ഹേയ് നിങ്ങൾ എന്താണിത് ചെയ്യുന്നത്… ഇതൊക്കെ ചെയ്യാൻ ഇവിടെ സ്റ്റാഫ് ഉണ്ട്…ജാബിർ പെട്ടന്ന് തന്നെ ടേബിൾ ക്‌ളീൻ ചെയ്യുന്നവനെ വിളിച്ചു ആ പേപ്പർ വാങ്ങി അവന്റെ…….

എഴുത്ത്:- നൗഫു ചാലിയം

“ഉച്ചക്ക് ഭക്ഷണം കഴിക്കുവാനായി നല്ലൊരു ഹോട്ടലിൽ കയറി ഓർഡർ ചെയ്തു കാത്തിരിക്കുമ്പോൾ ആയിരുന്നു ആ രണ്ടു പേരെ ഞാൻ ആദ്യമായി കാണുന്നത്…”

“നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന രണ്ടു മലയാളികൾ… അതികം ആരെയും ആ ഫീൽഡിൽ ഞാൻ ഇവിടെ കണ്ടിട്ടില്ല.. പാകിസ്ഥാനികളോ മിസ്രികളോ എമനികളോ ആയിരിക്കും കൂടുതൽ…”

“സമയം ഉച്ച കഴിഞ്ഞ് മൂന്നു മണിയോട് അടുത്തത് കൊണ്ട് തന്നെ ഉച്ച ചോറ് കഴിഞ്ഞിട്ടുണ്ടാകുമോ എന്ന വേവലാതി അവർ അങ്ങോട്ട്‌ ഓടി അടുക്കുമ്പോൾ തന്നെ മുഖത്തു കാണാമായിരുന്നു…”

“ഹോട്ടലിന് മുന്നിൽ എത്തിയതും അതിനുള്ളിലേക്ക് നോക്കിയ അവർ കയറണോ വേണ്ടയോ എന്നാലോചിച്ചെന്ന വണ്ണം ഒരു മിനിറ്റ് അതിനുള്ളിലെക് തന്നെ നോക്കി നിൽക്കുന്നത് കണ്ണാടിയുടെ അപ്പുറത്തെന്ന പോലെ ഞാൻ വ്യക്തമായി തന്നെ കണ്ടു..”

“ഈ നഗരത്തിലെ തന്നെ മുന്തിയ ഹോട്ടൽ ആയിരുന്നു അത്… ഫങ്ക്ഷനും മറ്റു കലാപരിപാടികളും നടക്കുന്ന അത്യാവശ്യം പേരു കേട്ട ഹോട്ടൽ…

അവിടെ കയറുന്നതും അതിനെത്ത സാമ്പത്തിക സ്ഥിതിയിൽ ഉള്ളവരും..

സ്പെഷ്യലി ആ ഹോട്ടലിന് ചുറ്റിലുമായുള്ള ഓഫീസുകളിൽ വർക്ക്‌ ചെയ്യുന്ന മലയാളികളും അറബികളും മറ്റു ദേശക്കാരുമായിരുന്നു അവിടുത്തെ സ്ഥിരം കസ്റ്റമെയ്സ് “

“പുറത്ത് നിൽക്കുന്നവർ ആണെങ്കിൽ ഉടുത്തിരുന്ന വസ്ത്രം പോലും നനഞ്ഞു കുതിര്ന്നത് പോലെ ചെളിയും പൊടിയും നിറഞ്ഞു വിയർപ്പ് ഒലിച്ചിറങ്ങുന്നവരും…”

“അവർ ഒരു നിമിഷം ആലോചിച്ചു ആ കടയിലേക്ക് കയറണമോ വേണ്ടയോ എന്ന് ഓർത്തതാവാം…

പെട്ടന്ന് തന്നെ തിരിഞ്ഞു നടക്കുവാനായി തുടങ്ങിയ അവർ ചുറ്റു ഭാഗത്തും മറ്റൊരു ഹോട്ടലും ഇല്ലന്നുള്ള തോന്നലിൽ ആയിരിക്കാം വീണ്ടും ഈ ഹോട്ടലിലേക് തന്നെ തിരിഞ്ഞു അതിനുള്ളിലേക്ക് കയറി…”

“അല്ലെങ്കിൽ തന്നെ പുട്ടിനു തേങ്ങ എന്ന പോലെ ഏത് റോട്ടിലും ഉണ്ടാവാറുള്ള അഫ്കാനികളുടെയും പാകിസ്ഥാനികളുടെയും ഹോട്ടലുകൾ അവിടെ അടുത്തൊന്നും ഇല്ല തന്നെ…

ആ സമയം ഉണ്ടല്ലോ…. അഞ്ചാറേണ്ണം ഒരുമിച്ചു തുറക്കാമെന്ന് കരുതിയിട്ടുണ്ടാവും പഹയന്മാർ

അതെങ്ങനെയാണ്…”

“ഓ സോറി കഥ പറയുന്ന ഞാൻ ആരാണെന്ന് പറയാൻ മറന്നു പോയതാണ് ട്ടോ…

എന്റെ പേര് അജാസ്.. അടുപ്പക്കാർ അജു എന്നും വിളിക്കും…

ഇതെന്റെ കഥയല്ലേ… ഞാൻ കണ്ടൊരു കഥയാണ്…ഒരു കഥയായി പറഞ്ഞു കൊടുക്കാനൊന്നും അറിയാത്തത് കൊണ്ട് തന്നെ ഞാൻ കണ്ടത് ഈ പഹയൻ എങ്ങനെയാ എഴുതി ഉണ്ടാക്കുക എന്നൊന്നും എനിക്കറിയില്ല…

കാരണം ഇതിലെ കഥാപാത്രങ്ങൾ പല രൂപത്തിൽ പല കോലത്തിൽ നിങ്ങളുടെ മുന്നിലെല്ലാം പ്രത്യക്ഷ പെടാറുള്ളവർ തന്നെയാണ്…”

“ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി വന്നവർ എല്ലാം ഏതോ അന്യഗൃഹ ജീവികളെ പോലെ അവരെ തന്നെ നോക്കി നിൽക്കുകയാണ്…”

“ആരാടാ ഇവർ എന്ന പോലെ…

ഇത്രയും പേരുകേട്ട ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കാനൊക്കെയുള്ള പണം ഇവരുടെ കയ്യിൽ ഉണ്ടോ എന്നായിരിക്കാം അവരുടെ എല്ലാം ഉള്ളിൽ…”

“അവിടെ വന്നവർ എല്ലാം നേരത്തെ പറഞ്ഞത് പോലെ ഓഫീസിൽ വർക് ചെയ്യുന്നവർ ആണല്ലോ അവരുടെ വേഷവും അതിനനുസരിച്ചു ഉള്ളതായിരുന്നു…”

“അവർ രണ്ടു പേരും പെട്ടന്ന് തന്നെ വാഷ് ബേസിലേക് പോയി മുഖവും കയ്യും കഴുകി ഹോട്ടലിന്റെ മൂലയിലായുള്ള ഇരുപ്പിടത്തിലേക്ക് നടന്നു…”

“അവരെ കണ്ടപ്പോൾ തന്നെ അവിടെ സെർവ് ചെയ്യുവാനായി നിൽക്കുന്നവന്റെ മുഖമൊന്ന് മങ്ങിയിരുന്നു…”

“എന്താണ് വേണ്ടത്…?”

“ഞങ്ങളോടെല്ലാം വളരെ മൃദുലമായി സംസാരിക്കുന്നവൻ അവരോട് മുഷിച്ചിൽ വാക്കുകളിൽ നിറച്ചു കൊണ്ട് ചോദിച്ചു..

ടിപ്പ് ഒന്നും കിട്ടില്ലെന്ന്‌ അറിഞ്ഞിട്ടാവും അവന്റെ ശബ്ദത്തിന്റെ മാറ്റം…”

“അവർ രണ്ടു പ്ളേറ്റ് ബിരിയാണി ഓർഡർ ചെയ്തു മറ്റാരെയും നോക്കാതെ ഇരിക്കുവാനായി തുടങ്ങി…

അവരുടെ ഭക്ഷണം വന്നപ്പോൾ വളരെ പെട്ടന്ന് തന്നെ അവിടെ നിന്നും രക്ഷ പെടാൻ എന്ന വണ്ണം വളരെ വേഗത്തിൽ ഭക്ഷണം കഴിക്കുവാനായി തുടങ്ങി…

നല്ല തിരക്കുള്ള സമയം ആയത് കൊണ്ട് തന്നെ ഭക്ഷണം കഴിക്കാനായി വരുന്നവരെല്ലാം ഓരോ സീറ്റിന് അടുത്തായി തങ്ങളുടെ ഊയം കാത്തെന്ന പോലെ നിൽക്കുന്നുമുണ്ട്..

അവരുടെ സീറ്റിന് അടുത്തും രണ്ടാളുകൾ വന്നു നിൽക്കുന്നുണ്ടായിരുന്നു…

കുറച്ചു വിട്ടെന്ന പോലെ… അവർ അവരെ നോക്കി എന്തൊക്കെയോ കുശു കുശുകുന്നുമുണ്ടായിരുന്നു “

“ഭക്ഷണം കഴിച്ചു കഴിഞ്ഞു അവർ രണ്ടു പേരും സീറ്റിൽ നിന്നും എഴുന്നേറ്റ് നടക്കുന്ന സമയത്തായിരുന്നു അവരുടെ അടുത്ത് നിന്നവരിൽ ഒരാൾ കുറച്ചു ഉറക്കെ അവർ കേൾക്കാൻ പാകത്തിൽ പറഞ്ഞത്…

“ഈ വൃത്തികെട്ട ആളുകളെ എല്ലാം എന്തിനാണ് ഈ ഹോട്ടലിൽ കയറ്റുന്നത്?

കണ്ടോ ഇരുന്ന സീറ്റ് മുഴുവൻ വെള്ളം നനഞ്ഞിരിക്കുന്നു.. ഇനി ഞങ്ങൾ എങ്ങനെ ഇവിടെ ഇരിക്കും……”

അവർ പക്ഷെ അതൊന്നും ശ്രെദ്ധിക്കാതെ മുന്നോട്ട് നടക്കുന്നതിന് ഇടയിലാണ് അവർ വീണ്ടും പറഞ്ഞത്…

“ഇനി ഈ ചെയറിൽ കിടക്കുന്ന ചെളി വെള്ളം മുഴുവൻ ആര് തുടക്കാനാണ്…

ഓരോ കച്ചറകൾ കയറിക്കോളും…”

“അവരുടെ വസ്ത്രത്തിൽ നിന്നുള്ള വിയർപ്പ് പൊടിഞ്ഞ വെള്ളം മുഴുവൻ സ്പോന്ജ് കൊണ്ട് പതു പതുത്ത ഇരിപ്പിടം മുഴുവൻ വെള്ളത്തിൽ കുതിർന്നിരുന്നു…

കൈ കഴുക്കാനായി വാഷ് ബേസിന് അരികിലേക് നടന്നു കൊണ്ടിരുന്നവർ പെട്ടന്ന് തന്നെ നിന്നു… അതിൽ പ്രായം കൂടിയ ആൾ വാഷ് ബേസിന് പുറത്ത് കൈ തുടക്കാൻ വെച്ചിരുന്ന പേപ്പറിൽ നിന്നും കുറച്ചെടുത്തു തിരിഞ്ഞു നടക്കുവാൻ നേരമായിരുന്നു കൂടേ ഉണ്ടായിരുന്ന ചെറുപ്പക്കാരൻ അയാളെ തടഞ്ഞു എന്തോ പറഞ്ഞു…”

അയാൾ അത് കേട്ട് കയ്യിൽ ഉണ്ടായിരുന്ന പേപ്പർ അവനെ ഏൽപ്പിച്ചു വാഷ് ബേസിലേക്ക് നടന്നു ചെറുപ്പക്കാരൻ നേരത്തെ ഇരുന്ന ഇരുപ്പിടത്തിലേക്കും…

“അവന്റെ മുഖം വിളറി വെളുത്തിരുന്നു…

അപമാനിക്കപെട്ടവന്റെ ആത്മ രോഷം ഒന്നും ആ മുഖത് ഇല്ലായിരുന്നു…

സിദ്ധീഖ് ഒരു സിനിമയിൽ പറഞ്ഞത് പോലെ അപമാനിക്ക പെടുന്നതാണ് ജീവിതത്തിൽ ഉയരുവാനുള്ള ആദ്യ ചവിട്ടു പാടിയെന്നെല്ലാം വെറുതെ പറയുന്നതാണ്.. ആ സമയത്തെ മാനസിക സംഘർഷം അത്രമേൽ വലുതായിരിക്കും…

അവന്റെ കണ്ണുകളിൽ ഇത്തിരി കണ്ണുനീർ പൊടിഞ്ഞു തുടങ്ങിയിരുന്നു…”

അവൻ അവർ ഇരുന്ന ഇരിപ്പിടം തുടക്കുവാനായി തുടങ്ങുന്ന സമയത്തായിരുന്നു കൗണ്ടറിൽ ഇരിക്കുന്ന ജാബിർ അങ്ങോട്ട്‌ വന്നു പറഞ്ഞത്..

“ഹേയ് നിങ്ങൾ എന്താണിത് ചെയ്യുന്നത്… ഇതൊക്കെ ചെയ്യാൻ ഇവിടെ സ്റ്റാഫ് ഉണ്ട്… “

ജാബിർ പെട്ടന്ന് തന്നെ ടേബിൾ ക്‌ളീൻ ചെയ്യുന്നവനെ വിളിച്ചു ആ പേപ്പർ വാങ്ങി അവന്റെ കയ്യിൽ കൊടുത്തു അവനോട് കൈ കഴുകി വരുവാനായി പറഞ്ഞു…

അപ്പോഴാണ് നേരത്തെ സംസാരിച്ചവൻ വീണ്ടും സംസാരിക്കാൻ തുടങ്ങിയത്..

“എന്റെ ജാബിറെ..

ഇവറ്റെ ളെ ഇവിടെ കയറ്റാതെ നോക്കണ്ട ഉത്തരവാദിത്തം നിനക്കല്ലേ..

കണ്ടോ നീ രണ്ടു പേരുടെയും ചേല്…

വിയർപ്പും നിറഞ്ഞു വൃത്തിയും ഇല്ലാതെ…

ഇവിടെ ഭക്ഷണം കഴിക്കാൻ വരുന്നവർ കുറച്ചു സമാധാനം കിട്ടുമല്ലേ എന്നോർത്ത് കയറുന്നതാണ്…”

ജാബിർ അതിന് മറുപടി ഒന്നും കൊടുക്കാതെ അവിടെ നിന്നും കൌണ്ടറിലേക് നടക്കുന്നതിന് ഇടയിലാണ് അയാൾ വീണ്ടും സംസാരിക്കാൻ തുടങ്ങിയത്…

” ഞാനിത് നിന്റെ മുതലാളിയോട് കമ്ബ്ലൈൻറ്റ് ചെയ്യും നോക്കിക്കൊ.. “

അയാൾ അവരെ നോക്കി ദേശ്യത്തോടെ പറഞ്ഞത് കേട്ടു ജാബിർ അയാളുടെ നേരെ തിരിഞ്ഞു…

“താൻ ഒരു പുകിലും ഉണ്ടാകൂല…

താൻ എന്താ പറഞ്ഞെ ഇവരേ പോലെ ഉള്ളവരെ ഇതിനുള്ളിൽ കയറ്റാരുതെന്നെ…

അതെന്താ ഈ ഹോട്ടലിൽ അങ്ങനെ വല്ലതും എഴുതി വെച്ചിട്ടുണ്ടോ…

ഇന്ന ഇന്ന പ്രഫഷനിൽ വർക്ക്‌ ചെയ്യുന്നവർ മാത്രമേ ഇവിടെ കയറാൻ പറ്റുള്ളൂ എന്നത്..

താനൊക്കെ ആ ഓഫിസിൽ വർക്ക്‌ ചെയ്യുന്നതിന് കിട്ടുന്ന ശമ്പളത്തിന്റെ ഇരട്ടിയിൽ അതികം ഇവരൊക്കെ ഉണ്ടാക്കുന്നുണ്ടാവുമെടോ…

ഇനി അത് മാത്രമല്ല താനും ഞാനും ഇതിനുള്ളിലേക് കയറുന്നതിനു മുമ്പ് ഇതിനുള്ളിൽ പണി എടുത്തു പോയവർ ആണെടോ ഇവർ.. ഈ ചുമരിലെ ഓരോ കല്ലിനും ഇവരെ പോലുള്ളവരുടെ കഷ്ടപാടിന്റെ കഥകൾ പറയാനുണ്ടാവും…

പിന്നെ താൻ ഇവിടെ കുറച്ചു കാലം മുമ്പ് എങ്ങനെ ആയിരുന്നേന്ന് ഞാൻ പറഞ്ഞു തരണ്ടല്ലോ… അതിവിടെ ഇരിക്കുന്ന ഭൂരിപക്ഷം പേർക്കും അറിയാം…

താൻ എങ്ങനെയാ ആ ഓഫീസിൽ കയറി പറ്റിയതെന്നും എനിക്കറിയാം….

ഇനി പറിയിപ്പിച്ചേ അടങ്ങൂ എന്നാണേൽ ഞാൻ പറയാം ബാക്കി ഉള്ളവർ കൂടേ അറിയട്ടെ എന്തെ…”

ജാബിർ അയാളെ ഒന്നു നോക്കി..വീണ്ടും തുടർന്നു..

“ഈ ഹോട്ടലിൽ ആര് കയറണമെന്ന് ഇതിൽ കയറുന്നവർ തീരുമാനിച്ചോളും… ഇനി ആര് കയറിയാലും ഭക്ഷണത്തിനു വേണ്ടി ആണേൽ എന്നും ഈ വാതിൽ തുറന്നിടും.. തനിക് വേണേൽ കഴിച്ചിട്ട് എഴുന്നേറ്റ് പോടോ..

സാറ് വാ സാറെ…”

ജാബിർ ആ ചെറുപ്പക്കാരനെയും കൂട്ടി അവിടെ നിന്നും നടന്നു…

ബൈ

…😍

Related Posts

Leave a Reply

Your email address will not be published. Required fields are marked *