അത് കേട്ടതും എന്റെ കണ്ണുകൾ ഒന്ന് തിളങ്ങി. ലോക്ക്ഡൗണും മഴയും തൊഴിലില്ലായ്മയും.. സംഗതി അത് തന്നെ. കൂടെ അവളുടെ മുഖത്തെ നാണവും…….

എഴുത്ത്:- മഹാ ദേവൻ

ഇന്നലെ കെട്യോൾക്ക് ഒരു സഹായമെന്നോണം അടുക്കളയിൽ പുട്ട് കുത്തുമ്പോൾ ആണ് ഓള് പിന്നിൽ നിന്നും ച ന്തിക്കിട്ട് ഒരു കുത്ത് കുത്തിയത്. കിട്ടിയ കു ത്തിൽ ഒന്ന് ചാടിയപ്പോൾ കുത്തിയ പുട്ട് പാതി പുറത്തേക്ക് വീണു.

” എന്ത് തേങ്ങയാടി രാവിലെ ആസനത്തിലിട്ട് കുത്തുന്നത്. വല്ലോം പറയാൻ ഉണ്ടെങ്കിൽ നെരെ പറഞ്ഞൂടെ. “

എന്റെ ദേഷ്യം കണ്ടാവണം അവൾ പൊട്ടിചിരിച്ചത്.

” അത് പിന്നെ ഏട്ടാ… എനിക്ക് മസാലദോശ തിന്നാൽ ഒരു പൂതി. “

അത് കേട്ടതും എന്റെ കണ്ണുകൾ ഒന്ന് തിളങ്ങി. ലോക്ക്ഡൗണും മഴയും തൊഴിലില്ലായ്മയും.. സംഗതി അത് തന്നെ. കൂടെ അവളുടെ മുഖത്തെ നാണവും കൂടി കണ്ടപ്പോൾ അതങ്ങ് ഉറപ്പിച്ചു.

” എന്റെ പൊന്ന് മോളെ, നിനക്ക് ഒന്നല്ല ഒരമ്പത്…. അല്ലേ വേണ്ട, പണിയില്ലാത്തോണ്ട് അൻപത് മസാലദോശ വാങ്ങാനുള്ള കാശ് ഇപ്പോൾ ഇല്ല. ന്നാ പിന്നെ രണ്ടെണ്ണം വാങ്ങിത്തരാം എന്നും പറഞ്ഞ് ഞാനവളെ എടുത്തു പൊക്കാൻ നോക്കി. എവിടെ പൊങ്ങാൻ. ലോക്ക്ഡൌൺ ആയിട്ട് പലവിധ കറികളുടെ പരീക്ഷണം ഇറച്ചിക്കോഴിക്ക് സിറിഞ്ചു കുത്തിയപോലെ ആക്കിയിരുന്നു അവളെ. എന്റെ പോക്കറ്റും ഞാനും കാറ്റ് പോയ ബലൂൺ പോലെയും. അതുകൊണ്ട് എടുത്തുപോകാനുള്ള ശ്രമം ഉപേക്ഷിച്ച് അവളെ ഒന്ന് വട്ടംകറക്കി.

” ന്നാലും നിനക്ക് ഇതൊക്കെ ഒന്ന് നേരത്തെ പറഞ്ഞൂടെ എന്നോട്. “

എന്റെ സന്തോഷം കണ്ടപ്പോൾ അവൾ മുഖം താഴ്ത്തി നാണത്തോടെ പറയുന്നുണ്ടായിരുന്നു, ” അതിപ്പോ ഏട്ടന് ഈ ജോലിയില്ലാത്ത അവസ്ഥയിൽ ഒരു ബുദ്ധിമുട്ട് കൂടി “

അവൾ മുഴുവനാക്കുംമുന്നേ ഞാൻ ഇടയിൽ കയറി ” ഇത്രത്തോളം ആക്കാൻ ബുദ്ധിമുട്ടിയിട്ടില്ല കരളേ , പിന്നല്ലേ ഇനി. ” എന്നും പറഞ്ഞ് അവളുടെ താടിയിൽ പിടിച്ചൊന്നുലച്ചു.

അത് ശരിയാണല്ലോ, ലോക്ക്ഡൌൺ ആയിട്ട് ഒന്നിനും ഒരു കുറവും ഉണ്ടായിട്ടില്ല. പിന്നല്ലേ ഒരു മസാലദോശ ചോദിച്ചാൽ.

അവൾ ചിരിച്ചുകൊണ്ട് കറിക്കുള്ള കടല അടുപ്പത് വെക്കുമ്പോൾ ഞാൻ വേഗം അവളുടെ കയ്യിൽ നിന്നും അത് പിടിച്ച്വാങ്ങി. ” നീ ഇന്ന് അവിടെ ഇരി, ഞാൻ ഉണ്ടാക്കാം ഇതൊക്കെ. ” എന്നും പറഞ്ഞ് അവളെ ഒഴിഞ്ഞ ഗ്യാസുംകുറ്റിയ്ക്ക് മുകളിലേക്ക് ഇരുത്തുമ്പോൾ ഇയാൾക്ക് വട്ടായോ എന്ന ചിന്തയിൽ ആയിരിക്കണം അവൾ എന്നെ തന്നെ നോക്കുന്നുണ്ട്.

ന്തായാലും രാവിലത്തെ പാചകത്തിന് അവളെ അടുപ്പിക്കാതെ തലയിലൊരു തോർത്തും കെട്ടി അറിയാവുന്നപോലൊക്കെ ഒരുവിധം ഓരോന്ന് ഒപ്പിച്ചെടുത്തു. പിന്നെ അവൾക്കൊപ്പം ഇരുന്ന് അവൾക്ക് വിളമ്പികൊടുക്കാനും മറന്നില്ല.

” അല്ലേ, നിങ്ങൾക്കിത് എന്ന പറ്റി. ഒരു അമിതസ്നേഹം. എനിക്ക് എടുപ്പ് വേദന ആണ്. അതുകൊണ്ടു ഓവർ സ്നേഹം കാണിച്ചാലൊന്നും നൊ രക്ഷ.”

അവൾ ആസ്ഥാനത്തിട്ടത് ആക്കിയതാണെന്ന് മനസ്സിലായി. അല്ലെങ്കിൽ ഗർഭം ഉണ്ടെന്ന് അറിഞ്ഞാൽ പിന്നെ സവാരിഗിരി ഗിരി ഒന്നും ഏഹേ…. ഇതൊക്കെ എനിക്ക് അറിയാം മോളെ.. ഒന്നല്ലെങ്കിൽ ഞാൻ ഒരു കെട്യോൻ അല്ലേടി എന്ന് മനസ്സിൽ പറഞ്ഞ് പുട്ട് കടലക്കറിയിൽ കുഴച്ചു വായിൽ വെച്ചതും ദേ, ഓള് ഓക്കാനിച്ചുകൊണ്ട് വാഷ്ബേസിനടുത്തേക്ക് ഓടുന്നു.

എടി മെല്ലെ ഓട് എന്നും പറഞ്ഞ് ഞാൻ പിന്നാലെ.

ഭക്ഷണം കാണുമ്പോലെ തുടങ്ങി ഛർദി. എന്റെ ഉള്ളിൽ സന്തോഷം ഇരട്ടിക്കിരട്ടിയായി. അങ്ങനെ ഞാനും ഒരു അച്ഛനാവാൻ പോകുന്നു.

” എടി നീ വാ കഴുകി വാ. മുഖമൊക്ക ആകെ വിളർത്തു. വയറ്റിൽ പിടിച്ചാൽ പെണുങ്ങൾക്ക് ഇങ്ങനെ ഒക്കെ അല്ലേ. നമുക്ക് ഡോക്ടറെ ഒന്ന് കാണിക്കാം. വരുന്ന വഴി മസാലദോശയും വാങ്ങാം. “

എന്റെ ആഹ്ലാദത്തോടെ ഉള്ള സംസാരം കേട്ടപ്പോൾ അവൾ ദേ, എന്നെ രൂക്ഷമായി നോക്കുന്നു.

” എന്റെ മനുഷ്യാ.. ഇത്‌ വയറ്റിൽ പിടിച്ചതിന്റെ അല്ല, വയറ്റിൽ പിടിക്കാത്തതിന്റെ ആണ്. ” എന്നും പറഞ്ഞ് അവൾ ടേബിളിൽ ഇരുന്ന കടലക്കറി എന്റെ മുഖത്തേക്ക് നീട്ടി ” ഇതെന്താ” എന്ന് ചോദിച്ചുകൊണ്ട്. ” നിനക്കെന്താ കണ്ണില്ലേ, ഇതാണ് കടലക്കറി. “

” ഓഹോ.. എന്നിട്ട് കടലക്കറിയിൽ പുളി ഒഴിച്ചോ? “

” പിന്നെ അതല്ലേ ആദ്യം ഒഴിച്ചത്. നീ എന്താ ഒന്നും അറിയാത്തവരോട് ചോദിക്കുംപ്പോലെ. ” ഞാനിത് കുറെ കണ്ടതാ എന്ന മട്ടിൽ നിൽക്കുന്ന എന്റെ മുന്നിൽ അവൾ ഒന്നും മിണ്ടാതെ തൊഴുതു. കടലക്കറിയിൽ പുളിയൊഴിച്ചു ചേർത്ത ആദ്യത്തെ പാചകക്കാരനെ വണങ്ങുംപോലെ..

അവൾ ആ കടലക്കറി എന്റെ കയ്യിൽ വെച്ചു തന്നെ ഒന്നും മിണ്ടാതെ പുട്ടുമെടുത്തു പുറത്തക് നടക്കുമ്പോൾ ഞാനും പിന്നാലെ ചെന്ന് പിറകിൽ നിന്ന് അവളെ ഒന്ന് തോണ്ടി.

ആ തോണ്ടലിന്റെ അർത്ഥം മനസ്സിലായപ്പോലെ ആയിരുന്നു അവളുടെ രൂക്ഷമായ മറുപടി,

” കാള രാവിലെ വാല് പൊക്കി തുടങ്ങിയപ്പോഴേ എനിക്ക് തോന്നി. ഒരു മസാലദോശ വാങ്ങാൻ പറഞ്ഞതിന്… അല്ലേ… ഈ ഗർഭം ഉള്ളവർക്ക് മാത്രേ ഇത്‌ കഴിക്കാൻ പാടുള്ളൂ എന്നുണ്ടോ? പിന്നെ അച്ഛനാവുന്നതും സ്വപ്നം കണ്ടു കാലിന്റെ ഇടയിൽ കയ്യിട്ട് കൂർക്കം വലിച്ചുറങ്ങിയാൽ…. വേണ്ട ഞാനൊന്നും പറയുന്നില്ല. “

അതിപ്പോ കാലിന്റെ ഇടയിൽ കയ്യിട്ട് കിടക്കുന്നത് ഒരു കുറ്റമാണോ. തണുപ്പ് കൊണ്ടല്ലേ എന്ന് ചിന്തിക്കുമ്പോൾ ആണ് അടുക്കളയിൽ നിന്ന് ഒരു കരിഞ്ഞ മണം.

” നിങ്ങൾ എന്തേലും അടുപ്പത് വെച്ചിട്ടുണ്ടോ? “

സത്യം പറഞ്ഞാൽ അപ്പോഴാണ് അതോർത്തത്. ഇന്നലെ വാങ്ങി ഫ്രിഡ്ജിൽ വെച്ച ചിക്കൻ ഗർഭത്തിന്റെ സന്തോഷത്തിൽ അടുപ്പത് വെച്ചതാ.

” അയ്യോ ന്റെ കടായിചിക്കൻ ” എന്നും പറഞ്ഞ് ഞാൻ അടുക്കളയിലേക്ക് ഓടി. പൊക ഉയരുന്ന പാത്രത്തിന്റെ മൂടി തുറന്നതേ ചിക്കൻ കരിപുരണ്ട ജീവിതം പോലെ ആയിരുന്നു. ആ സന്തോഷവും കരിയുന്നതും നോക്കി ഞാൻ വ്യസനത്തോടെ നിൽക്കുമ്പോൾ അടുത്തേക്ക് വന്ന അവൾ ചെവിയിൽ പറയുന്നുണ്ടായിരുന്നു

” ഇത്‌ കടായി ചിക്കാനല്ല, ഇതാണ് കേടായ ചിക്കൻ ” എന്ന്.

വെറുതെ പുട്ടുംകുത്തി നിന്ന ഞാൻ…. ഒരു ഗർഭമോഹം വരുത്തിയ ഓരോ………

Related Posts

Leave a Reply

Your email address will not be published. Required fields are marked *