സ്വന്തം വീട്ടിൽ ഇടക്കെങ്കിലും പോകണം എന്ന അവളുടെ അടിസ്ഥാന സ്വാതന്ത്ര്യം പോലും…….

എഴുത്ത്:-വൈശാഖൻ

അവളുടെ കുഴിമാടത്തിൽ ഞാൻ കത്തിച്ചു വെച്ച തിരി അണയ്ക്കാൻ തീർച്ചപ്പെടുത്തിയെന്നോണം കാറ്റ് ആഞ്ഞു വീശുകയാണ്.മഴക്കോളുണ്ട്.കാലം തെറ്റി വരുന്ന മഴ..കഴിഞ്ഞ മഴക്കാലത്ത് ഇത് പോലൊരു ഇരുണ്ട സന്ധ്യക്കാണ്‌ ഉമ്മറത്തൊരു തിരി കത്തിച്ചു വെച്ച് അവൾ പോയത്..

ഒരു കാറ്റിനും മഴക്കും ആ തിരി കെടുത്താൻ സാധിക്കില്ല.തകർത്തു പെയ്യുന്ന മഴയെ അവഗണിച്ചു ഞാൻ മുറ്റത്തേക്കിറങ്ങി.ഈ അച്ഛൻ എന്ത് ഭ്രാന്താണ്‌ ഈ കാണിക്കുന്നത്.വയസ്സായാൽ മനുഷ്യന് വകതിരിവ് പോകുമോ ?? മൂത്ത മകനാണ്.

എന്ത് വേണമെങ്കിലും പറയട്ടെ.വേഗത്തിൽ നടക്കാനൊന്നും വയ്യ.എങ്കിലും സർവ്വ ശക്തിയുമെടുത്തു ആഞ്ഞു നടന്നു. തിരിനാളവും കാറ്റും തമ്മിൽ മൽപ്പിടുത്തം നടക്കുകയാണ്.അവളുടെ ആത്മാവാണ് ആ തിരി നാളം.അങ്ങനെ ഒന്നും വിട്ടു കൊടുക്കില്ല.കൈകൾ കൊണ്ട് ഞാനാ തിരി നാളം മൂടി പിടിച്ചു. ഉമ്മറ ക്കോലായിൽ ചാര് കസേരയിൽ നീണ്ടു കിടന്നു ഓരോന്നിനും വേണ്ടി ആംജ്ഞാപിച്ചു കൊണ്ടിരുന്ന ഈ മനുഷ്യൻ തന്നെയാണോ ഈ കൊടും മഴയത്തു നനഞ്ഞു വന്നു എന്നെ മൂടി പിടിക്കുന്നതെന്നോർത്തു ചിരിക്കുക യാണാ നാളം.ചിരിയിൽ പരിഹാസച്ചുവയുണ്ടോ??

അല്ല.എനിക്ക് തെറ്റി.കരയുന്ന നാളം.തീയിൽ നിന്ന് കണ്ണ് നീരോ? ഒരുപക്ഷേ മഴത്തുള്ളികൾ തട്ടി തെറിക്കുന്ന കാഴ്ച എന്റെ മങ്ങിയ കണ്ണട കണ്ണുനീരായി തെറ്റിദ്ധരിക്കുന്നതാവാം.എത്ര നേരം അവിടെ നിന്നുവെന്നു അറിഞ്ഞില്ല.മഴ തോർന്നതും കൊടുങ്കാറ്റു മാറി മരങ്ങൾ ആശ്വാസത്തിന്റെ നെടുവീർപ്പിട്ടതുമൊന്നും ഞാൻ അറിഞ്ഞില്ല.

ഉണക്കാൻ ഇട്ട തുണി മഴ നനഞ്ഞു പോയി എടുത്തതിനു എത്ര ശകാരിച്ചിരിക്കുന്നു അവളെ.സഹികെട്ടു ഒടുക്കം അന്നാദ്യമായി, എന്നാ ഒന്ന് സഹായിച്ചു കൂടെ അങ്ങേക്ക് എന്ന ചോദ്യത്തിനെ ധിക്കാരമായി കണ്ടതും പിന്നീട് അതിന്റെ പേരിൽ ദിവസങ്ങളോളം ശകാരിച്ചതും മനസ്സിൽ തികട്ടി വന്നു.

അച്ഛന് ഇത് എന്തിന്റെ കേടാണ് ? ഇനി പനി പിടിച്ചു കിടപ്പായാൽ നോക്കാൻ ഇവിടെ അമ്മയില്ല എന്നുള്ള ഓർമ്മ വേണം.രാജാവിനെ പോലെ കഴിഞ്ഞിരുന്ന കാലം എല്ലാം കഴിഞ്ഞു.അതുകൊണ്ട് എന്തെങ്കിലും ചെയ്തു വരുത്തി വെച്ചാൽ സ്വയം അനുഭവിക്കണം.ഏതു സമയത്തും പുറകെ നടക്കാനൊന്നും ഞങ്ങൾക്ക് വയ്യ.

ഞങ്ങൾ എന്ന് പറയുമ്പോൾ അതിൽ മകനും മരുമകളും ഉണ്ട്.അവൾ പോയതിനു ശേഷമാണ് ആ മാറ്റം ഞാൻ അറിഞ്ഞു തുടങ്ങിയത്. അനുസരിക്കുക…അല്ലാതെന്ത് ചെയ്യാൻ.!!!

പിടിച്ചു അകത്തു കയറ്റി കൊണ്ട് ചെല്ലുമ്പോൾ ഒരു തോർത്ത് പ്രതീക്ഷിച്ചു കസേരയിൽ.ഉണ്ടാവാറുണ്ട് അവളുടെ കാലം കഴിയും മുൻപ് വരെ..പോയി എന്ന് മനസ്സിന് നല്ല ബോധ്യമുണ്ട്.എങ്കിലും വെറുതെ ഒരു പ്രതീക്ഷയാണ്. സ്നേഹിച്ചിരുന്നു ഒരുപാട് എന്നൊന്ന് പറയണം എപ്പോഴെങ്കിലും.ഒറ്റക്കുള്ള ഈ ഓട്ട പാച്ചിലിൽ കൂടെ കൂടി ഈ സ്നേഹം ഒന്നറിയിക്കണം എന്നുണ്ടായിരുന്നു. പരാതി ആയി ഒന്നും പറയില്ലെങ്കിലും ഇടക്കൊക്കെ ഉള്ള അമ്പല ദർശനത്തിനു ഒറ്റയ്ക്ക് ഇറങ്ങുമ്പോൾ ഒന്ന് വന്നൂടെ എന്ന ധ്വനി ആ നോട്ടത്തിൽ ഞാൻ കണ്ടിരുന്നു.ഒന്നും ചോദിച്ചു വാങ്ങി ഒരു ശീലമില്ല.അറിഞ്ഞൊട്ടു ഞാൻ ചെയ്യാറുമില്ല.

ഭൂതകാലത്തിലേക്ക് ഒരു അയവിറക്കൽ.ചെയ്യേണ്ടതൊന്നും ചെയ്യേണ്ട സമയത്തു ചെയ്യാതെ നഷ്ടപ്പെട്ട് കഴിയുമ്പോൾ വിലപിക്കുന്ന വെറും മനുഷ്യൻ. സ്ത്രീ എന്നും പുരുഷന്റെ കാൽക്കൽ നിൽക്കുന്നവളായിരിക്കണം എന്ന ധാർഷ്ട്യം ഉള്ളിലുണ്ടായിരുന്നത് കൊണ്ടാവണം പലപ്പോഴും ആളും തരവും സമയവും നോക്കാതെ എന്റെ നാവിന്റെ ചൂട് പൊതു ഇടങ്ങളിൽ വെച്ച് അവൾ കേട്ടിരുന്നു.മറുത്തൊന്നും പറയാതെ എല്ലാവരെയും പകച്ചു നോക്കി ഒരു വിളറിയ ചിരി ചിരിച്ചു അകത്തേക്ക് പോകും.ഒരിക്കൽ പോലും ഒരു കാര്യത്തിന്റെ പേരിലും ആ മുഖത്ത് പക്ഷെ എന്നോടൊരു അനിഷ്ടം ഞാൻ കണ്ടിട്ടില്ല.

ദേവകീ എന്നുള്ള എന്റെ വിളി ഈ വലിയ വീടിന്റെ അകത്തളങ്ങളിൽ തട്ടി വീണ്ടും മുഴങ്ങും പോലെ.ആക്രോശത്തിന്റെ ,അഹങ്കാരത്തിന്റെ ,അധികാരത്തിന്റെ ,പുച്ഛത്തിന്റെ മണമുള്ള ശബ്ദങ്ങൾ .വിവാഹം കഴിഞ്ഞു കൊണ്ട് വന്ന ആദ്യ നാളുകളിൽ എപ്പോഴോ എന്നോട് പറഞ്ഞതായി ഞാൻ ഓർക്കുന്നു.

വീട്ടിൽ എല്ലാവരും എന്നെ ദേവൂട്ടി എന്നാ വിളിക്ക്യാ .സ്നേഹത്തോടെ ഉള്ള വിളികളാ അതൊക്കെ.ദേവകി എന്ന് വിളിക്കുമ്പോൾ ഞാൻ ഒരു വല്യ പെണ്ണായതു പോലെയാ എനിക്ക് തോന്നാ.എനിക്ക് പെട്ടെന്നെങ്ങനെ വലിയ ആൾ ആവണ്ട.പതിനെട്ടു കഷ്ടി തികഞ്ഞ ഒരു പെൺകുട്ടിക്ക് അങ്ങനെ യൊക്കെ അല്ലാതെ പിന്നെ എങ്ങനെയാണു പറയാൻ അറിയുന്നത്? അന്നെന്റെ മറുപടി സ്ഥായിയായ ഒരു പുച്ഛിച്ച ചിരി മാത്രമായിരുന്നു.

അതിനു ശേഷം ഒരിക്കലും ദേവൂട്ടി എന്ന വിളി അവൾ ഒരു നാവിൽ നിന്നും കേട്ടിട്ടില്ല.സ്വന്തം വീട്ടിൽ ഇടക്കെങ്കിലും പോകണം എന്ന അവളുടെ അടിസ്ഥാന സ്വാതന്ത്ര്യം പോലും ദേവകി എന്ന് ഞാൻ അമർത്തി വിളിക്കുന്ന പല വിളികളിലും മുങ്ങിപോകുമായിരുന്നു.കുടുംബത്തിൽ ഉള്ള ബന്ധുക്കളുടെ മരണങ്ങൾ ആയിരുന്നു അവൾക്കു സ്വന്തം വീട്ടിലേക്കു ഇടക്കെങ്കിലും ചെല്ലാൻ പറ്റുന്ന ഏക കാരണം.സ്വന്തം അച്ഛന്റെയും അമ്മയുടെയും മരണത്തിന്റെ അന്ന് പോലും ഒരു ദിവസത്തിൽ കൂടുതൽ അവിടെ നിൽക്കാൻ അവളെ ഞാൻ അനുവദിച്ചിട്ടില്ല. കുട്ടികളുടെ എന്തെങ്കിലും കുസൃതികൾ കണ്ട് വല്ലപ്പോഴുമെങ്കിലും ചിരിക്കുമായിരുന്ന അവളുടെ ചിരികൾ പിന്നീട് ഒരിക്കലും ഞാൻ കണ്ടിട്ടില്ല.

തോർത്തെടുത്തു തല തോർത്തി……

ദ്രവിച്ചു നിൽക്കുന്ന അലമാര പലകയിൽ നിന്ന് വേർപെട്ടു നിൽക്കാൻ വെമ്പുന്ന ദർപ്പണം.ആകെ മൂടലാണ്.നനഞ്ഞ തോർത്ത് കൊണ്ട് നന്നായൊന്നു തുടച്ചു. ഏറെ നാളുകൾക്കു ശേഷമാണ് സ്വന്തം മുഖം കാണുന്നത്.എന്താണ് എന്റെ മുഖത്തിന്റെ ഭാവം?? ഒരു വികാരവും ഇല്ലാതിരുന്ന എന്റെ മുഖത്തിന് ദൈന്യതയുടെ ചായ.രക്തം നിറഞ്ഞു ചുവന്നു നിന്നിരുന്ന കണ്ണുകളിൽ കണ്ണുനീരിന്റെ നനവ്.ജീവിതത്തിൽ ഒറ്റപെട്ടു പോയ കൊച്ചു കുട്ടിയുടെ നിസ്സഹായാവസ്ഥ..നേരെ നിൽക്കാൻ കഴിയുന്നില്ല ..മയക്കത്തിലേക്ക് …….

അതേയ് ..ചായ ..

പെട്ടെന്ന് ചാടി എണീറ്റു.എന്റെ ദേവുവിന്റെ ശബ്ദം.അതേ ദേവു തന്നെ.അപ്പൊ ഞാൻ കണ്ടത്..

“ഇന്നലെ രാത്രി വലിയ കാറ്റും മഴയും ആയിരുന്നു.ജനൽ അടക്കാതെ ആണ് ഉറങ്ങിയത്.മഴവെള്ളം അകത്തേക്ക് വീണപ്പോൾ ഞാൻ വന്നു ജനൽ അടച്ചിരുന്നു”..ക്ഷമ ചോദിക്കും പോലെ ശബ്ദം.

ദേവൂട്ടി….അറിയാതെ നാവിൽ നിന്ന് വന്ന വാക്കുകൾ..

കേട്ടത് സത്യമാണോ എന്നറിയാൻ വയ്യാതെ നിൽക്കുന്ന ദേവു.ആ മുഖത്ത് ചിരിയുണ്ട്..കരച്ചിലുണ്ട്..സങ്കടമുണ്ട്…

ഇന്നലെ വരെ നിർവികാരത എന്ന ഒരു ഭാവം മാത്രം നടമാടിയിരുന്ന മുഖം ഇന്ന് പല വിധ ഭാവങ്ങളാൽ നിറഞ്ഞു തുളുമ്പുന്നു..

ദ്രവിച്ചു നിന്നിരുന്ന അലമാരയും മൂടി നിന്നിരുന്ന കണ്ണാടിയും ഇപ്പോൾ വ്യക്തമാണ്.എന്റെ മുഖത്തിനിപ്പോൾ സ്നേഹത്തിന്റെ രൂപമാണ്.കണ്ണുകളിൽ ആർദ്രതയാണ്.കൈകൾക്കു കരുതലിന്റെ ഛായ..അതിങ്ങനെ എന്റെ ദേവുവിനെ എന്റെ നെഞ്ചിലേക്ക് ചേർത്തു് നിർത്തിയിരിക്കുന്നു.ആർക്കും കൊടുക്കാതെ…എന്റേത് മാത്രമായി…

“”ആതിര വരും നേരമൊരുമിച്ചു കൈകൾ കോർത്തെതിരേൽക്കണം നമുക്കിക്കുറി …വരും കൊല്ലമാരെന്നുമെന്തെന്നുമാർക്കറിയാം ..

എന്ത്… നിൻ മിഴിയിണ തുളുമ്പുന്നുവോ സഖീ…ചന്തം നിറക്കുമീ ശിഷ്ട ദിനങ്ങളിൽ ………….””

Related Posts

Leave a Reply

Your email address will not be published. Required fields are marked *