സ്നേഹസമ്മാനം ~~ ഭാഗം 15, എഴുത്ത്: ശ്രീജ ശ്രീജിത്ത്‌

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ശംഭുവേട്ടനെന്താ അങ്ങനെ പറഞ്ഞത്?നരേൻ പ്രശ്നക്കാരനാണോ? രഞ്ജു ടെൻഷനോടെ ചോദിച്ചു.

ആ വീട്ടുകാരേ പ്രശ്നക്കാരാ. പണത്തിന്റെ അഹങ്കാരമാ അവർക്ക്. ആ വീട്ടിൽ നിന്റെ ചേച്ചിയ്ക്ക് ഒരു പരിഗണന കിട്ടുമെന്ന് തോന്നുന്നുണ്ടോ?

പൊതു സ്ഥലത്ത്ഇ.ങ്ങനെയാണ് അവരുടെ പെരുമാറ്റമെങ്കിൽ വീട്ടിലെന്താവും?നീ ആലോചിച്ച് നോക്ക്. നിന്റെ ചേച്ചിയും അച്ഛനും അമ്മയും ഒക്കെ ഇനി അവരുടെ കയ്യിലെ കളിപ്പാവകളാ….

ശംഭുവേട്ടൻ പറഞ്ഞതെല്ലാം ശരിയാ… പക്ഷെ ഞാൻ അവരോട് എന്തു പറഞ്ഞാലും എനിക്ക് ചേച്ചിയോടുള്ള കുശുമ്പായിട്ടേ അവരതിനെ കാണൂ. അല്ലെങ്കിലും കല്യാണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായ ഈ സമയത്ത് ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ല. തന്നത്താൻ വരുത്തി വച്ചതല്ലേ അനുഭവിക്കട്ടെ.

നീ അങ്ങനെയൊന്നും ചിന്തിക്കണ്ട. നിന്റെ അച്ഛനും അമ്മയ്ക്കും ചേച്ചിയ്ക്കും ഒരാവശ്യം വന്നാൽ ഓടി എത്താൻ നമ്മളുണ്ടാവണം.

ശംഭുവിന്റെ വാക്കുകൾ രഞ്ജുവിന്റെ കണ്ണുകളെ ഈറൻ അണിയിച്ചു. ശംഭുവേട്ടാ ഇത്രയും നല്ല മനസ്സിന്റെ ഉടമയെ എന്റെ ചേച്ചി തിരിച്ചറിഞ്ഞില്ലല്ലോ..രഞ്ജൂ… ആ സംസാരം ഇനി നമുക്കിടയിൽ വേണ്ട. എനിക്കവളെ ഇഷ്ടമായിരുന്നു എന്നത് ശരിയാണ്. പക്ഷെ ഞാൻ ആഗ്രഹിച്ച എല്ലാ ഗുണങ്ങളും നിനക്കാണ്‌.ഉള്ളത്. എന്റെ അച്ഛനും അമ്മയ്ക്കും പെങ്ങൾക്കും വേണ്ടി ഞാൻ എന്താണോ ചെയ്യുന്നത് അതിനി മുതൽ നമ്മൾ ഒരുമിച്ച് ചെയ്യും.

അതുപോലെ തന്നെ നീ എന്തൊക്കെയാണോ നിന്റെ വീട്ടിൽ ചെയ്യാനാഗ്രഹിക്കുന്നത് അതും നമ്മൾ രണ്ട് പേരും കൂടി ചെയ്യും.

നീ മനസ്സിലാക്കേണ്ട ഒറ്റ കാര്യമേ ഉളളൂ. നമുക്ക് ഇനി മുതൽ രണ്ട് വീടുകളാണ് ഉള്ളത്. പിന്നെ നമ്മൾ രണ്ടും ഒന്നാണ്.ഏത് തീരുമാനമായാലും അത് നമ്മൾ ഒരുമിച്ചെടുക്കും.

സന്തോഷമാണെങ്കിലും, ദുഖമാണെങ്കിലും, നമ്മൾ ഒരുമിച്ചുണ്ടാവും..വർത്തമാനം പറഞ്ഞിരുന്നാൽ.നേരം വെളുക്കും. നീ കിടന്നുറങ്ങിക്കോ..ശരി ശംഭുവേട്ടാ… ഞാൻ നാളെ വിളിക്കാം.

ഫോൺ.ടേബിളിൽ വച്ച് ഉറങ്ങാൻ കിടന്നപ്പോഴും രഞ്ജുവിന്റെ മനസ്സിൽ ശംഭു ഒരത്ഭുതമായിരുന്നു.

എത്ര നല്ല പെരുമാറ്റമാണ് അവരുടെ….. എന്റെ ഭാഗ്യമാണ് ഈ ജീവിതം.രഞ്ജു ദൈവത്തിന് ഒരായിരം നന്ദി പറഞ്ഞു.

ദിവസങ്ങൾ കടന്നുപോയി… കല്യാണത്തിന് രണ്ട് ദിവസം മുൻപ് തന്നെ രഞ്ജുവിനുള്ള സ്വർണ്ണം ശംഭു വീട്ടിലെത്തിച്ചു.

ശിവരാമനാണ് അഞ്ജുവിന്റെ സ്വർണ്ണം എടുക്കാൻ പോയത്.

മൂന്നു വീടുകളിലും വിരുന്നുകാരുടെ ബഹളമായിരുന്നു. കല്യാണത്തിന്റെ തലേദിവസവും, കല്യാണത്തിനും അഞ്ജുവിനും രഞ്ജുവിനും പ്രത്യേക ബ്യൂട്ടീഷന്മാർ ആയിരുന്നു.

രണ്ടുപേരും ഒരുങ്ങി വന്നപ്പോൾ ഗിരിജയുടെയും ശിവരാമന്റെയും കണ്ണുകൾ നിറഞ്ഞു. അഞ്ജുവിനെക്കാൾ ഒരുപടി കൂടുതൽ സുന്ദരി രഞ്ജു ആയിരുന്നു.

രണ്ട് കല്യാണ മണ്ഡപങ്ങളിലായി ഒരേസമയം നരേൻ അഞ്ജുവിനെയും, ശംഭു രഞ്ജുവിനെയും സ്വന്തമാക്കി.

രണ്ടുപേരും എല്ലാവരോടും യാത്ര പറഞ്ഞ് രണ്ട് വഴികളിലേയ്ക്ക് പോയപ്പോൾ ആദ്യമായി ഒറ്റപ്പെടൽ എന്താണെന്ന് ഗിരിജയും ശിവരാമനും അറിഞ്ഞു.

അഞ്ജു അമേരിക്കയിലേയ്ക്ക് പോയപ്പോൾ രഞ്ജു അവർക്കു രണ്ടുപേർക്കും ഒരു വിഷമവും വരാതെ നോക്കി. ഇപ്പോൾ രണ്ടുപേരും ഒരുമിച്ച് വീടിന്റെ പടിയിറങ്ങി. വന്ന ബന്ധുക്കളെല്ലാം അന്ന് തന്നെ തിരിച്ചു പോയി..നരേന്റെ വീട്ടിൽ അന്ന് തന്നെ വൈകിട്ട് റിസപ്ഷൻ ഒരുക്കിയിരുന്നു.

ശംഭുവിന് റിസപ്ഷനോട് താല്പര്യമില്ലായിരുന്നു. അവൻ അത് ആദ്യം തന്നെ അറിയിക്കുകയും ചെയ്തു.രഞ്ജുവും അതിനോട് യോജിച്ചു…

മാലതിയ്ക്ക് റിസെപ്ഷൻ നടത്തണമെന്നുണ്ടായിരുന്നു. പക്ഷെ അപ്പോഴും ശംഭു ഒരു കാര്യമാണ് പറഞ്ഞത്. അമ്മേ രാവിലെ മുതൽ ഫോട്ടോഗ്രാഫർ പറയുന്നത് കേട്ടായിരിക്കും ശ്വാസം പോലും വിടുന്നത്. രണ്ട് പ്രാവശ്യം താലി കെട്ടേണ്ടി വരും. കുങ്കുമം തൊടുവിക്കേണ്ടി വരും.

പിന്നെ കല്ല്യാണം കഴിഞ്ഞാലോ…. ദാ ഇവിടെ വരുന്നത് വരെ ഇരിക്ക്, കിടക്ക്, ചിരിക്ക്…. അമ്മയ്ക്കറിയാല്ലോ ഇതൊന്നും എനിക്ക് പറ്റില്ല. പക്ഷെ വൈകിട്ട് വരെ അവരെ സഹിക്കാതെ നിവർത്തിയില്ല. പിന്നെ വൈകിട്ടുകൂടി ആ കലാപരിപാടി വേണ്ട. രാവിലെ മുതൽ ഈ സാരിയും ഉടുത്തുകൊണ്ട് നിൽക്കുന്ന രഞ്ജുവിന്റെ അവസ്ഥ ഓർത്തേ….. എല്ലാം കേട്ടപ്പോൾ ശംഭു പറയുന്നത് കാര്യമാണെന്ന് മനസ്സിലാക്കി റിസെപ്ഷൻ ഒഴിവാക്കി.

കല്ല്യാണം കഴിഞ്ഞ് വീട്ടിൽ ചെന്ന് കയറിയപ്പോൾ രഞ്ജുവിനെ കാണാൻ കുറെ അയൽക്കാരു ണ്ടായിരുന്നു. എല്ലാവരും പോയപ്പോൾ അവൾ ആഭരണങ്ങളെല്ലാം ഊരി മാറ്റി. ഗൗരിയാണ് മുടിയിലെ പൂവെല്ലാം അഴിച്ചെടുത്തത്. അവൾക്ക്കു.ളിക്കാനുള്ള തോർത്തും ഇടാനുള്ള ഡ്രസ്സും എല്ലാം ഗൗരി തന്നെ റെഡി ആക്കി വച്ചിട്ടുണ്ടായിരുന്നു. കുളിച്ച് ഡ്രസ്സ്‌ മാറി രഞ്ജു ആഭരണങ്ങളെല്ലാമായി മാലതിയുടെ അടുത്ത് ചെന്നു. അമ്മേ… ഇതെല്ലാം അമ്മയുടെ കയ്യിൽ വച്ചോ…

എന്താ മോളേ ഇത്. ഇത് നിനക്ക് വാങ്ങിയ ആഭരണങ്ങളല്ലേ? മോളത് മുറിയിൽ വച്ചോ. അടുത്ത ദിവസം തന്നെ അത് അവന്റെ കൂടെ പോയി ലോക്കറിൽ വച്ചാൽ മതി. നമുക്ക് വല്ലതും കഴിച്ചിട്ട് കിടക്കാം. എല്ലാവർക്കും നല്ല ക്ഷീണമുണ്ടാവും. എത്ര ദിവസായി ഉറങ്ങിയിട്ട്? എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിച്ചു. പാത്രങ്ങളെല്ലാം കഴുകാൻ രഞ്ജുവും കൂടി. ഗൗരി ടേബിൾ എല്ലാം വൃത്തിയാക്കി.

കിടക്കുന്നതിനു മുൻപ് രഞ്ജു വീട്ടിലേയ്ക്ക് വിളിച്ചു..അച്ഛൻ എന്തെടുക്കുവാ..? ചേച്ചിയുടെ അടുത്ത് പോയിരുന്നോ?.അവിടെ നിന്ന് ഒരു തേങ്ങൽ മാത്രമാണ് രഞ്ജു കേട്ടത്.

അച്ഛാ… എന്താ കരയുന്നത്..? എന്തെങ്കിലും പ്രശ്നമുണ്ടോ? എന്താണെങ്കിലും എന്നോട് പറ അച്ഛാ…..

ശിവരാമൻ മറുപടി ഒന്നും പറഞ്ഞില്ല….

അച്ഛാ… അച്ഛൻ ഫോൺ അമ്മയുടെ കയ്യിൽ കൊടുക്ക്…. എനിക്ക് അമ്മയോട് സംസാരിക്കണം… എന്താ അവിടെ നടക്കുന്നത്?

ശിവരാമൻ ഫോൺ ഗിരിജയുടെ കയ്യിൽ കൊടുത്തു.

ഹലോ മോളേ…. കിടക്കാറായില്ലേ?.കുറേ നാളുകൾക്കു ശേഷമാണ് മോളേ എന്നുള്ള വിളി കേൾക്കുന്നത്. അതുകൊണ്ടാവും രഞ്ജു പോലും അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു.

കിടക്കാൻ പോകുവാ അമ്മേ…. അമ്മേ അവിടെ എന്തെങ്കിലും പ്രശ്നമുണ്ടോ?
ചേച്ചിയുടെ വീട്ടിൽ റിസെപ്ഷന് പോയില്ലേ?രഞ്ജു ശിവരാമനോട് ചോദിച്ച അതേ ചോദ്യം ഗിരിജയോടും ചോദിച്ചു.

ഞങ്ങൾ പോയിട്ട് വന്നതാ മോളേ… അവിടെ ഭയങ്കര പാർട്ടി ആയിരുന്നു.വല്ല്യ വല്ല്യ ആളുകളുടെ പാർട്ടി അല്ലേ.. നമുക്കതൊന്നും ശീലമില്ലല്ലോ… ചില ഭക്ഷണത്തിന്റെ പേരുപോലും ഞങ്ങൾക്കറിയില്ലായിരുന്നു. അവരൊക്കെ കഴിക്കുന്നത് സ്പൂൺ ഒക്കെ വച്ചിട്ടാ.. നമുക്കത് പരിചയമില്ലല്ലോ…ഞങ്ങൾ പെട്ടെന്ന് തന്നെ തിരിച്ചു പോന്നു.ഗിരിജ സങ്കടം മനസ്സിലൊതുക്കി വച്ചാണ് സംസാരിച്ചത്.

അച്ഛനും അമ്മയും ചേച്ചിയെ കണ്ടില്ലേ? രഞ്ജുവിന്റെ ശബ്ദം മൂർച്ചയുള്ളതായി…. അത് പിന്നെ കണ്ടു… അവൾ സ്റ്റേജിൽ നിൽക്കുവായിരുന്നു …..മോള് കിടന്നോ. ഞങ്ങളും കിടക്കാൻ പോകുവാ….ഗിരിജ പെട്ടെന്നുതന്നെ ഫോൺ കട്ട്‌ ചെയ്തു.

അമ്മയും കരച്ചിലിന്റെ വക്കിലാണ്…. തന്നോട് പറയാത്തതായി എന്തോ ഒന്ന് ഇന്ന് ചേച്ചിയുടെ അടുത്ത് പോയപ്പോൾ സംഭവിച്ചിട്ടുണ്ട്….. രഞ്ജുവിന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി……

തുടരും….

Related Posts

Leave a Reply

Your email address will not be published. Required fields are marked *