അടുക്കളയിൽ നിന്നും വാക്കത്തിയെടുത്ത് മുണ്ടിന് പിറകിൽ തിരുകി പടിഞ്ഞാറെ അതിരിലേക്ക് നടന്നു.ങ്ങള് വെ ട്ടാനും കു ത്താനും ഒന്നും പൊണ്ടാട്ടോ. സമാധാനമായി പറഞ്ഞാമതി…….

അതിര് തർക്കം

എഴുത്ത്:-രാജീവ്‌ രാധാകൃഷ്ണപണിക്കർ

പാറമടയിലെ പണിയും കഴിഞ്ഞു വന്ന് കയ്യും മോറും കഴുകുമ്പോഴാണ് കൈ തുടക്കാൻ കച്ചത്തോർത്തുമെടുത്തുകൊണ്ടുവന്ന കൊച്ചമ്മിണി തെല്ലൊരു ഗദ്ഗദത്തോടെ ചൊല്ലിയത്.

“അതേയ് ഞാനൊരു കാര്യം ചൊല്ല്യാ ങ്ങള് ചൂടാവരുത് “

“എന്താണേലും പറഞ്ഞു തൊലക്ക്”

കയ്യിലെ തഴമ്പ് തിണ്ണയിലെ പരുപരപ്പിൽ ഉരച്ചുകൊണ്ട് വാസു മുരണ്ടു.

“ദേ ഇപ്പഴേ ചൂടിലായി. ഞാനൊന്നും പറയണില്ല്യ”

“നീ കാര്യം പറയെന്റെ കൊച്ചമ്മിണ്യേയ് “

അയാൾ തന്റെ പരുക്കൻ ശബ്ദം പരമാവധി മയപ്പെടുത്തി

“നമ്മുടെ പടിഞ്ഞാറെ അതിരിലേയ് പുത്യേ താമസക്കാര് തെങ്ങിൻ തൈ നട്ടിരിക്കുന്നു”

“എപ്പോ?”

“ഇന്നു രാവില്യാ കണ്ടത്!”

“എന്നിട്ട്?”

” ചോയ്ക്കാൻ ചെന്നപ്പോ ആ പെണ്ണുംപിള്ള എന്നെ വഴക്ക്‌ പറഞ്ഞു”

“ങാ ഹാ അത്രക്കായോ എന്നാ പിന്നേ ചോദിച്ചിട്ട് തന്നെ കാര്യം”

ഉടുത്തിരുന്ന കൈലി മടക്കിക്കുത്തി.

അടുക്കളയിൽ നിന്നും വാക്കത്തിയെടുത്ത് മുണ്ടിന് പിറകിൽ തിരുകി പടിഞ്ഞാറെ അതിരിലേക്ക് നടന്നു.

“ങ്ങള് വെട്ടാനും കുത്താനും ഒന്നും പൊണ്ടാട്ടോ. സമാധാനമായി പറഞ്ഞാമതി”

“എങ്ങനെ പറയണംന്ന് എനിക്ക്‌ നിശ്ചയംണ്ട്. ഉപദേശിക്കാൻ വരേണ്ട”

വാസു നേരെ പടിഞ്ഞാറേ അതിരിലേക്ക് നടന്നു.

“മുരടൻ ‘

പിറുപിറുത്തുകൊണ്ട് കൊച്ചമ്മിണി അകത്തേക്ക് നടന്നു.

കരിയിലകൾ ചവിട്ടി മെതിച്ച് ഒരു മദയാനയെപ്പോലെ വാസു നടന്നു

പടിഞ്ഞാറ് വശത്തെ ഒഴിഞ്ഞു കിടന്ന വീട്ടിൽ പുതിയ താമസക്കാർ വന്നൂന്ന് കേട്ടിരുന്നു.

കാണാൻ സമയം കിട്ടിയില്ല.

വന്ന ഉടനെ അതിരിൽ തെങ്ങ് വയ്ക്കാമെന്നു വച്ചാൽ!

രണ്ടിലൊന്ന് അറിഞ്ഞിട്ട് തന്നെ കാര്യം.

ശരിയാണ്. അതിരിനോട് ചേർന്ന് ഒരു തെങ്ങിൻ തൈ നിൽപ്പുണ്ട്.

തൈ വെട്ടാനായി വാക്കത്തി ഉയർത്തിയതും എവിടെനിന്നോ പൊട്ടി മുളച്ചത് പോലെ അവൾ പ്രത്യക്ഷപ്പെട്ടു.

ബിന്ദുപണിക്കരുടെ ഛായയുള്ള ഒരു അഴകാന സുന്ദരി.

“ആരാത്. എന്താ കാര്യം”

മാധുര്യമേറിയ ശബ്ദം.

കയ്യിലെ വെട്ടുകത്തി പിന്നിലൊളിപ്പിച്ചു

“എന്താ നിന്നു പരുങ്ങുന്നത്”

“ഞാൻ വാസു! അടുത്ത വീട്ടിലേയാ. പുത്യേ താമസക്കാർ വന്നൂന്നു കേട്ടു. പരിചയപ്പെടാമെന്നു വച്ചിറങ്ങിയതാ”

“ഞാൻ കുസുമം. വീട്ടമ്മയാ! അതിയാൻ നൈറ്റ്‌ ഡ്യൂട്ടിക്ക് ഇറങ്ങി. സെക്യൂരിറ്റി പണിയാ. എന്തായാലും ആദ്യമായി വന്നതല്ലേ. ചേട്ടായി വാ. ഒരു ഗ്ലാസ് കാപ്പി കുടിച്ചിട്ടു പോകാം”

വേണ്ടാ ഞാൻ വീട്ടീന്ന് കുടിച്ചു. പിന്നീടൊരിക്കലാകട്ടെ എന്നു പറയണം എന്നു മോഹമുണ്ടായിരുന്നു. പക്ഷേ എന്തോ അപ്പോഴത്തെ സാഹചര്യത്തിൽ അതിനു കഴിഞ്ഞില്ല.

ഓൾടെ പുറകെ ഒരു മാസ്മരിക വലയത്തിലെന്ന വണ്ണം നടന്നു.

മുൻവശത്തെ തിണ്ണയിരുന്ന് ഓള് തന്ന ചക്കരക്കാപ്പിയും അവലോസുണ്ടയും തിന്ന് വീട്ടിലേക്ക് മടങ്ങിയെത്തുമ്പോൾ കൊച്ചമ്മിണി കാത്ത് നിൽപുണ്ടായിരുന്നു.

“ന്തായി. പോയിട്ട്?പിഴുതോ?”

എന്ന അവളുടെ ചോദ്യത്തിന് വാസു മൃദുവായ സ്വരത്തിൽ മറുപടി നൽകി.

“അതവിടെ അതിരിൽ നിൽക്കട്ടെ. തേങ്ങാ വീഴുമ്പം നുമ്മക്കും ഉപയോഗിക്കാല്ലോ!

Related Posts

Leave a Reply

Your email address will not be published. Required fields are marked *