അതോടെ വീട്ടിലും ആകെ പ്രശ്നമായി.മൂത്ത മകൻ കാവിമുണ്ടും രുദ്രാക്ഷവുമൊക്കെയിട്ട് സന്യാസിയാവാൻ പോകുന്നു…….

എഴുത്ത് :രാജീവ് രാധാകൃഷ്ണപണിക്കർ

സ്വന്തം മുഖസൗന്ദര്യത്തിലുള്ള ‘ആത്മവിശ്വാസകുറവും’ സ്വഭാവത്തിലുള്ള എടുത്തു ചാട്ടവും’ മൂലം വിവാഹമൊന്നും കഴിക്കേണ്ട സന്യസിക്കാൻ പോകാം എന്നൊരു ചിന്ത യൗവനകാലത്ത് മനസ്സിൽ രൂഢമൂലമായി.

പക്ഷെ ചാളയും, ബീഫും ഒരു വീക്നെസ് ആയിരുന്നതിനാൽ മത്സ്യ മാംസങ്ങൾ കഴിച്ചുകൊണ്ട് സന്യസിക്കാൻ പറ്റിയ ആശ്രമങ്ങൾ തേടി നാട്ടിൽ ഒരുപാടലഞ്ഞു .

നോ രക്ഷ.

പലപ്പോഴായി പല ആശ്രമങ്ങളിലും ദർശനത്തിനും ധ്യാനത്തിനുമൊക്കെ ലീവെടുത്ത് പോകുക ഒരു ജീവിതചര്യയായി.

അവിടങ്ങളിൽ ചെന്ന് സുന്ദരികളായ ഭക്തകളെ കണ്ടു കഴിയുമ്പോൾ മനസ്സിനുള്ളിൽ ഒരു തിരയിളക്കം പോലെ. എന്നാൽ പിന്നെ അതുകൂടി ചേർത്ത് സന്യസിക്കാൻ പറ്റുമോ എന്നും അന്വേഷിച്ചു നോക്കി.പല സ്ഥലങ്ങളിൽ നിന്നും തല്ലു കൊള്ളാതെ പോന്നത് മാത്രം മിച്ചം.

ഇതിനിടെ ഇടക്കിടെ കാഷായ വേഷക്കാർ വീട്ടിൽ അന്വേഷിച്ചു വരവും തുടങ്ങി.

അതോടെ വീട്ടിലും ആകെ പ്രശ്നമായി.മൂത്ത മകൻ കാവിമുണ്ടും രുദ്രാക്ഷവുമൊക്കെയിട്ട് സന്യാസിയാവാൻ പോകുന്നു എന്ന ചിന്ത മാതാജിയെയും പിതാജിയെയും കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്.

വിവാഹം കഴിഞ്ഞതിനു ശേഷം നമ്മൾ അനുഭവിക്കാൻ പോകുന്ന വേദനയെ കുറിച്ചൊന്നും വിവാഹം നടത്തിതരുന്നവർ ആലോചിക്കാറില്ലല്ലോ!

അതോടെ കൊണ്ടു പിടിച്ച വിവാഹാലോചനയും തുടങ്ങി.ഞായറാഴ്ച്ച എന്നൊരു ദിവസമുണ്ടെങ്കിൽ വീട്ടിൽ ബ്രോക്കർ മാരുടെ തിരക്കായി.

രാവിലെ കിഴക്കോട്ടൊരു പെണ്ണുകാണൽ, ഉച്ചക്ക് വടക്കോട്ടൊരു പെണ്ണുകാണൽ, വൈകിട്ട് പടിഞ്ഞാട്ടൊരു പെണ്ണുകാണൽ.

എന്തായാലും പെണ്ണു കണ്ടുകണ്ട് ശരീരമൊക്കെ ഒന്നു കൊഴുത്തു.

പോരാത്തതിന് സന്യാസം വേണ്ട ‘ഗൃഹസ്ഥാശ്രമം’ മതി എന്നൊരു ചിന്ത മനസ്സിൽ കടന്നു കൂടുകയും ചെയ്തു.

പക്ഷെ ഒരു സ്ഥലത്ത് ചെന്നിട്ടും പെണ്ണിനെ അങ്ങ് ഇഷ്ടപ്പെടുന്നില്ല

(ചിലഅസൂയാലുക്കൾ പറഞ്ഞത് നേരെ മറിച്ചാണ്.അത് പുറത്തു പറയണ്ട).

അങ്ങിനെയാണ് കുറച്ചു ദൂരെയുള്ള ഒരു ദിക്കിലേക്ക് പെണ്ണ് കാണുവാൻ പോകുന്നത്.

തരക്കേടില്ലാത്ത വീട്.മുറ്റത്തൊരു കാറ്‌.

ഏകമകൾ.

“ഇതൊന്നു നടന്നു കിട്ടിയാൽ നിന്റെ ഭാഗ്യമാണെന്ന്” മൂന്നാൻ ചെവിയിൽ പറഞ്ഞു.

പതിവ് ചായകുടിക്കും ചോദ്യ ശരങ്ങൾക്കും ശേഷം പെണ്ണിനോട് തനിച്ചു സംസാരിക്കാൻ അവസരം കിട്ടി.

“എന്താ പേര്”

“മോഹിനി”അത്രക്കൊന്നും മോഹനമല്ലാത്ത ആ രൂപത്തിൽ നിന്നും പാറപ്പുറത്ത്‌ ചിരട്ട ഉരക്കുന്ന ശബ്ദത്തിൽ മറുപടി വന്നു.

“ചേട്ടന്റെയോ”

ഞാൻ പേരു പറഞ്ഞു.

“ചേട്ടനെവിടെയാ ജോലി”

ഞാൻ ഓഫീസിന്റെ പേരു പറഞ്ഞു

“എന്തു ശമ്പളം കിട്ടും”

ഞാനൊന്ന് അന്ധാളിച്ചു.

ആദ്യമായിട്ടായിരിക്കാം ഒരു പെണ്ണ് തന്നെ കാണാൻ വന്ന ചെറുക്കനോട് ശമ്പളം ചോദിച്ചിട്ടുണ്ടാകുക.

ഞാനൊന്നു വല്ലാതായി.ഉള്ളത് പറഞ്ഞാൽ മോശക്കേടായാലോ.മനസ്സിലിട്ട് ഒന്നു കൂട്ടിപെരുക്കി നോക്കിയ ശേഷം കിട്ടുന്ന ശമ്പളത്തിന്റെ ഇരട്ടി പറഞ്ഞു.

“അത്രയേയുള്ളോ അതുകൊണ്ട് നമുക്ക് ജീവിക്കാൻ പറ്റുമോ.കുട്ടികളൊക്കെ ആയിക്കഴിഞ്ഞാൽ ഭയങ്കര ചിലവായിരിക്കൂല്ലേ”

മോഹിനിയുടെ മോഹങ്ങൾ എന്റെ മോഹങ്ങൾക്ക് കടിഞ്ഞാണിട്ടു.

“അതു പിന്നെ മനസ്സിന്റെ ഐക്യമല്ലേ ജീവിതത്തിന്റെ വിജയം.പണത്തിനല്ലല്ലോ ജീവിതത്തിനല്ലേ പ്രാമുഖ്യം കൊടുക്കേണ്ടത്. പണം വരും പോകും. മനപ്പൊരുത്തമല്ലേ മുഖ്യം”

ഞാൻ എന്റെ തത്വജ്ഞാനം വിളമ്പി.

“അതൊക്കെ ഇപ്പൊ പറയും.കാശിനു കാശ് തന്നെ വേണംഅതു മാത്രമല്ല ആദ്യമേ എല്ലാം അറിഞ്ഞിരുന്നാൽ പിന്നെ ഭാവിയിൽ കടിപിടി കൂടേണ്ടല്ലോ എന്ന് കരുതിയാ”

മോഹിനി തന്റെ നയം വ്യക്തമാക്കി.

ഇപ്പോഴേ ഇത്രയും ആർത്തിയുള്ള ഈ പണ്ടാരം കൂടെ കൂടിയാൽ ഉണ്ടാകുന്ന അവസ്ഥ ഞാനൊന്ന് ആലോചിച്ചു നോക്കി.

എങ്ങനെയെങ്കിലും അവിടെ നിന്നും ഇറങ്ങിയാൽ മതിയെന്നായി.മോഹിനിയോട് യാത്രയും പറഞ്ഞ് സ്വീകരണ മുറിയിലേക്ക് ചെന്നു.

മൂന്നാൻ കണ്ണുകൊണ്ട് ചോദ്യശരം എയ്തു.ഞാൻ കണ്ണടച്ചു കാട്ടി ഒരുവിധത്തിൽ അവിടെ നിന്നും പുറത്തിറങ്ങി.

പോകുന്ന പോക്കിൽ മൂന്നാനോട് ആത്മാർത്ഥമായി അപേക്ഷിച്ചു.

“ചേട്ടാ ഇനിയെങ്കിലും ഇതുപോലുള്ള പണഭ്രാന്തന്മാരുടെ അടുക്കലേക്ക് എന്നെ കൊണ്ടുവരരുത്”

എന്തൊക്കെയായാലും ദൈവം നമ്മുടെ തലയിൽ ചിലതൊക്കെ എഴുതി വച്ചിരിക്കും. അതുകൊണ്ടാണല്ലോ സന്യാസിയാവാൻ കഴിയാതിരുന്നതും വന്ന ആലോചനകളെല്ലാം മുടങ്ങി പോയതും.

എന്റെ ‘പ്രിയതമ’ എനിക്കായി വീട്ടിൽ നിന്നും അധികമകലെയല്ലാതെ എന്റെ വരവും പ്രതീക്ഷിച്ച് കാത്തിരിക്കുകയായിരുന്നു.❤️

Related Posts

Leave a Reply

Your email address will not be published. Required fields are marked *