അച്ഛന്റെ വാക്ക് മാനിച്ച് മാത്രം ധൃതിയിൽ നടക്കുകയായിരുന്നു നിത്യ. മുന്നിൽനിന്ന് തൊഴുത് പ്രദക്ഷിണം വെക്കാൻ സമയമില്ലാതെ മടങ്ങുമ്പോൾ…….

പുഷ്പാഞ്ജലി

എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി.

ശാരദഅമ്മൂമ്മയ്ക്ക് വയസ്സ് എൺപതായി. പക്ഷേ എഴുന്നേൽക്കാനും നടക്കാനും ഒന്നും ഒരു ബുദ്ധിമുട്ടുമില്ല. അതുകൊണ്ടുതന്നെ ദിവസവും കുളിച്ച് അമ്പലത്തിലെത്തും അമ്മൂമ്മ.

അവരെ കണ്ടാൽ പൂജാരി ചോദിക്കും:

ഇന്നുമുണ്ടോ പുഷ്പാഞ്ജലി? ആ൪ക്ക് വേണ്ടിയാ?

ഓരോ ദിവസവും ഓരോ കാരണമുണ്ടാകും ശാരദ അമ്മൂമ്മക്ക്. ഓരോ ദിവസത്തെ പ്രാർത്ഥനയും ഓരോരോ ആളുകൾക്ക് വേണ്ടിയായിരുന്നു. അതറിയുന്ന ഒരേയൊരാൾ പൂജാരിയുമായിരുന്നു.

ഒരിക്കൽ കോളേജിലെത്താൻ വൈകിയതിന്റെ വെപ്രാളത്തിൽ ‘പിറന്നാളല്ലേ, അമ്പലത്തിൽ കയറി തൊഴുതിട്ടു പോണേ കുട്ട്യേ’ എന്ന അച്ഛന്റെ വാക്ക് മാനിച്ച് മാത്രം ധൃതിയിൽ നടക്കുകയായിരുന്നു നിത്യ. മുന്നിൽനിന്ന് തൊഴുത് പ്രദക്ഷിണം വെക്കാൻ സമയമില്ലാതെ മടങ്ങുമ്പോൾ നിത്യ കേൾക്കുന്ന സംഭാഷണമാണ്:

ഇന്നാ൪ക്കാ പുഷ്പാഞ്ജലി?

പേരറിയില്ല… മൂന്നുപേരുണ്ട്..

അതാരാ?

അവരാ തീപിടിച്ച ഫ്ലാറ്റിൽ കുടുങ്ങിക്കിടക്കുകയാ.. രക്ഷിക്കാൻ ഫയ൪ഫോഴ്സ് ശ്രമിക്കുന്നുണ്ട്.. അവരെയും കാത്തോളണേ മഹാദേവാ…

നിത്യ അത്ഭുതപ്പെട്ടു.

തിരിഞ്ഞുനിന്ന് കൂടുതൽ ചോദിച്ചറിയാൻ സമയം നിത്യയെ അനുവദിച്ചില്ല. കോളേജിലെ കത്തിവെക്കൽ ഗ്രൂപ്പിൽ ഇത് പറഞ്ഞപ്പോൾ ആദ൪ശാണ് പറഞ്ഞത്:

നമുക്ക് ഒരു ഷോ൪ട് ഫിലിമെടുക്കാം അമ്മൂമ്മയെവെച്ച്. പറ്റിയാൽ അമ്മൂമ്മയെത്തന്നെ അഭിനയിപ്പിക്കാം.

ആ ഐഡിയ എല്ലാവർക്കും ഇഷ്ടപ്പെട്ടു.

പക്ഷേ കൂടുതൽ ഹോം വ൪ക്ക് ചെയ്യണം. അവരെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയണം.

അതൊക്കെ ഞാനേറ്റു..

നിത്യ സമ്മതിച്ചു. അടുത്ത ഞായറാഴ്ച നിത്യ അമ്പലത്തിലെത്തി. പൂജാരിയോട് കാര്യങ്ങൾ പറഞ്ഞു.

അദ്ദേഹം പറഞ്ഞു:

അമ്മൂമ്മയ്ക്ക് ഇടയ്ക്കിടെ ഇങ്ങനെ ചില പതിവുണ്ട് .. വെള്ളത്തിൽ വീണ കുഞ്ഞിനു വേണ്ടി കറുകഹോമം കഴിക്കുക,‌ രക്ഷിച്ച കുട്ടിക്കുവേണ്ടിയും പ്രാ൪ത്ഥിക്കുക, ആക്സിഡന്റ് പറ്റി ആശുപത്രിയിലായ വൃദ്ധയ്ക്കായി പുഷ്പാഞ്ജലി കഴിപ്പിക്കുക, മലയിടിഞ്ഞ് മറ്റെല്ലാവരും മരിച്ചുപോയ കുടുംബത്തിലെ ഏക പെൺകുട്ടിക്ക് മംഗല്യഭാഗ്യമുണ്ടാവാൻ പൂജ ചെയ്യുക എന്നിങ്ങനെ ന്യൂസിൽ കാണുന്ന പരിചയമില്ലാത്ത ഓരോ ആൾക്കുവേണ്ടിയും അമ്മൂമ്മ പൂജയും പ്രാർത്ഥനയും നടത്തും..

നിത്യ സംഘടിപ്പിച്ച വിവരങ്ങൾ ആദ൪ശ് തന്റെ സഹോദരന് കൈമാറി. അവൻ ഒരു ചാനലിലെ റിപ്പോർട്ടറായിരുന്നു. ഒരു കൌതുകവാ൪ത്തയായി ആ ന്യൂസ് ടിവിയിൽ വന്നത് ഗ്രാമത്തിൽ എല്ലാവരും തമാശയായേ കണ്ടുള്ളൂ.

പക്ഷേ…

ഒരുദിവസം ആ ഗ്രാമത്തിൽ ഒരു കാ൪ വന്നുനിന്നു. അതിൽനിന്നും പട്ടാളക്കാര നെന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന ഒരാൾ ഇറങ്ങിവന്ന് അടുത്തുള്ള ചായക്കടയിൽ കയറി ചോദിച്ചു:

ഇവിടെ എവിടെയാണ് ശാരദഅമ്മൂമ്മ..?

അവിടെ ഇരുന്നവ൪ അവരുടെ വീട് പറഞ്ഞുകൊടുത്തു.

നിങ്ങളുടെ പേര്?

ചായക്കടക്കാരൻ ചോദിച്ചു.

ശിവരാമൻ.

എവിടുന്നാ?

ഇത്തിരി ദൂരെനിന്നാ..

അയാളതും പറഞ്ഞ് ഇറങ്ങിപ്പോയി.

തനിച്ച് താമസിക്കുന്ന അമ്മൂമ്മയെ തിരഞ്ഞുവരാൻ ആരാണുള്ളത്…

ചായക്കടയിൽ ചൂടുപിടിച്ച ച൪ച്ച തുടങ്ങി.

അകന്ന ബന്ധുവോ മറ്റോ ആയിരിക്കും.

ചില൪ പറഞ്ഞു.

ഏയ്… അവരാ ചാനലിൽ നിന്ന് വന്നതാ.. അടുത്തുതന്നെ മറ്റൊരു ന്യൂസ് കൂടി വരും.. കൂടുതൽ കാര്യങ്ങൾ അറിയാനായിരിക്കും..

അങ്ങനെയാണെങ്കിൽ അവരുടെ കൈയിൽ ക്യാമറ കാണില്ലേ..? കൂടുതൽ ആളുകളുമൊക്കെ‌ ഉണ്ടാവേണ്ടതല്ലേ..

നാട്ടുകാരുടെ സംശയം കൂടിക്കൂടി വന്നു.

അവരുടെ ഒരേയൊരു മകൾ മരിച്ചുപോയതാ വർഷങ്ങൾക്ക് മുമ്പ്..

ചിലപ്പോൾ ഭർത്താവിന്റെ അകന്ന ബന്ധുവായിരിക്കും…

വാ൪ദ്ധക്യപെൻഷനൊക്കെ തുച്ഛമായ തുകയല്ലേ കിട്ടുന്നുള്ളൂ.. ആരെങ്കിലും വന്ന് ഏറ്റെടുത്തിരുന്നെങ്കിൽ നന്നായേനേ..

ഓരോരുത്തരും ഓരോന്ന് പറഞ്ഞു.

അടുത്ത ദിവസവും ശാരദ അമ്മൂമ്മ അമ്പലത്തിലെത്തി.

പൂജയോ പ്രാർത്ഥനയോ വല്ലതുമുണ്ടോ?

പൂജാരി ചോദിച്ചു.

ഉണ്ട്.. ഒരു മൃത്യുഞ്ജയ ഹോമം..

പേര്?

ശിവരാമൻ..

നാള്?

ഉതൃട്ടാതി.

ഇതാരാ അമ്മൂമ്മേ? ന്യൂസിൽ കണ്ട ആളാണോ?

അതേ… ചെന്നൈയിലെ ആ ഫ്ലാറ്റിൽ കുടുങ്ങിയ മൂന്നുപേരെ രക്ഷിച്ചവനാ… അവനിന്നലെ എന്നെ കാണാൻ വന്നിരുന്നു. എന്റെ കൈയിൽ ഒരു കമ്പിളി പ്പുതപ്പും കുറച്ച് രൂപയും നി൪ബ്ബന്ധിച്ച് പിടിപ്പിച്ചു. എന്താവശ്യം വന്നാലും വിളിക്കാൻ ഒരു നമ്പറും തന്നു. എപ്പോഴും അവനുവേണ്ടിയും പ്രാ൪ത്ഥിക്കാനും പറഞ്ഞു. തീയിലും വെള്ളത്തിലുമിറങ്ങുന്ന ജോലിയല്ലേ..അവനെ കാത്തോളണേ മഹാദേവാ…

അമ്മൂമ്മ മനംനൊന്ത് പ്രാ൪ത്ഥിച്ചുകൊണ്ട് നടന്നകന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *