സ്നേഹസമ്മാനം ~~ ഭാഗം 20, എഴുത്ത്: ശ്രീജ ശ്രീജിത്ത്‌

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ശിവരാമേട്ടാ അവരെത്തിയോ.. …. തിടുക്കപ്പെട്ട് അടുക്കളയിൽ നിന്ന് ഓടി വന്നതായിരുന്നു ഗിരിജ…. വന്നത് മക്കളല്ലെന്ന് അറിഞ്ഞതും ഗിരിജ തെല്ലു ജാള്യതയോടെ പറഞ്ഞു.”ഞാൻ ഓർത്തു മക്കളിലാരെങ്കിലും വന്നതാണെന്ന്.”

ഈ വന്നത് ആരാന്ന് ഗിരിജയ്ക്ക് മനസ്സിലായില്ലേ? ശിവരാമൻ ചോദിച്ചു. അതെന്താ ശിവരാമേട്ടാ അങ്ങനെ ചോദിച്ചത്?പരമേശ്വരൻ ചേട്ടനെ ആർക്കാ അറിയാത്തത്?

എന്താ ഇവിടെ തന്നെ നിൽക്കുന്നത്?അകത്തേയ്ക്ക് കയറി വാ പരമേശ്വരൻ ചേട്ടാ. ഞാൻ ചായ എടുക്കാം. ഗിരിജ പെട്ടെന്ന് തന്നെ അടുക്കളയിലേയ്ക്ക് പോയി.

ഇന്ന് ഞങ്ങളുടെ കുട്ടികൾ വിരുന്നിന് വരും. അതിന്റെ വെപ്രാളത്തിലാ അവള്. മക്കൾക്കുള്ള സദ്യ ഉണ്ടാക്കുവാ. മക്കൾ വരുന്നതിനു മുൻപ് അവര് തന്നു വിട്ട സമ്മാനവുമായിട്ടാണ് പരമേശ്വരൻ ചേട്ടൻ വന്നതെന്ന് അവൾക്കറിയില്ല..അവളറിയണ്ട. കുറച്ചു നേരം കൂടി അവള് സന്തോഷിച്ചാട്ടെ…..

ശിവരാമാ… ഞാൻ ഇതിൽ നിസ്സഹായനാണ്..ആ കുട്ടി എന്നെ വിളിച്ചപ്പോൾ ഞാൻ കരുതി തന്റെ അറിവോടെ ആകും എന്ന്.ഇങ്ങനെ ഒരു ഏടാകൂടമായിരുന്നു എങ്കിൽ ഞാൻ ഈ കച്ചവടത്തിൽ ഇടപെടില്ലായിരുന്നു.ആ കുട്ടി ഈ വീട് വിറ്റാൽ താനും ഗിരിജയും എവിടേയ്ക്ക് പോകുമെടോ? പരമേശ്വരൻ ഉള്ളതും ഇല്ലാത്തതും പറഞ്ഞു നടക്കുന്നവൻ ആണെങ്കിലും അയാൾ ചോദിച്ച ചോദ്യം ന്യായമാണെന്ന് ശിവരാമന് തോന്നി.

പരമേശ്വരൻ ചേട്ടാ…. ഞാൻ ഒരുപാട് ബിസിനസ് ചെയ്തിട്ടുണ്ട്. അതൊക്കെ പൊളിഞ്ഞു പോയത് എന്റെ കൂടെ നിന്നവരെ ഞാൻ അന്ധമായിട്ട് വിശ്വസിച്ചത് കൊണ്ടാ… എല്ലാവരും എന്നെ പറ്റിച്ചപ്പോഴും ഞാൻ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. അന്നും ഞാൻ ജീവിച്ചു. അതെന്റെ മക്കളിൽ ഉള്ള പ്രതീക്ഷ ആയിരുന്നു. ഇപ്പോൾ ഞാൻ പരമേശ്വരൻ ചേട്ടനോട് ഒരു കാര്യം പറയാം. ഞങ്ങളെപ്പോലെ ഒരുപാട് അച്ഛനമ്മമാർ ഈ ലോകത്തുണ്ട്. മക്കളും, കൊച്ചുമക്കളും ഒക്കെ ഉണ്ടായിട്ടും ആരും സ്വന്തമായിട്ടില്ലാത്തവർ. ഇപ്പോൾ ഞങ്ങളുടെ അവസ്ഥയും അതാണ്.ആരെ കുറിച്ചും ഒരു പ്രതീക്ഷയുമില്ല.

ഇപ്പോൾ ചേട്ടൻ വിചാരിക്കും ഞങ്ങൾ ആത്മഹ ത്യ ചെയ്യുമോ എന്ന്? ഞാൻ എന്റെ ഗിരിജയെ കല്യാണം കഴിക്കുമ്പോൾ ഞങ്ങൾക്ക് കൂട്ടിന് ആരാ ഉണ്ടായിരുന്നത്? ഇപ്പോഴും ആ അവസ്ഥ തന്നെ. ആരൊക്കെ തോൽപ്പിക്കാൻ ശ്രമിച്ചാലും ഞാൻ തോൽക്കില്ല ചേട്ടാ…. ജീവിക്കും….. എനിക്ക് കൂട്ടായി എന്റെ ഗിരിജയും ഉണ്ടാവും.ഇത്രയുമൊക്കെ സംസാരിക്കുമ്പോഴും ശിവരാമന്റെ ചുണ്ടിൽ ഒരു വിഷാദ ചിരി ഉണ്ടായിരുന്നു.

നിസംഗതയോടെ പരമേശ്വരൻ എല്ലാം കേട്ടുകൊണ്ടിരുന്നു.

ശിവരാമാ എന്റെ അവസ്ഥയും വ്യത്യസ്തമല്ലേടോ….

അപ്പോഴേക്കും ചായയുമായി ഗിരിജ അവിടെ എത്തി..ചായ കുടിച്ചിട്ടാവാം ഇനി സംസാരം. പരമേശ്വരൻ ചായ കുടിച്ച് ഗ്ലാസ്‌ തിരികെ നൽകി..നല്ല ചായ ആയിരുന്നു

കേട്ടോ ഗിരീജേ… എന്നും കടകളിൽ നിന്നല്ലേ ചായ കുടി. എന്റെ തങ്കമണി ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ…

.. ആ അതൊക്കെ ഇനി പറഞ്ഞിട്ടെന്താ കാര്യം.എല്ലാവരും എന്നെ വിളിക്കുന്നത് അവിടെയും ഇവിടെയും കുറ്റവും കുറവും പറഞ്ഞു നടക്കുന്നവൻ എന്നാ…. പക്ഷെ ഇല്ലാത്തത് ഒന്നും ഞാൻ ആരെയും കുറിച്ച് പറയാറില്ല. ആവശ്യത്തിനുള്ളത് എന്റെ വീട്ടിൽ തന്നെ ഉണ്ട്. പിന്നെ ആ ഞാൻ എന്തിനാ മറ്റുള്ളവരുടെ കുറ്റങ്ങൾ പറഞ്ഞു നടക്കുന്നത്?

തനിക്കറിയാമോ ശിവരാമാ…മൂന്ന് ആൺ മക്കളുള്ള എനിക്ക് ഒരു നേരത്തെ ഭക്ഷണം തരാൻ ആരുമില്ലെടാ… ഞാനോർക്കും എന്റെ തങ്കമണി ഭാഗ്യവതി ആണെന്ന്. ഒന്നും അറിയിക്കാതെ അവളെ ദൈവം കൊണ്ടുപോയി. മൂന്ന് മക്കൾക്കും ഞാൻ ഒരു ഭാരമായി.

ഓരോ മാസവും ഓരോ മക്കളുടെ അടുത്ത്… ഞാൻ അവരുടെ അടുത്ത് ചെല്ലുമ്പോൾ കാർമേഘം നിറഞ്ഞ മുഖം ഒന്ന് മാറണമെങ്കിൽ ആ മാസം അവസാനമാകണം. പിന്നെ രണ്ട് മാസത്തേക്ക് ശല്യമുണ്ടാവില്ലല്ലോ….. പരമേശ്വരന്റെ കണ്ണും നിറഞ്ഞു.

ഞാനിപ്പോൾ ഒറ്റയ്ക്കാടോ താമസിക്കുന്നത്. കഴിച്ചാലും ഇല്ലെങ്കിലും ഞാൻ മാത്രം അറിഞ്ഞാൽ മതിയല്ലോ… പരമേശ്വരൻ നിർത്താതെ പറഞ്ഞു കൊണ്ടിരുന്നു. ഞാൻ എന്റെ വീട്ടിൽ നിന്ന് ഇറങ്ങിയിട്ട് മൂന്ന് വർഷം കഴിഞ്ഞു. അന്ന് ഞാൻ അനുഭവിച്ച വേദന… എനിക്കറിയാം നമ്മുടെ വീട്ടീന്ന് ഇറങ്ങുക എന്ന് പറയുന്നത് ഹൃദയം പറിച്ചെടുക്കുന്നത് പോലെയാ ശിവരാമാ…പരമേശ്വരന്റെ കണ്ഠം ഇടറി.

പരമേശ്വരൻ ചേട്ടനിപ്പോൾ വടകയ്ക്കാണോ.താമസിക്കുന്നത്? ശിവരാമൻ അത്ഭുതത്തോടെ ചോദിച്ചു…..അതേടോ….രണ്ട് മുറിയും.അടുക്കളയും… ഉള്ള ഒരു വീട്.എന്റെ സ്വർഗ്ഗം … ആരെയും ഒന്നും ബോധിപ്പിക്കേണ്ട. പിന്നെ വാടകയ്ക്കുള്ള നാലായിരം രൂപ അതും ചിലവിനുള്ളതും എങ്ങനെയെങ്കിലും ഞാൻ ഉണ്ടാക്കും. കഴിഞ്ഞ ഇടയ്ക്ക് ഒരു കച്ചവടം നടന്നപ്പോൾ ഞാൻ രണ്ട് വർഷത്തെ വാടക മുന്നേറായി കൊടുത്തിട്ടുണ്ട്. ഒരു ടെൻഷനും ഇപ്പോൾ ഇല്ല….

മക്കൾ ഇന്ന് വരുമെന്നല്ലേ പറഞ്ഞത്. ഞാൻ ഇറങ്ങുവാ ശിവരാമാ. ഈ കച്ചവടം നടക്കില്ലെടോ…. നടക്കാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കും…പരമേശ്വരൻ യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ മുറ്റത്തേയ്ക്ക് ശംഭുവിന്റെ കാർ വന്ന് നിന്നു. വളരെ സന്തോ ഷത്തോടെയാണ്ര.ഞ്ജുവും ശംഭുവും കാറിൽ നിന്നിറങ്ങിയത്.

പരമേശ്വരനെ കണ്ടതും ശംഭുവിന് എന്തൊക്കെയോ സംശയങ്ങൾ മനസ്സിലൂടെ കടന്നുപോയി.

പരമേശ്വരൻ ചേട്ടനെന്താ ഇവിടെ? അയാളെ കണ്ടതും രഞ്ജു ചോദിച്ചു.

ഒന്നുമില്ല മോളേ ഈ വഴി പോയപ്പോൾ ഇവിടെ ഒന്ന് കയറി അത്രേ ഉളളൂ….

അയാൾ പറഞ്ഞ ഉത്തരം ശംഭുവിന് ഉൾക്കൊള്ളാൻ ആയില്ല……പരമേശ്വരനെ നോക്കി ഒന്ന് ചിരിച്ചിട്ട് ശംഭുവും രഞ്ജുവിന്റെ ഒപ്പം വീട്ടിലേയ്ക്ക് കയറി.

രഞ്ജൂ..

നീ പോയി ഡ്രസ്സ്‌ മാറിക്കോ… ഞാൻ വന്നോളാം… രഞ്ജുവിനെ മുറിയിലേയ്ക്ക് പറഞ്ഞ് വിട്ടിട്ട് ശംഭു ശിവരാമന്റെ അടുത്തേയ്ക്ക് ചെന്നു.

അച്ഛാ…. എന്നോട് സത്യം പറയണം… എന്തിനാ പരമേശ്വരൻ ചേട്ടൻ വന്നത്?

മോനേ… വെറുതെയാടാ…പ്രത്യേകിച്ച് കാര്യമൊന്നുമില്ല.

അച്ഛാ.. അച്ഛന്റെ മുഖം കണ്ടാൽ എനിക്ക് മനസ്സിലാകും. എന്തുണ്ടെങ്കിലും എന്നോട് പറയണം.

ശംഭൂ മോനേ… പതുക്കെ എന്റെ ഗിരിജയ്ക്ക് ഒന്നും അറിയില്ല. നീ ഉദ്ദേശിച്ചത് തന്നെയാ… മോനേ….. അഞ്ജു അയാളെ വിളിച്ചിരുന്നു… ഈ വീട് അവൾ വിൽക്കാൻ പോകുവാ…ശിവരാമന്റെ കണ്ണിലൂടെ കണ്ണുനീർ ഒഴുകി.

ശംഭുവിനും, രഞ്ജുവിനും കുടിയ്ക്കാനുള്ള വെള്ളവുമായി വന്ന ഗിരിജയുടെ കാതുകളിലേക്ക് കൂരമ്പ് തുളച്ചു കയറുന്നതു പോലെയാണ്ശി വരാമന്റെ ശബ്ദം എത്തിയത്.

തുടരും……

Related Posts

Leave a Reply

Your email address will not be published. Required fields are marked *