഒരു സംശയം ഉടലെടുത്തു…

‘നല്ല ആളാ… ഫേസ്ബുക്കിൽ നയൻതാരയുടെ വിവിധ ഫോട്ടോകൾ പ്രൊഫൈൽ പിക്ചർ ആയി അമ്മാനം ആടുന്ന ഞാൻ ആണ് ഫേക്കുകളെ പറ്റി പറയുന്നത്…’

എന്തോ…ആളിന് മറുപടി കൊടുക്കാതിരിക്കാൻ തോന്നിയില്ല….

“😊 താങ്ക്സ് “, എന്ന് ടൈപ്പ് ചെയ്ത് അയക്കുമ്പോൾ തന്റെ ചുണ്ടിൽ നല്ലൊരു പുഞ്ചിരി വിരിഞ്ഞിരുന്നൂ…

ഗുഡ് മോണിംഗ് ഗുഡ് നൈറ്റ് മെസ്സേജുകളുടെ കാലം ആയിരുന്നു പിന്നീട്…തമ്മിൽ പരിചയപ്പെട്ടു.. അച്ഛനും അമ്മയും അനിയത്തിയും അടങ്ങുന്ന സന്തുഷ്ട കുടുംബത്തിലെ ഒരംഗം.. KSEB ഇല്‍‌ ജൂനിയർ എഞ്ചിനിയർ ആയി ജോലി…തന്നേക്കാൾ മൂന്ന് വയസ്സിന് മൂപ്പ്…

മെസ്സേജുകൾ ഫോൺ വിളികൾക്ക്‌ വഴി മാറി…തന്റെ ശബ്ദത്തിന്റെ വലിയൊരു ആരാധകൻ ആയി മാറിയിരുന്നു ധ്യാനേട്ടൻ…

തന്നെക്കൊണ്ട് പാട്ടുകൾ പാടിച്ച് വാട്സാപ്പിൽ അയപ്പിക്കുക എന്നതായിരുന്നു ആളുടെ മെയിൻ പരിപാടി… എന്നും രാവിലെ ഇഷ്ടപ്പെട്ട ഒരു പാട്ടിന്റെ പേര് തനിക്ക് അയക്കും… തന്റെ സമയം പോലെ ആ പാട്ട് പാടി ധ്യാനേട്ടന് അയച്ച് കൊടുക്കും… സംഗീതം തന്റെ ഉള്ളിൽ അത്രയും ആഴത്തിൽ വേരുറപ്പിച്ചിരുന്നത് കൊണ്ട്തന്നെ തനിക്ക് അതൊരു ബുദ്ധിമുട്ടായി തോന്നിയതെ ഇല്ല… മറിച്ച് ഒരുപാട് ആസ്വദിച്ചിരുന്നു…

എത്ര പെട്ടെന്നാണ് ആൾ തന്റെ ഹൃദയത്തില് സ്ഥിര താമസം ആക്കിയത്…

തനിക്ക് അങ്ങോട്ടുള്ള ഇഷ്ടം തിരിച്ച് തന്നോടും ഉണ്ടാവുമോ എന്ന് ആലോചിച്ച് വട്ട് പിടിച്ച് നടന്ന എത്രയോ രാത്രികൾ…

അവസാനം തന്റെ മുൻപിൽ ആ ഹൃദയം തുറന്നപ്പോൾ….അവിടെ താൻ മാത്രമാണ് കൂട്‌ കൂട്ടിയിരിക്കുന്നത് എന്ന് അറിഞ്ഞപ്പോൾ … സ്വർഗ്ഗം കിട്ടിയ പ്രതീതി ആയിരുന്നു….

പക്ഷേ അന്ന്, കണ്ണാടിയിലെ തന്റെ പ്രതിബിംബത്തിലേക്ക്‌ കണ്ണുകൾ നീണ്ടു….

ഇരു നിറം എന്ന് പറയാൻ പറ്റില്ല.. അതിലും കുറച്ചുകൂടി ഇരുണ്ട്… എടുത്ത് പറയത്തക്ക സൗന്ദര്യ സവിശേഷതകൾ ഒന്നും തന്നെ ഇല്ലാത്ത തന്നെ കണ്ടാൽ ധ്യാനേട്ടൻ സ്വീകരിക്കുമോ…. ഈ ഇഷ്ടം നിലനിൽക്കുമോ എന്ന ചോദ്യം തന്റെ മനസ്സിനെ പിടിച്ച് കുലുക്കി…

തന്നെ കാണാനുള്ള അതിയായ ആഗ്രഹത്തിന്റെ പുറത്ത് ഫോട്ടോ ചോദിച്ചപ്പൊഴൊക്കെ ഒന്നും രണ്ടും പറഞ്ഞ് താൻ ഒഴിഞ്ഞ് മാറി… , പക്ഷേ പലപ്പോഴും പറഞ്ഞിട്ടുണ്ട്… ധ്യാനേട്ടന്റെ മനസ്സിൽ ഉള്ള രൂപം ആവില്ല തനിക്കെന്ന്…

അപ്പോ പറയും ” അതിനു എന്റെ മനസ്സിൽ ഉള്ള രൂപം നിനക്കറിയില്ലല്ലോ ” എന്ന്… തമ്മിൽ കാണാതെ പ്രണയിക്കുന്നതിന് മാധുര്യം കൂടുമെന്നും പറഞ്ഞ് ഫോൺ വെച്ചിട്ട് ആൾ പോകും….

അവസാനം ഇന്നലെ ,

” എത്ര നാളായി ദക്ഷ… എനിക്ക് വയ്യ ഇനിയും കാത്തിരിക്കാൻ…. എനിക്ക് നിന്നെ കണ്ടേ തീരൂ….” എന്ന് കെഞ്ചി പറഞ്ഞപ്പോൾ പിടിച്ച് നിൽക്കാൻ പറ്റിയില്ല… സമ്മതിച്ചു…

‘അല്ലെങ്കിലും എത്ര നാൾ ഇങ്ങനെ മുൻപോട്ട് പോകും.. ഒരു നാൾ എന്തായാലും തനിക്ക് ധ്യാനേട്ടന്റെ മുൻപിൽ വരേണ്ടി വരും.. എത്ര നേരത്തെ ആവുന്നോ അത്രയും നല്ലത്… ‘

സമയം മുൻപോട്ട് പോകും തോറും ദക്ഷയുടെ മനസ്സ് കൂടുതൽ കലുഷിതമായി… തന്റെ ഹൃദയം കവർന്നവനെ ആദ്യമായി നേരിൽ കാണുന്നതിന്റെ ത്രില്ലും തന്നെ ഇഷ്ടപ്പെടുമോ എന്നുള്ള ആവലാതിയും എല്ലാം കൂട്ടിക്കുഴച്ച് വല്ലാത്തൊരു അവസ്ഥ…

ദൂരെ നിന്നും ബുള്ളറ്റിന്റെ ശബ്ദം കേട്ട് തുടങ്ങിയതും ദക്ഷയുടെ ഹൃദയം അതിവേഗം മിടിക്കാൻ തുടങ്ങി…

‘ആകെ കൂടി ഒരു ഉത്കണ്ഠ… ശ്വാസം മുട്ടുന്നത് പോലെ തോന്നുന്നു.. ധ്യാനേട്ടൻ എത്തുന്നതിനു മുൻപ് എഴുന്നേറ്റ് പോയാലോ…’, ബാഗ് കയ്യിൽ എടുത്ത് ഒരു നിമിഷം തിരികെ പോകുന്നതിനെ കുറിച്ച് ദക്ഷ ചിന്തിച്ചു…

“പാടില്ല… തന്നെ കാണാനായി ഓടി വരുന്ന മനുഷ്യനാണ്….”, വീണ്ടും ദക്ഷ കസേരയിലേക്ക് ചാരി ഇരുന്നു…

അപ്പോഴേക്കും ഒരു ബുള്ളറ്റ് ഹോട്ടലിന് മുൻപിൽ വന്ന് നിന്നിരുന്നു…

‘ അതായിരിക്കണം ധ്യാനേട്ടൻ…’

അവനിൽ തന്നെ ദൃഷ്ടി പതിപ്പിച്ച് മേശമേൽ വെച്ചിരുന്ന വെള്ളം പരവേശത്തോടെ കുടിച്ച് തീർത്തു ദക്ഷ…

ബുള്ളറ്റ് പാർക്ക് ചെയ്ത് ധ്യാൻ ഹെൽമെറ്റ് തന്റെ തലയിൽ നിന്നൂരി… ദക്ഷ അവനെ തന്നെ നോക്കി ഇരുന്നുപോയി… ഫോട്ടോയിൽ കണ്ടതിനേക്കാളും സുന്ദരനാണ്…

റെയർ വ്യൂ മിററിൽ കൂടി തന്നെ തന്നെ നോക്കി തലമുടി ഒതുക്കി വെച്ച് ഒരു കള്ള ചിരിയോടെ അവൻ അകത്തേക്ക് നടന്നു…

” ധ്യാനേട്ടാ….”, അകത്തേക്ക് കയറി ചുറ്റും നോക്കുന്ന ധ്യാനിനേ ദക്ഷ കൈ പൊക്കി വിളിച്ചു…

തന്റെ പേര് വിളിക്കുന്നത് കേട്ടതും , ശബ്ദം വന്ന ഭാഗത്തേക്ക് ധ്യാൻ നോക്കി…

ആദ്യമായി ഇരുവരുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു.

‘തന്നെ കണ്ട് ധ്യാനേട്ടന്റെ മുഖം വാടിയോ…, ഒരു ഉഷാർ ഇല്ലല്ലോ മുഖത്ത്.. ഈശ്വരാ… ഇഷ്ടപ്പെട്ടില്ല…. ഉറപ്പായിട്ടും ഇഷ്ടപ്പെട്ടില്ല…’ നേരിൽ കാണാൻ വരാൻ തോന്നിയ നിമിഷത്തെ ശപിച്ച് കൊണ്ട് ഇരു കണ്ണുകളിലേക്കും ഇരച്ച് കയറി വന്ന നീർമുത്തുകളെ വളരെ ബദ്ധപ്പെട്ട്‌ തടഞ്ഞ് നിർത്തി മുഖത്തൊരു പുഞ്ചിരി ഫിറ്റ് ചെയ്തു അവള്.. ഹൃദയമിടിപ്പ് അതിന്റെ ഉച്ചസ്ഥായിൽ എത്തിയിരുന്നു…

” ഒരുപാട് നേരമായോ വന്നിട്ട്…”, ധ്യാൻ പുഞ്ചിരിച്ചുകൊണ്ട് ദക്ഷയുടെ എതിർവശത്ത് ഇരുന്നു.

” ഇല്ല… അധികം ആയില്ല… ഒരു 10 മിൻ…”, അവള് വേഗം കണ്ണുകൾ അവനിൽ നിന്ന് പിൻവലിച്ച് നിലത്തേക്ക് നോക്കി..

” പിന്നെ എന്തൊക്കെയുണ്ട് വിശേഷം….അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന്, നമ്മൾ തമ്മിൽ ആദ്യായിട്ട്‌ കാണുകയാണ്.. അല്ലെ…”, ധ്യാനിന്റെ ചോദ്യം കേട്ട് ദക്ഷ മുഖം ഉയർത്തി അവനെ ഒന്ന് നോക്കി പുഞ്ചിരിച്ചു എന്ന് വരുത്തി… ശേഷം പരിഭ്രമത്തോടെ അവനിൽ നിന്ന് ദൃഷ്ടി മാറ്റി…

അവരുടെ ഇടയിലെ നിശബ്ദതയെ ഭേദിച്ച് അവന്റെ മൊബൈൽ ശബ്ദിച്ചു…

അല്പം മാറി നിന്ന് സംസാരിച്ചതിന് ശേഷം തന്റെ അടുക്കലേക്ക് ധൃതിയിൽ നടന്ന് വരുന്ന തന്റെ പ്രണയത്തെ ചെറിയ ഒരു ഭീതിയോടെ ദക്ഷ നോക്കി…

” ദക്ഷ.. വെരി സോറി.. എനിക്ക് അത്യാവശ്യമായിട്ട്‌ പോകണം.. ഒരു അർജന്റ്‌ മാറ്റർ… ഞാൻ വിളിക്കാം…”, യാന്ത്രികമായി ദക്ഷ തലയാട്ടിയതും ധ്യാൻ ധൃതിയിൽ പുറത്തേക്ക് നടന്നു…

തിരികെ വീട്ടിലേക്ക് ഉള്ള വഴിയിൽ, എല്ലാം അവസാനിച്ചു എന്ന് സ്വയം ബോധ്യപ്പെടുത്താനുള്ള തീവ്ര ശ്രമത്തിൽ ആയിരുന്നു അവൾ… അല്ലായെങ്കിൽ തന്നോട് മര്യാദക്ക് ഒന്ന് സംസാരിക്കാൻ പോലും നിൽക്കാതെ ധ്യാനേട്ടൻ ധൃതി പിടിച്ച് ഓടി പോവില്ല…

‘എങ്കിലും ഇത്രയും സ്നേഹിച്ചതല്ലെ… 10 മിനിട്ടുകൊണ്ട് എന്നെ വേണ്ട ന്നു വെച്ച് പോയല്ലോ…’,

വല്ലപ്പോഴും വിരുന്നെത്തുന്ന തലവേദനയേ പഴി ചാരി തന്റെ മുറിയിൽ , തന്റെ കിടക്കയിൽ ചുരുണ്ടുകൂടി കിടന്ന് തന്റെ ഹൃദയ വേദനയെ അവള് ഒഴുക്കി കളയാൻ ശ്രമിച്ചു… ഇടക്കിടക്ക് മൊബൈൽ സ്ക്രീനിലേക്ക് കണ്ണുകൾ തിരിയും…

‘ഇല്ല.. കോൾ ഇല്ല.. മെസ്സേജ് ഇല്ല… ഒന്നുമില്ല… തന്നെ വേണ്ടാന്നു വെച്ചു… ഉറപ്പ്.. ‘

പിറ്റേന്ന് ഓഫീസിൽ നിന്ന് വീട്ടിൽ എത്തിയപ്പോൾ മുറ്റത്ത് തനിക്ക് പരിചയമില്ലാത്ത ഒരു കാർ കണ്ട് അവള് ആശ്ചര്യപ്പെട്ടു…

അകത്തേക്ക് കയറിയതും അവള് മരവിച്ച് നിന്ന് പോയി…

അച്ഛനും അമ്മയും തന്നെ കൂർപ്പിച്ച് നോക്കുന്നു… അവരുടെ നോട്ടം താങ്ങാനാവാതെ, അവൾ കാലുകൾ ശരവേഗം തന്റെ മുറിയിലേക്ക് ചലിപ്പിച്ചു…

ഓടിച്ചെന്ന് തന്റെ കട്ടിലിലേക്ക് കമഴ്ന്ന് വീണപ്പൊഴേക്കും അവളുടെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു…

തനിക്ക് പിറകിൽ വാതിൽ അടയുന്ന ശബ്ദം കേട്ടിട്ടും അവള് തലയുയർത്തി പിറകിലേക്ക് നോക്കിയില്ല… തേങ്ങലിന്റെ ആക്കം കുറഞ്ഞ് കുറഞ്ഞ് വന്നതും പിറകിൽ നിന്ന് ആരോ അവളുടെ കയ്യിൽ ശക്തിയായി പിടിച്ച് വലിച്ച് എഴുന്നേൽപ്പിച്ചു… ആ പിടിവലിയുടെ ശക്തിയിൽ അവള് അവന്റെ നെഞ്ചില് ഇടിച്ച് നിന്നു…

വീണ്ടും കണ്ണുകൾ സജലമായി…

” എന്തിനാ വന്നെ…. ഇന്നലെ എന്നെ ഇട്ടിട്ട് പോയതല്ലേ… എന്നെ ഇഷ്ടപ്പെടാഞ്ഞിട്ടല്ലെ… ഞാൻ കൊള്ളുല്ല… എനിക്കറിയാം… ഞാൻ ധ്യാനേട്ടന് കൊള്ളൂല്ലാ… ചേരൂല്ല… ഞാൻ ചേരൂല്ലാ….” അവനോട് ചേർന്ന് നിന്ന് അവന്റെ നെഞ്ചില് തുരുതുരാ ഇടിച്ചു അവള്..

” ശ്ശേ.. ഇടിക്കാതെ പെണ്ണെ… എനിക്ക് വേദനിക്കുന്നുണ്ട് ട്ടോ…. “,,അവൻ അവളുടെ കൈകള് പിടിച്ച് വെക്കാൻ ഒരു ശ്രമം നടത്തി.. പക്ഷേ അപ്പോഴും സർവ്വ ശക്തിയുമെടുത്ത് അവന്റെ നെഞ്ചില് പ്രഹരം ഏൽപ്പിച്ച് കൊണ്ടിരുന്നു ദക്ഷ…

” ആഹ്‌… വേദനിക്കുന്നു പെണ്ണെ….”, സഹികെട്ട് ധ്യാൻ അവളെ പൂർവാധികം ശക്തിയോടെ തന്നിലേക്ക് ചേർത്ത് പിടിച്ചു അവളുടെ ചുണ്ടുകളിലേക്ക് ആഴ്ന്നിറങ്ങി…

” മ്മ്… മ്മ്… മ്മ്… മ്മ്..”, കണ്ണുകൾ ഉരുട്ടി ചുംബനത്തിൽ ലയിക്കാതെ അവനിൽ നിന്ന് അടർന്ന് മാറാൻ ഒരു ശ്രമം നടത്തി അവള്… പക്ഷേ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെയും അവന്റെ കൈകൾ അവളുടെ ദേഹം മുഴുവനെയും വരിഞ്ഞ് മുറുക്കിയിരുന്നൂ.. സാവധാനം അവളും അവനിലേക്ക് ലയിച്ച് ചേർന്നു..

ശ്വാസം വിലങ്ങു തടിയായപ്പോൾ അവൻ അവളെ മോചിപ്പിച്ചു…

” ഇങ്ങനെയൊന്നും അല്ലായിരുന്നു എന്റെ ഫസ്റ്റ് കിസ്സ് ഞാൻ പ്ലാൻ ചെയ്തത്…നല്ല റൊമാന്റിക് അന്തരീക്ഷം.. നിറയെ പ്രഭ ചൊരിയുന്ന മെഴുകുതിരികൾ… നമ്മുടെ മേൽ മുകളിൽ നിന്ന് ചിതറി വീഴുന്ന പൂവിതളുകൾ…. എല്ലാം നശിപ്പിച്ചു… ദേഹം വേദനിപ്പിച്ചിട്ടല്ലെ… ഹാ.. ഇനിയിപ്പോ കിട്ടിയത്കൊണ്ട് തൃപ്തിപ്പെടാം… അല്ല പിന്നെ… “, അവൻ തന്റെ തള്ള വിരലുകൊണ്ട് അവളുടെ ചൂണ്ടുകളെ ഒന്ന് തഴുകി… അവള് കുറുകികൊണ്ട് ഒന്നുകൂടെ അവനോട് ചേർന്ന് നിന്നു…

” ഇന്നലെ നീയാകെ പേടിച്ച് വിറച്ച് ഇരിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്.. ആദ്യം നിന്റെ മനസ്സ് ഒന്ന് ഫ്രീ ആവട്ടെ എന്ന് കരുതി ഞാൻ അധികം ഒന്നും മിണ്ടിയില്ല..

അപ്പോഴേക്കും, “ബസ് സ്ട്രൈക്ക് പ്രഖ്യാപിച്ചു.. കോളേജിൽ നിന്ന് വീട്ടിലേക്ക് വരാൻ ബസില്ല.. കൂടെ കൂട്ടുകാർ ആരുമില്ല” എന്ന് പറഞ്ഞ് അനിയത്തിയുടെ കോൾ വന്നു… ഇന്നത്തെ കാലം അല്ലെ.. എത്രയും പെട്ടെന്ന് അവളുടെ അടുത്ത് എത്തണം എന്നെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ… , അത് കഴിഞ്ഞ് നിന്നെ ഫോൺ വിളിക്കാതിരുന്നതും മെസ്സേജ് അയക്കാതിരുന്നതും മഹാ ചെറ്റത്തരം ആയിപ്പോയി… എനിക്കറിയാം.. പക്ഷേ ഇന്ന് ഇപ്പൊൾ എന്നോട് ചേർന്ന് നിൽക്കുമ്പോൾ നിന്റെ മുഖത്ത് വിരിയുന്ന ഈ ഭാവങ്ങൾ ഉണ്ടല്ലോ…അത് കാണാൻ വേണ്ടി മാത്രമായിരുന്നു പെണ്ണെ … എന്റെ പ്രാണൻ ആണ് നീ… നിന്റെ ശബ്ദത്തെ ആയിരിക്കാം ഞാൻ ആദ്യമായി ഇഷ്ടപ്പെട്ടത്… പക്ഷേ പ്രണയിച്ചത് നിന്റെ തൂവെള്ള മനസ്സിനേയാണ് മോളെ… നിനക്കിനിയും അത് മനസ്സിലായില്ലേ… “
ധ്യാൻ ദക്ഷയുടെ മുഖത്തേക്ക് വീണു കിടന്നിരുന്ന മുടിയിഴകൾ ചെവിക്ക് പിറകിലേക്ക് ഒതുക്കി വെച്ചു….

“ഇന്നലെ നമ്മൾ തമ്മിൽ കണ്ടില്ലായിരുന്നെങ്കിലും ഇന്ന് ഞാൻ അച്ഛനും അമ്മയുമായി നിന്നെ കാണാൻ ഇവിടെ എത്തിയെനെ.. പക്ഷേ അവരുമായി നിന്നെ പെണ്ണ് ചോദിക്കാൻ വരുന്നതിന് മുൻപ് നിന്റെ കണ്ണുകളിൽ നോക്കി എനിക്ക് എന്റെ പ്രണയം പറയണം എന്നായിരുന്നു ആഗ്രഹം.. പക്ഷേ അത് നടന്നില്ല.. “

ദക്ഷ അവനെ പ്രണയത്തോടെ നോക്കി..

” വീട് എങ്ങനെ കണ്ട് പിടിച്ചു…”

” അതൊക്കെ കണ്ടുപിടിച്ചു.. നീ അറിയണ്ട…, ആവശ്യക്കാരന് ഔചിത്യം ഇല്ല എന്നല്ലേ…”, ധ്യാൻ അവളുടെ മുടിയിൽ വാത്സല്യത്തോടെ തഴുകി…

“പിന്നെ നിന്റെ അച്ഛനും അമ്മയും നോക്കിപ്പേടിപ്പിച്ചതോക്കെ വെറുതെയാ… എല്ലാവർക്കും നമ്മുടെ കാര്യത്തിൽ സന്തോഷമേ ഉള്ളൂ… ചേർച്ച നോക്കാൻ നിന്റെ ജാതകം വാങ്ങിയിട്ടുണ്ട് അച്ഛനും അമ്മയും.. ഇനി ജാതകം ചേർന്നാലും ഇല്ലെങ്കിലും ഞാൻ നിന്നെയും കൊണ്ടെ പോകൂ മോളെ….”

അവൻ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു അവളുടെ നെറ്റിയിൽ തന്റെ ചുണ്ടുകൾ പതിപ്പിച്ചു…

അവന്റെ ചുണ്ടുകളുടെ നനുത്ത സ്പർശം തന്റെ നെറ്റിയിൽ ആസ്വദിച്ച് കൊണ്ട് തന്റെ പ്രണയം പൂവണിഞ്ഞ ആത്മനിർവൃതിയിൽ അവനോട് ചേർന്ന് അവനിൽ ലയിച്ച് നിന്നു ദക്ഷ… വരാനുള്ള പ്രണയകാലത്തിന്റെ മധുര പ്രതീക്ഷയിൽ…😍😍😍😍

അവസാനിച്ചു…

Related Posts

Leave a Reply

Your email address will not be published. Required fields are marked *