കഥ നെഗറ്റീവ് ആണ്. തീം പഴയതാണ്. ഇഷ്ടമില്ലാത്തവർ വായിക്കാതെ പോകാൻ അപേക്ഷ. നിങ്ങളുടെ സമയം വിലപ്പെട്ടതാണെന്നു ഞാൻ മനസിലാക്കുന്നു. ❤️
ബലി മൃഗം
Story written by NISHA L
“നീയാ കുമാരന്റെ മോളല്ലേ കൊച്ചേ.. ” ക്ഷേത്രനടയിൽ തൊഴുതിറങ്ങി വന്ന രേവതിയോട് സാവിത്രിയമ്മ ചോദിച്ചു..
“അതെ അമ്മേ… എന്റെ അച്ഛനെ അറിയുമോ..? “
“പിന്നില്ലേ… കുമാരൻ എന്റെ വീട്ടിൽ പലവട്ടം പണിക്ക് വന്നിട്ടുണ്ട്.. നിങ്ങൾ മൂന്നു പെൺകുട്ടികൾ അല്ലെ.. നീ എത്രാമത്തെയാ കൊച്ചേ… “?
“ഞാനാണ് മൂത്തത്.. രേവതി..ക്ഷമിക്കണം.. എനിക്ക് അമ്മയെ മനസിലായില്ല. “!!
“നിന്റെ അച്ഛനോട് പറഞ്ഞാൽ മതി മേടയിൽ വീട്ടിലെ സാവിത്രിയമ്മയെ കണ്ടെന്നു.. “!!
“ശരി.. പറയാം.. എന്നാൽ ഞാൻ പൊയ്ക്കോട്ടേ.. “!!
“ആ ശരി കൊച്ചേ… “
***************************
“കുമാരാ… കുമാരാ.. ഇവിടെ ആരുമില്ലേ..? “”
“ആരാ… “ചോദിച്ചു കൊണ്ട് കുമാരൻ ഇറങ്ങി വന്നു.
“അല്ല… ആരിത്.. സാവിത്രിയമ്മയോ .എന്തെങ്കിലും ജോലിക്കാണോ..ആരെയെങ്കിലും പറഞ്ഞു വിട്ടാൽ പോരായിരുന്നോ ഞാൻ അങ്ങ് എത്തില്ലേ.. “?
“അല്ല കുമാരാ.. ഞാൻ വേറൊരു കാര്യത്തിന് വന്നതാ.. നിന്റെ ഭാര്യ എവിടെ..? “
“ഇവിടുണ്ടല്ലോ… കമലം… കമലം… ഇങ്ങു വന്നേ.. “
“എന്താ കുമാരേട്ടാ..? “
“അല്ല സാവിത്രിയമ്മയോ… കയറിയിരിക്ക്.. ഞാൻ കുടിക്കാൻ കുറച്ചു സംഭാരം എടുക്കാം… എന്താ കുമാരേട്ടാ ഇത് വീട്ടിൽ വരുന്നവരെ മുറ്റത്തു നിർത്തിയാണോ സംസാരിക്കുന്നത്.. ” കമലം ചെറിയൊരു പിണക്കത്തോടെ കുമാരനോട് ചോദിച്ചു..
“ഓ അതൊന്നും സാരമില്ല കമലം.. ഞാൻ നിങ്ങൾ രണ്ടു പേരോടും കൂടി ഒരു കാര്യം ചോദിക്കാൻ വന്നതാ.. “!!
“എന്താ സാവിത്രിയമ്മേ.. എന്തായാലും കയറി ഇരുന്നു സംസാരിക്കാം.. “!!
“ശരി… !!”
“കുമാരാ…. ഞാൻ ഇന്നലെ അമ്പലത്തിൽ വച്ചു രേവതി മോളെ കണ്ടിരുന്നു.. “!!
“അവൾ പറഞ്ഞിരുന്നു… സാവിത്രിയമ്മേ.. “!!
“ഞാൻ ഇപ്പോൾ വന്നത് രേവതി മോളെ എന്റെ മോൻ മനോജിന് കൊടുക്കുമോ എന്ന് ചോദിക്കാനാ..പെണ്ണിനെ മാത്രം മതി സ്ത്രീധനത്തെ കുറിച്ച് ഒന്നും നിങ്ങൾ ആലോചിച്ചു വിഷമിക്കണ്ട.. “!!
കുമാരനും കമലവും മുഖത്തോട് മുഖം നോക്കി..
“അതിപ്പോ.. പെട്ടെന്ന് ഇങ്ങനെ ചോദിച്ചാൽ.. മോളോട് കൂടി ആലോചിക്കാതെ എങ്ങനെയാ.. “!!
“മതി… ആലോചിച്ചു പറഞ്ഞാൽ മതി.. പിന്നെ അവന് ഇത്തിരി മദ്യപാനം ഒക്കെയുണ്ട്.. അത് കൂട്ടുകെട്ടിന്റെയ.. ഒരു കല്യാണം ഒക്കെ കഴിച്ചാൽ അതൊക്കെ അങ്ങ് മാറും.. “
“ആലോചിച്ചു പറയാം.. “കുമാരൻ പറഞ്ഞു.
അവർ പോയ ശേഷം…
“ഇന്നത്തെ കാലത്ത് മദ്യപിക്കാത്ത ആരാ ഉള്ളത്.. ഈ ബന്ധം നമ്മുടെ ഭാഗ്യമാ കമലം. മോളെകൊണ്ട് എങ്ങനെ എങ്കിലും സമ്മതിപ്പിക്കണം… “!!
“എന്നാലും കുമാരേട്ടാ… മദ്യപാനി എന്ന് അവർ തന്നെ പറഞ്ഞ സ്ഥിതിക്ക് ഒന്നുകൂടി ആലോചിച്ചു പോരെ… “??
“ഓ… അതൊക്കെ കല്യാണശേഷം മാറുമെടി… “!!
***************************
“രേവതി.. മോളെ.. നീ ഇന്നലെ അമ്പലത്തിൽ വച്ചു കണ്ടില്ലേ സാവിത്രിയമ്മ.. അവരുടെ മോനു വേണ്ടി നിന്നെ കല്യാണം ആലോചിച്ചു അവർ ഇന്നിവിടെ വന്നിരുന്നു.. എങ്ങനെയാ മോളെ.. ആലോചിക്കട്ടെ.. നിനക്ക് താഴെ രണ്ട് പെൺകുട്ടികൾ കൂടിയില്ലേ.. നിന്നെയെങ്കിലും കെട്ടിച്ചു വിട്ടാൽ അത്രയും ഭാരം കുറഞ്ഞിരിക്കുമല്ലോ..? “”!
“ഞാൻ.. എന്തു പറയാനാ.. അച്ഛന്റെ ഇഷ്ടം പോലെ ചെയ്യൂ.. “!!
“പിന്നെ.. അവൻ കുറച്ചു മദ്യപാനം ഒക്കെയുണ്ട്.. “!!
“അയ്യോ.. എങ്കിൽ വേണ്ടച്ചാ.. എനിക്ക് പേടിയാ.. “!!
“അതൊക്കെ മോള് വിചാരിച്ചാൽ മാറ്റി എടുക്കാൻ പറ്റും.. “!!
“ഞാനോ.. ഞാൻ എങ്ങനെ മാറ്റുമെന്നാ …
“നിന്റെ സ്നേഹം കൊണ്ട് മാറ്റിയെടുക്കണം.. അതാ പെണ്ണുങ്ങളുടെ മിടുക്ക്… “
“എനിക്ക് പേടിയാ അച്ഛാ.. ഒന്നുകൂടി ആലോചിച്ചു പോരെ..? “” അവൾ വിഷമത്തോടെ ചോദിച്ചു.
“നിനക്ക് താഴെ രണ്ടു പേരു കൂടിയില്ലേ മോളെ.. ഇതാകുമ്പോൾ സ്ത്രീധനം ഒന്നും വേണ്ട എന്നാ പറഞ്ഞിരിക്കുന്നത്… പെൺകുട്ടികൾ ഉള്ള അച്ഛന്റെ മനസ്സിൽ എപ്പോഴും തീയാണ്.. എനിക്ക് എന്തെങ്കിലും സംഭവിച്ചു പോയാൽ നിങ്ങൾക്ക് ആരുണ്ട്… ഒരാളെ എങ്കിലും കെട്ടിച്ചു വിട്ടാൽ എനിക്ക് അത്രയും ആശ്വാസം കിട്ടില്ലേ മോളെ..”!!
അച്ഛന്റെ അവസ്ഥ ഓർത്തും താഴെയുള്ള അനിയത്തി കുട്ടികളെ ഓർത്തും അവൾ മനസില്ലാ മനസോടെ സമ്മതം മൂളി.
***************************
വിവാഹം കഴിഞ്ഞു.. പേടിയോടെ അവൾ ആ വീട്ടിലേക്ക് വലതു കാൽ വച്ചു കയറി.. വിവാഹ ശേഷമുള്ള വിരുന്നു കൂടൽ ഒക്കെ കഴിഞ്ഞു.
മനോജ് എന്നും മദ്യപിക്കാറുണ്ടെങ്കിലും വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാതെ ഒരു മാസം കടന്നു പോയി..
ഭാഗ്യം.. പേടിച്ചത് പോലെ ഒന്നുമില്ല.. രേവതി ആശ്വസിച്ചു.
പക്ഷേ…
ഒരു രാത്രി മദ്യപിച്ചു ലെക്ക് കെട്ടു വന്ന അവൻ രേവതിയെ വിളിച്ചു..
“രേവതി.. ഡി… ഇവിടെ വാ… “
“ദേ വരുന്നു.. മനോജേട്ടാ… “!!
അടുക്കളയിൽ ജോലിയിലായിരുന്ന രേവതി, ആ ജോലി തീർത്തിട്ടാണ് മുറിയിലേക്ക് ചെന്നത്..
“നിന്നെ വിളിച്ചാൽ വരാൻ എന്താടി ഇത്ര താമസം.. “? ചോദിച്ചു കൊണ്ട് അവൻ കൈ വീശി അവളുടെ കവിളിൽ ആഞ്ഞടിച്ചു..
അടി കൊണ്ട അവൾ താഴേക്കു വീണു പോയി. വീണിടത്തു കിടന്ന് അവനെ ഭയത്തോടെ നോക്കി.. അവന്റെ ആ പുതിയ ഭാവം അവളിൽ ഭയം നിറച്ചു…
“ഞാൻ.. ഞാൻ.. ചെയ്തു കൊണ്ടിരുന്ന ജോലി തീർത്തിട്ട്… “!!
“ഛീ… നിർത്തേടി… ഇനി നീ വാ തുറന്നാൽ നിന്നെ ഞാൻ കൊല്ലും.. “
അവന്റെ അപ്പോഴത്തെ ഭാവം കണ്ടിട്ട് അവൻ പറഞ്ഞത് പോലെ ചെയ്യും എന്ന് തോന്നിയ അവൾ മിണ്ടിയില്ല…
“പോയി കുടിക്കാൻ വെള്ളം എടുത്തിട്ട് വാടി.. ” അവൾ പെട്ടെന്ന് ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു ഓടി… പോകുന്ന പോക്കിൽ സാവിത്രിയമ്മയെ വിളിച്ചു..
“അമ്മേ.. മനോജേട്ടൻ എന്നെ അടിച്ചു.. എനിക്ക് പേടിയാകുന്നു… അമ്മ ഒന്ന് വരുമോ…? “
“ഓ… നിങ്ങൾ ഭാര്യ ഭർത്താവിന്റെ ഇടയിൽ ഞാൻ വരില്ല.. നിങ്ങളുടെ പ്രശ്നം നിങ്ങൾ തന്നെ തീർത്തോ.. “!! പറഞ്ഞിട്ട് അവർ മുറിയിൽ കയറി വാതിൽ അടച്ചു..
വെള്ളവുമായി മുറിയിൽ എത്തിയ രേവതി കട്ടിലിൽ വിലങ്ങനെ കിടക്കുന്ന മനോജിനെ കണ്ടു… അടുത്ത് പോയി നോക്കി… എന്തൊക്കെയോ പറയുന്നുണ്ട്… ഉറക്കം തുടങ്ങി എന്ന് തോന്നുന്നു… ഉറങ്ങിക്കോട്ടെ… മിണ്ടാതെ ഇരിക്കാം എന്ന് കരുതി… അവൾ ശബ്ദമുണ്ടാക്കാതെ ഒരു മൂലയിലേക്ക് മാറി ഇരുന്നു… ആ രാത്രി പിന്നെ കുഴപ്പമില്ലാതെ പോയി..
രാവിലെ എഴുന്നേറ്റ അവൻ രേവതിയെ ശ്രദിക്കാതെ കൂട്ടുകാരോടെപ്പം കൂടാൻ പുറത്തേക്ക് പോയി..
ഈ സമയം രേവതി സാവിത്രിയോട് പറഞ്ഞു..
“അമ്മേ.. മനോജേട്ടന്റെ ഭാവം കണ്ടിട്ട് എനിക്ക് പേടിയാകുന്നു… അമ്മ ഒന്ന് പറയുമോ ഇങ്ങനെ മദ്യപിക്കല്ലേ എന്ന്? “!!
“അതൊക്കെ നിന്റെ മിടുക്ക് പോലെ ഇരിക്കും കൊച്ചേ… ഞാൻ എന്ത് ചെയ്യാനാ..” സാവിത്രി കൈ മലർത്തി…
“30 വർഷം അമ്മ ശ്രമിച്ചിട്ടും നടക്കാത്തത് മൂന്നു മാസം കൊണ്ട് ഞാൻ മാറ്റുന്നത് എങ്ങനെയാ അമ്മേ.. “?
“ആഹാ… അതു കൊള്ളാല്ലോ.. നീ എന്നെ ചോദ്യം ചെയ്യുന്നോ… അവൻ ഇങ്ങു വരട്ടെ… ഞാൻ ഇതൊന്നു അവനോടു പറയുന്നുണ്ട്… “!!
“അയ്യോ… വേണ്ടമ്മേ… അങ്ങനെ ചെയ്യല്ലേ… എന്നെ വീണ്ടും തല്ലും… ഞാൻ ഇനി ഒന്നും മിണ്ടില്ല… “
“മ്മ്മ്… “സാവിത്രി ഒന്ന് അമർത്തി മൂളി..
പിന്നീടുള്ള പല രാത്രികളിലും ഒരു കാരണവും ഇല്ലാതെ അവൻ അവളെ ഉപദ്രവിച്ചു കൊണ്ടിരുന്നു… സാവിത്രിയുടെ സഹായം ഒന്നും ലഭിക്കില്ല എന്ന് മനസിലാക്കിയ അവൾ അവരോട് പരാതി പറയുന്നത് നിർത്തി.
***************************
ഒരു ദിവസം..
“അമ്മേ ഞാൻ വീട്ടിൽ ഒന്ന് പോയിട്ട് വരട്ടെ.. ചേട്ടൻ വരും മുൻപ് ഇങ്ങെത്താം… അവരെയൊക്കെ കാണാൻ കൊതിയാകുന്നു… ഒന്ന് പോയിട്ട് വന്നോട്ടെ..”?? .
“മ്മ്.. പൊയ്ക്കോ… അവൻ അറിഞ്ഞാൽ വരുന്നത് ഒക്കെ തനിയെ സഹിച്ചോണം… “
“സാരമില്ല…ഞാൻ പെട്ടെന്ന് തിരിച്ചു വരാം അമ്മേ.. “
വീട്ടിലെത്തിയ അവളുടെ കോലം കണ്ട് കമലത്തിന്റെ കണ്ണിൽ നനവൂറി…
“കുമാരേട്ടാ… മോള് വന്നു… ഒന്നിങ്ങു വന്നേ… ” അച്ഛനെ കണ്ട രേവതി കരച്ചിലോടെ അയാളുടെ അടുത്തെത്തി …
“എനിക്ക് ഇനി അവിടെ വയ്യാ അച്ഛാ.. ഞാൻ ഇനി അങ്ങോട്ട് പോകുന്നില്ല…ഞാനിവിടെ നിന്നോട്ടെ… “യാചനയോടെ അവൾ കുമാരനോട് ചോദിച്ചു.
“എന്നു പറഞ്ഞാൽ എങ്ങനാ മോളെ.. കല്യാണം കഴിഞ്ഞു പോയ പെണ്ണ് വീട്ടിൽ വന്നു നിന്നാൽ ഇളയ കുട്ടികളുടെ ഭാവിയെ കൂടി ബാധിക്കില്ലേ… എങ്ങനെ എങ്കിലും അവിടെ പിടിച്ചു നിക്കാൻ നോക്ക്… അച്ഛൻ അവനെ കണ്ടൊന്നു സംസാരിക്കാം… മോളിപ്പോ വീട്ടിലേക്ക് പോ… “!!!
കമലം അവളെ നിസ്സഹായതയോടെ നോക്കി… അമ്മ എന്തു ചെയ്യാനാ മോളെ എന്ന ഭാവത്തിൽ..
സ്വന്തം വീട്ടിലും തന്നെ സഹായിക്കാൻ ആരുമില്ലെന്ന തിരിച്ചറിവ് അവളെ പൂർണ്ണമായും തളർത്തി കളഞ്ഞു…
***************************
രാവിലെ എഴുന്നേറ്റത് തന്നെ ശക്തമായ അ ടിവ യറ്റിൽ വേദനയുമായാണ് . അ ടിവസ്ത്ര ത്തിലെ നനവിൽ നിന്ന് പീ രിയഡ് ആയി എന്നവൾ മനസിലാക്കി. ചില മാസങ്ങളിൽ മാത്രമേ ഈ വേദനയും തളർച്ചയും ഉണ്ടാകു.. ഇപ്രാവശ്യം പീ രിയഡും ചതിച്ചുന്നു തോന്നുന്നു… ഇത്തിരി ചൂട് വെള്ളം കിട്ടിയെങ്കിൽ… അമ്മയോട് ചോദിച്ചു നോക്കാം. അവരും ഒരു സ്ത്രീയല്ലേ… എന്റെ അവസ്ഥ മനസിലാക്കാതെ ഇരിക്കില്ല… പ്രതീക്ഷയോടെ അവൾ സാവിത്രിയോട് ചോദിച്ചു…
“അമ്മേ… എനിക്ക് ഇത്തിരി ചൂട് വെള്ളം ആക്കി തരുമോ…. പീ രിയഡ് ആയി… സഹിക്കാൻ പറ്റാത്ത വേദനയും ക്ഷീണവും… ഇത്തിരി കഴിയുമ്പോൾ മാറും… അപ്പോൾ എല്ലാ ജോലികളും ഞാൻ തന്നെ തീർത്തോളാം.. “!!
“ആഹാ… കൊള്ളാമല്ലോ… തമ്പുരാട്ടിക്ക് ഞാൻ വെള്ളം ചൂടാക്കി തരണോ…ഇതൊക്കെ എല്ലാ പെണ്ണുങ്ങൾക്കും എല്ലാ മാസവും വരുന്നതാ.. നിനക്ക് കഴിഞ്ഞ മാസമൊന്നും കുഴപ്പമില്ലായിരുന്നല്ലോ… പിന്നെന്താ ഇപ്പോൾ…? “
“ചില മാസങ്ങളിൽ ഇങ്ങനെയാ അമ്മേ… എനിക്ക് തീരെ വയ്യാഞ്ഞിട്ടാ… “!!
സംസാരം കേട്ട് വന്ന മനോജ്…
“എന്തുവാ ഇവിടെ… മനുഷ്യന് കിടന്നു ഉറങ്ങണ്ടാല്ലോ… “!!
“അയ്യോടാ.. നിന്റെ കെട്ടിലമ്മക്ക് ഞാൻ വെള്ളം ചൂടാക്കി കൊടുക്കണമെന്ന്…”
“ങ്‌ഹേ…. വയസായ തള്ള വേണം നിനക്ക് വെള്ളം ചൂടാക്കി തരാൻ അല്ലേടി… ” പറഞ്ഞു കൊണ്ട് അവൻ അവളുടെ മുടിയിൽ ചുറ്റി പിടിച്ചു…
“എനിക്ക് തീരെ വയ്യാത്തോണ്ടാ… നല്ല ദാഹം.. കുടിക്കാൻ ഇത്തിരി വെള്ളം തരുവോ… ” തളർന്ന ശബ്ദത്തിൽ അവൾ കേണു…
“നിങ്ങൾ അങ്ങോട്ട് മാറിക്കെ തള്ളേ… ഇവൾക്ക് വെള്ളം ഞാൻ കൊടുക്കാം… സാവിത്രിയെ തള്ളി പുറത്താക്കി അവൻ സ്റ്റോർ റൂമിലേക്ക് പോയി… തിരികെ വന്നത് മണ്ണെണ്ണ കന്നാസുമായിട്ടായിരുന്നു…
“ഇന്നാ വെള്ളം… നീ വേണ്ടുവോളം കുടിച്ചോ.. “പറഞ്ഞു കൊണ്ട് അവൻ മണ്ണെണ്ണ അവളുടെ തല വഴി ഒഴിച്ചു… തീപ്പെട്ടി ഉരച്ചു അവളുടെ മേലേക്ക് ഇട്ടു…
“അയ്യോ…. “
മാംസം വേവുന്ന ചൂടിൽ അവൾ തളർച്ച മറന്നു ചാടി എഴുനേറ്റു പുറത്തേക്ക് ഓടി… തീ ഗോളമായി അലറി വിളിച്ചു വരുന്ന അവളെ കണ്ട് സാവിത്രി പേടിച്ചു നിലവിളിച്ചു.. അലർച്ചയും ബഹളവും മണ്ണെണ്ണ മണവും കേട്ട് അയൽക്കാർ ഓടി കൂടി… ഓടി വന്നവർ ആരൊക്കെയോ വെള്ളം കോരി ഒഴിച് തീ അണച്ചു… ആരൊക്കെയോ ഫോൺ വിളിച്ചു പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു… ഓടി പോകാൻ ശ്രമിച്ച മനോജിനെ പുരുഷൻമാർ പിടിച്ചു വച്ചു… ആംബുലൻസ് എത്തി അബോധാവസ്ഥയിൽ കിടന്ന അവളെ ഹോസ്പിറ്റലിൽ എത്തിച്ചു… വിവരം അറിഞ്ഞെത്തിയ പോലീസ് മനോജിനെയും സാവിത്രിയേയും അറസ്റ്റ് ചെയ്തു…
***************************
“അയ്യോ… എന്റെ കുഞ്ഞേ… “!!ഹോസ്പിറ്റലിൽ അവളുടെ ചുറ്റും നിന്ന് കുമാരനും കമലവും നിലവിളിച്ചു…
“നിങ്ങൾ… നിങ്ങൾ ഒറ്റ ഒരുത്തനാ എന്റെ കുഞ്ഞിന്റെ ഈ അവസ്ഥക്ക് കാരണം… അവൾ വന്നു പറഞ്ഞതല്ലേ… അവിടെ അവൾക്കു വയ്യാന്നു…അപ്പോൾ അവളെ അങ്ങോട്ട് വിടാതിരുന്നെങ്കിൽ ഇങ്ങനെ ഒക്കെ ഉണ്ടാകുമായിരുന്നോ കുമാരേട്ടാ… “!!പൊട്ടിക്കരച്ചിലോടെ കമലം പറയുന്നത് കേട്ട് കുമാരൻ തരിച്ചു നിന്നു…
ശരിയാണ്… ചേർത്ത് പിടിക്കേണ്ട സമയത്തു,,, താങ്ങാകേണ്ട സമയത്തു മനപ്പൂർവം അത് ചെയ്തില്ല… അതുകൊണ്ടാണ് ഇന്നിപ്പോൾ ഇങ്ങനെ ഒരു അവസ്ഥ വന്നത്… എല്ലാം എല്ലാം എന്റെ തെറ്റാണ്… നെഞ്ചു നീറുന്ന വേദനയോടെ അതിലേറെ കുറ്റബോധത്തോടെ അയാൾ മനസ്സിൽ നിലവിളിച്ചു.
ബോധത്തിനും അബോധത്തിനും ഇടയിൽ കിടന്ന അവളോട് പോലീസ് എത്തി മൊഴി രേഖപ്പെടുത്തി… അവൾ മനോജിനും സാവിത്രിക്കും എതിരായി മൊഴി നൽകി.
നാല് ദിവസങ്ങൾക്ക് ശേഷം…
“രേവതിയുടെ ബന്ധുക്കളെ ഡോക്ടർ തിരക്കുന്നു… “!!
“ഡോക്ടർ… ഞാൻ കുമാരൻ.. ഞങ്ങൾ രേവതിയുടെ അച്ഛനും അമ്മയുമാണ്… ഡോക്ടർ വിളിച്ചുന്നു പറഞ്ഞു… “!!
“നോക്കു കുമാരൻ… രേവതിയെ ഇവിടെ എത്തിക്കുമ്പോൾ 80 ശതമാനം പൊള്ളൽ ഏറ്റിരുന്നു.. ഞങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിച്ചു… പക്ഷേ ഞങ്ങൾ തോറ്റു പോയി…. രേവതി… രേവതി മരിച്ചു… “
“അയ്യോ… എന്റെ മോളെ…. “!!നിലവിളിയോടെ കമലം ബോധമറ്റു വീണു. കുമാരൻ ചങ്ക് തകരുന്ന വേദനയോടെ, കുറ്റബോധത്തോടെ കമലത്തിനെ ചേർത്ത് പിടിച്ചു വാവിട്ടു കരഞ്ഞു…
രേവതി പോലീസിന് നൽകിയ മൊഴി മരണ മൊഴിയായി കണക്കിലെടുത്തു മനോജിനെയും സാവിത്രിയെയും കോടതി ശിക്ഷിച്ചു… പ്രായം കണക്കിലെടുത്തു സാവിത്രിയെ മൂന്നു വർഷത്തേക്കും മനോജിനെ ജീവപര്യന്തവും ശിക്ഷ വിധിച്ചു…
കഥ ഇവിടെ പൂർണമാകുന്നു…
***************************
പെൺകുട്ടികളെ വിവാഹം ചെയ്തു വിട്ടാൽ ഒരു ബാധ്യത ഒഴിച്ചു വിട്ടത് പോലെ അവരെ കൈ വിടാതിരിക്കുക.. ഒരു ചേർത്തു പിടിക്കൽ ആവശ്യമായി വരുമ്പോൾ അവരെ ചേർത്തു പിടിക്കുക. സ്വന്തം മാതാപിതാക്കളുടെ അടുത്തോട്ടല്ലാതെ അവർ മറ്റെവിടേക്കാണ് പോകേണ്ടത്… അപ്പോൾ നിർദ്ധാക്ഷണ്യം വീണ്ടും അവരെ പറഞ്ഞു വിട്ടിട്ട് വിലപ്പെട്ട ഒരു ജീവൻ ബലികൊടുത്തിട്ട് നിലവിളിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്??
NB : ഇത് വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവകഥയാണ്.. എത്രയൊക്കെ പുരോഗമനവാദം പറഞ്ഞാലും ഇപ്പോഴും ഇതുപോലെ ഒരു പാട് രേവതിമാർ പല പല ചുമരുകൾക്കുള്ളിൽ നീറി പുകയുന്നത് നാം അറിയാതെ പോകരുത്… സഹിക്കാവുന്നതിലും അപ്പുറം സഹിച്ചു അവസാനം ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നവർ എത്ര… ആ മരണങ്ങൾ ഒക്കെയും ആത്മഹത്യ എന്നു പറഞ്ഞു നിസാരവൽക്കരിക്കരുത്… അവയൊക്കെയും കൊലപാതകങ്ങളാണ്…ക്രൂരമായ കൊലപാതകങ്ങൾ…