അന്ന് രണ്ടുവയസ്സുകാരനെയും തോളിലിട്ട്‌ ബാഗുമെടുത്ത്‌ ഇറങ്ങുമ്പോൾ മനസ്സ് ശൂന്യമായിരുന്നു. എങ്ങോട്ട് പോകും? എന്തു ചെയ്യും……

ഇറങ്ങിപ്പോയവൾ..

എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി

അന്ന് രണ്ടുവയസ്സുകാരനെയും തോളിലിട്ട്‌ ബാഗുമെടുത്ത്‌ ഇറങ്ങുമ്പോൾ മനസ്സ് ശൂന്യമായിരുന്നു. എങ്ങോട്ട് പോകും? എന്തു ചെയ്യും?

പക്ഷേ മനസ്സ് പറഞ്ഞു:

മരിക്കരുത്, നിനക്കൊരു കുഞ്ഞുണ്ട്, നിന്നെ മാത്രം വിശ്വസിച്ച് ഭൂമിയിലേക്ക് വന്ന കുഞ്ഞ്. അതിനോട് നിനക്ക് ചില ഉത്തരവാദിത്തങ്ങളുണ്ട്..

കൂട്ടുകാരികളെയെല്ലാം രണ്ട് ദിവസം വീതം ബുദ്ധിമുട്ടിച്ചു. നാലാമത്തെ കൂട്ടുകാരിയെ തേടിപ്പോയ ദിവസമാണ് അവളുടെ അച്ഛൻ പറഞ്ഞത്, ഇവിടെ അടുത്തൊരു വീടുണ്ട്, അവിടെ അവ൪ തനിച്ചാണ്. മക്കളൊക്കെ വിദേശത്താ. അവ൪ക്ക് കൂട്ടിനു ഒരാളാകും. നിന്നെയും കുഞ്ഞിനെയും അവിടെ താമസിപ്പിക്കാൻ പറ്റുമോ എന്ന് ഞാനൊന്നു ചോദിച്ചുനോക്കാം. ഇടയ്ക്കിടെ ഞാൻ വന്ന് അന്വേഷിക്കാം. മോള് ദൂരെയെങ്ങും പോകണ്ട…

ആ പാദങ്ങളിൽ വീണുനമിക്കാൻ തോന്നി. അത്തരം ദയ കല൪ന്ന വാക്കുകൾ അതിനു മുമ്പ് അപരിചിതമായിരുന്നു.

അവിടെ എത്തിയപ്പോൾ ലതച്ചേച്ചി ഇരുകൈയും നീട്ടി തന്നെ സ്വീകരിച്ചു. കുഞ്ഞുമോനെ വാരിയെടുത്തു. കൊച്ചുമക്കളെ താലോലിക്കാൻ വെമ്പിനിൽക്കുന്ന ഒരു വാത്സല്യനിധിയായിരുന്നു ലതച്ചേച്ചി.

ഒരു ചെറിയ ജോലി ശരിയായപ്പോൾ കുഞ്ഞിനെ ഏൽപ്പിച്ചു പോകാൻ വലിയ വിഷമമായിരുന്നു ആദ്യമൊക്കെ. പക്ഷേ ലതച്ചേച്ചിയുടെ സ്നേഹം തന്റെ ഉള്ളിലെ ആശങ്കകളെ അകറ്റി. വൈകുന്നേരം വരുമ്പോഴും സമാധാനത്തോടെ ശാഠ്യമില്ലാതെ കളിക്കുന്ന മോനെ കാണുമ്പോൾ മനസ്സിൽ കുളിര് വീണു.

പതിവുരീതികളിലൂടെ, ഡൈവോഴ്സും അനുബന്ധ ചടങ്ങുകളും കഴിഞ്ഞു. ഒരുരൂപ പോലും വാങ്ങിയില്ല. എന്റെ കുഞ്ഞിനെ നോക്കേണ്ട ഉത്തരവാദിത്തം എനിക്ക് മാത്രമാണ് എന്ന് തീരുമാനിച്ചിരുന്നു.

പക്ഷേ തക൪ന്നുപോയത് ആകസ്മികമായി ലതച്ചേച്ചി മരിച്ചപ്പോഴാണ്. വർഷങ്ങളോളം കൂടെ നിന്ന തന്നെ വിദേശത്ത് നിന്ന് വന്ന മക്കൾ ഒരു ദയയുമില്ലാതെ ഇറക്കിവിട്ടു. ഒന്നുകിൽ വാടക കൊടുക്കണം, അത്രയും വലിയ വീടിന് വാടക കൊടുക്കാൻ തന്റെ ശമ്പളം മതിയാകുമായിരുന്നില്ല…

മോനന്ന് അഞ്ചിലായിരുന്നു. പിന്നീടുള്ള തുഴച്ചിൽ, അരക്ഷിതബോധം… അച്ഛനും അമ്മയും മരിച്ചപ്പോൾ പോലും സഹോദരങ്ങൾ അറിയിച്ചില്ല. തന്നിഷ്ടം കാട്ടി ഇറങ്ങിപ്പോയവൾ എന്ന കുറ്റം ചാ൪ത്തി അവരവരുടെ ഇഷ്ടം നടപ്പാക്കി.

വർഷങ്ങൾ എത്ര കടന്നുപോയിരിക്കുന്നു. വയസ്സ് അമ്പത്തിരണ്ടായി. മകന് ജോലിയായി. ഇന്നലെ ബസ്സിൽ വരുമ്പോൾ അയാൾ സ്റ്റെപ്പ് കയറുന്നതിനു തൊട്ടടുത്ത സീറ്റിലിരിക്കുന്നു. കണ്ടില്ലെന്നു വെച്ചു. സ്റ്റോപ്പിൽ ഇറങ്ങിയപ്പോൾ മുതൽ തന്നെ ആരോ പിന്തുടരുന്നത് പോലെ ഒരു തോന്നൽ. തിരിഞ്ഞുനോക്കാൻ മനസ്സ് വന്നില്ല.

ധൃതിയിൽ കാല് വലിച്ചു നടന്നു. വീടെത്തി പൂമുഖത്തേക്ക് കയറുമ്പോൾ അദ്ദേഹം പുറത്തേക്കിറങ്ങിവന്നു. തന്റെ പിന്നിൽ വരുന്ന ആളോട് ചോദിച്ചു:

ഉം, ആരാ?

അയാളുടെ തിരിച്ചുള്ള ചോദ്യം:

നിങ്ങളാരാ? ഇവളെവിടെയാ താമസിക്കുന്നത്, ആരുടെ സംരക്ഷണയിലാ എന്നറിയാൻ വന്നതാ…

എനിക്ക് ആരെയും സംരക്ഷിക്കാനൊന്നുമറിഞ്ഞുകൂടാ.. ഇവിടെയാ താമസം..

കൃത്യസമയത്താണ് മകനും കയറിവന്നത്. മുറ്റത്ത് നിൽക്കുന്ന ആളാരാണെന്ന ഭാവത്തിൽ അവൻ ചോദിച്ചു:

ഇതാരാ മാമാ?

ആ വിളിയിൽ മുറ്റത്ത് നിന്നയാൾ പതറി. ഞാൻ നിന്റെ അച്ഛനാണെന്നു പറയാനുള്ള ധൈര്യം ആ മുഖത്ത് കണ്ടില്ല. ജാള്യതയോടെ തിരിഞ്ഞു നടക്കുമ്പോൾ പിന്നിൽ നിന്നും ഉയർന്ന ഒരു സ്വരം മാത്രം അയാളുടെ കാതിൽ വീണു.

കൂടെപ്പിറപ്പാകാൻ ഒരു വയറ്റിൽ ജനിക്കണമെന്നില്ല…

തലകുനിച്ച് ഇറങ്ങിപ്പോകുന്ന ആ രൂപം കണ്ണിൽ നിന്ന് മറയുന്നതുവരെ നോക്കിനിൽക്കുമ്പോൾ ആ കൈപിടിച്ച് വലതുകാൽ വെച്ച് ആ വലിയ തറവാട്ടിൽ കയറിയതോ൪ത്തുപോയി ഒരു നിമിഷം.

മകന്റെ ചോദ്യം കേട്ടാണ് പരിസരബോധം വന്നത്.. അമ്മേ, അതാണ് അച്ഛൻ അല്ലേ…?

Related Posts

Leave a Reply

Your email address will not be published. Required fields are marked *