സേതുവേട്ടാ ഇനി സഹായവും എന്ന് പറഞ്ഞ് ഈ വീട്ടിൽ വരരുത്. നാട്ടുകാരുടെ ഓരോ…..

സേതുവേട്ടൻ….

എഴുത്ത് :-ശ്യാം കല്ലുകുഴിയിൽ

” സേതുവേട്ടാ ഇനി സഹായവും എന്ന് പറഞ്ഞ് ഈ വീട്ടിൽ വരരുത്…നാട്ടുകാരുടെ ഓരോ കഥകൾ കേൾക്കുമ്പോൾ തൊലി ഉരിഞ്ഞു പോകുവാ,, ഒരു ഗതിയും ഇല്ലെങ്കിൽ നമ്മൾ രണ്ടാളും വല്ല വിഷവും കഴിച്ചങ്ങ് ജീവിതം അവസാനിപ്പിക്കും അത്ര തന്നെ….”

പതിവ് പോലെ അന്നും വൈകുന്നേരം സേതുവേട്ടൻ വീടിന്റെ മുറ്റത്ത് എത്തിയ പ്പോഴാണ് ചേച്ചി അത് പറഞ്ഞത്. കുറച്ച് നാളുകൾക്ക് ശേഷം അന്നാണ് ചേച്ചിയുടെ ശബ്ദം വീണ്ടും ഉച്ചത്തിൽ കേൾക്കുന്നത്. അപ്രതീക്ഷിതമായി ചേച്ചിയിൽ നിന്ന് അങ്ങനെ ഒരു പ്രതികരണം കേട്ടപ്പോൾ പെട്ടെന്ന് എന്ത് ചെയ്യണം എന്നറിയാതെ പരുങ്ങുന്ന സേതുവേട്ടന്റെ മുഖം ഞാൻ ശ്രദ്ധിച്ചു, ആരെങ്കിലും കേട്ടോ എന്നറിയാൻ പുള്ളി ചുറ്റും ഒന്ന് മുഖം തിരിച്ച് നോക്കിയിട്ട് കയ്യിൽ ഉണ്ടായിരുന്ന കവർ ഉമ്മറത്ത് നിലത്തേക്ക് വച്ച് ചേച്ചിയുടെയോ എന്റേയോ മുഖത്ത് നോക്കാതെ തല കുനിച്ച് മുറ്റത്ത് നിന്ന് റോഡിലേക്ക് ഇറങ്ങി, അന്ന് ആദ്യമായി ആണ് ആ മനുഷ്യൻ തല കുമ്പിട്ട് നടക്കുന്നത് കാണുന്നത്…

സേതുവേട്ടൻ തിരിഞ്ഞു നടന്നതും ചേച്ചി വേഗം അടച്ച വാതിലും ചാരി നിന്ന് കരച്ചിൽ അടക്കി നിർത്താൻ ശ്രമിച്ചു, ഞാൻ ഓടി ചെന്ന് ചേച്ചിയെ കെട്ടിപ്പിടിച്ചു നിൽക്കുമ്പോൾ എന്നേയും ചേർത്ത് പിടിച്ച് ചേച്ചി പൊട്ടിക്കരഞ്ഞു തുടങ്ങി. രണ്ടാളിന്റെയും ഉള്ളിലെ സങ്കടം തീരുന്നത് വരെ അങ്ങനെ നിന്ന് കരഞ്ഞ് തീർത്തു…

” എങ്കിലും ചേച്ചി സേതുവേട്ടനോട് അത്ര പറയണ്ടായിരുന്നു…”

ഞാൻ കണ്ണുനീർ തുടച്ച് ചേച്ചിയിൽ നിന്ന് അൽപം മാറി നിന്ന് കൊണ്ട് പറഞ്ഞു..

” വേണം മോളെ…”

അല്പനേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷമാണ് ചേച്ചി അത് പറയുന്നത്, ആ വാക്കുകൾ ഉറച്ച മനസ്സിൽ നിന്നുള്ള ഉറച്ച തീരുമാനം ആണെന്ന് മനസ്സിലായി, പിന്നെ ഞങ്ങൾ സേതുവേട്ടനെ കുറിച്ച് സംസാരിച്ചതേയില്ല…

” ഞാൻ ഒന്ന് രണ്ടിടത്ത് ജോലിക്ക് ശ്രമിക്കുന്നുണ്ട് മോളെ, നമുക്ക് രണ്ടാൾക്ക് ജീവിക്കാൻ അതൊക്കെ ധാരാളം….”

അത്താഴം കഴിച്ച് ചേച്ചിയുടെ ചൂടും പറ്റി കിടക്കമ്പോൾ ആണ് എന്നോട് അത് പറഞ്ഞത്. ഒന്നും മിണ്ടാതെ ചേച്ചിയോട് ചേർന്ന് കിടക്കുമ്പോൾ ആ നെഞ്ചിലെ വേദന ഞാൻ മനസ്സിലാക്കുന്നുണ്ടായിരുന്നു…

ഓർമ്മ വയ്ക്കും മുൻപേ അച്ഛൻ നഷ്ടമായെങ്കിലും അമ്മ ആ ബുദ്ധിമുട്ട് അറിയിക്കാതെയാണ് ഞങ്ങളെ രണ്ട് പേരെയും വളർത്തിയത്. ചേച്ചിയുടെ കല്യാണം കഴിയുന്നത് വരെ വീട്ടിൽ നിറയെ സന്തോഷം ആയിരുന്നു. ചേച്ചിയെ കണ്ട് ഇഷ്ടപ്പെട്ടയാൾ നേരെ കല്യാണ ആലോചനയുമായി വീട്ടിൽ വന്നപ്പോൾ കുറ്റമൊന്നും ആർക്കും പറയാൻ ഇല്ലായിരുന്നു. ഒന്നും ആവശ്യപ്പെടാതെ പെട്ടെന്ന് കല്യാണം ഉറപ്പിച്ചപ്പോൾ ചേച്ചിയെക്കാൾ സന്തോഷം എനിക്കും അമ്മയ്ക്കും ആയിരുന്നു…

ഇടയ്ക് ഇടയ്ക്ക് എന്നെയും അമ്മയെയും വിളിച്ച് വിശേഷങ്ങൾ പറയുന്ന ആ ചേട്ടൻ പെട്ടെന്ന് തന്നെ സ്നേഹം കൊണ്ട് നമ്മുടെ ഹൃദയത്തിലേക്ക് സ്ഥാനം ഉറപ്പിക്കുക ആയിരുന്നു. വല്യ ആർഭാടം ഇല്ലാതെ ചേച്ചിയെ കെട്ടിച്ചു വിടുമ്പോൾ എല്ലാവരുടെയും മുന്നിൽ രണ്ടു പെണ്മക്കളെ തനിച്ചു വളർത്തിയതിന്റെ അഭിമത്തിൽ അമ്മ തല ഉയർത്തി നിന്നു…

കല്യാണം കഴിഞ്ഞ് പിറ്റേ ആഴ്ച്ച രാത്രി കരഞ്ഞുകൊണ്ട് ചേച്ചി ഫോൺ ചെയ്യുന്നത് വരെ സമാധാനവും സന്തോഷവും നിറഞ്ഞു നിന്ന വീടായിരുന്നു ഞങ്ങളുടേത്….

“അമ്മേ… ഒന്ന് പെട്ടെന്ന് ഇവിടെ വരെ വരുമോ…”

ചേച്ചി കരഞ്ഞുകൊണ്ട് അത്രയും പറഞ്ഞു കാൾ കട്ട് ആക്കുമ്പോൾ ഒരുനിമിഷം അവൾക്ക് എന്താ പറ്റിയത് എന്നറിയാതെ അമ്മ തരിച്ചു നിന്നു. ഈ രാത്രി ഇനി എങ്ങനെ പോകാനാണ് എന്ന് ആലോചിക്കുമ്പോൾ ആണ് അടുത്ത വീട്ടിലെ സേതുവേട്ടന്റെ വീട്ടിൽ വെളിച്ചം കാണുന്നത്. അമ്മ എന്നെയും പിടിച്ച് ടോർച്ചും കൊണ്ട് സേതുവേട്ടന്റെ വീട്ടിൽ പോയി കാര്യം പറയുമ്പോൾ പുള്ളിയാണ് ചേച്ചിയുടെ വീട്ടിലേക്ക് പോകാൻ വണ്ടി റെഡിയാക്കി തന്നത്. കരഞ്ഞ മുഖ വുമായി നിൽക്കുന്ന എന്നെയും അമ്മയെയും കണ്ടിട്ട് ആകും നമ്മളോടൊപ്പം സേതുവേട്ടനും വന്നത്….

ചേച്ചിയുടെ വീട്ടിലേക്ക് ചെല്ലുമ്പോൾ വീടിന് ചുറ്റും ആൾക്കാർ കൂടി നിൽപ്പുണ്ട്, ഞങ്ങൾ വണ്ടിയിൽ നിന്ന് ഇറങ്ങുമ്പോഴേക്കും ഒരു ആംബുലൻസ് മുറ്റത്തേക്ക് വന്നു നിന്നു. ആംബുലൻസിൽ നിന്ന് പുറത്തേക്ക് എടുക്കുന്ന ആളിന്റെ മുഖം കണ്ടപ്പോൾ ആദ്യം ചേച്ചിയുടെ അടുക്കലേക്ക് ആണ് ഓടിയത്. മുറിയിൽ ഭിത്തിയും ചാരി ഇരുന്ന് കരയുന്ന ചേച്ചി നമ്മളെ കണ്ടതും ഓടി വന്ന് അമ്മയുടെ നെഞ്ചിലേക്ക് മുഖം ചേർത്ത് പൊട്ടിക്കരയാൻ തുടങ്ങി, അവളെ എന്ത് പറഞ്ഞ് അശ്വസിപ്പിക്കണം എന്നറിയാതെ എനിക്കും അമ്മയ്ക്കും അവൾക്കൊപ്പം കരയാനെ കഴിഞ്ഞുള്ളു…

ജീവനറ്റ ചേട്ടന്റെ തുന്നി ചേർത്ത ശരീരം ഉമ്മറത്തേക്ക് വയ്ക്കുമ്പോൾ ആ വീട്ടിൽ ആകെ കൂട്ട നിലവിളി ഉയർന്നു തുടങ്ങി, കരഞ്ഞ് തളർന്ന് ചേച്ചിയേയും തങ്ങി പിടിച്ചുകൊണ്ട് ഞാനും അമ്മയും ഉമ്മറത്തേക്ക് നടന്നു….

“ഇവൾ ഈ വീട്ടിൽ കാല് വച്ചതോടെ എന്റെ മോൻ പോയി, ഇറങ്ങി പോടി എരണം കെട്ടവളെ.. എന്റെ മോനെ കൊന്നപ്പോൾ നിനക്ക് തൃപ്തി ആയല്ലോ…നി ഒന്നും ഒരിക്കലും ഗുണം പിടിക്കില്ലടി…”

ചേട്ടന്റെ അമ്മ നെഞ്ചത്ത് അടിച്ച് ഉറക്കെ പറഞ്ഞുകൊണ്ട് കരയുമ്പോൾ ചേച്ചിയുടെ കരച്ചിൽ വീണ്ടും ഉയർന്നു, എന്ത് ചെയ്യണം എന്നറിയാതെ ഞാനും അമ്മയും അവളെ ചേർത്ത് പിടിച്ചു. പിന്നെയും അവർ എന്തൊക്കെയോ പ്രാകി കൊണ്ട് കരയുമ്പോൾ ആരൊക്കെയോ അവരെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു….

വെളുപ്പിനെയാണ് ചേട്ടന്റെ അന്ത്യ കർമ്മങ്ങൾ കഴിഞ്ഞത്, ജീവിച്ച് തുടങ്ങും മുൻപേ വിധവയായ അവളെ അവർക്കിടയിൽ തനിച്ചക്കാൻ വയ്യാത്തത് കൊണ്ട് തിരിച്ച് വീട്ടിലേക്ക് പോകുമ്പോൾ ചേച്ചിയെയും കൂട്ടി. പിന്നെയുള്ള ദിവസങ്ങൾ വീട് മരണ വീടിന് തുല്യം ആയിരുന്നു, ചേച്ചിയുടെ മുഖം കാണുമ്പോൾ തന്നെ കരച്ചിൽ വരും. മോളുടെ ജീവിതത്തെ ഓർത്തുള്ള ദുഃഖം കൊണ്ടാകും അമ്മ പതിയെ മുറിയിൽ തന്നെ ഒതുങ്ങിക്കൂടി,ചേച്ചിയും അതുപോലെ തന്നെ ഒന്നിനും ഉത്സാഹമില്ല…

എല്ലാ വിഷമങ്ങളും ഉള്ളിൽ ഒതുക്കുന്ന അമ്മ ഒരു രാത്രി ആരോടും ഒന്നും പറയാതെ മറ്റൊരു ലോകത്തേക്ക് യാത്ര ആകുമ്പോൾ നമ്മൾ രണ്ട് പെണ്ണുങ്ങൾ എന്ത് ചെയ്യണം, എങ്ങനെ ജീവിക്കണം എന്നറിയാതെ ജീവിതത്തിന് മുന്നിൽ പകച്ചു നിന്ന് പോയി. അമ്മയുടെ ചടങ്ങിന്‌ ശേഷം അടുത്ത ബന്ധുക്കളും നാട്ടുകാരും പോയി കഴിഞ്ഞപ്പോൾ ഞാനും ചേച്ചിയും തനിച്ചായി…

രണ്ട് പെണ്ണുങ്ങൾ തനിച്ചായ വീട്ടിൽ രാത്രിയിൽ പുറത്ത് വാതിൽ മുട്ടലും, കൂകി വിളിക്കലും ഒക്കെ സ്ഥിരമായ ദിവസങ്ങളിൽ പേടിച്ച് വിറച്ച് നമ്മൾ ഉറങ്ങാതെ കഴിച്ചുകൂട്ടിയ നിരവധി രാത്രികൾ, നേരത്തെ തന്നെ കറന്റ് പോയ ശക്തമായ മഴയും കാറ്റുമുള്ള ഒരു രാത്രി, ഇടയ്ക്ക് മിന്നിമായുന്ന മിന്നലും, അതിന്റെ ഒപ്പം വരുന്ന ശക്തമായ ഇടിയും നമ്മൾ രണ്ട് പെണ്ണുങ്ങൾ പേടിച്ച് കട്ടിലിന്റെ മൂലയിൽ ദൈവത്തെ വിളിച്ചിരിക്കുമ്പോൾ പതിവ് പോലെ പുറത്ത് ആളനക്കവും, വാതിലിൽ മുട്ടലും തുടർന്നു….

ഒന്നും ചെയ്യാൻ കഴിയാതെ പേടിച്ച് ഇരിക്കുമ്പോൾ ആണ് അന്ന് ആദ്യമായി സേതുവേട്ടന്റെ നമ്പറിലേക്ക് വിളിക്കുന്നത്. രണ്ടാമത്തെ ബില്ലിൽ ആണ് അദ്ദേഹം കാൾ അറ്റൻഡ് ചെയ്യുന്നത്..

” സേതുവേട്ടാ ഞാനാ അമ്മു.. ഇവിടെ വീടിന്റെ പുറത്ത് ആരൊക്കെയോ ഉണ്ട്, ഒന്ന് ഇവിടേക്ക് വരുമോ…”

ഒറ്റ ശ്വാസത്തിൽ അത് പറയുമ്പോൾ മറുപടിയായി ഒരു മൂളൽ മാത്രമേ ഉണ്ടായിരുന്നുള്ളു. കുറച്ച് കഴിയുമ്പോൾ വാതിലിൽ തട്ടി വിളിക്കുന്ന സേതു വേട്ടന്റെ ശബ്ദം കേട്ടു. മെഴുകുതിരിയും കൊണ്ട് ചെന്ന് വാതിൽ തുറക്കുമ്പോൾ പുറത്ത് നിൽപ്പുണ്ടായുരുന്നു സേതുവേട്ടൻ…

” രണ്ടാളും പേടിക്കാതെ കിടന്ന് ഉറങ്ങിക്കോ… ഇനി ആരും ശല്യം ചെയ്യാൻ വരില്ല….”

ആ വാക്കിൽ ഒരു വിശ്വാസവും ആശ്വാസവും ഉണ്ടായിരുന്നു. അന്ന് പിന്നെ ആരുടെയും ശല്യം ഉണ്ടായിരുന്നില്ല. പിറ്റേന്ന് രാവിലെ പഞ്ചസാര ടിന്നിൽ നിന്ന് സ്പൂൻ കൊണ്ട് അവസാന തരി പഞ്ചസാരയും കട്ടൻ ചായയിൽ ഇട്ട് ഇളക്കുമ്പോൾ ആണ് സേതുവേട്ടൻ അടുക്കള മുറ്റത്തേക്ക് വന്നത്..

” എന്താ അമ്മു ഇന്ന് കാപ്പിക്ക്….”

സേതുവേട്ടന്റെ ശബ്ദം കേട്ടപ്പോൾ ഞാൻ ഒന്ന് പരുങ്ങി….

” ദോശയോ, ഇഡ്ഡലിയോ എന്തേലും ഉണ്ടാക്കണം…”

എന്റെ മറുപടി കേട്ടപ്പോൾ ഒന്ന് മൂളിക്കൊണ്ട് സേതുവേട്ടൻ അടുക്കളയിലേക്ക് കയറി. ഒഴിഞ്ഞ ടിന്നുകളും, അരി കലവും എല്ലാം തുറന്ന് നോക്കിയിട്ട്, ഒന്ന് ചിരിച്ചുകൊണ്ട് സേതുവേട്ടൻ ഇറങ്ങി പോയപ്പോൾ ജീവിതത്തിൽ ആദ്യമായി തല കുനിച്ചു നിൽക്കേണ്ടി വന്നതിന്റെ സങ്കടത്തിൽ ആയിരുന്നു…

അര മണിക്കൂർ കഴിഞ്ഞു കാണും ഒരു ഓട്ടോ വന്ന് നിന്നു വീട്ടിൽ, അതിലെ ഡ്രൈവർ കുറെ പലവെജ്ഞന സാധങ്ങൾ വീട്ടിൽ ഇറക്കി വച്ചു…

” സേതുവേട്ടൻ പറഞ്ഞിട്ടാ….”

ഒന്നും മനസ്സിലാകാതെ നിന്ന ഞങ്ങളോട് അത് പറഞ്ഞിട്ട് അയാൾ ഓട്ടോയും കൊണ്ട് പോയി. പിന്നെയുള്ള ദിവസങ്ങളിൽ രാത്രി സേതുവേട്ടന്റെ കാവൽ നമ്മുടെ വീട്ടിലും ഉണ്ടായിരുന്നു. ഇടയ്ക്ക് വീട്ടിലേക്ക് ടോർച്ച് അടിച്ച് നോക്കിയും വീടിന് ചുറ്റും നടന്നും ഞങ്ങൾക്കുള്ള സംരക്ഷണം അദ്ദേഹം ഉറപ്പുവരുത്തിയിരുന്നു..

ഇടയ്ക്ക് വീട്ടിലേക്കുള്ള സാധങ്ങളും,പച്ചക്കറിയും വാങ്ങി തന്നും, രാത്രിവരുന്ന ഞരമ്പന്മാരെ ഓടിച്ച് വിട്ടും നമുക്ക് ഒരു താങ്ങായി സേതുവേട്ടൻ. എല്ലാ യിടത്തുള്ളതും പോലെ പിന്നെ ആ മനുഷ്യനേയും ഞങ്ങളെയും ചേർത്ത് ഒരോ കഥകൾ നാട്ടുകാർ ഉണ്ടാക്കി തുടങ്ങി, ഇവിടെ ആണേൽ രണ്ട് പെണ്ണുങ്ങൾ മാത്രം അതിൽ ഒന്ന് വിധവയും, അവിടെ ആണേൽ സേതുവേട്ടൻ തനിച്ചാണ്, പുള്ളിക്ക് പത്ത് നാൽപ്പത് വയസ്സ് കഴിഞ്ഞു ഇതുരെ കല്യാണവും കഴിഞ്ഞിട്ടില്ല അപ്പൊ നാട്ടുകാർക്ക് കഥകൾ ഉണ്ടാക്കാനും എളുപ്പമായി…

ആദ്യമൊക്കെ എന്തേലും പറഞ്ഞ് വരുന്നവർക്ക് നല്ല മറുപടി കൊടുക്കുമ്പോൾ അവർ വാശിയോടെ വീണ്ടും വീണ്ടും കഥകൾ മെനഞ്ഞെടുത്ത് കൊണ്ടിരുന്നു. പിന്നെ പലതും കെട്ടില്ലെന്ന് നടിക്കാൻ ശ്രമിച്ചു എങ്കിലും അങ്ങനെ ഓരോ കഥകൾ കേൾക്കുമ്പോൾ നെഞ്ചിൽ ഒരു വേദനയാണ്. ഇനിയും ഒന്നും കേൾക്കാൻ വയ്യാഞ്ഞിട്ടാണ് ചേച്ചിക്ക് സേതുവേട്ടനോട് അങ്ങനെ പറയേണ്ടി വന്നത്….

അന്നും രാത്രിയിലും സേതുവേട്ടൻ വീടിന് ചുറ്റും ലൈറ്റ് അടിച്ച് നോക്കി ആരും ഇല്ലെന്ന് ഉറപ്പ് വരുത്തുന്നത് നമ്മൾ അറിഞ്ഞിരുന്നു. ഒരാഴ്ചയ്ക്ക് ഉള്ളിൽ തന്നെ ചേച്ചി ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലിക്ക് കയറി. വൈകുന്നേരം ജോലി കഴിഞ്ഞ് ബസ്സും കിട്ടി ചേച്ചി എത്താൻ വൈകുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെയാണ് ഒന്ന് ശ്രദ്ധിച്ചോളാൻ സേതുവേട്ടനോട് വിളിച്ചു പറഞ്ഞത്…

രാത്രി വൈകി കവലയിൽ ബസ്സ് ഇറങ്ങുമ്പോൾ സേതുവേട്ടന്റെ മുഖം കാണുമ്പോൾ ചേച്ചിക്ക് ഒരു ആശ്വാസം ഉണ്ടാകുമെന്ന് എനിക്ക് അറിയാമായിരുന്നു. രാത്രി വീട്ടിലേക്ക് നടക്കുന്ന ചേച്ചിക്ക് പിന്നിലായി സേതുവേട്ടനും ഉള്ളത് കണ്ടപ്പോഴാണ് മനസ്സിന് ഒരു ആശ്വാസം വന്നത്, പിന്നീടുള്ള ദിവസങ്ങളിലും തനിച്ചു വരുന്ന ചേച്ചിക്ക് കൂട്ടായി സേതുവേട്ടൻ ഉണ്ടായിരുന്നു…

പിന്നീട് ഒരു ദിവസം അത്താഴം കഴിച്ച് കിടക്കുമ്പോൾ ആണ് രാഹുലിന്റെ കാര്യം ചേച്ചിയോട് പറയുന്നത്. ഞാനും അവനും തമ്മിലുള്ള ഇഷ്ടം ചേച്ചിയോട് പറയുമ്പോൾ ചേച്ചി ഒന്നും മിണ്ടാതെ കണ്ണ് തുറന്ന് കിടക്കുക ആയിരുന്നു..

” മോളെ,,, നമുക്ക് എന്തേലും സംഭവിച്ചാൽ ഒരു കൈ സഹായത്തിന് ആരും ഉണ്ടാകില്ല, മോൾക്ക് ഇഷ്ടപ്പെട്ടയാൾ മോളെ ചതിക്കാതെ എന്നും കൂടെ ഉണ്ടാകും എന്ന ഉറപ്പ് വേണം, നമുക്ക് വേറെ ആരും ഇല്ലല്ലോടാ…”

നീണ്ട മൗനങ്ങൾക്ക് ശേഷം ചേച്ചി അത് പറയുമ്പോൾ ഞാൻ അവളിലേക്ക് ചേർന്ന് കിടന്നു…

” ഇല്ല ചേച്ചി, അവനെ വിശ്വസിക്കാം എനിക്ക് ഉറപ്പുണ്ട്…”

” ഉം… എന്നാൽ ഒരു ദിവസം അവരോട് ഇവിടേക്ക് വരാൻ പറയ്.. എല്ലാം അതിന്റെ വഴിക്ക് നടക്കട്ടെ….”

ചേച്ചി അത് പറയുമ്പോൾ അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്ത് അവളിലേക്ക് ചേർന്ന് കിടന്നു…

പിറ്റേയാഴ്ച്ച തന്നെ രാഹുലും അച്ഛനും അമ്മയും കൂടി വീട്ടിലേക്ക് വന്നു. ഞങ്ങളുടെ കാര്യങ്ങൾ നേരത്തെ തന്നെ അവർക്ക് അറിയാവുന്നത് കൊണ്ട് മറ്റ് സംസാരം ഒന്നും ഇല്ലാതെ തന്നെ ഞങ്ങളുടെ ഇഷ്ടത്തിന് വിവാഹം ഉറപ്പിക്കുക ആയിരുന്നു…

വിവാഹം ഉറപ്പിച്ചെങ്കിലും തനിച്ചാകൻ പോകുന്ന ചേച്ചിയെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു മനസ്സ് നിറയെ, അവൾക്ക് വേണ്ടി ആരെയെങ്കിലും കണ്ട് പിടിക്കണം അവൾക്കും ഒരു ജീവിതം വേണം അതായിരുന്നു പിന്നീടുള്ള ചിന്ത. ഈ കാര്യം രാഹുലിനോട് പറഞ്ഞപ്പോൾ അവനാണ് സേതുവേട്ടന്റെ കാര്യം ഓർമിപ്പിച്ചത്..

ചേച്ചിയെ കാണുമ്പോൾ പുള്ളിയുടെ മുഖത്ത് വിരിയുന്ന നാണവും, വാക്കുകളിൽ ഉണ്ടാകുന്ന വിക്കലും ഒക്കെ ഓർക്കുമ്പോൾ ചേച്ചിയോട് ഇഷ്ടകുറവ് ഒന്നും ഉണ്ടാകാൻ വഴിയില്ലന്ന് മനസ്സിൽ ഓർത്തു, എങ്കിലും പുള്ളിയുടെ ചോദിക്കും മുൻപേ ചേച്ചിയുടെ മനസ്സ് അറിയുന്നത് ആണ് നല്ലതെന്ന് തോന്നി…

” നിനക്ക് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ…”

അന്ന് ഉറക്കം വരാതെ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന എന്നോട് ചേച്ചി ചോദിക്കുമ്പോൾ ഞാൻ മനസ്സിൽ ഉള്ളത് ചോദിക്കാൻ ആദ്യം ഒന്ന് പരുങ്ങി…

” ഞാൻ പോയി കഴിഞ്ഞാൽ പിന്നെ ചേച്ചി തനിച്ചല്ലേ, ചേച്ചിക്കും വേണം ഒരു ജീവിതം….”

ഞാൻ അത് പറയുമ്പോൾ ചേച്ചി ഒരു ചിരിയിൽ മറുപടി ഒതുക്കി….

” ചിരിക്കാൻ അല്ല ഞാൻ സീരിയസ് ആയി പറഞ്ഞതാ, ആ സേതുവേട്ടനെ ഒന്ന് ആലോചിച്ചാലോ, പുള്ളി ആകുമ്പോൾ ചേച്ചിയെ പൊന്നുപോലെ നോക്കിക്കോളും…”

വീണ്ടും ചേച്ചി മൗനം തുടർന്നു…

” വേണ്ട മോളെ ഒരുപാട് ആഗ്രഹിച്ചും സ്വപ്നം കണ്ടുമാണ് ഒന്ന് കെട്ടിയത്, ഇനി ഒരു പരീക്ഷണത്തിന് വയ്യ….”

” എങ്കിലും ചേച്ചി……”

” വേണ്ട മോളെ, ഇനിയിപ്പോ എന്നെങ്കിലും ഒരു കൂട്ട് വേണമെന്ന് മനസ്സിൽ തോന്നുക ആണെങ്കിൽ അപ്പൊ നോക്കാം….”

ചേച്ചി ചിരിച്ചുകൊണ്ട് അത് പറഞ്ഞ് എന്നെ ചേർത്ത് പിടിച്ചു…..

അതികം വച്ചു തമാസിപ്പിക്കാതെ പെട്ടെന്ന് തന്നെ കല്യാണം നടത്താം എന്ന് രാഹുലിന്റെ വീട്ടുകാർ തീരുമാനിച്ചു. കല്യാണ ആവശ്യത്തിന് ഓടി നടക്കാൻ സേതുവേട്ടൻ മുന്നിൽ തന്നെ ഉണ്ടായിരുന്നു. എല്ലാം കാര്യങ്ങളും അദ്ദേഹം കണ്ടറിഞ്ഞു ചെയ്യുന്നത് ചേച്ചിക്ക് വല്യൊരു ആശ്വാസം ആയിരുന്നു. താലി കെട്ടി രാഹുലിന്റെ കയ്യിൽ എന്റെ കൈ പിടിച്ച് ഏല്പിക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടിരുന്നു….

കല്യാണം കഴിഞ്ഞ് ഇറങ്ങും മുൻപേ ചേച്ചിയെ കെട്ടിപ്പിടിച്ചു കരയുമ്പോൾ അവൾ തനിച്ചായി പോകുന്നതിന്റെ വിഷമം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ…

” സേതുവേട്ടാ,,,, ചേച്ചി തനിച്ചാണ് ഒന്ന് നോക്കിക്കോളണെ…”

സേതുവേട്ടനോട് അത് പറയുമ്പോൾ ഞാൻ നോക്കിക്കോളാം എന്ന് ആ കണ്ണു കൊണ്ട് എനിക്ക് ഉറപ്പ് നൽകുക ആയിരുന്നു….

ഇടയ്ക്കൊക്കെ വീട്ടിൽ പോകുമ്പോൾ കല്യാണകാര്യം ചേച്ചിയെ ഓർമ്മിപ്പിക്കും എങ്കിലും ആള് ഒരു ചിരിയിൽ എല്ലാം ഒതുക്കും…

ഇടയ്ക്ക് ഒരു ദിവസം ചേച്ചി പനി പിടിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ആണെന്ന് സേതുവേട്ടൻ വിളിച്ചു പറയുമ്പോൾ ആണ് ഞാനും രാഹുലും കൂടി ആശുപത്രി യിലേക്ക് ചെല്ലുന്നത്. ജനറൽ വർഡിലേക്ക് കടക്കും മുൻപേ രാഹുൽ എന്റെ കയ്യിൽ പിടിച്ച് നിർത്തി, ഞാൻ സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ അവൻ ദൂരേക്ക് കൈ ചൂണ്ടിക്കാട്ടി, അവിടേക്ക് എന്റെ കണ്ണുകളും പോയി…

തിരക്ക് പിടിച്ച ജനറൽ വാർഡിലെ ഒരു ബെഡിൽ മൂടി പുതച്ച് കിടക്കുന്ന ചേച്ചിക്ക് അരികിൽ ഒരു പാത്രവും നീട്ടി എന്തോ പറയുന്ന സേതുവേട്ടനെ ആണ് കണ്ടത്. പുള്ളി എന്തൊക്കെയോ പറയുമ്പോൾ മടിച്ച് മടിച്ച് ചേച്ചി ബെഡിൽ ചാരി ഇരിക്കാൻ ശ്രമിക്കുമ്പോൾ സേതുവേട്ടൻ കയ്യിലെ പാത്രം കസേരയിൽ വച്ചിട്ട് ചേച്ചിയെ പിടിച്ച് കട്ടിലിൽ ചാരി ഇരുത്തിപ്പിച്ചു….

വീണ്ടും ചേച്ചിക്ക് അരികിൽ ഇരുന്ന് പാത്രം നീട്ടുമ്പോൾ അതിൽ കിടിന്ന സ്പൂൺ കൊണ്ട് ചേച്ചി കഞ്ഞി കുറേശെ കുടിക്കുന്നുണ്ട്, പാത്രവും പിടിച്ച് സേതുവേട്ടൻ അരികിലും ഇരിപ്പുണ്ട്…

” എടോ തൽക്കാലം നമുക്ക് ഇപ്പോൾ അവിടേക്ക് പോണ്ട.. അവർ ഒന്ന് അടുക്കട്ടെ ഇനി ചേച്ചിയുടെ മനസ്സ് മാറിയാലോ..”

രാഹുൽ അത് പറയുമ്പോൾ ഞാൻ തലയാട്ടി….

” ഉം ഇത്‌ കണ്ടിട്ട് ഉടനെ തന്നെ ഒരു കല്യാണം കൂടേണ്ടി വരുമെന്ന് തോനുന്നു…”

ഞാൻ അത് പറയുമ്പോൾ എനിക്കൊപ്പം രാഹുലും ചിരിച്ചു…

കഞ്ഞികുടിച്ച് വീണ്ടും കിടക്കും മുൻപേയാണ് അൽപം മാറി നിൽക്കുന്ന ഞങ്ങളെ ചേച്ചി കാണുന്നത്. ഞങ്ങളെ കണ്ടപ്പോൾ തന്നെ രണ്ടാളുടെയും മുഖത്ത് കള്ള ചിരി വിരിഞ്ഞു…

” എന്താ സേതുവേട്ടാ, ചേച്ചിയെ ശിശ്രൂഷിച്ച് ക്ഷീണിച്ചോ…”

ഞാൻ അത് പറഞ്ഞ് സേതുവേട്ടന്റെ കയ്യിൽ ഇരുന്ന പാത്രം വാങ്ങി ചേച്ചിക്ക് അരികിൽ ഇരുന്നു…

” അപ്പൊ പിന്നെ ഒരുപാട് താമസിക്കാതെ അടുത്ത മുഹൂർത്തത്തിൽ തന്നെ നമുക്ക് ഇതങ്ങ് നടത്താം ല്ലേ…”

ചിരിച്ചു കൊണ്ട് ചേച്ചിയുടെ ചെവിയിൽ പറയുമ്പോൾ എന്റെ കയ്യിൽ ഒന്ന് നുള്ളിക്കൊണ്ട് അവൾ തിരിഞ്ഞു കിടന്നു….

Leave a Reply

Your email address will not be published. Required fields are marked *