സ്നേഹസമ്മാനം ~~ ഭാഗം 22, എഴുത്ത്: ശ്രീജ ശ്രീജിത്ത്‌

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….

അച്ഛനും അമ്മയും എന്നോട് പൊറുക്കണം. ഈ അടി നിങ്ങൾ ഇവൾക്കിട്ട് നേരത്തെ കൊടുത്തിരുന്നെങ്കിൽ ഇപ്പോൾ എനിക്ക് ഇത് ചെയ്യേണ്ടി വരില്ലായിരുന്നു.

ഒരുപാട് പഠിച്ചിട്ട് എന്താ കാര്യം. വിവരം എന്നൊന്ന് ഇവൾക്കില്ല.

ശംഭുവിനോടും, രഞ്ജുവിനോടും ഇവളുടെ വിവരക്കേടിന് ഞാൻ ക്ഷമ ചോദിക്കുവാ…..എന്റെ അനിയത്തി ഗൗരി.മോളേപ്പോലെ മാത്രമേ ഞാൻ രഞ്ജുവിനെ കണ്ടിട്ടുള്ളൂ….എല്ലാവരും കൂടി സന്തോഷമായിട്ട് ഇരിക്കാൻ വന്നിട്ട്……

സോറി ഞാൻ ഇവളെയും കൊണ്ട് ഇങ്ങോട്ട് വരാൻ പാടില്ലായിരുന്നു.നരേൻ നെടുവീർപ്പിട്ടു.

എന്നെ ഇവരുടെ എല്ലാം മുൻപിൽ വച്ച് തല്ലിയപ്പോൾ നിങ്ങൾക്ക് സമാധാനം കിട്ടിയോ?
അഞ്ജു നരേനോട് ചോദിച്ചു.

ഇനി നീ ഒരക്ഷരം അനാവശ്യമായി സംസാരിച്ചാൽ എന്റെ ജീവിതത്തിൽ നീ ഉണ്ടാവില്ല. മനസ്സിലായോ

നരേട്ടാ ചേച്ചിയെ കൂട്ടി അകത്തേയ്ക്ക് പൊയ്ക്കോ…
രഞ്ജു പറഞ്ഞു.

ഏയ്‌…. ഇല്ല രഞ്ജു നിങ്ങൾ അറിയേണ്ട കുറച്ച് കാര്യങ്ങൾ ഉണ്ട്.

എന്റെ അമ്മയെ നിങ്ങൾക്ക് എല്ലാവർക്കും അറിയാം. എന്റെ അമ്മ ഒരു പാവപ്പെട്ട വീട്ടിലെ കുട്ടി ആയിരുന്നു. അമ്മയ്ക്ക് കൂടെപ്പിറപ്പുകളായിട്ട് മറ്റു മൂന്ന് പേരും കൂടി ഉണ്ട്. ഒരനുജത്തിയും രണ്ടനിയന്മാരും…

മൂത്ത ആളായ എന്റെ അമ്മയുടെ കല്ല്യാണമാണ് ആദ്യം നടന്നത്. ഒന്നുമില്ലായ്മയിൽ നിന്ന് വലിയ ഒരു തറവാട്ടിലേയ്ക്ക് വന്ന അമ്മയ്ക്ക് അതൊരു പുതിയ ലോകമായിരുന്നു. വളരെ പെട്ടെന്ന് തന്നെ അമ്മ വന്ന വഴി മറന്നു. അമ്മയ്ക്ക് അമ്മയുടെ വീടും അച്ഛനും അമ്മയും കൂടെപ്പിറപ്പുകളും അങ്ങനെ എല്ലാം നാണക്കേടായി.

പണത്തിന്റെ അഹങ്കാരം അത് എന്റെ അമ്മയുടെ വാക്കിലും പ്രവർത്തിയിലും ഉണ്ടായിരുന്നു. അന്ന് ഇവിടെ വന്നപ്പോൾ നിങ്ങളും കണ്ടതല്ലേ അമ്മയുടെ രീതി.

പക്ഷെ ഇന്നെന്റെ അമ്മ ഒരുപാട് മാറിപ്പോയി. എന്തിനും ഏതിനും വേലക്കാരുണ്ടായിരുന്ന വീട്ടിൽ ഇപ്പോൾ എല്ലാം അമ്മ തനിയെ ആണ് എല്ലാം ചെയ്യുന്നത്.

സത്യം പറഞ്ഞാൽ എന്റെ അച്ഛനോട് കയർത്ത് സംസാരിക്കുന്ന അമ്മയെ മാത്രം കണ്ട് വളർന്നവനാ ഞാൻ… ഇന്നിപ്പോൾ അമ്മ ഓരോ കാര്യത്തിനും അച്ഛനെ ആശ്രയിക്കുന്നു. എന്റെ അമ്മയുടെ മാറ്റത്തിന് കാരണം ആരാണെന്നറിയുമോ? നരേന്റെ ചോദ്യത്തിന് എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി.

ആരും അങ്ങോട്ടും ഇങ്ങോട്ടും നോക്കിയാൽ ഉത്തരം കിട്ടില്ല.

എന്റമ്മയെ മാറ്റിയത് ശംഭുവാണ്.

ആ….. ശംഭുവേട്ടനോ രഞ്ജു അത്ഭുതത്തോടെ ചോദിച്ചു.

അതേ രഞ്ജു നിന്റെ ശംഭുവേട്ടൻ തന്നെയാ എന്റമ്മയെ മാറ്റിയത്. കല്യാണത്തിന് മുൻപ്…..

അത്… അതെങ്ങനെയാ…. ശംഭുവേട്ടൻ….. എനിക്കൊന്നും മനസ്സിലാകുന്നില്ല.

എല്ലാം ഞാൻ പറയാം.

നമ്മൾ ഡ്രസ്സും സ്വർണ്ണവും എടുക്കാൻ പോയത് ഓർക്കുന്നുണ്ടോ…?

അന്ന് സ്വർണ്ണക്കടയിലെ ഉടമസ്ഥന്റെ മകനെ എന്റെ അമ്മയ്ക്ക് വല്ലാതെ അങ്ങ് ബോധിച്ചു.

ശംഭുവിന്റെ പെങ്ങൾ ഗൗരിയെ ആണ് ആ പയ്യൻ കെട്ടാൻ പോകുന്നത് എന്നും എന്റെ അമ്മ അറിഞ്ഞതാ.

പക്ഷെ കാശിന്റെ അഹങ്കാരം തലയ്ക്ക് പിടിച്ച അമ്മയ്ക്ക് എങ്ങനെ എങ്കിലും എന്റെ അനിയത്തി ഗൗരിയെ വിവേകിന് കെട്ടിച്ചു കൊടുക്കണമെന്ന് ആഗ്രഹമായി..അതിന് അമ്മ കണ്ട ഒരു വഴി ഡ്രൈവർ ആയ ശംഭുവിനെ ലക്ഷങ്ങൾ കൊടുത്ത് സ്വാധീനിക്കുക എന്നതായിരുന്നു.

അമ്മ ശംഭുവിനെ വിളിച്ചു. എന്നിട്ട് അത്യാവശ്യമായി കാണണമെന്ന് പറഞ്ഞു.

ശംഭു ഞങ്ങളുടെ വീട്ടിലെത്തി. വീട്ടിൽ വന്ന ശംഭുവിനെ പണമില്ലാത്തതിന്റെ പേരിൽ ഒരുപാട് തരംതാഴ്ത്തി സംസാരിച്ചു.

പക്ഷെ ശംഭു മറുത്തൊന്നും പറഞ്ഞില്ല. അമ്മ ശംഭുവിന്റെ നേരെ ഒരു ചെക്ക്ലീഫ് എടുത്ത് നീട്ടി. വിവേകിന്റെ വില ശംഭുവിന് എത്ര വേണമെങ്കിലും ഇടാം എന്ന അഹങ്കാര ചുവയോടെയുള്ള സംസാരവും…

അത് ശംഭുവിന് വലിയ വിഷമമായി.

അമ്മേ ഞാൻ ഈ ചെക്ക് എഴുതി എടുക്കാം. പക്ഷെ അതിന് മുൻപ് അമ്മ എന്റെ കൂടെ ഒരിടം വരെ വരണം.

എന്റെ കൂടെ തനിച്ചു വരാൻ മടി ആണെങ്കിൽ അമ്മ അച്ഛനെയോ നരേനെയോ കൂടെ വിളിച്ചോ…

അങ്ങനെ നീ വിളിക്കുന്നിടത്ത് വരേണ്ട കാര്യം എനിക്കില്ല എന്ന് അമ്മ തുറന്നടിച്ചു.

കാര്യമുണ്ടായിട്ടല്ലല്ലോ അമ്മേ ഞാൻ വന്നത്.. ഈ ചെക്ക് ഞാൻ സ്വീകരിക്കണമെങ്കിൽ അമ്മ എന്റെ കൂടെ ഇപ്പോൾ വരണം. ശംഭു കട്ടായം പറഞ്ഞു.

അങ്ങനെ ഞാനും അമ്മയും ശംഭുവിന്റെ കൂടെ യാത്ര തുടങ്ങി.

ശംഭു പല കാര്യങ്ങളും പോകുന്ന വഴിക്ക് ഞങ്ങളോട് സംസാരിച്ചു.

ഞങ്ങൾ സഞ്ചരിച്ച കാർ എത്തിയത് ഒരു അഗതി മന്ദിരത്തിൽ ആയിരുന്നു.

കാറിൽ നിന്നിറങ്ങിയ ശംഭു ഞങ്ങളെ നിർബന്ധിച്ചാണ് അങ്ങോട്ട് കൂട്ടികൊണ്ട് പോയത്.
അവിടേയ്ക്ക് ചെല്ലാൻ അമ്മയെപ്പോലെ തന്നെ എനിക്കും മടി തോന്നി.

മനസില്ലാ മനസ്സോടെ ആണ് ഞങ്ങൾ അവിടേയ്ക്ക് ചെന്നത്.

അവിടുത്തെ സിസ്റ്റർ ശംഭുവിനെ കണ്ടതും ഓടിവന്നു. മോനേ.. എന്താ വിളിക്കാതെ ഇങ്ങോട്ട് വന്നത്? എന്തോ കാര്യമുണ്ടല്ലോ….

ഒന്നുമില്ല സിസ്റ്ററെ… ഇവിടുത്തെ അമ്മമാരെയും അച്ഛന്മാരെയും ഒക്കെ കാണാൻ എന്റെ കൂടെ വന്നവരാ ഇവര്. പിന്നെ ഇവിടെക്ക് നല്ല ഒരു ഡോണേഷനും തരപ്പെട്ടിട്ടുണ്ട്. ഒരു ബ്ലാങ്ക് ചെക്കാ എന്റെ കയ്യിലേയ്ക്ക് വച്ച് തന്നിരിക്കുന്നത്. അതിൽ എത്ര രൂപ എഴുതണം എന്നുള്ളത് സിസ്റ്റർ തന്നെ തീരുമാനിച്ചാൽ മതി.

ശംഭു പറഞ്ഞ് തീർന്നതും അമ്മ ശംഭുവിനെ തറപ്പിച്ചൊന്നു നോക്കി.പക്ഷെ ശംഭുവിന്റെ മുഖത്ത് അപ്പോഴും ചിരി ആയിരുന്നു.

വരൂ അമ്മേ ഇവിടെ ഉള്ളവരെ കണ്ടിട്ട് നമുക്ക് പെട്ടെന്ന് തന്നെപോകാം.. എന്നോടും മടിക്കാതെ കൂടെചെല്ലാൻ ശംഭു ആവശ്യപ്പെട്ടു.

ശംഭുവിനെ കണ്ടതും അവിടുത്തെ അമ്മമാർക്കും അച്ഛന്മാർക്കും സ്വന്തം മകൻ ചെന്ന
സന്തോ ഷമായിരുന്നു.

സിസ്റ്ററെ ജാനകി അമ്മയും അച്ഛനും എവിടെ? അവരെ കണ്ടില്ലല്ലോ…?.അവര് ആമുറിയിലുണ്ട് മോനേ… രാവിലെ മുതൽ അച്ഛനൊരു.പനിക്കോളുണ്ട്..പിന്നെ മോൻ വന്നതറിഞ്ഞിട്ടില്ല. അതാ വരാത്തെ. അതൊന്നും കുഴപ്പമില്ലെന്നുപറഞ്ഞ് ശംഭു ഞങ്ങളെ ആ റൂമിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.

അമ്മ ദേഷ്യപ്പെട്ടാണ് ആ മുറിയിലെത്തിയത്. പനിയുള്ളിടത്ത് കയറാൻ താല്പര്യം ഇല്ലെന്നു അമ്മ പറഞ്ഞെങ്കിലും ശംഭു അതൊന്നും വകവച്ചു കൊടുത്തില്ല.

റൂമിലേയ്ക്ക് ആദ്യം കയറിയത് ശംഭുവാണ്…

ശംഭുവിനെ കണ്ടതും…. ആ അമ്മ എഴുന്നേറ്റു… എന്റെ മോൻ വന്നോ….. അച്ഛന് വയ്യല്ലോ മോനേ….
സ്വന്തം മോനോടെന്നപോലെ ആ അമ്മ പറഞ്ഞു.

അമ്മേ അമ്മയ്ക്കും അച്ഛനും സന്തോഷമുള്ള ഒരു കാര്യവുമായിട്ടാ ഞാൻ വന്നതെന്ന് ശംഭു
പറഞ്ഞപ്പോൾ ആ അമ്മയുടെ കണ്ണുകൾ തിളങ്ങി.

ഉണ്ണികുട്ടാ…. ആ അമ്മ ശംഭുവിനെ ഉണ്ണികുട്ടന്നാണ് വിളിച്ചത്.എന്താ മോനേ ആ സന്തോഷം?

ആ അമ്മ ശംഭുവിനോട് ചോദിച്ച ചോദ്യം ശംഭു തിരിച്ച് ആ അമ്മയോട് ചോദിച്ചു

“എന്റെ അമ്മയ്ക്ക് മനസ്സിന് ഏറ്റവും സന്തോഷം തരുന്ന കാര്യം എന്താ….?”

ആ അമ്മ പരിഭ്രാന്തിയോടെ ചുറ്റിനും നോക്കി. കണ്ടോ മോനേ…. നീ കണ്ടുപിടിച്ചോ ഞങ്ങളുടെ ലക്ഷ്മിമോളേ….,

മുറിക്ക് പുറത്ത് എല്ലാം കേട്ടുകൊണ്ട് നിന്ന എന്റെ അമ്മ ശരവേഗത്തിൽ മുറിയിലെത്തി.

അമ്മയ്ക്ക്….. അമ്മയുടെ കണ്ണുകളെ വിശ്വസിക്കാനായില്ല.

അമ്മ…… എന്റെ അമ്മ……..

സ്വന്തം കണ്ണുകളെ വിശ്വസിക്കാനാകാതെ എന്റെ അമ്മ മന്ത്രിച്ചുകൊണ്ട് നിന്നു……

തുടരും…….

Related Posts

Leave a Reply

Your email address will not be published. Required fields are marked *