സ്നേഹസമ്മാനം ~~ ഭാഗം 19, എഴുത്ത്: ശ്രീജ ശ്രീജിത്ത്‌

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…

ശിവരാമേട്ടാ… കല്ല്യാണം കഴിഞ്ഞ് നാലാം നാൾ കുട്ടികൾ വിരുന്നിന് വരില്ലേ?അന്ന് സദ്യ ഉണ്ടാക്കണം. അവർക്കുള്ള ഡ്രസ്സ്‌ വാങ്ങണം. ഗിരിജ ദയനീയതയോടെ ശിവരാമനോട് പറഞ്ഞു.

എന്റെ കയ്യിൽ ഇനി എന്താ ഉള്ളതെന്ന് നിനക്കറിയില്ലേ ഗിരീജേ…. നമ്മുടെ അഞ്ജു മോള്… എന്നോടന്ന് അവൾ എന്തൊക്കെയാ പറഞ്ഞത്?

എടി അവളെ നമ്മൾ എത്ര മാത്രം സ്നേഹിച്ചു. അവളുടെ അന്നത്തെ സംസാരം കേട്ടപ്പോൾ എന്റെ ചങ്ക് പൊട്ടിപ്പോയെടി…. എന്റെ കയ്യിലുണ്ടായിരുന്ന പൈസ മുഴുവൻ ഞാൻ അവൾക്കല്ലേ കൊടുത്തത്. ആ അവൾക്കിപ്പോൾ ഞാൻ ഈ വീട്ടിൽ താമസിക്കുന്നതിന്റെ വാടക കൊടുക്കണമെന്ന്.

എടി ഗിരീജേ നമ്മുടെ ബിസിനസ് ഞാൻ മനഃപൂർവം നശിപ്പിച്ചതാണ് എന്ന് നിനക്ക് തോന്നുന്നുണ്ടോ? ശിവരാമന്റെ കണ്ണിലൂടെ കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു.

ശിവരാമേട്ടാ മതി നിർത്ത്. എനിക്ക് നിങ്ങളെ അറിയാം. പിന്നെ നമുക്ക് വല്ല്യ ഒരു തെറ്റ് പറ്റി. രഞ്ജു മോളുടെ മനസ്സിന്റെ വേദന… അതിന്റെ ശാപമാകും ഇപ്പോൾ നമ്മൾ അനുഭവിക്കുന്നത്.

സാരമില്ല ശിവരാമേട്ടാ… ഇന്ന് ഒരുപാട് വൃദ്ധ സധനങ്ങളുണ്ടല്ലോ… വാടക കൊടുക്കേണ്ട അവസ്ഥ വന്നാൽ നമുക്കൊരുമിച്ചു ഇവിടെനിന്നിറങ്ങാം. മക്കളേ കണ്ടും മാമ്പു കണ്ടും ഒന്നും മോഹിക്കരുത്. അത് നമുക്കിപ്പോഴാ മനസ്സിലായതെന്ന് മാത്രം. അതൊക്കെ അവിടെ നിൽക്കട്ടെ ശിവരാമേട്ടാ…..
ഇപ്പോൾ കയ്യിൽ പൈസ വല്ലതും ഉണ്ടോ?ഗിരിജ ചോദിച്ചു.. എന്തിനാടി ഇപ്പോൾ പൈസ?

അവര് വരുമ്പോൾ ഒന്നിനും ഒരു കുറവും വേണ്ട. ഒരു പക്ഷെ ഇനി ഈ വീട്ടിൽ ഒരാഘോഷത്തിന് നമ്മൾ ഉണ്ടാകുമോ എന്ന് അറിയില്ലല്ലോ ശിവരാമേട്ടാ….ഗിരിജ തേങ്ങിപ്പോയി….. നീ സാധനങ്ങളുടെ ലിസ്റ്റ് എല്ലാം എഴുതിക്കോ. ഞാൻ പോയി വാങ്ങിച്ചോണ്ട് വരാം.എന്റെ കയ്യിൽ ഒരു പതിനായിരം രൂപ കൂടി ഉണ്ട്. അത് തീരുന്നത് വരെ ഇങ്ങനെ ഒക്കെ പോകാം. ശിവരാമൻ നെടുവീർപ്പിട്ടു.

മഹാലക്ഷ്മി അമ്മ പണിയെല്ലാം തീർത്ത്സി റ്റ്ഔട്ടിൽ വിശ്രമിക്കുകയായിരുന്നു. പരിചയമില്ലാത്ത ഒരാൾ ഗേറ്റ് കടന്നെത്തിയപ്പോൾ ആരാണെന്ന് അവർ ചോദിച്ചു. വന്ന ആൾ സ്വയം പരിചയപ്പെടുത്തി. ഞാൻ പരമേശ്വരൻ.. ബ്രോക്കർ ആണ്. ബ്രോക്കറോ…? അതിന് ഇവിടെ ഇപ്പോൾ കല്ല്യാണം കഴിക്കാനായി ആരുമില്ലല്ലോ.

അയ്യോ മാഡം എന്നെ തെറ്റിദ്ധരിച്ചതാ… ഞാൻ വസ്തു വിൽപ്പനക്കാരനാ. ഒരു വീട് വിൽപ്പനയ്ക്കുണ്ടെന്ന് ഇവിടുത്തെ കുട്ടി എന്നെ വിളിച്ചു പറഞ്ഞിരുന്നു. അതിന്റെ വിവരങ്ങൾ അറിയാനാ ഞാൻ വന്നത്. കുട്ടിയെ ഒന്ന് വിളിക്കാമോ?

ഏത് കുട്ടി? നിങ്ങൾക്ക് വീട് മാറിയതാവും. ഇവിടെ വീടൊന്നും വിൽക്കാനില്ല. മഹാലക്ഷ്മി അമ്മ തറപ്പിച്ചു പറഞ്ഞു. വീടൊന്നും മാറിയിട്ടില്ല. ഞാൻ ആ കുട്ടിയെ ഫോണിൽ വിളിക്കാം. ഫോൺ വിളിച്ചതും അഞ്ജു പെട്ടെന്ന് തന്നെ താഴെക്കിറങ്ങിവന്നു..ആ ചേട്ടൻ വന്നോ? കയറി വരൂ ഇരിക്കൂ.

അവൾ തന്റെ വീടിനെക്കുറിച്ച് പറഞ്ഞു.ചേട്ടാ ഞാൻ ഉദ്ദേശിക്കുന്നത് ഏകദേശം ഒന്നരക്കോടി രൂപയാണ്. ചേട്ടൻ വീട് ചെന്ന് കണ്ടുനോക്കൂ…പറ്റിയ ആരെങ്കിലും വന്നാൽ എന്നെ വിളിച്ചാൽ മതി. അയാളിറങ്ങിയപ്പോഴേയ്ക്കും അഞ്ജു അവളുടെ മുറിയിലേയ്ക്ക് പോയി.

മഹാലക്ഷ്മി അമ്മ ആശയക്കുഴപ്പത്തിലായി. ദൈവമേ ഇവളെന്തൊക്കെയാ ഈ കാട്ടികൂട്ടുന്നത്?

ശങ്കരേട്ടാ…. ശങ്കരേട്ടാ… ഒന്നിങ്ങോട്ട് വന്നേ… ഒരു കാര്യമുണ്ട്. ശങ്കർദാസ് പെട്ടെന്ന് തന്നെ മഹാലക്ഷ്മി അമ്മയുടെ അടുത്ത് വന്നു.

എന്താടി….. നിനക്ക്? ഏട്ടാ… ആ അഞ്ജു… അവൾ അവളുടെ അമ്മയെയും അച്ഛനെയും ചതിക്കുവാ. അവൾ ആ വീട് വിൽക്കുവാൻ പോകുവാണെന്ന്. ഇപ്പോൾ ഇവിടെ ഒരു ബ്രോക്കർ വന്നായിരുന്നു. ശങ്കരേട്ടാ എന്തെങ്കിലും ചെയ്യണം… നരേനെ വിളിക്ക്….

ശങ്കർദാസ് നരേനെ വിളിച്ച് കാര്യങ്ങളെല്ലാം പറഞ്ഞു. പക്ഷെ അവൻ പ്രത്യേകിച്ച് ഒന്നും തന്നെ പറഞ്ഞില്ല. ഈശ്വരാ ഇതിന് മാത്രം എന്ത് തെറ്റാകും അവർ ചെയ്തത്? മഹാലക്ഷ്മിഅമ്മ ഗിരിജയെയും ശിവരാമനെയും കുറിച്ച് ഓർത്ത് നെടുവീർപ്പിട്ടു.

രഞ്ജൂ നാളെ നിന്റെ വീട്ടിലേയ്ക്ക് പോകണ്ടേ. ഡ്രസ്സ്‌ എല്ലാം എടുത്ത് വയ്ക്ക്.ശംഭു രഞ്ജുവിനോട് പറഞ്ഞു. എടുത്തു വയ്ക്കാം ശംഭുവേട്ടാ…. രഞ്ജു നേരത്തെ തന്നെ കുറച്ചു ഡ്രസ്സ്‌ എടുത്ത് പാക്ക് ചെയ്തിരുന്നു. ശംഭുവേട്ടാ…. നമ്മൾ നാളെ രാവിലെ എപ്പോഴാ പോവുക?രഞ്ജു ചോദിച്ചു.

നാളെ രാവിലെ കാപ്പി കുടിച്ചിട്ട്ഒ രു പത്തുമണി ആകുമ്പോൾ ഇറങ്ങാം. ശംഭുവിന് അപ്പോഴാണ് നരേന്റെ ഫോൺ വന്നത്.

ഹലോ നരേൻ… നാളെ അങ്ങോട്ടിറങ്ങില്ലേ? ഇറങ്ങണമെന്നുണ്ട് ശംഭു… പിന്നെ ഇവിടുത്തെ ഓരോ കാര്യമല്ലേ… എന്തായാലും വരാം. എനിക്ക് അത്യാവശ്യമായി ശംഭുവിനോട് ചിലത് പറയാനുണ്ട്. ഫോണിൽ കൂടി പറയുന്നത് സേഫ് അല്ല. അതാ….. ഓക്കേ നരേൻ നമുക്ക് നാളെ നേരിട്ട് കാണുമ്പോൾ സംസാരിക്കാം.

രാവിലെ തന്നെ കാർ വന്നു വീടിന്റെ മുന്നിൽ നിന്നപ്പോൾ വിരുന്നിന് വന്ന കുട്ടികളെ സ്വീകരിക്കാൻ എത്തിയ ശിവരാമൻ ഞെട്ടിപ്പോയി..എന്താ പരമേശ്വരാ… രാവിലെ ഈ വഴിക്ക്…

എന്താ ശിവരാമേട്ടാ ഒന്നും അറിയാത്തതുപോലെ സംസാരിക്കുന്നത്? മോളെന്നെ വിളിച്ചിരുന്നു വീട് വിൽക്കാൻ ഇട്ടിരിക്കുവാണെന്ന് പറഞ്ഞു.

ഒരു നിമിഷം തന്റെ ഹൃദയം സ്തംഭിച്ചതായി ശിവരാമന് തോന്നി…..

തുടരും……

Related Posts

Leave a Reply

Your email address will not be published. Required fields are marked *