അനിയത്തിയും ഉമ്മയും സുറുമിയെ കാണാൻ അവളുടെ വീട്ടിൽ പോയ അന്ന് എത്ര ടെൻഷനോടെയായിരുന്നു കാത്തിരുന്നത്……

അക്കരെ നിന്നും…

Story written by Navas Amandoor

ഏഴാം കടലിന്റെ അക്കരെ നിന്നും അൻസിൽ സുറുമിയെ കിനാവ് കണ്ടു തുടങ്ങി.

ഉമ്മ വാട്സ്ആപ്പിൽ ഫോട്ടോ അയച്ചു തന്നപ്പോൾ എനിക്ക് അവൾ മതിയെന്ന് പറഞ്ഞ നിമിഷം മുതൽ മനസ്സുകൊണ്ട് അവളെ പ്രണയിച്ചു.

അനിയത്തിയും ഉമ്മയും സുറുമിയെ കാണാൻ അവളുടെ വീട്ടിൽ പോയ അന്ന് എത്ര ടെൻഷനോടെയായിരുന്നു കാത്തിരുന്നത്.

അനിയത്തി തസ്‌നിക്ക് അങ്ങനെ പെട്ടന്ന് ആരെയും ഇഷ്ടമാവില്ല. ഉമ്മാക്ക് അങ്ങനെയല്ല എല്ലാവരോടും ഇഷ്ടം. ദ്രോഹിച്ചവരോട് പോലും സ്‌നേഹത്തോടെ സംസാരിക്കും. ഉമ്മ എന്താണ് ഇങ്ങനെയെന്നു അൻസിൽ പലപ്പോഴും ചിന്തിക്കാറുണ്ട്. ജീവിതം നഷ്ടങ്ങളുടെ കണക്കിൽ ഉമ്മയുടെ ജീവിതം വട്ടപ്പൂജ്യമാക്കിയപ്പോൾ പഠിച്ച പാഠങ്ങളായിരിക്കും.

“ഇക്കാക്ക സംസാരിച്ചു നോക്ക്.. ഞങ്ങൾക്ക് ഇഷ്ടായി സുറുമിത്തയെ… എന്ത് നല്ല ചിരിയാണ് ആ ഇത്താത്തയുടെ… “

“ഹൌ നിനക്ക് ഇഷ്ടയല്ലോ… എന്നാപ്പിന്നെ വേറെയൊന്നും നോക്കാനില്ല…. ഇതങ്ങു ഉറപ്പിച്ചോ. “

“ഇക്കൂസെ നമ്പർ സെന്റ് ചെയ്‍തിട്ടുണ്ട്.. ഒന്ന് വിളിച്ചു സംസാരിക്ക്.. നമ്മളെ സുറുമിത്തയെ.. “

പ്രണയിചിട്ടില്ല ഇത് വരെ ഒരു പെണ്ണിനെയും. മോഹം തോന്നിയിട്ടില്ല ഒരുത്തി യോടും. സുറുമിയെ കണ്ടപ്പോൾ ഇവൾ നിന്റെയാണെന്ന് മനസ്സ് പറയുന്നു. അവൾക്ക് വേണ്ടിയായിരുന്നു ഈ കാത്തിരിപ്പെന്ന് പോലും അവനു തോന്നി.

“ഹെലോ.. അസ്സലാമുഅലൈക്കും. “

“വഅലൈക്കുമുസ്സലാം.. ആരാ…? “

“ഞാൻ അൻസിൽ.. ദുബായിൽ നിന്നും. “

“ഉം.. ഞാൻ കണ്ടു.. ഫോട്ടോ.. “

“സുറുമിക്ക് ഇഷ്ടമായോ എന്നെ..? “.

“ഇഷ്ടമായി.. “

പടച്ചോനെ ആദ്യമായി ഒരു പെണ്ണ് ഇഷ്ടം പറയുന്നു. ആദ്യമായി ഒരു പെണ്ണിനോട് ഇഷ്ടം തോന്നുന്നു. എന്തോരു അനൂഭൂതിയാണ്. മാനമാകെ കുളിരുന്നു.

ഇനി കടമ്പകൾ ഏറെയുണ്ട്. വീട്ടുകാരെ പറ്റിയും ചുറ്റുപാടും തിരക്കണം. ചെക്കന്റെ സ്വഭാവം അറിയണം.. അങ്ങനെ ഒരുപാട് നൂലാമാലകൾക്കു ശേഷമാണ് മണവാട്ടിയും മണവാളനും ഉണ്ടാകുന്നത്.

അനസിൽ കിനാവ് കണ്ടു തുടങ്ങി. അവളോട്‌ സംസാരിക്കാൻ അവൻ സമയം കണ്ടെത്തി. അനിയത്തി പറഞ്ഞത് നേരാണ്.. എന്ത് ഭംഗിയാണ് അവളുടെ ചിരി.

കണ്ണൊന്ന് അടച്ചാൽ കണ്മുൻപിൽ തെളിയുന്നുണ്ട് സുറുമിയുടെ ചിരിച്ച മുഖം. കേൾക്കാൻ കഴിയുന്ന സ്‌നേഹത്തോടെയുള്ള അവളുടെ സംസാരം.

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഉമ്മയുടെ മിസ്സ്‌കാൾ. പെട്ടെന്ന് തന്നെ തിരിച്ചു വിളിച്ചു.

“എന്താണ് ഉമ്മ…? “

“മോനെ അത്‌ നടക്കില്ല.. “

മകനെ അറിയുന്ന ഉമ്മയുടെ വാക്കിലെ സങ്കടം അൻസിൽ തൊട്ടറിഞ്ഞു. ആ ഉമ്മയും മോനും എന്നും ഇങ്ങനെയാണ്. അവന് അറിയാൻ കഴിയും ഉമ്മയുടെ ചങ്ക് പിടച്ചാൽ.. കണ്ണൊന്നു നിറഞ്ഞാൽ. പലപ്പോഴും രാത്രിയിൽ വാപ്പയുടെ ഫോട്ടോ കൈയിൽ പിടിച്ച് തേങ്ങുന്ന ഉമ്മയെ നോക്കി ഉറങ്ങാതെ കിടക്കുമ്പോൾ അൻസിലിന്റെ കണ്ണും നിറയും.

“അത്‌ സാരില്ല.. ഉമ്മാ. ഉമ്മാ വിഷമിക്കണ്ട. “

“മോനെ… ഉമ്മ നേഴ്‌സ് ആയിരുന്നെന്ന്.. അതുകൊണ്ട് അവർക്ക് താല്പര്യം ഇല്ലെന്ന്. “

“പോകാൻ പറ ഉമ്മ.. ഉപ്പ മരിച്ചപ്പോൾ കുട്ടിയായിരുന്ന എന്നെ വളർത്തിയത് പഠിപ്പിച്ചത് അന്നം തന്നത് ഉമ്മ നഴ്‌സ് ആയിട്ടാണ്… “

“എന്നാലും മോനെ ഞാൻ കാരണം “

“ഉമ്മ.. ഉമ്മ കാരണം ഞങ്ങൾ രണ്ടുപേരും നന്നായി വളർന്നു.. അത്രയുള്ളൂ… “

എത്ര പെട്ടന്നാണ് എല്ലാം മാറിയത്. ഇവിടെത്തെ കാലാവസ്ഥയും അങ്ങനെയാണ്. നോക്കി നിക്കലെ മാറും. ചിലപ്പോൾ പെട്ടെന്ന് പൊടിക്കാറ്റു ആഞ്ഞു വീശും.. ചിലപ്പോൾ വല്ലാത്ത ചൂട്.. ചിലപ്പോൾ സഹിക്കാൻ കഴിയാത്ത തണുപ്പ്.. എല്ലാം അങ്ങനെയാണ് മാറ്റങ്ങൾ ഉണ്ടാവും. മാറികൊണ്ടിരിക്കും.

“അൻസിൽ.. “

“എന്താണ് സുറുമി.. എല്ലാം കഴിഞ്ഞില്ലേ.. ഇനി എനിക്ക് മെസ്സേജ് അയക്കരുത്. “

“ഒന്നും കഴിഞ്ഞിട്ടില്ല അൻസിൽ… എനിക്ക് നിന്നെ ഇഷ്ടമാണ്. “

“വേണ്ട സുറുമി… എന്റെ ഉമ്മ നഴ്‌സാണ്. നിങ്ങക്ക് അതൊന്നും ഇഷ്ടമാവില്ല.. ഉമ്മ അന്ന് ആ കുപ്പായം ഇട്ടത് കൊണ്ടാണ് ഞാനും എന്റെ അനിയത്തിയും മൂന്ന് നേരം വിശപ്പടക്കിയത്.. പഠിച്ചത് .. ആ കാരണം കൊണ്ട് നിന്നെ നഷ്ടമയാൽ… എനിക്ക് സങ്കടമില്ല സുറുമി. “

“അങ്ങനെയൊന്നും പറയല്ലേ.. ഞാൻ ഉണ്ടാകും കൂടെ എന്നും.. “

അവൾ പിന്നെയും സ്വപ്‌നങ്ങൾ കാണാൻ പറയുന്നു. അവൾ വീണ്ടും അവന്റെ മനസ്സിൽ ആശകൾ കൊണ്ട് കൊട്ടാരം പണിയാൻ സമ്മതം കൊടുത്തു ആ കൊട്ടാരത്തിലെ റാണിയായി മനസ്സിൽ നിന്നും ഇറങ്ങി പോകാതെ അൻസിലിനെ മോഹിപ്പിക്കുന്നു.

ചിലപ്പോൾ ചില അത്ഭുതങ്ങൾ സംഭവിക്കാറില്ലെ ജീവത്തിൽ. അങ്ങനെ എന്തങ്കിലും പടച്ചവൻ അൻസിലിന്റെ ഈ ഇഷ്ടം ജീവിതമായി മാറാൻ നടക്കും.സുറുമി അവന്റെ പെണ്ണാകും. അവർ ഒരുമിച്ചു സന്തോഷത്തോടെ ഉമ്മയോടപ്പം ജീവിക്കും.

കുറച്ചു ദിവസങ്ങൾ കൊണ്ട് ഒരുപാട് ഇഷ്ടം തോന്നിപ്പോയി. മനസ്സിൽ നിന്നും പറച്ചു കളയാൻ കഴിയാത്ത വേരുകളായി അവളോടുള്ള ഇഷ്ടം ഹൃദയത്തിന്റെ അഴങ്ങളിലേക്ക് വളർന്നു.

വല്ലാതെ ആഗ്രഹിക്കുകയും ഇഷ്ടപ്പെടുകയും ചെയുമ്പോൾ നഷ്ടമായാൽ ഉണ്ടാകുന്ന സങ്കടത്തിന്റെ അളവും കൂടും. അത്‌ അറിയുന്നത് കൊണ്ടായിരിക്കും കൊച്ചു കുട്ടിയെ പോലെ കട്ടിലിൽ കിടന്ന് അൻസിൽ കരഞ്ഞിട്ടും കണ്ടവർ മിണ്ടാതെ പോയത്.

ഒരാഴ്ചയോളും സുറുമി വാട്സ്ആപ്പിൽ മെസ്സേജ് ഒന്നും അയച്ചില്ല. ഓൺലൈനിൽ പോലും വരുന്നില്ല.അങ്ങനെയാ അൻസിൽ മിസ്സ്‌ കാൾ ചെയ്തത്.

“അസ്സലാമുഅലൈക്കും.. “

“വഅലൈക്കുമുസ്സലാം.. “

“നീ എവിടെയാ സുറുമി…? “

“കുറച്ച് തിരിക്കിൽ ആയിപോയി.. എന്റെ എൻഗേജ്മന്റാണ്.. നാളെ. “

മറുപടി മെസ്സേജ് ചെയ്യാൻ കഴിയാതെ.. അൻസിൽ അവളുടെ മെസ്സേജ് പിന്നെയും പിന്നെയും വായിച്ചു..അവൾ പിന്നെയും എന്തൊക്കെയൊ അയക്കുന്നുണ്ട്. ഒന്നും കാണുന്നില്ല. കണ്ണ് നിറഞ്ഞിട്ട്.

“സോറി… എല്ലാരും കൂടി നിർബന്ധിച്ചപ്പോൾ സമ്മതിച്ചു ഞാൻ… മാപ്പ് എല്ലാത്തിനും.. ബൈ. “

വീണ്ടും സുറുമി ഓഫ്‌ലൈൻ.

തടഞ്ഞു നിർത്താൻ കഴിയുന്നില്ല കണ്ണീരിനെ. തകർന്നു പോയപോലെ നോവുന്നുണ്ട് മനസ്സ്.

“ഉം..ബൈ “

അങ്ങനെ ഒരു മെസ്സേജ് അയച്ച് അൻസിൽ കൈയിൽ ഇരുന്ന മൊബൈൽ ചുമരിലേക്ക് എറിഞ്ഞു.

അവന്റെ മനസ്സ് പോലെ മൊബൈൽ പല ക്ഷണങ്ങളായി.. പൊട്ടി ചിതറി.

“നീ എന്തിനാ വിഷമിക്കുന്നത്.. നിനക്ക് വേണ്ടി എവിടെയോ ഒരു മൊഞ്ചത്തി കാത്തിരിക്കുന്നുണ്ട്. അതുപോരെ.. പടച്ചോൻ എഴുതി വെച്ചതേ നടക്കു.. അൻസിൽ. “

“അതെ ഇക്കാ.. എന്നാലും പിന്നെ എന്തിനാ പടച്ചോൻ സുറുമിയെ കാണിച്ചു എന്നെ പറ്റിച്ചത്..? എന്തിനാ മോഹങ്ങൾ ഇല്ലാത്ത എന്റെ ഖൽബിൽ കിനാവുകൾ തന്നത്… എന്തിനാ സുറുമിയുടെ ചിരി.. എന്നെ കാണിച്ചത്. “

ആർക്കുമില്ല അവനോട് പറയാൻ മറുപടി. എന്തിനായിരുന്നു അക്കരയുള്ള അവനിൽ ഇക്കരെ നിന്നും സുറുമി ചിരി കൊണ്ട് കീഴടക്കി മനസ്സിലേക്ക് കനൽ കോരിയിട്ടത്.

“ആദ്യമായിട്ടാണ് ഒരു പെണ്ണിനോട് ഇഷ്ടം തോന്നിയത്. ആദ്യമായിട്ടാണ് ഒരു പെണ്ണ് ഇഷ്ടമെന്ന് പറഞ്ഞത്.. ആദ്യമായിട്ടാണ് ഞാൻ ഒരു പെണ്ണിന് വേണ്ടി ഇങ്ങനെ പൊട്ടി കരയുന്നത്. “

ഇതൊന്നും അറിയാത്ത ഒരു പെൺകുട്ടി ഇക്കരെയുണ്ട്. അവളാണ് അൻസിലിന്റെ മണവാട്ടി. അവളെ കാലം അവന്റെ മുൻപിൽ എത്തിക്കും വരെ സുറുമിയുടെ ചിരി അവന്റെ കണ്ണുകളെ നനച്ചു കൊണ്ടേയിരിക്കും!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *