അങ്ങനെ പ്രശാന്തേട്ടനൊപ്പം ലീന എൻ്റെ വീട്ടിലേക്കും ശ്രീയേട്ടനൊപ്പം ഞാൻ അദ്ദേഹത്തിൻ്റെ വീട്ടിലേക്കും യാത്രയായി…

രാഹുകാലം

Story written by Saji Thaiparambu

മാറ്റ കല്യാണത്തിലൂടെയായിരുന്നു ഞാനും ശ്രീയേട്ടനും ഒന്നായത്

ശ്രീയേട്ടൻ്റെ സഹോദരി ലീനയെ എൻ്റെ സഹോദരന് വേണ്ടി വിവാഹമാലോചിച്ച സമയത്താണ് ശ്രീയേട്ടൻ എന്നെ കണ്ട് മുട്ടിയത്

അങ്ങനെ ശ്രീയേട്ടൻ്റെ ആവശ്യപ്രകാരമാണ് രണ്ട് കല്യാണവും കൂടി ,ഒരേ മുഹൂർത്തത്തിൽ ഒറ്റ പന്തലിൽ വച്ച് നടത്താമെന്ന് ഞങ്ങളുടെ വീട്ടുകാർ തമ്മിൽ തീരുമാനമെടുത്തത്

കൃഷ്ണൻ്റെ അമ്പലത്തിൽ വച്ച് കെട്ട് കഴിഞ്ഞ് തൊട്ടടുത്ത ഓഡിറ്റോറിയത്തിലെത്തി സദ്യയും കഴിച്ച് കഴിഞ്ഞപ്പോൾ, രാഹുകാലത്തിന് മുൻപ് വീട്ടിൽ ചെന്ന് കയറണമെന്ന് അമ്മാവൻ വന്ന് പറഞ്ഞു

അങ്ങനെ പ്രശാന്തേട്ടനൊപ്പം ലീന എൻ്റെ വീട്ടിലേക്കും ശ്രീയേട്ടനൊപ്പം ഞാൻ അദ്ദേഹത്തിൻ്റെ വീട്ടിലേക്കും യാത്രയായി

വീട്ടിലേക്ക് പോകുന്ന വഴിയിൽ ബൈപ്പാസ് പാലത്തിൻ്റെ ഒത്ത നടുക്ക് വച്ച് തൊട്ട് മുമ്പേ പോയ പാണ്ടി ലോറിയുടെ ടയറ് വെടി തീർന്ന് റോഡ് ബ്ലോക്കായി

വണ്ടി തിരിച്ച് വിട്, നമുക്ക് ഷോർട്ട് കട്ട് വഴിയിലൂടെ പോകാം ഇല്ലെങ്കിൽ വീട്ടിലെത്തുമ്പോൾ രാഹുകാലമാകും

മുൻവശത്ത് ഇടത് സീറ്റിലിരുന്ന ശ്രീയേട്ടൻ്റെ അമ്മാവൻ ഡ്രൈവ റോട് ധൃതിവച്ചു.

പക്ഷേ ഞങ്ങളുടെ കാറിൻ്റെ പുറകിൽ അപ്പോഴേക്കും നിരനിരയായി മറ്റ് വണ്ടികൾ വന്ന് നിരന്ന് കഴിഞ്ഞിരുന്നു

ഞങ്ങൾക്ക് മുൻപോട്ടും പുറകോട്ടും പോകാൻ വയ്യാത്ത അവസ്ഥ

നഗരത്തിലെ പ്രധാന ബൈപാസ്സിൽ ഗതാഗതം നിലച്ചതറിഞ്ഞ് ഹൈവേ പോലീസ് സൈറൺ മുഴക്കി പാഞ്ഞ് വന്നു

പാണ്ടി ലോറിയുടെ ഡ്രൈവറെ തെറിയും പറഞ്ഞ് ,എത്രയും വേഗം സ്റ്റെപ്പിനി മാറ്റിയിട്ട് വണ്ടി എടുത്ത് മാറ്റാൻ പോലീസ് ഏമാൻ ആക്രോശിച്ചു.

പിന്നെ എല്ലാം തകൃതിയിലായിരുന്നു. എന്നിട്ടും ,ആ പാലത്തിൽ നിന്നും താഴേയ്ക്കിറങ്ങാൻ ഒരു മണിക്കൂർ സമയമെടുത്തു.

കത്തിച്ച് വിട്ടോ, ഇനി പതിനഞ്ച് മിനുട്ട് കൂടിയേ ഉള്ളു, വേഗം.. വേഗം…

അമ്മാവൻ മുന്നിലിരുന്നു ബഹളം വച്ചു

സതീശേട്ടൻ പറയുന്നത് പോലെ കത്തിച്ച് വിടാൻ ഇത് റോക്കറ്റാന്നുമല്ല ,മുന്നിലുള്ള വണ്ടികളൊക്കെ ഒന്ന് ഒതുക്കി തന്നാലേ നമ്മുടെ വണ്ടി മുന്നോട്ടെടുക്കാൻ പറ്റൂ

ഡ്രൈവർ നീരസത്തോടെ പറഞ്ഞു

എങ്കിൽ നീ ലൈറ്റിട്ട് ഹോണടിച്ച് കേറിപ്പോടാ ,സമയം വൈകുന്തോറും കുട്ടികൾക്ക് വീട്ടിൽ കയറാൻ പറ്റില്ല ,ഇന്ന് രാഹുകാലത്തിന് മുമ്പ് കയറാൻ പറ്റിയില്ലെങ്കിൽ പിന്നെ നാളെ ഉദയം കഴിഞ്ഞേ നല്ല സമയമുള്ളു പറഞ്ഞില്ലെന്ന് വേണ്ട

അമ്മാവൻ രോഷാകുലനായി പറഞ്ഞു

സനോജേ.. നീ വിചാരിച്ചാലേ ഞങ്ങൾക്കിന്ന് ആദ്യരാത്രി സ്വന്തം വീട്ടിൽ ആഘോഷിക്കാൻ പറ്റൂ ഇല്ലെങ്കിൽ ഏതെങ്കിലും ലോഡ്ജിൽ പോയി നേരം വെളുപ്പിക്കേണ്ടി വരും

ശ്രീയേട്ടൻ അമ്മാവൻ കേൾക്കാതെ ഡ്രൈവറുടെ ചെവിയിൽ പറഞ്ഞു

കേൾക്കേണ്ട താമസം, സനോജ് രണ്ട് ഹെഡ് ലൈറ്റും തെളിച്ച്, തുരുതുരാ ഹോണുമടിച്ച് കാറ് മുന്നോട്ടെടുത്തു.

സനോജിനെ സപ്പോർട്ട് ചെയ്യാനായി അമ്മാവൻ തോളിൽ കിടന്ന തോർത്തെടുത്ത് ഇടത് വശത്തെ ഗ്ളാസ്സ് താഴ്ത്തി കൈ പുറത്തേയ്ക്കിട്ട് തോർത്ത് വീശി വഴിയൊരുക്കി കൊടുത്തു

പക്ഷേ, സിഗ്നൽ ജംഗ്ഷനിലെത്തിയപ്പോൾ പെട്ടെന്ന് റെഡ് ലൈറ്റ് വീണത് കണ്ട് മുന്നിലെ വണ്ടി സഡൻ ബ്രേക്കിട്ടതും, ഞങ്ങളുടെ കാറ് സനോജ് പെട്ടെന്ന് വലത്തേയ്ക്ക് വെട്ടിത്തിരിച്ചു

ബ്രേക്ക് ചവിട്ടിയെങ്കിലും വന്ന സ്പീഡിൽ ഞരങ്ങി നീങ്ങിയ ഞങ്ങളുടെ കാറ് അടുത്ത് നിന്ന ട്രാഫിക് ഐലൻ്റിൽ ചെന്നിടിച്ചു.

വീണ്ടും ബ്ളോക്കായി ,അപ്പോഴും സനോജ് ഹോണിൽ നിന്ന് കൈയ്യെടുക്കാതെ അമർത്തിപ്പിടിച്ച് തന്നെയിയിരിക്കുകയായിരുന്നു.

മെഡിക്കൽ കോളേജിലേക്കുള്ള കാറാണെന്ന് കരുതി, ട്രാഫിക് ഡ്യൂട്ടിയിലുള്ള രണ്ട് പോലീസുകാർ ഞങ്ങളുടെ കാറിനടുത്തേയ്ക്ക് ഓടി വന്നു.

കാറിൻ്റെ മുകളിലെ അലങ്കാര പണികളൊക്കെ കണ്ടപ്പോൾ പോലീസുകാർ സംശയത്തോടെ അകത്തേയ്ക്ക് നോക്കി.

എൻ്റെ കൈവിരലുകളിൽ കൊരുത്ത് പിടിച്ചിരുന്ന ശ്രീയേട്ടൻ്റെ കൈയ്യിൽ നിന്ന് നാണത്തോടെ ഞാൻ പെട്ടെന്ന് പിടിവിടുവിച്ചു.

ആർക്കാടോ ഇതിനകത്ത് നെഞ്ച് വേദന വന്നത് ,ആരെ കാണിക്കാനാ മെഡിക്കൽ കോളേജിലേക്ക് പോകുന്നത്

കാറിനകത്ത് എല്ലാവരും നോർമലായിരിക്കുന്നത് കണ്ട് പോലീസുകാർ സംശയത്തോടെ ചോദിച്ചു.

അയ്യോ സാർ ,ഞങ്ങൾ മെഡിക്കൽ കോളേജിലേക്കല്ല, ഇതെൻ്റെ മരുമകനും ഭാര്യയുമാണ് ,ഇവരുടെ കല്യാണം കഴിഞ്ഞ് സ്വന്തം വീട്ടിലേക്കാണ് പോകുന്നത് ,രാഹുകാലത്തിന് മുമ്പ് അവിടെ ചെന്ന് കയറാൻ വേണ്ടിയാ ഞങ്ങള് ഇത്ര ധൃതിവച്ചത് ,സാറ് നോക്കി നില്ക്കാതെ വേഗം ഞങ്ങളെയൊന്ന് കടത്തിവിട്ട് താ ,അല്ലെങ്കിൽ അവിടെ ചെല്ലുമ്പോൾ രാഹുകാലം തുടങ്ങും

അമ്മാവൻ ഗൗരവത്തിൽ പോലീസുകാരോട് പറഞ്ഞു.

അത് ശരി ,അനാവശ്യമായി ലൈറ്റിട്ട് ഹോണടിച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കി, ട്രാഫിക് ഐലൻറും ഇടിച്ച് പൊളിച്ചതും പോരാഞ്ഞിട്ട് ,ഇനി തൻ്റെ മരുമകനും ഭാര്യക്കും രാഹുകാലത്തിന് മുമ്പ് വീട്ടിലെത്താൻ ട്രാഫിക് പോലീസുകാര് പരവതാനി വിരിച്ച് തരണം അല്ലേടാ.. റാസ്ക്കൽ,
എടോ പി സി ..താൻ കൂടി ഈ വണ്ടിയിൽ കയറ്, എന്നിട്ട് നേരേ പോലീസ് സ്‌റ്റേഷനിലോട്ട് കൊണ്ട് പൊയ്ക്കോ , ഇവരുടെ ആദ്യരാത്രി ഇന്ന് അവിടെ ആഘോഷിക്കട്ടെ

ശ്രീയേട്ടനും അമ്മാവനും പറഞ്ഞ എക്സ്ക്യൂസുകളൊന്നും ചെവിക്കൊള്ളാതെ ഞങ്ങളെയും കൊണ്ട് ആ പോലീസുകാരൻ നേരെ പോലീസ് സ്‌റ്റേഷനിലേക്ക് പോയി.

അവിടെ ചെന്ന ഉടനെ ഒരു സഹായത്തിനായി ശ്രീയേട്ടൻ പ്രശാന്തേട്ടനെ ഫോൺ ചെയ്തു.

എൻ്റെ പൊന്നളിയാ… ഞാനങ്ങോട്ട് വിളിക്കാനിരിക്കുവായിരുന്നു, എൻ്റെ കാറിലുമുണ്ടായിരുന്നു ഒരമ്മാവൻ ,വീട്ടിലേക്ക് പോകുന്ന വഴിയിലുള്ള റെയിൽവേ ഗേറ്റ് ഞങ്ങൾ ചെന്നപ്പോൾ അടച്ചിട്ടിരിക്കുകയായിരുന്നു, അമ്മാവൻ ഗേറ്റ് കീപ്പറോട് രാഹുകാലത്തിന് മുമ്പ് വീട്ടിൽ കയറണമെന്നും അത് കൊണ്ട് ഞങ്ങളുടെ കാറ് കടന്ന് പോകാൻ മാത്രമായി ഗേറ്റ് തുറന്ന് തരണമെന്നും അയാളോടാവശ്യപ്പെട്ടു ,പക്ഷേ ഗേറ്റ് കീപ്പർ അത് മൈൻഡ് ചെയ്യാതിരുന്നപ്പോൾ അമ്മാവൻ രോഷാകുലനായി ചെന്ന് ഗേറ്റ് ബലമായി തുറക്കാൻ ശ്രമിച്ചപ്പോൾ അയാൾ റയിൽവേ പോലീസിനെ വിളിച്ചു ,ഞങ്ങളിപ്പോൾ അവരുടെ കസ്റ്റഡിയിലാ ,റെയിൽവേയുടെ കേസുകളൊക്കെ തീർപ്പാക്കുന്നത് ഡെൽഹിയിൽ വച്ചാണെന്നാണ് ഇവരിപ്പോൾ പറയുന്നത് അങ്ങനെയെങ്കിൽ ഞങ്ങളെ കാണാൻ നിങ്ങളൊക്കെ ഇനി ഡൽഹിക്ക് വരേണ്ടി വരുമളിയാ …

ഉരല് വന്ന് മദ്ദളത്തോട് പരാതി പറഞ്ഞ അവസ്ഥയിലിരിക്കുന്ന ശ്രീയേട്ടനെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കുമെന്നറിയാതെ ഞാൻ നിസ്സഹായയായിരുന്നു .

എല്ലാവരും ഇങ്ങോട്ടിറങ്ങി വാ..

കാറിൽ നിന്ന് ആദ്യമിറങ്ങിയ പോലീസുകാരൻ ഞങ്ങളോട് ആജ്ഞാപിച്ചു .

സാർ, ഇപ്പോൾ രാഹുകാലമാ, അതൊന്ന് കഴിഞ്ഞോട്ടെ ,എന്നിട്ട് ഞങ്ങള് വരാം

അമ്മാവൻ താഴ്മയോടെ പറഞ്ഞു.

പ്ഫാ..*****'”:

പിന്നെ ആ പോലീസുകാരൻ പറഞ്ഞത് മുഴുവൻ കേൾക്കാൻ നില്ക്കാതെ, ഞങ്ങളെല്ലാവരും കാറിൽ നിന്ന് ചാടിയിറങ്ങി സ്റ്റേഷനിലേക്ക് വേഗംചെന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *