സ്നേഹത്തിന്റെ_ഭാഷ
Story written by Adarsh mohanan
” നീ എന്തോരം മുള്ളിയിട്ടുള്ളതാ ഈ മടീലെന്നുള്ളേന് വല്ല കണക്കും ഉണ്ടോ കണ്ണാ “
അമ്മ വയ്യാതെ കിടക്കുമ്പോൾ തന്നെ പുരാണം ചിക്കി മാന്തിക്കൊണ്ട് അമ്മേടെ അനിയത്തി അതായത് എന്റെ മേമേടെ പാറേല് ചിരട്ട കൂട്ടിയൊരക്കണ മാതിരിയുള്ളയാ ശബ്ദം കേട്ടപ്പോൾ പല്ലിറുമ്മിയവിടെ നിന്നും മുഖം തിരിക്കുകയാണ് ഞാനും ചെയ്തത്
ആഴ്ച്ചേല് ഒരിക്കലുള്ള വീട്ടിലേക്കുള്ള വരവില് ഇതുപോലുള്ള ബന്ധുക്കളുടെ നിറസാന്നിധ്യം കൂടെ ആവുമ്പോ എല്ലാം ഉഷാറായി, പോരാത്തേന് തിരിച്ചു പോകുമ്പോൾ പല്ലിളിച്ചു കൊണ്ട് പോക്കറ്റിലേക്ക് നോക്കി കയ്യും നീട്ടി നിൽക്കുന്നവരെ കണ്ടില്ലെന്നെങ്ങനെയാ നടിക്കാ
അതു കൊണ്ടു തന്നെ മേമേടെ സുഖിപ്പിക്കലിനു ഞാൻ വഴങ്ങിക്കൊടുത്തില്ല,
വീട്ടിലേക്ക് വന്ന് കാലു കുത്തിയില്ല അപ്പോഴേക്കും പെണ്ണുമ്പിള്ളേടെ അച്ഛന് വലിവ് കൂടുതലാണെന്നും പറഞ്ഞ് ഒറ്റ ഇറങ്ങിയോട്ടമായിരുന്നവൾ
പണ്ടാരടങ്ങാനായിട്ട് തിന്നാൻ വല്ലതും ഒണ്ടാക്കി വെച്ചിട്ട് പോവോ , അതും ചെയ്തില്ല
കടന്നലുകുത്തിയ പോലത്തെ എന്റെ മോന്തയും പ്രകി പ്രാകി പിറുപിറുത്തു കൊണ്ടുള്ളയെന്റെ നടത്തവും കണ്ടിട്ടാകണം മറ്റൊന്നും ശ്രദ്ധിക്കാതെ അടുക്കളയിൽ അരി കഴുകി വെടിപ്പാക്കി അടുപ്പത്തിടുന്നുണ്ടായിരുന്നു മേമ
പച്ചക്കറിയരിയുന്നതിന്റെ ഇടയിൽ എണ്ണിപ്പറുക്കൊണ്ടെന്റെ ബാല്യലീലകൾ വിളംബരം ചെയ്യുമ്പോഴും എന്റെ ശ്രദ്ധ പുറത്തു നിൽക്കണ പൂവാലിപ്പശുവിന്റെ പുള്ളികളിലേക്കായിരുന്നു
പലപ്പോഴും മേമയുടെ ചോദ്യങ്ങളെ മനപ്പൂർവ്വം ഞാൻ അവഗണിച്ചത് അങ്ങനെയെങ്കിലും അൽപ്പം ചെവിതല കേൾക്കാമല്ലോ എന്നു കരുതിയിട്ടാണ്
അത് വ്യക്തമായി മനസ്സിലായതുകൊണ്ടാകണം പിന്നെയാ വഴിക്ക് മിണ്ടിക്കൊണ്ട് വന്നിട്ടില്ല മേമ
വീട്ടിലേക്ക് വന്നിട്ടിതുവരെ അമ്മേടെയാ മുറിയുടെ പടി ഞാൻ താണ്ടിയിട്ടില്ല എന്നത് സത്യം തന്നെയാണ്, അല്ലെങ്കിലും അത് പതിവാണ് എല്ലാ കാര്യങ്ങളും അവളെ ഏൽപ്പിച്ച് എല്ലാത്തീന്നും ഒഴിഞ്ഞു നിൽക്കുക എന്നത് ശീലമാക്കിയിരുന്നു
അനുസരണ ശീലമുള്ള ഭാര്യയെ കിട്ടുക എന്നതും ഒരു ഭാഗ്യമാണ് പലപ്പോഴും എന്റെയീ ഒളിച്ചോടലിൽ സ്വയം കുറ്റബോധം തോന്നിയിട്ടുണ്ടെങ്കിലും അമ്മേടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിൽ ഇന്നോളം പരാതി പറഞ്ഞിട്ടില്ലവൾ
അമ്മേടെ ചെക്കപ്പിനായി ഡോക്ടറെയും കാത്തിരിക്കുകയായിരുന്നു ഞാൻ. വേറൊന്നുമല്ല ആ മുറികടന്നു ചെന്ന് നീണ്ടു നിവർന്നുള്ളയാ കിടപ്പ് കാണാനുള്ള ധൈര്യം ഇല്ലാത്തതുകൊണ്ടാണത്
ഇടയ്ക്കൊക്കെ ആ മുറിയിൽ നിന്നും ശ്വാസോച്ഛ്വാശത്തിന്റെ ശബ്ദം പരന്നൊഴുകിയെന്റെ കാതിൽപ്പതിക്കാറുണ്ട് നെടുവീർപ്പോടെ ഞാനൊന്ന് എത്തി നോക്കുന്നതിനു മുൻപേ മേമയങ്ങോട്ട് ഓടിയെത്തിയിട്ടുണ്ടാകും
കാര്യം തിരക്കും മുൻപേ മേമയെന്നോട് പറയാറുണ്ട് പേടിക്കാനൊന്നുമില്ലട കണ്ണാ ഇതൊരു പതിവാണ് അമ്മയിടക്ക് കോട്ടുവായ ഇടണതാണത് എന്ന്
ഡോക്ടർ വന്നു അമ്മേനെ ചെക്ക് ചെയ്തപ്പോഴാണ് പാതി ആശ്വാസം കിട്ടിയത്, ആള് പഴയതിനേക്കാൾ ഉഷാറാണല്ലോയെന്നു ഡോക്ടർ പറഞ്ഞപ്പോൾ അമ്മേനെ ഞാനൊന്നു എത്തിച്ച് നോക്കി, അല്ല ഡോക്ടർ കള്ളം പറയുകയാണ് എന്റെ പഴയ അമ്മ ഇങ്ങനല്ല ഞാനിവിടുന്ന് ഇറങ്ങും മുൻപേ ഉള്ളയാ മുഖത്തേ തേജസ്സ് എനിക്കിപ്പോഴും ഓർത്തെടുക്കാനാകുന്നുണ്ട്
” കാലത്ത് എന്താ മരുന്നു കഴിച്ചില്ലെ “?
ഡോക്ടറുടെയാ ചോദ്യം കേട്ടപ്പോ മേമയിലേക്കെന്റെ ദൃഷ്ടി പതിഞ്ഞു
” ഒരു വറ്റ് കഞ്ഞിയെങ്കിലും കുടിച്ചാലല്ലെ ഡോക്ടറെ മരുന്ന് കൊടുക്കാൻ പറ്റു, നല്ല ഡോസ് കൂടിയ മരുന്നാണെന്നും ഭക്ഷണം കഴിക്കാതെ മരുന്നു കഴിച്ചാൽ ശരീരo താങ്ങില്ലെന്ന് ഡോക്ടർ തന്നെയല്ലെ പറഞ്ഞതും ” ?
“എത്ര ശ്രമിച്ചിട്ടും കൂട്ടാക്കണില്ലന്നേ”
അത് കേട്ടപ്പോ എന്റെയുള്ളിലൽപ്പo ദേഷ്യവും അമർഷവും അരിച്ചു കയറി
അമ്മയെ ഞാൻ കനപ്പിച്ചൊന്നു നോക്കി
” ഇങ്ങനെ ഭക്ഷണം കഴിക്കാതെ ഇരുന്നാ എങ്ങനാ അമ്മേ മരുന്നു കഴിക്കാ? ഇക്കാര്യത്തിലെങ്കിലും ഒരു അനുസരണ കാണിച്ചോടെ? വെറുതെ ബാക്കിയുള്ളോർക്കു കൂടെ ബുദ്ധിമുട്ടുണ്ടാക്കി വെക്കരുത് ,”
ആ മുഖത്ത് നോക്കാതെയാണ് ഞാനത് പറഞ്ഞത് അതിനിടയിൽ അമ്മയെന്തൊക്കെയൊ എന്നോട് പിറുപിറുക്കുന്നുണ്ടായിരുന്നു
മനസ്സിലാകാത്ത പക്ഷം ഞാനമ്മയോടായി ചോദിച്ചു
” എന്താ പറഞ്ഞത് ? മനസ്സിലായില്ല ഒന്നൂടെ പറയു അമ്മേ”
അമ്മ വീണ്ടും എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടു
ഞാൻ വീണ്ടും വീണ്ടും അതേ ചോദ്യം ആവർത്തിച്ചുകൊണ്ടിരുന്നു
ഒന്നും മനസ്സിലാകാതായപ്പോ ചോദ്യഭാവത്തിൽ മേമയെയൊന്നു നോക്കി, അൽപ്പം പുഞ്ചിയോടെയെന്റെ നോട്ടത്തിന് മറുപടിയെന്നോണം നിറകണ്ണുകളാൽ മേമയെന്നോടായ് പറയുന്നുണ്ടായിരുന്നു
” ഒന്നും മനസ്സിലാകുന്നില്ല അല്ലേ കണ്ണാ?”
എങ്ങിനെ മനസ്സിലാകാനാ ല്ലേ? ,വളർന്നു വല്യ ആളായിപ്പോയില്ലേ നീ ?, പലതും മനസ്സിലാക്കാതിരിക്കാനും പാകത്തില് വളർന്നു പന്തലിച്ച വല്യ ഉദ്യോഗസ്ഥൻ”
” മൂന്നാം വയസ്സിൽ നീ മുലപ്പാല് വേണമെന്ന് വാശി പിടിച്ച് കരഞ്ഞപ്പോ, അന്നു നിന്റെ ഭാഷ മനസ്സിലായില്ലെന്ന് പറഞ്ഞിട്ടില്ലവൾ, മറിച്ച് നിന്റെ വിശപ്പടക്കുക യായിരുന്നവൾ “
“മച്ചിൻ പുറത്തു കിടന്ന കളിപ്പാട്ടത്തിനു വേണ്ടി നീ വാശി പിടിച്ച് കരഞ്ഞപ്പോളും നീ എന്തിനാണ് കിടന്നു കാറുന്നതെന്ന് ചോദിച്ചിട്ടില്ലവൾ , പകരം മച്ചിൻ പുറത്തേക്ക് വലിഞ്ഞു കയറി ആ കളിപ്പാട്ടം എടുത്തു നിനക്ക് തരിക യായിരുന്നവൾ”
“അന്ന് ചെവിവേദനയെടുത്തിട്ട് അലറി വിളിച്ചു നീ കരഞ്ഞപ്പോ ,എന്റെ മോന് ചെവിവേദയാണ് ആശുപത്രിയിൽ കൊണ്ടു പോകണമെന്ന് കണ്ടു പിടിക്കാൻ ഗണിച്ചൊന്നുo നോക്കേണ്ടി വന്നിട്ടില്ല അവൾക്ക് , നിന്നെ നെഞ്ചോടക്കിപ്പിടിച്ച് നെട്ടോട്ടമോടുകയാണവളന്ന് ചെയ്തത്”
“ഇന്നവളുടെ ഭാഷ നിനക്ക് മനസ്സിലാകുന്നില്ല . അല്ലേടാ “
നിന്റെ അമ്മ എന്താ പറയാൻ ഉദ്ദേശിച്ചേന്ന് നിനക്കറിയോ കണ്ണാ
” അവൾക്ക്, അവൾക്ക് നിന്റെ കൈകൊണ്ടിത്തിരി കഞ്ഞി വാരി ക്കൊടുക്കോന്നാ ചോദിച്ചത് “
” അത് ……….. അത് മാത്രമേ ഒരു ആഗ്രഹമായിട്ട് മനസ്സിലുള്ളോ എന്നാ പറയുന്നത് “
പറഞ്ഞു തീരുമ്പോഴും മേമ കരയുകയായിരുന്നു, ദയനീയതയോടുകൂടെയുള്ള ഡോക്ടറുടെ മുഖം കൂടെ കണ്ടപ്പോൾ എന്റെ കണ്ണുകളും നിറഞ്ഞു തുടങ്ങിയിരുന്നു
കഞ്ഞി വാരിക്കൊടുക്കുന്നതിനിടയിൽ പാടുപെട്ട് ഓരോ ഇറക്കും അമ്മ കഴിക്കുന്നതു കാണുമ്പോൾ , ആ കഴുത്തിലെ ഞെരമ്പുകൾ തടിച്ചു വരുന്നതു കാണുമ്പോൾ നെഞ്ച് കീറണ അനുഭൂതിയായിരുന്നു ഉണ്ടായിരുന്നത്
അമ്മിഞ്ഞപ്പാലു നുണയുന്ന കുഞ്ഞു പൈതലിനെ പോലെ വറ്റുകൾ നുണയുന്ന അമ്മയുടെ നെറുകിൽ മെല്ലെ ഞാനെന്റെ വിരലുകളോടിച്ചു
പാതി കഴിച്ചിട്ട് വേണ്ട വയറു നിറഞ്ഞു എന്നമ്മയെന്നോട് പറഞ്ഞതെനിക്ക് മനസ്സിലാക്കാൻ കീഴടക്കിയ യൂണിവേഴ്സിറ്റിയുടെ സഹായമൊന്നും വേണ്ടി വന്നില്ല
ഇതും കൂടെ കഴിക്ക് എന്നു പറഞ്ഞ് മൊത്തം കഞ്ഞിയും ആ വായ്ക്കകത്തേക്ക് ഇറ്റിറ്റ് കൊടുക്കുമ്പോഴും മനസ്സിൽ ഞാനുറപ്പിച്ചിരുന്നു എനിക്കറിയാത്ത അമ്മേടെയീ ഭാഷ, എനിക്കുo പഠിക്കണം എന്ന്, അതിനായിട്ട് ലീവെടുത്ത് അമ്മോടൊപ്പം സമയം ചിലവഴിക്കണം എന്ന്, ഇന്നുവരെ ഒരു മണിക്കൂർ സമയം പോലും എന്റെ അമ്മേടെ കൂടെ ചിലവഴിക്കാത്ത എനിക്കറിയാമായിരുന്നു ഏതൊരമ്മയും ഈ സമയത്ത് ആഗ്രഹിക്കുന്നത് മക്കളുടെ സാന്നിധ്യo തന്നെയാണെന്ന്
പടിയിറങ്ങാൻ നേരം മേമയുടെ ഉള്ളം കൈയ്യിലേക്ക് ഞാനാ 2000 ത്തിന്റെ നോട്ട് കൂട്ടി വെച്ചു മുറുക്കിപ്പിടിച്ചപ്പോൾ ആ ഒടിയാത്ത നോട്ട് അതേപടിയെന്നെ തിരികേ ഏൽപ്പിച്ചു കൊണ്ട് മേമ പറയുന്നുണ്ടായിരുന്നു
” കണ്ണാ എല്ലാർടെം കൂട്ടത്തില് ഈ മേമേനേയും പെടുത്തിയോ നീ , നിനക്ക് അവൾ അമ്മയായിരിക്കാം കണ്ണാ എനിക്കവളെന്റെ കൂടെപ്പിറപ്പാണ്, പണം കൊണ്ട് നേടാനാകാത്ത ഒരുപാട് കാര്യങ്ങളുണ്ട് കണ്ണാ” എന്ന്
“കൂടെപ്പിറപ്പിനുള്ള കൂലി എണ്ണിത്തിട്ടപ്പെടുത്താൻ മാത്രം ശക്തി നിന്റെ കൈകൾക്ക് പോരാതെ വരും കണ്ണാ ” എന്ന്
സ്നേഹ ബന്ധങ്ങളെയെല്ലാം ഒരേ ത്രാസിൽ അളന്നു തൂക്കിയ എന്നോട് തന്നെ ഒരുപാട് വെറുപ്പു തോന്നിയ നിമിഷങ്ങളായിരുന്നു അത് പൊട്ടിക്കരഞ്ഞുകൊണ്ട് ഞനാ കാലിൽ വീണ് ഒന്നേ പറഞ്ഞുള്ളോ
“മാപ്പ്…….. ചെയ്ത തെറ്റിന് എല്ലാത്തിനും മാപ്പ് “
എന്നെ വാരിയെടുത്ത് ചേർത്തു നിർത്തിയിട്ട് മേമ ഒന്നു കൂടെ പറഞ്ഞു മക്കളില്ലാത്ത ഞാൻ ഇടയ്ക്കൊക്കെ ഞാനിങ്ങോട്ട് വരണത് ആ കുറവ് മറക്കുവാൻ വേണ്ടിത്തന്നെയാണ് എന്ന്
നീ എന്റെ പൊന്നു മോനാണ് , എന്റെ ചേച്ചിക്കു പിറന്ന എന്റെ പൊന്നുമോൻ, നിന്നെ കാണാൻ വരാൻ തൽക്കാലം മറ്റൊരാൾടെയും സമ്മതത്തിന്റെ ആവശ്യം ഇന്നെനിക്കാവശ്യമില്ല എന്ന് മേമയെന്നോട് പറയുമ്പോൾ ഞാൻ മനസ്സിലാക്കുകയായിരുന്നു ആ കളങ്കമില്ലാത്ത സ്നേഹത്തിന്റെ ആഴവും പരപ്പും എത്രത്തോളമുണ്ടെന്നുള്ളത്, ഒപ്പം ഒന്നു കൂടെ ഞാൻ തിരിച്ചറിയുകയായിരുന്നു ഇന്നെനിക്ക് കൂട്ടിന് ഒരമ്മയല്ല മറിച്ച് രണ്ടമ്മമാരാണ് കൂടെയുള്ളതെന്ന സത്യവും