അപ്പോഴാണ് പേര് ഒന്നുകൂടി പേപ്പറിൽ നോക്കിയത്. താൻ എഴുതിയത് പ്രതീഷ് എന്നാണ്. കൈകാലുകൾ വിറച്ചു. ആകെ പരിഭ്രമിച്ചു. എന്താ ചെയ്യുക……

പതിനെട്ടാമടവ്.

എഴുത്ത് :ഭാഗ്യലക്ഷ്മി. കെ. സി.

ഷെഫായി ജോലിക്ക് കയറിയിട്ട് രണ്ടര വർഷമായി. നല്ല തിരക്കുള്ള ഹോട്ടലാണ്. ശമ്പളവും അതിനനുസരിച്ച് കിട്ടും. നക്ഷത്രങ്ങൾ കൂടുന്തോറും വരുന്ന അതിഥികളുടെ നിലവാരവും കൂടും. നിലവാരം കൂടുന്തോറും ഫുഡ് ഓഡ൪ ചെയ്യുന്ന രീതികൾ മാറും.

ചൂടോടെ, പറഞ്ഞതിനുശേഷം മാത്രം ഉണ്ടാക്കുന്ന വിഭവങ്ങൾ അധികം വൈകാതെ തയ്യാറാക്കി മുന്നിലെത്തിക്കണം. രുചി കുറയാനും പാടില്ല. നല്ല ടെൻഷനുള്ള ജോലിയാണ്.

ചില ദിവസം കേക്ക് ഉണ്ടാക്കാനായിരിക്കും ഓഡ൪ വരിക. ബേ൪ത്ഡേ പാ൪ട്ടിയുണ്ട്. അമ്പത് പേ൪ക്ക് ഫുഡ് പ്ലസ് കേക്ക് എന്നൊക്കെയാണ് ചിലപ്പോൾ വിളിച്ചു പറയുക. പേരെഴുതുന്നതോ, മറ്റുള്ളവയോ മാറിപ്പോയാൽ മുഖം കറുക്കുന്നവരും ചീ ത്ത വിളിക്കുന്നവരുമൊക്കെ പണക്കാരുടെ ഇടയിലും ധാരാളമുണ്ട്.

ബേ൪ത്ഡേ എന്നെഴുതേണ്ടത് മാറി ആനിവേഴ്സറി എന്നെഴുതിയാൽ തീ൪ന്നില്ലേ..
രാജു എന്നതിനുപകരം രാജി എന്നായാൽ പോയില്ലേ.. ബ്ലാക്ക് ഫോറസ്റ്റിന് പകരം റെഡ് വെൽവെറ്റ് കേക്ക് കഴിക്കാത്തവ൪ ഇഷ്ടംപോലെയുണ്ട്. എല്ലാം വിശദമായി ചോദിച്ചറിഞ്ഞ് എഴുതിയെടുത്ത് നന്നായി ചെയ്താൽ മാനേജർ വന്ന് അഭിനന്ദിക്കും. കഴിഞ്ഞു. ഹോട്ടൽ മുതലാളിയെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. എന്നാലും അധികം കുഴപ്പങ്ങളിൽച്ചെന്ന് ചാടാതെ ഓരോദിനവും മുന്നോട്ട് തള്ളിനീക്കുകയായിരുന്നു.

മകൾക്ക് ചെറിയൊരു ഓപ്പറേഷൻ കഴിഞ്ഞതാണ്. അതിന് കടംവാങ്ങിയ പണം കൊടുത്ത് തീ൪ത്തിട്ടുവേണം നാട്ടിലേക്കൊന്ന് പോകാൻ. ഇന്നലെയും അവൾ ചോദിച്ചു:

അച്ഛനെന്നാ വരിക?

വരാം മോളേ.. പെട്ടെന്ന് വരാം..

മോൾക്ക് എങ്ങനെയുണ്ട്?

എനിക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ലച്ഛാ.. അച്ഛനെ കാണാൻ കൊതിയായിട്ടാ..

അധികം വൈകാതെ വരാട്ടോ..

പിന്നേ.. നിന്റച്ഛൻ തിരക്കൊഴിഞ്ഞിട്ട് ലീവെടുത്ത് വരുന്നകാര്യം കണ്ടറിയണം.. എപ്പോഴും ഓരോ മുടന്തൻ ന്യായം പറയാനുണ്ടാവും മോളോട്..

അമ്മയുടെ കമന്റ് കൂടികേട്ട് മകളുടെ മുഖം വാടിയതുകണ്ട് അയാൾ വേഗം കാൾ കട്ട് ചെയ്തു.

അവളുടെ മുന്നിൽ പിടിച്ചുനിന്നെങ്കിലും ഫോൺ വെച്ചതിനുശേഷം കണ്ണീ൪ വാ൪ത്തു.

ഇന്ന് ശ്വാസം കഴിക്കാൻ നേരമില്ലാത്തവിധം തിരക്കായിരുന്നു. ഇരുന്നൂറ് പേ൪ക്ക് സ്പെഷ്യൽ കോഴിബിരിയാണി ഉണ്ടാക്കി. ഫ്രൂട്ട് സാലഡ്, ചിക്കൻ ടിക്ക എല്ലാം തയ്യാറായി. നാല് കിലോയുടെ കേക്ക് രാവിലെ തന്നെ ചെയ്തുവെച്ചിരുന്നു. ഇനിയതിൽ എഴുതേണ്ടതൊക്കെ ഒന്ന് ക്രീം ചേ൪ത്ത് എഴുതണം. പിന്നെ അല്പം ഡക്കറേഷൻ. വിളമ്പിക്കൊടുക്കുക കൂടി ചെയ്താൽ ഇന്നത്തെ ജോലി കഴിഞ്ഞു. അതിന് ഹെൽപ്പ൪ ഉണ്ട്.

എല്ലാവരും വന്നു. ആദ്യം തന്നെ ഡ്രിങ്കിങ് വാട്ട൪ സെ൪വ് ചെയ്തു. കേക്ക് കട്ട് ചെയ്യാൻ അഞ്ച് മിനുറ്റ് കൂടിയുണ്ട്. പോക്കറ്റിൽനിന്നും പേപ്പ൪ എടുത്ത് നോക്കി എല്ലാം എഴുതിവെച്ചു. അത് ഒരു വലിയ ട്രേയിലെടുത്തുവെച്ചു. അവ൪ വിളിക്കുമ്പോൾ കേക്കുമായി ചെല്ലണം.

ബിരിയാണി വിളമ്പാൻ വലിയ പാത്രത്തിൽ റെഡിയാക്കിവെച്ചിട്ടുണ്ട്. പ്ലേറ്റുകൾ, ഗ്ലാസ്സുകൾ എല്ലാം എടുത്തുവെച്ചു. ഇന്ന് വരുന്നവ൪ ഹോട്ടൽ മുതലാളിയുടെ അടുത്ത ആളുകളാണ്. അതുകൊണ്ടുതന്നെ മാനേജ൪ക്ക് ഒരല്പം പരിഭ്രമമുണ്ട്.

എല്ലാം ഓകെയല്ലേ?

അതേ..

മാനേജർ കിച്ചണിൽവന്ന് ഭക്ഷണമൊരുക്കിയതൊക്കെ തുറന്ന് നോക്കി.

ഓകെ..

തൃപ്തിയോടെ അയാൾ വരുന്നവരെയൊക്കെ ഇരുത്താൻ വേണ്ട കാര്യങ്ങളുടെ മേൽനോട്ടത്തിനായി റിസപ്ഷനിലേക്ക് പോയി. ഡൈനിംഗ് ഹാളിൽ വരുന്നവരൊക്കെ ബേ൪ത്ഡേ ബോയിയെ വിഷ് ചെയ്യുന്നുണ്ട്.

ഹാപ്പി ബേ൪ത്ഡേ പ്രത്യുഷ്…

അപ്പോഴാണ് പേര് ഒന്നുകൂടി പേപ്പറിൽ നോക്കിയത്. താൻ എഴുതിയത് പ്രതീഷ് എന്നാണ്. കൈകാലുകൾ വിറച്ചു. ആകെ പരിഭ്രമിച്ചു. എന്താ ചെയ്യുക.. കുറച്ച് സമയം കിട്ടിയാൽ പതിയെ മാറ്റിയെഴുതാമായിരുന്നു.

അതാ.. തന്നെ വിളിക്കുന്നു.. ഇനിയിപ്പോൾ തയ്യാറായ കേക്കുമായി പോകാതെ തരമില്ല. പെട്ടെന്നാണ് മനസ്സിലൊരു ബുദ്ധി തോന്നിയത്. കേക്കിന്റെ ട്രേയുമായി ടേബിളിനടുത്തേക്ക് പോകുമ്പോൾ പരവതാനിയിൽ കാലുടക്കി വീഴുക. കേക്ക് താഴെ വീഴാതെ പിടിച്ച് എന്നാൽ മുകളിലെഴുതിയ അക്ഷരങ്ങൾമാത്രം അല്പം പോറലോടെ മേശമേൽ വെക്കുക..

സക്സസാവാൻ ഒരുശതമാനം പോലും സാധ്യതയില്ലാതിരുന്നിട്ടുകൂടി അങ്ങനെ ചെയ്യാമെന്നുറച്ച് മുന്നോട്ടു നീങ്ങി. അതാ ഒരു കുസൃതിക്കുരുന്ന് ഓടിവരുന്നു. താനൊഴിഞ്ഞുമാറിയിട്ടും തന്നെ തള്ളിമാറ്റി അവനാ ബേ൪ത്ഡേ ബോയിക്കിട്ട് രണ്ട് പൊട്ടിച്ച് ഹാപ്പി ബേ൪ത്ഡേ പ്രത്യുഷ് എന്ന് പറഞ്ഞു. അവ൪ കെട്ടിപ്പിടിച്ച് ചിരിച്ചു. തെന്നിവീഴാൻപോയ തന്നെ പ്രത്യുഷിന്റെ അച്ഛനാണ് താങ്ങിയത്.

എല്ലാവരും ആ കുസൃതിക്കുട്ടിയുടെ അടിയും കെട്ടിപ്പിടിച്ച ചിരിയും നോക്കിനിൽക്കുന്നതിനിടയിൽ, താൻ നേരെനിന്ന് മേശമേൽ കേക്ക് വെച്ച് കൈയിലുള്ള കത്തികൊണ്ട് പേരിലുള്ള രണ്ട് ഈയുടെ നടുവിൽ ഒരു വരവീഴ്ത്തി.

അയ്യോ സ൪, പേരിലെ യു ഐ ചെറുതായി മാഞ്ഞുപോയി.

പ്രത്യുഷിന്റെ അച്ഛനോട് പറഞ്ഞു.

അയാൾ പറഞ്ഞു:

അതൊന്നും സാരമില്ലെടോ.. ഇതൊക്കെ ഇപ്പോൾ തന്നെ മുറിച്ച് മുഖത്ത് വാരിത്തേക്കുന്ന പിള്ളേരാ ഈ വന്നത് മുഴുവൻ.

അതിനിടയിൽ നമ്മളെ ഓരോ കഷണം തിന്നാൻ സമ്മതിച്ചാൽ മതിയാരുന്നു..

അയാളുടെ സുഹൃത്തിന്റെ ന൪മ്മത്തിൽ കേട്ടുനിന്നവ൪ ചിരിച്ചു.

പക്ഷേ ആശ്വാസത്തോടെ അകത്ത് അടുത്ത വിഭവമെടുക്കാൻ വന്ന തന്റെ കാതിൽ മാനേജർ വന്ന് സ്വകാര്യമായി പറഞ്ഞു:

ഉം..ഈ പ്രാവശ്യം രക്ഷപ്പെട്ടു, പക്ഷേ ഇതൊരു പതിവാക്കണ്ട..

അയാൾ കണ്ടിരിക്കുന്നു..

പിടിക്കപ്പെട്ടു എന്ന് തോന്നിയപ്പോൾ തന്റെ മുഖം വിളറി.

മാനേജർ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു:

താൻ ഒരുനിമിഷംകൊണ്ട് ഒഴിഞ്ഞുമാറിയില്ലായിരുന്നെങ്കിൽ താഴെവീണ് ആ കേക്ക് മുഴുവൻ നാശമായേനേ.. അതിന് തന്നെ സമ്മതിച്ചിരിക്കുന്നു..

അയാൾ പുറത്ത് തട്ടി തിരിച്ചുപോയപ്പോഴാണ് ശ്വാസം നേരെവീണത്.

ബിരിയാണി വിളമ്പിക്കൊടുത്ത് എല്ലാവരും ആസ്വദിച്ച് കഴിക്കുന്നത് കണ്ടപ്പോൾ തീരുമാനിച്ചു:

ഇനി തനിക്ക് ലീവ് വേണം.. മോളെ കണ്ടിട്ട് ബാക്കികാര്യം..

Related Posts

Leave a Reply

Your email address will not be published. Required fields are marked *