സ്വല്പം ദേഷ്യത്തോടു കൂടെയാണ് കയ്യിലിരുന്ന മൊബൈൽ ഫോൺ കട്ടിലിലേക്ക് വലിച്ചെറിഞ്ഞത്. എന്റെ ഭാഗത്തു നിന്നും ഒട്ടും പതിവ് ഇല്ലാത്ത പ്രവർത്തിയായതു…….

എഴുത്ത് :- അനു ജോർജ് അഞ്ചാനി

“സ്വല്പം ദേഷ്യത്തോടു കൂടെയാണ് കയ്യിലിരുന്ന മൊബൈൽ ഫോൺ കട്ടിലിലേക്ക് വലിച്ചെറിഞ്ഞത്. എന്റെ ഭാഗത്തു നിന്നും ഒട്ടും പതിവ് ഇല്ലാത്ത പ്രവർത്തിയായതു കൊണ്ടാണെന്നു തോന്നുന്നു മുറിയിലെ ഭിത്തിയിൽ ഉറപ്പിച്ച കണ്ണന്റെ മുഖത്ത് നിന്നും എരിയുന്ന ദീപത്തിന്റെ മുന്നിൽ നിന്നു ശ്യാമേച്ചി നോട്ടം മാറ്റി എന്റെ നേരെ മിഴി പായിച്ചത്. അത് പാടേ അവഗണിച്ചു. അടുക്കളയിലേയ്ക്ക് കടന്ന് ബാക്കി ദേഷ്യം ചായപ്പൊടി പാത്രത്തോടും എത്ര മുറുക്കിയാലും , മുറുകാതെ പിന്നെയും വെള്ളം ഇറ്റു വീഴുന്ന പൈപ്പിനോടും തീർത്തു കൊണ്ടിരുന്നപ്പോളേക്കും ശ്യാമേച്ചി പാഞ്ഞു വന്നിരുന്നു പുറകേ.

ഒന്നും മിണ്ടാതെ എന്റെ കയ്യിലിരുന്ന സോസ്പാൻ പിടിച്ചു വാങ്ങി ഫ്രിഡ്ജിലിരുന്ന കവർ പാൽ പൊട്ടിച്ചതിലേയ്ക്ക് ഒഴിച്ചപ്പോഴും ഞങ്ങൾ ഒന്നു സംസാരിക്കുകയോ, പരസ്പരം നോക്കുകയോ ചെയ്തില്ല.

കറുത്ത നിറത്തിനു മേലെ, ആകാശത്തു നിന്നും മിന്നൽ ഇറങ്ങി വരുംവണ്ണം സ്വർണ അലകൾ നിറഞ്ഞ ടൈലിനു മുകളിൽ വീണ പാൽ തുള്ളികളെ നോക്കി ഞാൻ നിന്നു. ഉള്ളിലുള്ള വെള്ളത്തിന്റെ സാന്നിധ്യമറിയിക്കുന്ന നിറം കുറഞ്ഞ പാൽതുള്ളികൾ.

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കപ്പിൽ കാപ്പി പകർന്നു തരുന്നതിന്റെ ഇടയിലാണ് ദീർഘനേരത്തെ മൗനത്തിനു ശേഷം, ചേച്ചി സംസാരിച്ചു തുടങ്ങിയത്.

“ഇന്ന് ആരുടെ വക ആയിരുന്നു വിളി..?

” ഇടവക പള്ളിയിൽ നിന്നും അച്ചന്റെ.. !

എന്നിട്ട് നീ എന്ത് പറഞ്ഞു..?

ഒന്നും പറഞ്ഞില്ല, എന്തെങ്കിലും തീരുമാനമാകുമ്പോൾ തിരിച്ചു വിളിക്കാമെന്ന് പറഞ്ഞു.

എന്നിട്ട് നീയെന്ത് തീരുമാനിച്ചു…?

തീരുമാനം എന്ത് എന്ന് സ്വയം ചോദിച്ചു തുടങ്ങിയപ്പോഴേയ്ക്കും തലച്ചോറിനുള്ളിലൂടെ ഓർമ്മകളുമായൊരു തീവണ്ടി പാഞ്ഞു. അതിനു ശേഷം ആ തീവണ്ടിയുടെ ഉളുമ്പ് നിറഞ്ഞ മുഷിഞ്ഞ മണം മൂക്കിൻതുമ്പിൽ തട്ടി കളിച്ചു. പൊള്ളുന്ന വെയിൽ മാത്രം കാവൽ നിൽക്കുന്ന റയിൽവേ പാളത്തിനു നടുവിൽ ഒറ്റപെട്ട പോലെ മനസ്സ് നന്നായി വേദനിച്ചു. തീവണ്ടിയുടെ പ്രകമ്പനം പോലെ തൊണ്ടക്കുഴിയിൽ നിന്നും ഒരലറികരച്ചിൽ പാഞ്ഞു വന്നു.

എനിക്ക് ഇവിടെ എങ്കിലും ഒന്ന് ചാരി നിൽക്കാൻ തോന്നി. മുഖം മനസ്സിന്റെ കണ്ണാടി ആയതു കൊണ്ടാവാം കസേരയിൽ നിന്നും എഴുന്നേറ്റു ശ്യാമേച്ചി എന്റെ അടുത്ത് വന്നു എന്റെ തോളിൽ കയ്യമർത്തിയത്.

“ക്ഷമിക്കാൻ നീ തയ്യാറാണോ..?

ചേച്ചിയുടെ ചോദ്യത്തിലേയ്ക്കാണ് ഞാൻ മുഖം ഉയർത്തിയത്. ഇക്കാലമത്രയും ഞാനും ജോഷ്വായും അനുഭവിച്ച ദുരിതങ്ങൾ ഒക്കെയും ചേച്ചിക്ക് അറിയാവുന്നത് അല്ലേ..? ഇടറി പൊട്ടിയാണ് ശബ്ദം വെളിയിൽ വന്നത്.

പിന്നെയും പറഞ്ഞു പറഞ്ഞു വീണ്ടും കരയിക്കണ്ട എന്നോർത്താവും ദേഹത്ത് നിന്നുമെന്നെ അടർത്തി മാറ്റി തണുത്ത കൈവിരലുകളാൽ എന്റെ ചൂടുകണ്ണുനീർ തുടച്ചു മാറ്റി ചായക്കപ്പ് എന്റെ അടുത്തേയ്ക്ക് നീക്കി വച്ചു ചേച്ചി ഗ്യാസ് അടുപ്പിന്റെ അടുത്തേയ്ക്കു തിരിഞ്ഞു നടന്നു.

പുളിച്ചു പൊന്തിയ ദോശമാവിൽ നിന്നു കുറച്ചു പകർന്ന് എടുത്ത് ചൂടായ ദോശക്കല്ലിന്മേൽ നെയ്യൊഴിച്ചു കനം കുറഞ്ഞ ദോശയും, ഉള്ളിയും വറ്റൽ മുളകും തക്കാളി കഷ്ണങ്ങളും കൂടി എണ്ണയിൽ വഴറ്റി കല്ലുപ്പ് ചേർത്ത് മിക്സിയിൽ അടിച്ചെടുത്തു ചട്ണി തയ്യാറാക്കുന്നതിന്റെ ഇടയിൽ അടുപ്പ് കല്ലിന്റെയും ഭക്ഷണസാധങ്ങളുടെയും കിന്നാരം പറച്ചിലുകൾ അല്ലാതെ വേറൊരു ശബ്ദവും ഉയർന്നു കേട്ടതേയില്ല.

ശ്യാമേച്ചി ഓഫീസിൽ പോകാൻ ഇറങ്ങിയപ്പോൾ മൂന്നാം നിലയിലെ ഞങ്ങളുടെ ഫ്ലാറ്റിന്റെ ബാൽക്കണിയിലായിരുന്നു ഞാൻ. വിടരാൻ വെമ്പി നിൽക്കുന്ന പല നിറത്തിലുള്ള പത്തു മണി പൂക്കളെ തഴുകി കൊണ്ട് നിൽക്കുമ്പോൾ നരച്ച ഓർമ്മകൾ ഒക്കെയും മാറി മനസ്സിലേയ്ക്ക് നിറം പടരുന്നത് ഞാൻ അറിഞ്ഞു. രണ്ടു പേർക്ക് നിന്നു തിരിയാവുന്ന ഇടത്തിൽ നിറയേ പൂച്ചെടികൾ നട്ടു പിടിപ്പിച്ചിട്ടുണ്ട് ഞാനും ചേച്ചിയും. കൂടുതലും പത്തു മണി ചെടികളാണ്. നാട്ടിലെ കുഞ്ഞു വീടിന്റെ ഓർമ്മകളാണ് ഓരോ പത്തു മണിപ്പൂക്കളും എനിക്ക് സമ്മാനിക്കുന്നത്. പിന്നിൽ സാരീ ഉലയുന്നതിന്റെ ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്. മുഖത്തു ഒരു ഉത്തരം കിട്ടാത്ത ചോദ്യവും ആയി ശ്യാമേച്ചി.

“എന്തൊക്കെ ആയാലും.. എത്ര മാറ്റി നിർത്തിയാലും.. അവര് നിന്റെ പെറ്റമ്മയാണ് അന്ന മോളേ..” ..!

ദുഃഖവെള്ളിയാഴ്ചയിലെ കൈയ്പ്പുനീർ നാവിൻ തുമ്പിൽ നിന്നും, മനസ്സിലേയ്ക്ക് ആകമാനം ഒഴുകി പരന്നത് പോലെയെനിക്ക് തോന്നി.

തിരിഞ്ഞു നടന്ന ശ്യാമേച്ചിയ്ക്കും തോന്നിക്കാണും ആ വാക്ക് എന്നിൽ എത്ര മാത്രം ആഘാതം ഏല്പിച്ചിരിക്കുമെന്ന്. പൂക്കളേയും, ഇലകളേയും തഴുകി എനിക്ക് ചുറ്റിനും ഒഴുകി പരന്ന കാറ്റിനൊപ്പം താഴേയ്ക്ക് കുതിയ്ക്കാനാണെനിക്ക് തോന്നിയത്. എന്നാൽ അതേ സമയം വീണ്ടുമൊരു അനാഥത്വം ഏല്പിക്കുന്ന ആഘാതം താങ്ങാൻ പറ്റാത്തൊരു പ്രാണനെയെനിക്ക് ഓർമ്മ വന്നു. കണ്ണിൽ നിന്നും ഒഴുകി ഇറങ്ങുന്ന ചുടുനീരിനെ ഒട്ടും തടയാതെ കിടക്കയിൽ വന്നു ചായുമ്പോഴും തിരയുകയായിരുന്നു. അമ്മ എന്ന പദത്തിന് കൈയ്പ്പ് രുചിച്ചു തുടങ്ങിയത് എന്ന് മുതൽ ആണെന്ന്. അ മ്മിഞ്ഞപ്പാലിന്റെ ഓർമ്മയിൽ ഒരായിരം സങ്കടം മാത്രം മനസ്സിൽ കൂട് കൂട്ടി തുടങ്ങിയത് എപ്പോൾ മുതൽക്ക് ആണെന്ന്.

നാലോ അഞ്ചോ വയസ്സ് ഉള്ളപ്പോ മുതൽ രാവേറും വരെ പദം പറച്ചിലും കരച്ചിലും ഏങ്ങലടിയും ഏറ്റുവാങ്ങിയാണ് ഞങ്ങളുടെ വീട് ഉറങ്ങിയിരുന്നത്. ഇടയ്ക്ക് ഇപ്പോഴൊക്കെയോ ഞെട്ടി ഉണരുന്ന ജോഷ്വായുടെ കരച്ചിലും ഉയർന്നു കേൾക്കാം. പിന്നെ നേർത്തു നേർത്തു തുടങ്ങുന്ന ശബ്ദകോലാഹലങ്ങൾക്ക് ഒടുവിലായ് വല്യമ്മച്ചിയുടെ കുഞ്ഞു കുഞ്ഞു പ്രാർത്ഥനകളുടെ അലകൾ ഉയർന്നു തുടങ്ങും..അതായിരുന്നു ആ വീട്ടിലെ ദിനചര്യ. ഇച്ചിരി പഠിപ്പും വിവരവും, കാണാനും തരക്കേടില്ലാത്ത തന്നെ ഹൈസ്കൂൾ വിദ്യാഭ്യാസം പോലും ഇല്ലാത്ത, അത്രയ്ക്ക് ഒന്നും ഭംഗിയില്ലാത്ത ഒരാൾക്ക്, പണമില്ലായ്മ എന്ന ഒറ്റ കാരണം കൊണ്ട് മാത്രം കെട്ടിച്ചു കൊടുത്തു എന്നതായിരുന്നു അമ്മയുടെ എന്നത്തേയും പരാതി. അമ്മയുടെ സ്വപ്‌നങ്ങൾ ഒന്നും ഞങ്ങളുടെ ചെറിയ വീടിന്റെ ഉള്ളിൽ ഒതുങ്ങുന്ന ഒന്നായിരുന്നില്ല. എന്നാൽ അതൊക്കെ മനസ്സിലാക്കാനോ, ചേർത്ത് നിർത്താനോ പപ്പയ്ക്കും കഴിഞ്ഞിരുന്നില്ല എന്ന് ഇന്നെനിക്കു മനസ്സിലാവുന്നുണ്ട്.

“കൂടുമ്പോൾ ഇമ്പമുള്ളതാവണം കുടുംബം എന്ന് ടീച്ചർ സന്മർഗ്ഗപാഠക്ലാസ്സിൽ ചൊല്ലിതന്നപ്പോൾ അസ്വാരസ്യങ്ങൾ മാത്രം ഉയരുന്ന എന്റെ വീടെനിക് നൊമ്പരമായിരുന്നു .

അങ്ങിനെയിരിക്കെ ഗൾഫിൽ എവിടെയോ ഒരു ബ്യുട്ടീപാർലറിലേയ്ക്ക് അസ്സിസന്റ് ആയി അമ്മയ്ക്ക് ഒരു ജോലി തരപ്പെടുത്തിയ കാര്യം പറഞ്ഞു കൊണ്ട് അമ്മയുടെ അമ്മാച്ചന്റെ മോൻ ജോയിച്ചായി വീട്ടിലേയ്ക്ക് വരുന്നത്. തേങ്ങ അരച്ച് വച്ച തക്കാളികറിയും, ഉണക്കമീൻ വറുത്തതും. വീട്ടിലെ കയ്യാലപ്പുറത്തു നിൽക്കുന്ന ഇലുമ്പിപുളി പറിച്ചു വല്യമ്മച്ചി ഉണ്ടാക്കിയ അച്ചാറും ഒക്കെ കൂടി വയറു നിറയേ ചോറുണ്ണുന്നതിന്റെ ഇടയ്ക്കത്രയും ജോയിച്ചായി പറഞ്ഞത് ഗൾഫിലെ വർണ്ണശബളമായ ജീവിതത്തെ കുറിച്ചും അത് വഴി പപ്പയ്ക്കും കുടുംബത്തിനും വന്നു ചേരാൻ പോകുന്ന സാമ്പത്തിക പുരോഗതികളെ കുറിച്ചുമായിരുന്നു.

ഇടയ്ക്ക്ക്കിടെ അമ്മയുടെ മുഖത്തു ആശ്ചര്യവും , കൗതുകവും മിന്നി മായുന്നുണ്ടെങ്കിലും. പപ്പയുടെ മുഖമാകെ ആശങ്കയും നിഷേദഭാവത്താലും ഇരുണ്ടു മൂടിയിരുന്നു.

നാലുമണി കാപ്പിയുടെ അകമ്പടിയോടെ ജോയിച്ചായി പടി ഇറങ്ങിയതോടെ ത്രിസന്ധ്യയ്ക്ക് മുന്നേ അസമാദാനത്തിന്റെ കോടിയേറ്റ് ഞങ്ങളുടെ വീട്ടിൽ നടന്നിരുന്നു. പ്രതിക്ഷേധത്തിന്റെ മൂക്ക് ചീറ്റലും, കയ്യൂക്കിന്റെ സീൽക്കാരവും ഒക്കെ ആയി ഒരാഴ്ചയോളം കടന്ന് പോയി. അതിനിടയ്ക്ക് അമ്മയുടെ ചേട്ടത്തിയും കുടുംബവും, ആങ്ങളയുംകുടുംബവും ഒക്കെ വന്നു പോയി. തങ്ങളുടെ കൂടെപ്പിറപ്പിന്റെ നല്ല കാലത്തിന് എതിര് നിൽക്കുന്ന പപ്പയോടും വല്യമ്മച്ചിയോടും ഞങ്ങൾ രണ്ടു കടുകുമണി പിള്ളേരോടും അവർ ശീതയുദ്ധം പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. ഒരു തോളൂർന്നു പോകുന്ന, കരിമ്പനടിച്ച പെറ്റികോട്ടിൽ നിൽക്കുന്ന എന്നെയും, മുട്ടിലിഴയുന്ന ജോഷ്വായേയും നോക്കി എന്റെ കുഞ്ഞിന് ഈ ഭാഗ്യം കുറച്ചു നേരത്തെ വന്നില്ലല്ലോ എന്ന് നെടുവീർപ്പിട്ടു കളഞ്ഞു അമ്മയുടെ മൂത്ത നാത്തൂൻ.

ചുറ്റിനും മണ്ണെണ്ണ മണം പരക്കുന്ന ഒരു പച്ചപാതിരായ്ക്ക് ഞെട്ടി ഉണർന്നത് ആ തൊട്ടടുത്ത ദിവസങ്ങളിൽ ഒന്നിലായിരുന്നു. വല്യമ്മച്ചിയുടെ ഉച്ചത്തിലുള്ള നിലവിളിയും, പപ്പയുടെ ആക്രോശവും അമ്മയുടെ പതം പറച്ചിലും ഒക്കെ ആയി നേരം വെളുപ്പിച്ചപ്പോൾ, മുറ്റത്തുണ്ടായിരുന്നു അമ്മയുടെ സ്വന്തക്കാരും ഇടവക പള്ളിയിലെ വികാരി അച്ചനും. ഞങ്ങളുടെ പള്ളിയിലെ അച്ചനും കൂടി മധ്യസ്ഥം വഹിക്കാൻ എത്തിയതോടു കൂടി അമ്മയുടെ പ്രതിക്ഷേധങ്ങൾക്ക് പ്രതീക്ഷ കണ്ട് തുടങ്ങി. പപ്പയുടെ പ്രതിരോധങ്ങളുടെ ശക്തിയും കുറഞ്ഞു വന്നു.

അങ്ങിനെ നാല് വർഷം നീണ്ട കോൺട്രാക്ട് ഉള്ള ജോലിക്ക് പോകുവാൻ അമ്മയ്ക്ക് അനുവാദം കിട്ടി.

പിന്നീടെല്ലാം പെട്ടന്ന് ആയിരുന്നു. നാല് ചക്രമുള്ള തുകൽപെട്ടി ജോയിച്ചായിയുടെ വകയായിരുന്നു. അതിലേക്ക് രണ്ടു മൂന്നു ഓയിൽ സാരിയും, തൊട്ടയല്പക്കത്തെ അജിത ചേച്ചി ഓടിച്ചിട്ട്‌ തയ്ച്ചെടുത്ത നാലഞ്ചു ചുരിദാറുകളും, വല്യമ്മച്ചിയുടെ കൈപ്പുണ്യം നിറഞ്ഞ ഉണക്ക മാങ്ങ അച്ചാറും, നീര് വറ്റി ചാറു കുറുകിയ പച്ചചൂരമീൻ അച്ചാറും എല്ലാം വളരെ വേഗത്തിൽ സ്ഥലം ഉറപ്പിച്ചു.

അങ്ങിനെ ഒരു ക്രിസ്മസ്സ്‌ രാത്രിക്ക് ഏതാനും ദിവസങ്ങൾക്കു മുൻപ്, മനസ്സിൽ നിറയെ ഒരുപാട് സ്വപ്‌നങ്ങളുമായി അമ്മ വീട്ട് വിട്ടു. വീട്ടിൽ നിന്നും ഇറങ്ങുന്നതിനു മുന്നേ ഞങ്ങളെ വാരിയെടുത്തു ഉമ്മ വച്ചു, വല്യമ്മച്ചിയെ ചേർത്ത് പിടിച്ചു യാത്ര പറഞ്ഞു. അമ്മയുടെ ഉള്ളം കയ്യിലേയ്ക്ക് ഒരു കുഞ്ഞു കൈകൊന്ത തിരുകി വച്ചു കൊണ്ട് വല്യമ്മച്ചി കണ്ണുനീർ തുടച്ചു. വാശിയും ദേഷ്യവും പാടെ വഴി മാറിയ പപ്പയെ കെട്ടിപിടിച്ചു കരയുന്ന അമ്മയുടെ മുഖം ഇപ്പോളും എന്റെ മനസിലുണ്ട്.

കുറച്ചു കാലങ്ങൾക് ശേഷം പപ്പയുടെ പേരിൽ ചെറിയ മണി ഓർഡറുകൾ എത്തി തുടങ്ങി. എല്ലാ വെള്ളിയാഴ്ചയും വടക്കേലെ തോമാച്ചൻ ചേട്ടന്റെ വീട്ടിലെ ടെലിഫോൺ ശബ്‌ദിക്കുന്നത് ഞങ്ങൾക്ക് വേണ്ടി മാത്രമായി.

കാലം ചെറിയ സന്തോഷങ്ങൾക്കായി വഴി മാറിയെങ്കിലും, പോകെ പോകെ ഡിസംബറിലെ തണുത്ത പ്രഭാതത്തിലെ പുകമഞ്ഞു പോലെ സന്തോഷങ്ങളെല്ലാം ഓടി മറഞ്ഞു തുടങ്ങി. വീട്ടിലേയ്ക്കുള്ള ഫോൺ വിളികൾ കുറഞ്ഞു, മണിയോഡറുകൾ നിലച്ചു. വല്ലപ്പോഴും വീട്ടിൽ കേറി വന്നു എണ്ണപലഹാരം വച്ചു നീട്ടി ഞങ്ങളുടെ വളർച്ചയുടെ അളവുകൾ എടുത്തു പോകുന്ന അമ്മയുടെ കൂടെപിറപ്പുകൾ കൂടി വീട്ടിലേക്ക് എത്തി നോക്കാതെ ആയതോടു കൂടി അമ്മചൂടിന്റെ നൈർമല്യം ഞങ്ങളെയും വിട്ടു പോകാൻ തുടങ്ങിയിരുന്നു.

അമ്മയുടെ മൂത്ത ആങ്ങളയ്ക്ക് വാർക്ക വീടൊന്നു പൊങ്ങിയെന്നും. ഇളയ അനിയത്തിയെ പൊന്നിട്ട് മൂടി കെട്ടിച്ചെന്നുമൊക്കെ ആരുടെയോ മരണം കൂടാൻ ഞങ്ങളുടെ ഇടവകയിൽ വന്ന ഏതോ പരിചയക്കാരൻ പറഞ്ഞാണ് പപ്പ അറിഞ്ഞത്. അതോടു കൂടി പപ്പയുടെ ഷാപ്പിൽ പോക്കിന്റെ ഇടവേളകളുടെ ദൈർഘ്യം കുറഞ്ഞു വന്നു .

” നിങ്ങളുടെ സൂസന് അവടെ വീട്ടുകാര് വേറെ ബന്ധം നോക്കുന്നുണ്ടെന്നു കേട്ടല്ലോ മേരിചേടത്തിയേ.. ” എന്ന് കയ്യാല മാട്ടയിൽ ഇരുന്നു ചിന്നമ്മചേച്ചി വല്യമ്മച്ചിയോട് നാട്ടു വിശേഷം പറഞ്ഞതോടു കൂടി ഞങ്ങളുടെ കുടുംബത്തിന്റെ പതനം പൂർത്തിയായി. മൂകത മാത്രം തളം കെട്ടിയ വീട്ടിലേക്ക് അയല്പക്കക്കാരുടെ എത്തി നോക്കലുകൾ കൂടി വന്നു.

അന്നൊരു ഞായറാഴ്ച ഉച്ചകുർബാനയ്ക്ക് ശേഷം വേദപാഠക്ലാസും കഴിഞ്ഞു ജോഷ്വയേയും ഒരു കയ്യിൽ ചേർത്ത് പിടിച്ചു വീട്ടിലെ വഴിയിലേക്ക് തിരിയുന്ന നേരത്താണ് മുറ്റത്തു നിന്നും ആക്രോശവും അട്ടഹാസങ്ങളും ഉയർന്നു കേൾക്കുന്നത് . അവരുടെ ഇടയിൽ നിന്ന് ആടികുഴയുന്ന പപ്പയെ മനസിലാക്കാൻ എളുപ്പം സാധിച്ചെങ്കിലും നല്ല മിനുത്ത സിൽക്ക് സാരിയുടുത്ത സ്ത്രീ അമ്മയാണെന്നു തിരിച്ചറിഞ്ഞത് ഒന്ന് രണ്ടു നിമിഷങ്ങൾക്ക് ശേഷമാണ്. ആ തിരിച്ചറിവിൽ എന്റെ ദേഹമൊന്നു കുളിരു കോരിയതെനിക്ക് ഇന്നും ഓർമ്മയുണ്ട്. നെഞ്ചിലൊരു പിടച്ചിലുണ്ടായതും അതൊരു നിലവിളിയായി നാവിലൂടെ പുറത്തു വന്നതും ഒരു നിമിഷത്തേയ്ക്ക് അവിടുത്തെ കോലാഹലങ്ങളെയെല്ലാം നിശ്ചലമാക്കിയിരുന്നു .

“അമ്മേ എന്ന് ഞാൻ അലറുക തന്നെയായിരുന്നു. കൊടും ശൈത്യത്തി നൊടുവിൽ ചെറുചൂടുള്ള സൂര്യകിരണം ദേഹത്തു തട്ടിയ കുഞ്ഞികിളിയായി ഞാൻ മാറുകയായിരുന്നു. ജോഷ്വയുടെ കൈ വിട്ട് അമ്മയുടെ ദേഹത്തേയ്ക്ക് ഒട്ടി ചേർന്നു നിന്ന എന്നെ അമ്മ ചേർത്ത് പിടിക്കും എന്ന് ഞാൻ ആഗ്രഹിച്ചിരുന്നോ എന്ന് എനിക്ക് അറിയില്ല. ഉലയുന്ന തോണി തീരത്തടിഞ്ഞ പോലെയൊരു ഭാവമായിരുന്നു എന്നിൽ. ചേർന്നു നിന്ന എന്നേ അടർത്തി മാറ്റി സാകൂതം എന്നേ നോക്കുന്ന അമ്മയുടെ കണ്ണിൽ വാത്സല്യമല്ല കിനിയുന്നത്, മറിച്ചു എന്തൊക്കെയോ അളവ് കോലുകളുടെ സൂക്ഷ്മതയാണെന്നുള്ള തിരിച്ചറിവ് ആ പ്രായത്തിലെ എന്നിലെ മകൾക്ക് വല്ലാത്തൊരു ഞെട്ടലാണ് സമ്മാനിച്ചത്.

“എന്റെ മക്കളെ ഞാൻ കൊണ്ട് പോകുന്നു ..എന്ന് അമ്മ ഉറക്കെ വിളിച്ചലറിയത് എന്റെ കൈത്തണ്ടയിൽ വല്ലാതെ പിടിമുറുക്കികൊണ്ടായിരുന്നു .ആ വേദനയുടെ ഇടയിലാണ് ജോഷ്വായെ കെട്ടി പിടിച്ചു കരയുന്ന വല്യമ്മച്ചിയെ ഞാൻ കണ്ടത്. പുണ്യാളന്റെ രൂപകൂടിന് മുന്നിൽ ഉരുകി തീരുന്ന മെഴുതിരി പോലൊരു സ്ത്രീ രൂപം. ആ നെഞ്ചിലെ ചൂടെനിക്ക് നഷ്ടമാകുമെന്ന തിരിച്ചറിവിൽ അമ്മയുടെ കൈകുതറിച്ചു ഓടാൻ തുടങ്ങിയതേ, എണ്ണമയം നിറഞ്ഞ എന്റെ നീണ്ട മുടിയിൽ അമ്മ പിടിത്തം ഇട്ടിരുന്നു. വേദനയെടുത്തു അലറികരഞ്ഞ എന്നേ കണ്ടു, പപ്പയുടെ കൈത്തലം അമ്മയുടെ കവിളിൽ ആഞ്ഞു പതിച്ചതോടെ മുറ്റത്ത് കൂടി നിന്നവർ തമ്മിൽ തല്ലും അടിയുമായി.

പോലീസ് കേസ് ആയി, വനിതാകമ്മീഷനും, ശിശുക്ഷേമ പ്രവർത്തകരും ഇടപെട്ടു.കാലങ്ങളോളം കോടതി കേറി ഇറങ്ങി. ഒടുവിൽ പപ്പയ്ക്കു ഒപ്പം നിന്നാൽ മതിയെന്ന ഞങ്ങളുടെ ആഗ്രഹം കോടതി അംഗീകരിച്ചു. അന്നാ കോടതി മുറ്റത്ത് നിന്നും ഞങ്ങൾക്ക് നേരെ ശാപവാക്കുകൾ ചൊരിഞ്ഞു, കൂടപ്പിറപ്പുകൾക്ക് ഒപ്പം കാറിൽ കേറി പോകുന്ന അമ്മയുടെ മുഖമാണ് ഇന്നും മനസിലെ അവസാന കാഴ്ച.

മുറ്റത്തും പറമ്പിലും ചിക്കി പെറുക്കി നടക്കുന്ന തള്ളക്കോഴിയുടെ കാൽ വെട്ടത്തു നിന്നും മാറാതെ നടക്കുക കോഴികുഞ്ഞുങ്ങളോട് പോലും അസൂയ തോന്നിയ കാലം. ജോഷ്വായുടെ കുഞ്ഞേച്ചി വിളിയിൽ ഉത്തരവാദിത്തമുള്ള ചേച്ചിയോടൊപ്പം വാത്സല്യത്തിന്റെ മുലപ്പാൽ കൂടി എന്നിൽ കിനി ഞ്ഞിരുന്ന കാലം. വല്യമ്മച്ചിയുടെ പ്രാർത്ഥനങ്ങളുടെ താളം മാത്രമായിരുന്നു ജീവിതത്തിലെ ഏക ആശ്വാസം .

നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ എല്ലാം പഠിപ്പിച്ചത് ജീവിതത്തിൽ മുന്നേറുവാൻ മാത്രമായിരുന്നു. വാശിയോടെ പഠിച്ചു ബാങ്കിംഗ് മേഖലയിൽ നല്ലൊരു ജോലിയായി. ജോഷ്വായെ അവന്റെ ഇഷ്ടത്തിന് ഉന്നത വിദ്യാഭ്യാസത്തിനയച്ചു. ചെറിയ പണികൾക്ക് ഒക്കെ പോയിരുന്ന പപ്പയ്ക്ക് റിട്ടർമെന്റ് പ്രഖ്യാപിച്ചു വല്യമ്മച്ചിക്ക് കൂട്ടിരുത്തി.

നീണ്ട വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ഒരു മാസമായിട്ടാണ് അമ്മയുടെ പേരിലൊരു ഫോൺ കാൾ എന്നേ പിന്തുടരുന്നത്. അമ്മയുടെ ആങ്ങളയുടെ പുതിയ മരുമോൾ ആയിരുന്നു അത്. അവൾക് രണ്ട് അമ്മായിഅമ്മമാരെ വേണ്ട പോലും.

അതോടെ ഒന്ന് മനസിലായി അമ്മ വെറും കറിവേപ്പിലത്തുണ്ട് ആയിരിക്കുന്നു. അന്ന് മുതൽ ഇങ്ങോട്ട് ഫോൺ കോളു കളുടെ പ്രവാഹമാണ്. മരുമോളുടെ വീട്ടുകാർ, ജനപ്രതിനിധികൾ അവസാനമായി ഇന്ന് രാവിലെ ഇടവകയിൽ നിന്നും വികാരി അച്ചനും. പ്രായമായ മാതാപിതാക്കളെ തള്ളി പറയുന്നവർക്ക് സ്വർഗരാജ്യം അപ്രാപ്യം ആണ് പോലും.

ഒരുപാട് ചോദ്യങ്ങൾ അതിനുത്തരമായി അലറി ചോദിക്കണം എന്നുണ്ടായിരുന്നു പക്ഷേ, വർഷങ്ങൾക്ക് മുന്നേ കല്ലിച്ചു പോയ മനസിന്റെ തേങ്ങൽ പുറത്തു വന്നത് രണ്ടു തുള്ളികണ്ണീരായാണ്. മുടിഅപ്പാടെ പിഴുതു പോകുന്നൊരു നൊമ്പരം ഉള്ളിൽ സൂക്ഷിക്കുന്നൊരു ബാലികയ്ക്ക് അത്രയേ പറ്റുന്നുണ്ടായിരുന്നുള്ളു എന്നതാണ് സത്യം . അന്നത്തെ വേദനയുടെ ഓർമ്മയിൽ എനിക്ക് വീണ്ടും തല വേദനിച്ചു തുടങ്ങി .

എന്ത് വിഷമത്തിനും ഉത്തരം വേദപുസ്തകമാണെന്ന ഓർമ്മയിൽ കുഞ്ഞു മേശയിൽ കുരിശു രൂപത്തിന് മുന്നിലെ വചനപെട്ടി കയ്യിലെടുത്തു. ഒരു നിമിഷം എന്റെ സങ്കടങ്ങളെ ഓർത്തു കൊണ്ട് മഞ്ഞ നിറമുള്ള വചന കടലാസ് വലിച്ചെടുത്തു.

” മുല കുടിക്കുന്ന കുഞ്ഞിനെ അമ്മയ്‌ക്കു മറക്കാനാവുമോ? പുത്രനോടു പെറ്റമ്മകരുണ കാണിക്കാതിരിക്കുമോ? അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല. ഇതാ, നിന്നെ ഞാന്‍ എന്റെ ഉള്ളംകൈയില്‍ രേഖപ്പെടുത്തി യിരിക്കുന്നു. നിന്റെ മതിലുകള്‍ എപ്പോഴും എന്റെ മുന്‍പിലുണ്ട്‌.

ഏശയ്യാ 49 : 15 – 16.

ഒഴുകി ഇറങ്ങിയ കണ്ണുനീരത്രയും എന്റെ മുഖം നനച്ചു കൊണ്ടിരുന്നു. മാപ്പ് കൊടുക്കാൻ ഞാൻ തയ്യാറാവുന്നത് എനിക്ക് അത്ഭുതമുളവാക്കി കൊണ്ടിരുന്നു.

പിന്നീടെല്ലാം പെട്ടന്നായിരുന്നു. കുഞ്ഞേച്ചിടെ ഇഷ്ടം പോലെയെല്ലാം എന്ന് കുഞ്ഞനുജനും, എന്റെ മോളെ കർത്താവ് അനുഗ്രഹത്തേയുള്ളുഎന്ന് വല്യമ്മച്ചിയും പറഞ്ഞ ധൈര്യത്തിലാണ് പപ്പയെ ഫോൺ വിളിച്ചു കാര്യം പറഞ്ഞത്. അമ്മയെ ഞാൻ വീട്ടിലേക്ക് കൊണ്ട് വരുന്നു എന്ന വാർത്തയെക്കാൾ ഉപരി ഞാൻ അമ്മയെന്ന വാക്ക് ഉച്ചരിച്ചതിൽ ആയിരുന്നു പപ്പയ്ക്കു അത്ഭുതം.പപ്പയ്ക്കു എതിർപ്പൊന്നും ഇല്ല എന്നത് എനിക്ക് വലിയ ആശ്വാസം ആയിരുന്നു.

വെയിൽ താണ ഒരു വൈകുന്നേരമാണ് ഞാൻ ശ്യാമേച്ചിയോടൊപ്പം ആ ഇരുനില വീട്ടിൽ ചെന്ന് കയറിയത്. എന്റെ അമ്മയുടെ വിയർപ്പിൽ കെട്ടിപൊക്കിയ വീട്. അധികം ചോദ്യവും പറച്ചിലും ഒന്നും ഉണ്ടായില്ല .അടുക്കളയുടെ വർക്ക്‌ ഏരിയായുടെ ഓരത്ത് ഇട്ടിരുന്ന കയറു കട്ടിലിൽ കുഴമ്പു മണത്തിൽ പൊതിഞ്ഞു കിടന്ന സ്ത്രീരൂപം എന്റെ അമ്മയാണെന്ന് മനസിലാക്കാനോ, വിശ്വസിക്കാനോ എനിക്ക് പ്രയാസം ഉണ്ടായില്ല. പീളകെട്ടിയ കണ്ണിൽ ഇപ്പോഴും ഞാൻ വാത്സല്യത്തെ തിരയാൻ നിന്നില്ല. ആ കണ്ണുകളിൽ നിറഞ്ഞിരുന്നത് നിസ്സഹായ അവസ്ഥയാണെന്നെനിക്ക് നല്ലത് പോലെ അറിയാമായിരുന്നു. ആ ദേഹത്ത് നിന്നും ഉയരുന്ന ഉളുമ്പ്മണം വക വയ്ക്കാതെ എന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു അമ്മയേയും കൊണ്ട് ആ വീടിന്റെ പടി ഇറങ്ങുമ്പോൾ വലിയൊരു ബാധ്യത ഒഴിഞ്ഞു പോകുന്ന ഭാവമാണ് അവിടെ ഉണ്ടായിരുന്ന എല്ലാ മുഖങ്ങളിലും. പക്ഷേ … വർഷങ്ങൾക്ക് ശേഷം ഞാനൊരു മകളും അതേ സമയം പക്വത വന്നൊരു അമ്മയും ആകുന്ന വല്ലാത്ത ഒരു അനുഭൂതിയിലായിരുന്നു ഞാനപ്പോൾ. ഒരിക്കലും വിട്ടു പോകില്ല എന്നുറപ്പോടെ അമ്മയുടെ കയ്യിലേയ്ക്ക് എന്റെ കൈ ചേർത്ത് വയ്ക്കുമ്പോൾ വല്യമ്മച്ചി നിരന്തരം പറയുന്ന മാലാഖമാരുടെ സാന്നിധ്യം ഉണ്ടായിരുന്നു ഞങ്ങൾക്ക് ചുറ്റിലും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *