അന്നെന്റെ വീട്ടിന്റെ കതകിലാരോ മുട്ടുന്നത് കേട്ടപ്പോൾ ഞാനൊന്ന് ഞെട്ടിപ്പോയി. ഞെട്ടാൻ കാരണമുണ്ട്. അന്ന് മുണ്ടെടുത്ത് സീലിംഗിന്റെ ഹുക്കിൽ…….

പ്രണയമാധുര്യം

എഴുത്ത് :- ശ്രീജിത്ത് ഇരവിൽ

അവളൊരു ഉണക്ക മീൻ കച്ചവടക്കാരിയായിരുന്നു. നാട്ടിലെ വീടായ വീടൊക്കെ കേറിയിറങ്ങുന്ന അവളൊരു നിമിത്തം പോലെയാണെന്റെ ജീവിതത്തിലേക്ക് പ്രവേശിച്ചത്.

അന്നെന്റെ വീട്ടിന്റെ കതകിലാരോ മുട്ടുന്നത് കേട്ടപ്പോൾ ഞാനൊന്ന് ഞെട്ടിപ്പോയി. ഞെട്ടാൻ കാരണമുണ്ട്. അന്ന് മുണ്ടെടുത്ത് സീലിംഗിന്റെ ഹുക്കിൽ കെട്ടി ചെറുതായിട്ട് ഞാനൊന്ന് കെട്ടിത്തൂ ങ്ങി ചാ കാൻ തീരുമാനിച്ച നാളായിരുന്നു..!

കതകിലാരോ മുട്ടിയ കാരണമൊന്ന് കൊണ്ട് മാത്രം മരണത്തിന്റെ ഊഞ്ഞാലിൽ കഴുത്ത് കുരുക്കിയാടാൻ എനിക്കന്ന് സാധിച്ചില്ല. കതക് തുറന്നപ്പോൾ ഒരു കൂടയുണക്ക മീൻ തലയിൽ നിന്ന് മുറ്റത്തെ തറയിൽ വെച്ച് പെണ്ണൊരുത്തി യെന്നോട് മോണവിടർത്തി ചിരിക്കുന്നു. ആ ചിരിയിലവളുടെ കെട്ടുപോയ അണപ്പല്ലിന്റെ പൊട്ടല് വരെ കാണാമായിരുന്നു..!

‘നങ്കാണ് സാറേ…. ഉണ്ണക്ക നങ്ക്…!’

“അതിന് ഞാനീ വീട്ടിൽ നിന്നിറങ്ങിയോടണോ..!?”

അതുകേട്ടപ്പോൾ അവളുടെ മുഖത്ത് നിന്നാ ചിരിയൊക്കെ ഒഴിഞ്ഞവളുടെ ചുറ്റുമുള്ള വായുവിലേക്ക് കലർന്നു.

‘വേണ്ട സാറെ….. ഞാനോടിക്കോളാം… ജീവിക്കണ്ടേ..!’

അവളത് പറഞ്ഞ് മുഴുവിപ്പിക്കും മുമ്പേ തറയിൽ നിന്നാ കൂടയെടുത്ത് തലയിലേക്ക് വെക്കാനവളുടെ കൈകൾക്ക് വല്ലാത്തയൊരു ധൃതിയായിരുന്നു.

“ഇതും കൊണ്ട് നടന്നാലെത്ര കിട്ടുമൊരു നാൾ…?”

‘അങ്ങനെയിത്രയൊന്നുമില്ല…. കേറി ചെല്ലുന്ന വീട്ടിലെയാൾക്കാരുടെ ആവശ്യവും സ്വഭാവവും പോലെ….’

എന്നും പറഞ്ഞവൾ തിരിഞ്ഞ് നടന്നപ്പോൾ വിലക്കാനോ പിൻവിളിക്കാനോ എനിക്ക് കഴിഞ്ഞില്ല. ജീവിക്കാൻ പാടുപെടുന്ന പെണ്ണൊരുത്തിയെ മുഷിപ്പി ച്ചതിന്റെ കുറ്റബോധം കാരണമായിരിക്കണം മനഃസമാധാനത്തിൽ കെട്ടി തൂ ങ്ങി ചാ കാനുള്ള മാനസികാവസ്ഥ എനിക്കന്ന് നഷ്ടപ്പെട്ടത്.

ഒരു മനപ്രയാസ്സവുമില്ലാതെ മരണത്തിന്റെ കൈകൾ മുറുക്കെ പിടിക്കാൻ പറ്റാത്തതിന്റെ ദുഃഖമായിരുന്നു എനിക്കന്ന് മുഴുവനും..!

പിറ്റേന്ന് തലേ നാളത്തെയതേ നേരത്ത് മുറ്റത്തൊരു കസേരയുമിട്ട് മീൻകാരിയെ കാത്ത് നിരത്തിലേക്ക് കണ്ണും തുറിപ്പിച്ച് ഞാനിരുന്നു. എന്റെ പ്രതീക്ഷ തെറ്റിയില്ല. ഏതാണ്ട് തലേന്നാളിലെ നേരമാകുമ്പോഴേക്കും എന്റെ മുന്നിലെ നിരത്തി ലേക്കവൾ എത്തിയിരുന്നു. ഞാനവളെ കൂകി വിളിച്ചപ്പോൾ ഒരുത്സാഹവുമില്ലാതെ അവളെന്റെ മുറ്റത്തേക്ക് വന്നു.

‘ഒരു പൊതിയെനിക്കും തന്നേക്കൂ… ഇന്നലെ താൻ വന്ന നേരം ശരിയല്ലാത്തത് കൊണ്ടാണ്…. എനിക്കങ്ങനെയൊക്കെ…’

അതുകേട്ടപ്പോൾ അവളിലിത്തിരി തെളിച്ചം വീണു. അതൊന്നും സാരമില്ല സാറേയെന്നും പറഞ്ഞവളൊരു പൊതിയുണക്ക നങ്കെടുത്ത് നീട്ടി. പണം കൊടുക്കുമ്പോൾ എന്നോട് ദേഷ്യമൊന്നും പാടില്ലായെന്നും പറ്റുമെങ്കിലെന്റെ യാത്രയുടെ മംഗളത്തിനായി പ്രാർത്ഥിക്കണമെന്നും ഞാൻ പറഞ്ഞു.

പണം വാങ്ങി ബ്ലൗസിന്റെ മുൻവശത്ത് കൈയ്യിട്ട് അവളൊരു ചെറിയ പേഴ്‌സ് പുറത്തെടുത്തു. അതിൽ നിന്ന് കണക്ക് പ്രകാരം ബാക്കിയെടുത്ത് തരുമ്പോൾ ഞാനതൊന്നും കാര്യമാക്കില്ലായെന്നും ദിനവുമങ്ങനെ എന്തൊക്കെ കേൾക്കുന്നതാണെന്നുമവൾ പറഞ്ഞു.

‘ആട്ടെ…. എവിടെക്കാണ്.. സാറിന്റെ യാത്ര…!?’

കൂടയെടുത്ത് തലയിൽ വെച്ച് കൊണ്ടാണവളത് ചോദിച്ചത്.

“മര ണത്തിലേക്കാണ്… എന്താ വരുന്നോ…!?”

അത് കേട്ടപ്പോൾ അവളൊന്നും പറയാതെയെന്നെ തന്നെ സൂക്ഷിച്ച് നോക്കി. പോ സാറെ തമാശ പറയാതെയെന്നും പറഞ്ഞവൾ തിരിഞ്ഞ് നടക്കാൻ തുടങ്ങിയപ്പോൾ തന്നെ, തമാശയല്ലെന്നേയെന്ന് കാര്യമായിട്ട് തന്നെ ഞാൻ പറഞ്ഞു.

അപ്പോഴവൾ തലയിൽ നിന്ന് കൂടയെടുത്ത് താഴെ വെച്ച് മനസ്സിലായില്ലെന്ന് ഭാവിച്ചു. മനസ്സിലാക്കി കൊടുക്കാനായി വീതം വെച്ചപ്പോൾ മുറിഞ്ഞ ജീവിതവുമായി ജീവിച്ച് മതിയായെന്ന് ഞാൻ പറഞ്ഞു. അത് കേട്ടപ്പോൾ അവളെന്നെ തുറിച്ച് നോക്കികൊണ്ട് രണ്ടടി മുന്നോട്ട് വന്നു.

‘കണ്ടാൽ പറയില്ല..!’

“എന്ത്‌..!?”

‘സാറിന് വട്ടാണെന്ന്…’

അത് കേട്ടപ്പോൾ ഞാനറിയാതെ ചിരിച്ച് പോയി. എനിക്ക് ജീവിക്കാൻ ഒരു കാരണവുമിന്ന് ഭൂമിയിൽ ബാക്കി നിൽക്കുന്നില്ലായെന്ന് ഞാൻ പറഞ്ഞപ്പോൾ ജീവിക്കാനുള്ള കാരണം നമ്മളുണ്ടാക്കുന്നതല്ലേ സാറേയെന്നവൾ എന്നെ ഉപദേശിച്ചു.

എന്തിനാണങ്ങനെ ഒരു കാര്യവുമില്ലാതെയൊരു കാരണമുണ്ടാക്കുന്നതെന്ന എന്റെ മറുപടിയിൽ അവളുടെ നാവ് നിലച്ചു.

‘എന്താണ് നിന്റെ പേര്…?’

“നളിനി “

‘നളിനിക്കാരൊക്കെയുണ്ട് വീട്ടിൽ..?’

” ഇരിപ്പിലായ അച്ഛനും.. ഏഴ് വയസ്സുള്ളയൊരു മോനും മാത്രം….!”

തുടർന്ന് പറയാൻ താല്പര്യമില്ലാത്തത് കൊണ്ടാണോ മറിച്ചെനിക്ക് വട്ട് തന്നെയെന്ന് അവൾക്ക് തോന്നിയത് കൊണ്ടാണോയെന്നറിയില്ല.., മീൻ കൂടയെടുത്ത് തലയിൽ വെച്ച് തിരിഞ്ഞ് നോക്കാതെ നടന്ന് നിരത്തിലെ വളവിലേക്കവൾ മറഞ്ഞു. അവൾ മറഞ്ഞപ്പോഴേക്കും മാനം അന്തിയുടെ ചുകപ്പൻ പഴുപ്പിലേക്ക് മുങ്ങിയിരുന്നു…!

അന്നുമെനിക്ക് മരിക്കാൻ കഴിഞ്ഞില്ല. പിറ്റേന്നും നളിനിയെ കണ്ട് സംസാരിക്കണമെന്നും പറഞ്ഞെന്റെ കരളിലാരോ ഒരജ്ഞാതൻ നുഴഞ്ഞ് കേറി മുട്ടുന്നത് പോലെ…!

സമ്പാദ്യം ഭാഗം വെച്ച് കൊടുത്തപ്പോൾ പിരിഞ്ഞ് പോയ കൂടപ്പിറപ്പുകളാ യിരുന്നുവെന്റെ ജീവനും ജീവിതവും. ആയുസ്സിന്റെ നാൽപ്പത് വർഷങ്ങളോളം അവർക്ക് വേണ്ടി ജീവിച്ചയെനിക്കവർ പകരം തന്നത് കടുത്ത അനാഥത്വമായിരുന്നു.

ഭാഗം വെച്ചപ്പോൾ ഞാനുമീ വീടും സകല ബന്ധങ്ങളിൽ നിന്നും തീർത്തും ഒറ്റപ്പെട്ടുപോയി. മരണത്തിന്റെ ക യറുമെടുത്ത് ക ഴുത്തിൽ കുരുക്കി മുറുക്കാൻ ഞാൻ തീരുമാനിച്ചതുമാ ഒറ്റപ്പെടൽ കൊണ്ടായിരുന്നുവെന്ന് പറയാതെ മനസ്സിലാക്കാമല്ലോ..!

ഞാനോർക്കുകയായിരുന്നു… നളിനിയെ കുടുംബത്തോടെയെന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചാലോയെന്ന്.. അല്ലെങ്കിലും ജീവിക്കാനുള്ള കാരണം നമ്മൾ തന്നെ കണ്ടുപിടിക്കണമെന്ന് പറഞ്ഞ അവളെയല്ലാതെ തുടർജീവിതത്തിനായി മറ്റാരെയാണ് ഞാനെന്റെ ജീവിതത്തിലേക്ക് ക്ഷണിക്കേണ്ടത്..!?

അന്നെനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. കണ്ണടച്ചാൽ നളിനിയുടെ കിളിമീൻ പോലുള്ളയാ കണ്ണുകൾ..! അവൾക്കെന്നെ ഇഷ്ട്ടപ്പെടാൻ പറ്റുമോ ഇല്ലയോ എന്നൊന്നും ഞാനോർത്തില്ല… ജീവിക്കാനുള്ള കാരണമെന്നപോലെ അന്നെന്നിൽ തട്ടുന്ന ശ്വാസത്തിനെല്ലാമൊരു ഉണക്ക മീനിന്റെ കൂർത്ത മണമായിരുന്നു .

ജീവിക്കാൻ പ്രേരിപ്പിക്കുന്നയാ ശ്വാസത്തിന്റെ ഗന്ധത്തിനെ പ്രേമമെന്നല്ലാതെ മറ്റെന്താണ് ഞാൻ വിളിക്കുക അല്ലേ ..!!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *