അത്രയും പറഞ്ഞിട്ട് ഞാനോടി മുറിയിൽ ചെന്ന് ഡ്രെസ്സും മാറി എന്റെ ബാഗെടുത്തു തോളിലിട്ട് പുറത്തേക്കിറങ്ങി…

പിണക്കങ്ങൾ ❤❤

Story written by BINDHYA BALAN

“ഇച്ഛനെന്നെ വേണ്ടേല് എവിടേലും കൊണ്ട് കളഞ്ഞേക്ക്… അല്ലേ വെണ്ട ന്നെ കൊണ്ടേ തോപ്പുംപടിയിൽ ആക്കിയേക്ക് അവിടുന്ന് ഞാൻ ന്റെ വീട്ടിൽ പൊയ്ക്കോളാം ഹും “

ഇടയ്ക്ക് ഇടയ്ക്ക് ഉണ്ടാകാറുള്ളത് പോലെ രണ്ട് ദിവസം മുൻപും ഉണ്ടായൊരു പിണക്കത്തിൽ ഇച്ഛനോട് ജയിക്കാൻ എന്റെ സ്ഥിരം ഡയലോഗ് ഞാനിറക്കി . ഇങ്ങനെയുള്ള പൊട്ടിത്തെറി ഫ്രെയിമുകൾ ലൈഫിൽ ഇടയ്ക്ക് ഇടയ്ക്ക് ഉണ്ടാകാറുള്ളത് കൊണ്ട് , എന്റെ പതംപറച്ചില് കേട്ട് പൊട്ടി വന്ന ചിരിയേ പിടിച്ചു നിർത്തി ഇച്ഛൻ ചോദിച്ചു

“അതെന്നാ തോപ്പുംപടി വരെ… കുമ്പളങ്ങിയിലോട്ട് എന്റെ ബുള്ളറ്റ് കേറത്തില്ലേ?”

എനിക്ക് അറിയാം, എന്നെ കൂടുതൽ ചൊടിപ്പിക്കാനാണ് ഇച്ഛനങ്ങനെ ചോദിക്കുന്നത്. വീറോടെ ഞാൻ പറഞ്ഞു

“എന്റെ വീട്ടിൽ പോകാൻ എനിക്കാരുടേം സഹായം വേണ്ട, എന്റെ വീട്ടിലോട്ടുള്ള വഴി എനിക്കറിയാം … “

“എന്നാ പിന്നെ ഇവിടുന്ന് തനിയെ പൊയ്ക്കോ.. ആരുടേം സഹായം വേണ്ടേല്ലോ. ദേ ആ കോട്ടയം ബസ്റ്റാന്റിൽ ചെന്ന് നിന്നാ എറണാകുളം പോകുന്ന ബസ്സ് കിട്ടും. അതിൽ കയറിയാ മതി,എന്നിട്ട് തോപ്പുംപടിയിലോ തണ്ണീർമുക്കത്തോ എവിടാന്ന് വച്ചാ പോയിറങ്..അനാവശ്യ കാര്യങ്ങൾക്ക് ഓടാനേ എന്റെ വണ്ടിയിൽ പെട്രോൾ ഇല്ല…ആഹാ “

ഇച്ഛനും വിട്ട് തന്നില്ല…

“ഓഹോ .. അത്രയ്ക്കായോ.. ന്നാ പോയിട്ട് തന്നെ കാര്യം… എന്നെ വിലയില്ലാത്തിടത്തു ഞാൻ എന്തിനാ നിക്കണേ.. എനിക്കും വീടുണ്ട്.. ഞാൻ ചെന്നാലേ അവരെന്നെ രണ്ട് കയ്യും നീട്ടി സ്വീകരിക്കും… “

അത്രയും പറഞ്ഞിട്ട് ഞാനോടി മുറിയിൽ ചെന്ന് ഡ്രെസ്സും മാറി എന്റെ ബാഗെടുത്തു തോളിലിട്ട് പുറത്തേക്കിറങ്ങി . എന്നിട്ട് പറഞ്ഞു

“ദേ മനുഷ്യാ എറണാകുളത്തൂന്ന് പോരുമ്പോ ഈ ബാഗേ ഞാൻ കൊണ്ട് വന്നുള്ളൂ…അത് മാത്രെമേ എടുക്കുന്നുള്ളൂ… “

എന്റെ ഓട്ടവും ചാട്ടവും ബഹളവും ഒക്കെ കണ്ട് ചിരി കടിച്ച് പിടിച്ച് ഇച്ഛൻ വീണ്ടും ചോദിച്ചു

“അപ്പൊ ഈ മാലേം വളേം കമ്മലും ഒക്കെയോ.. അതൊക്കെ ഞാൻ വാങ്ങി തന്നതല്ലേ…അതോ… “

“വാങ്ങി തന്നെങ്കിലേ ഇത്രയും നാൾ ഇവിടെ നിന്നതിന്റെ കൂലി എടുത്തൂന്നു വിചാരിച്ചാ മതി… അയ്യടാ… ഇതും കൂടി ഇവിടെ വച്ചിട്ട് പോണമെന്ന്.. ഇത്രയ്ക്കു ദുഷ്ട്ടത്തരം പാടില്ല മനുഷ്യൻമാരായാൽ… “

അത്രയും പറഞ്ഞിട്ട് പുറത്തേക്കുള്ള വാതിൽ തുറക്കാൻ തുടങ്ങിയപ്പോഴാണ്, എല്ലാ വഴക്കിനൊടുവിലുമെന്ന പോലെ ഇത്തവണയും എന്നെ മാനസികമായി തളർത്തിക്കൊണ്ട് ആ ഡയലോഗ് വന്നത്.

“ഞാൻ രണ്ട് പായ്ക്കറ്റ് ഒറിയോ ബിസ്ക്കറ്റ് വാങ്ങി ഫ്രിഡ്ജിൽ വച്ചിട്ടൊണ്ട്..വേണേൽ വന്ന് തിന്നിട്ട് പോ.. ഇല്ലേ ഞാൻ പട്ടിണിക്ക്‌ ഇട്ട് എന്ന് ഇവിടെ ആരേലുമൊക്കെ പറഞ്ഞാലോ “

ഞാൻ തിരിഞ്ഞു നോക്കി. എനിക്കും ചെറുതായി ചിരി വരുന്നുണ്ട് . എങ്കിലും ഗൗരവം വിട്ടില്ല… അല്ലെങ്കിലും കുറച്ചു കൂടി കഴിഞ്ഞു ഞാൻ നാണം കെടാനുള്ളതാ. അതാ പതിവ്. അപ്പോപ്പിന്നെ കാണിക്കാൻ പറ്റുന്ന സമയത്തോളം ഗൗരവം കാട്ടാലോ…

“എന്തേ… പോണില്ലേ…? “

“ചോക്ലേറ്റ് ആണോ വാനില ആണോ? “

ഗൗരവം വിടാതെ ഞാൻ ചോദിച്ചു

“വേണേൽ പോയി നോക്ക്.. എന്നിട്ട് എടുത്ത് ബാഗിലിട്ടോ.. പോകുന്ന വഴിക്ക് മുണുങ്ങാലോ ” പറഞ്ഞിട്ട് ഇച്ഛനെന്നെ നോക്കിയൊന്നു ചിരിച്ചു

“അങ്ങനെയിപ്പോ പോകാൻ എനിക്ക് സൗകര്യം ഇല്ല.. നോക്കിക്കോ ആ ബിസ്ക്കറ്റ് മുഴുവൻ ഞാൻ തിന്നും.. അതിന്റെ പൊടി പോലും ഞാൻ തരൂല്ല… “

കയ്യിലിരിക്കണ ബാഗെടുത്തു ഇച്ഛന്റെ മടിയിലേക്കെറിഞ്ഞ് അതും പറഞ്ഞ് ഞാൻ ഓടി അടുക്കളയിലേക്ക്… ഫ്രിഡ്ജ് തുറന്നപ്പോൾ കണ്ടു അതാ എന്റെ ഫേവറേറ്റ് ബിസ്‌ക്കറ്റ്. പിന്നെ ഒന്നും നോക്കിയില്ല, രണ്ട് കപ്പ് കാപ്പിയൊക്കെ ഉണ്ടാക്കി ബിസ്ക്കറ്റ് പൊട്ടിച്ച് ഒരു പ്ലേറ്റിൽ എടുത്ത് അതുമായി ഇച്ഛന്റ അടുത്ത് ചെന്നിരുന്നപ്പോ ഇച്ഛൻ ചോദിക്കുവാ

“ന്തേ നീ പോണില്ലേ… “

” ഞാൻ പോയാല് ഇച്ഛന് പിന്നെയാരാ.. ഇച്ഛന് കാപ്പീട്ട് തരാനും ചോറ് വച്ച് തരാനും, ഇച്ഛന്റെ തുണി അലക്കാനും, പിന്നെ ഇച്ഛൻ ജോലിക്ക് പോകുമ്പോ ഫ്ളയിങ് കിസ്സ് തരാനുമൊക്കെ പിന്നെയാരാ ഒള്ളെ… “

ഞാൻ പോയാലുള്ള ഇച്ഛന്റെ നഷ്ടങ്ങളെ ഞാൻ എണ്ണിയെണ്ണി പറഞ്ഞു.

“അതൊന്നും സാരമില്ല.. നീ വരണേന് മുൻപ് എങ്ങനാണോ ഞാൻ ജീവിച്ചത് അത്‌ പോലെ ഞാനങ്ങു കഴിഞ്ഞോളം… നീ പോകാൻ നോക്കിയെ… “

ഇച്ഛൻ വിടാൻ ഉദ്ദേശമില്ല എന്ന് മനസ്സിലായപ്പോൾ , എന്താണെന്നറിയാത്തൊരു സങ്കടം വന്നെന്റെ മിഴി നിറയ്ക്കാൻ തുടങ്ങി .. കാര്യം വഴക്കുണ്ടാക്കുമ്പോൾ പോകും പോകും എന്ന് പറയുമെങ്കിലും ഇച്ഛനില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല എന്ന് എന്നേക്കാൾ നന്നായി അറിയുന്ന ആൾ പെട്ടെന്ന് അങ്ങനെ പറഞ്ഞു കേട്ടപ്പോ ചങ്ക് പൊട്ടുന്നത് പോലെ തോന്നി .

“സത്യമായും ഞാൻ പോയാല് ഇച്ഛനു സങ്കടം വരില്ലെ? “

കണ്ണുകൾ നിറച്ച് ഞാൻ ചോദിച്ചു

“ഇല്ല.. എനിക്കെന്തിനാ സങ്കടം… “

അത്‌ കേട്ടതും ഞാൻ ഏങ്ങലടിക്കാൻ തുടങങ്ങി .എന്റെ കരച്ചിൽ കണ്ടതും, അത്‌ വരെയുണ്ടായിരുന്ന കള്ള ഗൗരവമെടുത്തു ദൂരെക്കളഞ്ഞ് എന്നെ വട്ടം കെട്ടിപിടിച്ചു ഇച്ഛൻ പൊട്ടിച്ചിരിച്ചു . ന്നിട്ട് പറയാണ്

“എന്റെ കൊച്ചിന്റെ ഈ തുള്ളല് കാണാൻ നല്ല രസമായതു കൊണ്ടല്ലേ ഇച്ഛനിങ്ങനെ ഓരോന്ന് പറയണത്.. നീ വഴക്കൊണ്ടാക്കുമ്പോ കുഞ്ഞ് പിള്ളേരുടെ കൂട്ട് തോന്നുമെനിക്ക്.. അത്‌ കാണാൻ നല്ല രസമാണ്.. അപ്പൊ എന്തേലും പറയുമെന്ന് കരുതി, നീ ഇല്ലാതെ ഇച്ഛനു ജീവിക്കാനൊക്കുമെന്നു നിനക്ക് തോന്നുന്നുണ്ടോടി…നീയല്ലാതെ എനിക്ക് വേറേ ആരാടി ഉള്ളത് “

ഇപ്പൊ ചെറിയൊരു മനസുഖമൊക്കെ തോന്നുന്നുണ്ട് എനിക്ക്. സത്യത്തിൽ
ഇത്.. ഇത് കേൾക്കാൻ വേണ്ടി മാത്രമാണ് ഈ പിണക്കങ്ങൾ പോലും. ഇച്ഛനും അത്‌ നന്നായി അറിയാം. എങ്കിലും ഞാൻ ഒന്നും മിണ്ടില്ല കുറച്ചു നേരത്തേക്ക് ഇച്ഛൻ പറഞ്ഞത് കേട്ടാലും. പിന്നെ ഇച്ഛനെ നോക്കും… മെല്ലെ ആ കവിളത്തൊരുമ്മ കൊടുക്കും..

“ദേ ഈ ബാഗ് അകത്തു കൊണ്ട് വച്ചിട്ട്, മുഖമൊക്കെ കഴുകി നല്ല സുന്ദരികുട്ടിയായിട്ട് വാ.. നമുക്കൊന്ന് പുറത്ത് പോയിട്ട് വരാം. ബെസ്റ്റ് ബേക്കർ ഹോട്ടലിൽ നിന്ന് കൊച്ചിന്റെ ഫേവറേറ്റ് മിക്സഡ് ഫ്രൈഡ് റൈസ് കഴിക്കാം നമുക്ക് “

എന്റെ കണ്ണൊക്കെ തുടച്ച് ഇച്ഛൻ പറഞ്ഞു . അതങ്ങ് കേട്ടതും ഇച്ഛനു ഒരുമ്മ കൂടി കൊടുത്ത് നല്ല ചൂട് പറക്കുന്ന ഫ്രൈഡ് റൈസ് മനസ്സിൽ കണ്ട് വെള്ളമിറക്കി ബാഗുമായി റൂമിലേക്ക്‌ പോകുമ്പോഴാണ് പിന്നിൽ നിന്ന് ഇച്ഛന്റ ഡയലോഗ്

“അതേയ് അടുത്ത തവണ വഴക്കൊണ്ടാക്കിക്കഴിഞ്ഞു ബാഗുമെടുത്തു വന്ന് നിന്ന് പോകും പോകും എന്ന് പറഞ്ഞ് സമയം കളയാതെ അങ്ങ് പൊയ്ക്കോണം… അല്ലാതെ വെറുതെ ബാക്കിയുള്ളവനെ ആശിപ്പിക്കരുത്..ഇപ്പഴേ പറഞ്ഞേക്കാം “

ഇത്തവണ കയ്യിൽ കിട്ടിയ പൗഡർ ടിന്നായിരുന്നു(കഴിഞ്ഞ തവണ ഇച്ഛന്റ ട്രിമ്മർ ആയിരുന്നു )… കൊടുത്തു അത്‌ കൊണ്ടൊരേറ്. പക്ഷെ എന്ത് ചെയ്യാൻ എനിക്കീ ഉന്നമെന്ന് പറയണ സംഗതി പണ്ടേ ഇല്ലാത്തത് കൊണ്ട് ആ പൗഡർ ടിന്നുമെന്നെ ചതിച്ചു…….

Nb : സ്നേഹിക്കാൻ പരസ്പരം രണ്ട് പേരെ ഉള്ളുവെങ്കിൽ ആ പിണക്കത്തിന് പോലും വല്ലാത്ത ചന്തമാണ്‌…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *