അമ്മയെ സമാധാനിപ്പിച്ചു കോൾ കട്ട്‌ ചെയ്തെങ്കിലും,കാര്യങ്ങൾ എങ്ങനെ അച്ഛനോടും ഏട്ടനോടും അവതരിപ്പിക്കണമെന്ന് എനിയ്ക്കൊരു രൂപവും…….

തീരുമാനം …

എഴുത്ത് :- സൂര്യകാന്തി (ജിഷ രഹീഷ് )

“വിനു നീ കരുതുന്നത് പോലെ അത്ര ഈസിയല്ല കാര്യങ്ങൾ, അറിയാലോ..?

ഫോണിലൂടെ അമ്മയുടെ സ്വരം ഇടറുന്നുണ്ടായിരുന്നു…അമ്മയുടെ വിവാഹക്കാര്യം അച്ഛനും ഏട്ടനും അറിഞ്ഞാൽ ഉണ്ടാകുന്ന ഭൂകമ്പം എനിയ്ക്ക് ഊഹിക്കാം..…

എന്നാലും ഞാൻ അമ്മയെ സമാധാനിപ്പിച്ചു..

“അതൊക്കെ ഞാൻ നോക്കിക്കോളാം.. അമ്മ വെറുതെ ടെൻഷനടിക്കേണ്ട..”

അമ്മയെ സമാധാനിപ്പിച്ചു കോൾ കട്ട്‌ ചെയ്തെങ്കിലും,കാര്യങ്ങൾ എങ്ങനെ അച്ഛനോടും ഏട്ടനോടും അവതരിപ്പിക്കണമെന്ന് എനിയ്ക്കൊരു രൂപവും ഉണ്ടായിരുന്നില്ല…

എന്റെ അമ്മ.. ഇത് വരെ എനിയ്ക്കും ചേട്ടനും വേണ്ടി മാത്രം ജീവിച്ച ഞങ്ങളുടെ അമ്മ..

അമ്മ ഒറ്റ മോളായിരുന്നു.. അമ്മയുടെ അമ്മ ഒരാളെ സ്നേഹിച്ചിരുന്നു…വിവാഹത്തിന് മുൻപേ തന്നെ അമ്മമ്മയുടെ ഉള്ളിൽ ഒരു ജീവൻ കുരുത്തിരുന്നു.. അവർ തമ്മിൽ അമ്പലത്തിൽ വെച്ച് മാലയിട്ടെങ്കിലും അച്ഛച്ചന്റെ വീട്ടുകാർ ആ ബന്ധം അംഗീകരിച്ചില്ല..,ഇരു വീട്ടുകാരും നാട്ടിലെ പേര് കേട്ട തറവാട്ടു കാരായിരുന്നു…അവർക്ക് അപമാനം വരുത്തി വെച്ചെന്ന പേരിൽ അമ്മയുടെ വീട്ടുകാരും വിട്ടുകൊടുത്തില്ല..

അമ്മമ്മയെ സ്വീകരിച്ചാൽ അച്ഛച്ചൻ ഒറ്റപ്പെടുമെന്ന് മനസ്സിലാക്കിയപ്പോൾ അമ്മമ്മ അച്ഛച്ചനോടൊപ്പം പോകാൻ തയ്യാറായില്ല…അച്ഛച്ചൻ അമ്മമ്മയോട് പിണങ്ങി നാട് വിട്ടു…

കുഞ്ഞിനെ ഒഴിവാക്കാതെ,അമ്മമ്മയെ സ്വീകരിക്കില്ലെന്ന് അവരുടെ വീട്ടുകാരും തീർത്തു പറഞ്ഞെങ്കിലും അമ്മമ്മ വഴങ്ങിയില്ലത്രേ..

അകന്ന ബന്ധത്തിലുള്ള,, ഒറ്റയ്ക്ക് താമസിയ്ക്കുന്ന ഒരു അമ്മൂമ്മ അമ്മമ്മയെ കൂടെ കൂട്ടി.. അവിടെ വെച്ച് അമ്മ ജനിച്ചു..അരപ്പട്ടിണിയുമായി മുൻപോട്ട് പോകുന്നതിനിടയിൽ ആ അമ്മൂമ്മ മരിച്ചു പോയി..

പിഞ്ചു കുഞ്ഞിനേയും കൊണ്ട് അമ്മമ്മ ഒരുപാട് കഷ്ടപ്പെട്ടു.. ആരും സഹായത്തിനില്ല.. വിശപ്പ് സഹിയ്ക്കാൻ വയ്യാതെ പെരുച്ചാഴിയെ വരെ ചുട്ടു തിന്നാറുണ്ടായിരുന്നെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്..…

എന്നിട്ടും ആള് തളർന്നു പോയില്ല, ആരെയും ആശ്രയിക്കാനും നിന്നില്ല… കൂലിപ്പണി ചെയ്തിട്ടാണേലും കുഞ്ഞിനെ വളർത്തി…

അമ്മയുടെ ചെറുപ്പകാലം മുഴുവനും അവഗണന നിറഞ്ഞതായിരുന്നു. പരിഹാസവും കുത്തുവാക്കുകളും തൊടുത്തു വിടുമ്പോൾ,ആ കുഞ്ഞു മനസ്സ് മുറിയുന്നതും ചോരയൊലിക്കുന്നതും ആരറിയാൻ..?

അച്ഛച്ചന്റെ ബന്ധുക്കൾ ഒരിക്കലും അമ്മയെ അംഗീകരിച്ചിരുന്നില്ല.. അമ്മമ്മയുടെ ബന്ധുക്കളും തീണ്ടാപ്പാട് അകലെ നിർത്തിയതേയുള്ളൂ…

എന്തിനാണ് സമൂഹം തന്നെ അകറ്റി നിർത്തുന്നതെന്നും പരിഹസിക്കുന്നതെന്നും തിരിച്ചറിയാനാവാതെ ആ മനസ്സ് ഒത്തിരി വേദനിച്ചിട്ടുണ്ടാവും…

തന്റെ ബന്ധുക്കൾ കണ്ടിട്ടും കാണാത്തത് പോലെ, ഒരു വാക്ക് മിണ്ടാതെ പോവുമ്പോൾ, കൊതിയോടെ, വേദനയോടെ നോക്കി നിന്നിട്ടുണ്ടെന്ന് അമ്മ പറഞ്ഞിട്ടുണ്ട്…

വളരുന്നതനുസരിച്ചു അമ്മയ്ക്ക് കാര്യങ്ങളൊക്കെ മനസ്സിലായെങ്കിലും സ്നേഹം വെച്ചു നീട്ടിയ ഒരുവനെ അമ്മയും വിശ്വസിച്ചു…

പതിനഞ്ചാം വയസ്സിൽ,അയാൾ അമ്മയെ സ്വന്തം നാട്ടിലേയ്ക്ക് കൂട്ടി കൊണ്ടു പോയി.. തന്നെ എക്കാലത്തും വേദനിപ്പിച്ച, തന്റെ നാട്ടിൽ നിന്നും എങ്ങോട്ടെങ്കിലും പോകാൻ,അമ്മയും ആഗ്രഹിച്ചിരുന്നു..

നിയമപരമായി വിവാഹം കഴിക്കാതെ, അവർ ഒരുമിച്ചു ജീവിച്ചു തുടങ്ങി.. സ്വപ്നം കണ്ടതും സങ്കല്പിച്ചു കൂട്ടിയതുമൊന്നുമല്ല കിട്ടിയതെന്ന് തിരിച്ചറിയുമ്പോഴേക്കും അമ്മ ഗർഭിണിയായിരുന്നു..

അച്ഛൻ,പതിയെ,തികഞ്ഞ മ ദ്യപാനിയായി മാറുന്നത് നിസ്സഹായതയോടെ കണ്ടു നിൽക്കാനേ അമ്മയ്ക്ക് കഴിഞ്ഞുള്ളൂ.. അതിനിടയിൽ എന്റെ ജനനവും…

വീട്ടിലെ അടുപ്പ് പുകഞ്ഞോ ഇല്ലയോ എന്നത് അച്ഛനൊരു വിഷയമായിരുന്നില്ല…വീണ്ടും പട്ടിണിയും പരിവട്ടവുമായി ജീവിതം മുൻപോട്ട് പോവുന്നതിനിടെ, ഞങ്ങളെ പട്ടിണിയ്ക്കിടാൻ വയ്യാഞ്ഞ് അമ്മ ജോലിയ്ക്ക് പോകാൻ തുടങ്ങി..

പലപ്പോഴും,അമ്മ ജോലിയ്ക്ക് പോയി കൊണ്ടു വരുന്ന കാശ് തട്ടിപ്പറിച്ചെടുത്ത് മ ദ്യപിക്കാനായി പോവുന്ന അച്ഛൻ.. സമാധാനമെന്തെന്ന് അറിയാത്ത ജീവിതം..

പാവം,അമ്മയുടെ കണ്ണീരു കാണാത്ത ദിവസങ്ങളില്ല.. അമ്മമ്മയും ഞങ്ങളോ ടൊപ്പമുണ്ടായിരുന്നു.. അച്ഛനുമായുള്ള ബന്ധത്തിന് ആദ്യം മുതലേ അമ്മമ്മയ്ക്ക് താല്പര്യമില്ലായിരുന്നു.. തന്റെ ജീവിതം പോലെ, മകളുടെ ജീവിതവും ഉരുകി ത്തീരുന്നത് കണ്ടു നിൽക്കാനായിരുന്നു അവരുടെ വിധി..

അച്ഛനോട് എനിക്കൊരു അടുപ്പവും തോന്നിയിട്ടില്ല.. നല്ല കാലത്ത് ഏട്ടനെ കുറച്ചൊക്കെ ഓമനിച്ചിട്ടുള്ളത് കൊണ്ടാവാം,ഏട്ടന് അച്ഛനോട് ഒരു മമതയുള്ളത് പോലെ തോന്നിയിട്ടുണ്ട്..

പേരിനു മാത്രമുള്ള അച്ഛനെ എനിക്കൊരിക്കലും അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല…

അതിനിടെ അമ്മയ്ക്ക് ദുബായിൽ ഒരു ജോലി ശരിയായി.. ഞങ്ങളെ പിരിഞ്ഞു പോകാൻ അമ്മ മടിച്ചു.. പോകണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ കഴിയാതിരുന്ന അമ്മയോട്,അമ്മമ്മയാണ് പറഞ്ഞത്, എങ്ങനെയെങ്കിലും പോയി രക്ഷപ്പെടാൻ…അവസാന കച്ചിത്തുരുമ്പാണ്.. അച്ഛന് ഒരു മാറ്റം,ഒരിക്കലും ഉണ്ടാവാൻ പോവുന്നില്ലെന്ന് ഉറപ്പാണ്.. ഒരു ജോലിയ്ക്കും പോകാതെ, ഓസിന് ക ള്ളും കുടിച്ചു ജീവിക്കുക,എന്നതിൽ കവിഞ്ഞൊരു ലക്ഷ്യവും അച്ഛനില്ല…

അങ്ങനെ അമ്മ ദുബായിൽ പോയി.. അമ്മയെ പിരിഞ്ഞ സങ്കടമായിരുന്നു എനിയ്ക്കും ചേട്ടനും.. അവിടെ അമ്മയും ഉരുകുന്ന മനസ്സുമായാണ് കഴിഞ്ഞത്…

അമ്മമ്മ ആശ്വാസമായി കൂടെയുണ്ടെങ്കിലും,മ ദ്യപിച്ചെത്തി ബഹളം വെയ്ക്കുന്ന അച്ഛൻ,നാണക്കേടും വേദനയുമൊക്കെയായിരുന്നു…

അങ്ങനെ പതിയെ,അമ്മ കൂടെയില്ലാതെ ഞങ്ങൾ ജീവിക്കാൻ ശീലിച്ചു തുടങ്ങി…

അമ്മ പോവുന്നത് വരെ,അതിനു എതിരായിരുന്ന അച്ഛൻ കാശ് കിട്ടി തുടങ്ങി യപ്പോൾ പ്ലേറ്റ് മാറ്റി, എന്നാലും അമ്മയുടെ കാശിനു മ ദ്യപിച്ച്, അഴിഞ്ഞാടുന്നതിനോ, അമ്മയെ അസഭ്യങ്ങൾ വിളിച്ചു പറയുന്നതിനോ ഒരു കുറവും വന്നില്ല..

പതിയെ ഞങ്ങളുടെ ജീവിതം മെച്ചപ്പെട്ടു തുടങ്ങി.. വാടക വീട്ടിൽ നിന്നും സ്വന്തമായൊരു വീട്ടിലേയ്ക്കെത്തി ഞങ്ങൾ.. ഇഷ്ടമുള്ള ആഹാരവും വസ്ത്രങ്ങളുമൊക്കെ കിട്ടി തുടങ്ങിയതോടെ,ഞങ്ങളും സന്തുഷ്ടരായെങ്കിലും, അച്ഛന്റെ സ്വഭാവത്തിനു മാത്രം ഒരു മാറ്റവും വന്നില്ല…

ഞാൻ ജനിച്ചു അധികം കഴിയും മുൻപേ അമ്മ അച്ഛനിൽ നിന്നും മാനസികമായി അകന്നു കഴിഞ്ഞിരുന്നു.. തിരിച്ചറിവില്ലാത്ത പ്രായത്തിൽ,മോഹനവാഗ്ദാനങ്ങൾ നൽകി കൂടെ കൂട്ടിയെങ്കിലും,തന്നെയോ മക്കളെയോ സംരക്ഷിക്കാതെ,മ ദ്യത്തിൽ അഭയം തേടിയ അച്ഛനോട്‌ പൊറുക്കാനോ,സ്നേഹിക്കാനോ, അമ്മയ്ക്കും കഴിഞ്ഞിട്ടുണ്ടാവില്ല..

ആദ്യമേ തന്നെ,അകന്നു പോയിരുന്ന ഇരുവരും, പതിയെ ഇരുധ്രുവങ്ങളിലേയ്ക്ക് പൊയ്ക്കഴിഞ്ഞിരുന്നു.. അച്ഛനെ സംബന്ധിച്ചിടത്തോളം,പണം നൽകുന്ന, മ ദ്യപിച്ചു എന്തെങ്കിലുമൊക്കെ വിളിച്ചു പറയാനുള്ള ഒരു പേരായിരുന്നു അമ്മ…

അമ്മ ലീവിനു വരുമ്പോൾ സന്തോഷമാണെങ്കിലും,ആ പാവം തിരികെ പോകുന്നത് വരെ ഒരു സ്വൈര്യവും കൊടുക്കാറില്ല അച്ഛൻ…

സ്കൂൾ കഴിഞ്ഞു,ഞങ്ങൾ ഇരുവരും ആഗ്രഹിച്ചത് തന്നെ പഠിച്ചു.. ഏട്ടന് ഒരു ഇഷ്ടമുണ്ടായിരുന്നു.. ദുബായിൽ തന്നെ ഏട്ടന് ഒരു ജോലിയാക്കി കൊടുത്തതും, ആ വിവാഹം നടത്തി കൊടുത്തതും, അമ്മ മുൻകൈ എടുത്തായിരുന്നു…

ഞാനും ഏട്ടന്റെ പാത പിന്തുടർന്ന് സ്വന്തം ജീവിതം തീരുമാനിച്ചപ്പോഴും, അമ്മ കൂടെ തന്നെ നിന്നു..

‘ആരെന്തു പറഞ്ഞാലും,എന്റെ കുഞ്ഞുങ്ങളുടെ സന്തോഷത്തിലും വലുതായി എനിയ്ക്കൊന്നുമില്ല ‘

എന്നാണ് അമ്മ പറഞ്ഞത്…

മക്കൾക്ക് ജോലിയും കുടുംബവുമൊക്കെ ആയെങ്കിലും അമ്മ തിരികെ വന്നില്ല.. ആൾക്ക് പ്രായവും അധികമില്ലായിരുന്നു..

വീട് എനിയ്ക്കായിരുന്നു, അച്ഛനും എന്റെ കൂടെയാണ്.. ചേട്ടന്റെ ഷെയർ ഞാൻ കൊടുത്തതിനു പുറമെ,പുതിയൊരു വീട് വെക്കാനായി അമ്മയും സഹായിച്ചിരുന്നു…

ഞങ്ങൾ കുടുംബമായി യാത്ര ചെയ്യുമ്പോൾ, അല്ലെങ്കിൽ ഒരുമിച്ചിരിക്കുമ്പോൾ, ചിലപ്പോഴൊക്കെ,ഞങ്ങളെ നോക്കുന്ന അമ്മയുടെ മിഴികളിൽ,ഒരു നഷ്ട ബോധത്തിന്റെ നിഴലാട്ടം ഞാൻ ശ്രെദ്ധിച്ചിട്ടുണ്ട്…

മക്കളെ പോലെ മരുമക്കളെയും അമ്മ കൈ വെള്ളയിൽ തന്നെയാണ് കൊണ്ടു നടന്നത്…

കൂടെയൊരാൾ ഇല്ലാതിരുന്ന നഷ്ടബോധം, പലപ്പോഴും ഞാൻ അമ്മയിൽ കണ്ടിരുന്നു.. തമാശയായിട്ടാണെങ്കിലും പറയുന്ന വാക്കുകളിൽ ഒളിപ്പിയ്ക്കുന്ന വേദന…ആരുമില്ലാതെ ഒറ്റയ്ക്ക് തുഴയുമ്പോൾ ഒരു കൂട്ട് അമ്മയും ആഗ്രഹിച്ചിരിക്കില്ലേ…?

മക്കൾക്ക് കുടുംബമൊക്കെ ആയെങ്കിലും അച്ഛന് മാത്രം മാറ്റമൊന്നും വന്നില്ല..

മക്കളുടെ എന്നത് പോലെ കൊച്ചു മക്കളുടെ കാര്യത്തിലും അമ്മ കുറവൊന്നും വരുത്തിയില്ല..

ദുബായിൽ ജോലി കിട്ടിയതിന് ശേഷം,ഞാൻ ഇടയ്ക്കിടെ അമ്മയെ ചെന്ന് കാണും.. ഒരു മകനെന്നതിലുപരി ഞങ്ങൾ കൂട്ടുകാരെ പോലെയായത് കൊണ്ടാവും, മുൻപും ഇപ്പോഴും,ജോലി സ്ഥലത്ത് നിന്നും ഇടയ്ക്കിടെ വന്നിരുന്ന പ്രൊപ്പോസലുകളെ പറ്റി,അമ്മ കളിയായി എപ്പോഴൊക്കെയോ പറഞ്ഞിരുന്നു.. അമ്മ സുന്ദരിയാണ്.. ജീവിതത്തിന്റെ കാഠിന്യം ആരോഗ്യത്തേയോ സൗന്ദര്യ ത്തെയോ ബാധിച്ചിരുന്നില്ല…

ഒരിക്കൽ തമാശയായി ഒരു ആലോചനയെ പറ്റി പറഞ്ഞപ്പോൾ,ഞാനും പറഞ്ഞു…

“അമ്മയെന്തിനാ നോ പറഞ്ഞത്..? നല്ലതാണെങ്കിൽ നമുക്ക് നോക്കാംന്നേ..”

പെട്ടെന്ന് ഞാനങ്ങനെ പറഞ്ഞത് കൊണ്ടാവാം, അമ്മ നിശബ്ദയായി..പിന്നെ ഒരിക്കലും അമ്മ അങ്ങനെയൊരു കാര്യം പറഞ്ഞതേയില്ല…

ദുബായിയിലെ ഓഫീസിൽ വെച്ചാണ് അയാൾ എന്നെ കാണാൻ വന്നത്..

‘ബീനയുടെ മോനല്ലേ…’എന്ന് ചോദിച്ചായിരുന്നു തുടങ്ങിയത്.. ആൾക്ക് ആകെയൊരു ചളിപ്പ് ഉണ്ടായിരുന്നുവെങ്കിലും പുള്ളിക്കാരൻ കാര്യം വ്യക്തമായി തന്നെ പറഞ്ഞു…

ആളുടെ ഭാര്യ വളരെ മുൻപേ തന്നെ മരിച്ചു പോയതാണ്.. ഒരു മോളുണ്ട്.. അവളുടെ വിവാഹം കഴിഞ്ഞതാണ്..

‘എന്റെ അമ്മയെ വിവാഹം കഴിച്ചു കൂടെ കൂട്ടാൻ ആഗ്രഹമുണ്ടെ’ന്നു പറഞ്ഞപ്പോൾ ഞാനാകെ പകച്ചു പോയി…

“ബീനയ്ക്ക് മക്കള് കഴിഞ്ഞേ മാറ്റാരുമുള്ളൂ.. നിങ്ങൾ സമ്മതിച്ചാൽ ഒരു പക്ഷെ അവളും സമ്മതിച്ചേക്കും.. എനിയ്ക്കിഷ്ടമാണ്…”

കാര്യങ്ങൾ തുറന്നു സംസാരിക്കുന്ന അയാളുടെ നിലപാട് എനിക്കിഷ്ട മായെങ്കിലും, എന്ത് പറയണമെന്ന് എനിക്കറിയില്ലായിരുന്നു..

അച്ഛൻ..?

നിയമപരമായി അച്ഛനും അമ്മയും വിവാഹം കഴിച്ചിട്ടില്ല.. കാലങ്ങളായി ഞങ്ങളുടെ അച്ഛനും അമ്മയും മാത്രമായി കഴിയുന്നവർ…അവർ തമ്മിൽ ഒരു അടുപ്പമോ,പരസ്പരസ്നേഹമോ ബഹുമാനമോ ഉള്ളതായി എനിക്കൊരിക്കലും തോന്നിയിട്ടില്ല..

അയാളോട് കൃത്യമായി ഒരു മറുപടി പറഞ്ഞില്ലെങ്കിലും മനസ്സാകെ അസ്വസ്ഥമായി.. സോഷ്യൽ മീഡിയയിൽ, അമ്മയുടെ അല്ലെങ്കിൽ അച്ഛന്റെ രണ്ടാം വിവാഹം നടത്തി കൊടുത്ത മക്കളെ കണ്ടു ഞാനും കയ്യടിച്ചിട്ടുണ്ട്..

പക്ഷെ സ്വന്തം അനുഭവത്തിൽ വന്നപ്പോൾ…

സമൂഹം…?

അപ്പോഴാണ് ഞാനതിനെ പറ്റി കൂടുതൽ ആലോചിക്കുന്നത്..

എന്ത് കൊണ്ട് ചിന്തിച്ചു കൂടാ..? നല്ല പ്രായം പകുതിയിലേറെയും മക്കൾക്ക് വേണ്ടിയാണ് ജീവിച്ചത്…

എന്റെ ഭാര്യയോട് പറഞ്ഞപ്പോൾ,അവളും എതിർപ്പൊന്നും പറഞ്ഞില്ല…അച്ഛന്റെ സ്വഭാവവും അവർ തമ്മിലുള്ള ബന്ധവും അവളും കണ്ടറിഞ്ഞതാണല്ലോ…

പക്ഷെ ഏട്ടൻ ഇതറിഞ്ഞപ്പോൾ പൊട്ടിത്തെറിയ്ക്കുകയാണ്‌ ചെയ്തത്..

“മക്കളും കൊച്ചുമക്കളുമൊക്കെ ഉള്ളപ്പോൾ ഇനിയൊരു കല്യാണം.. അതും അച്ഛൻ ജീവിച്ചിരിക്കുമ്പോൾ..? “

അച്ഛനെ പറ്റി പറഞ്ഞപ്പോൾ എനിക്കെന്തോ ചിരിയാണ് വന്നത്…അമ്മ മരിച്ചു പോയെന്ന് പറഞ്ഞാലും ‘അത് നന്നായി, അല്ല അവളുടെ കാശ് വല്ലതും ഉണ്ടായിരുന്നോ ‘ എന്നതിനപ്പുറം മറ്റൊന്നും അച്ഛന് പറയാനുണ്ടാവില്ല…അത് ഏട്ടനും നന്നായി അറിയാവുന്നതാണ്…

ഏട്ടന്റെ പ്രതികരണം അറിഞ്ഞാവും,ഇനി അതിനെ പറ്റിയൊരു സംസാരം വേണ്ടെന്ന് അമ്മ അറുത്തു മുറിച്ചു പറഞ്ഞു.. പക്ഷെ അമ്മയുടെ മനസ്സൊന്നു വേദനിച്ചത് പോലെ എനിയ്ക്ക് തോന്നി..

പിന്നെ അതിനെ പറ്റി ഒന്നും സംസാരിച്ചില്ലെങ്കിലും,അമ്മയെ കാണുമ്പോഴും സംസാരിക്കുമ്പോഴുമൊക്കെ എന്റെയുള്ളിൽ വല്ലാത്തൊരു കുറ്റബോധം നീറിത്തുടങ്ങി..ഇപ്പോഴും തികഞ്ഞ ഊർജ്ജസ്വലതയോടെ ഓടിനടന്നു കാര്യങ്ങൾ ചെയ്യുന്ന എന്റെയമ്മ.. ആ സൗന്ദര്യത്തിന് ഇപ്പോഴും മങ്ങലേറ്റിട്ടില്ല…

എപ്പോഴൊക്കെയോ അമ്മയുടെ സംസാരത്തിൽ നിന്നും, അമ്മയ്ക്കും അയാളോട് ഒരു മമതയുണ്ടെന്ന് എനിയ്ക്ക് തോന്നി…

അയാളെ പിന്നീട് ഒന്ന് രണ്ടിടത്തും വെച്ച് കണ്ടിട്ടും, ഒരു മുഷിച്ചിലും ഇല്ലാതെ ആളെന്നോട് സംസാരിച്ചു..

കാര്യങ്ങൾ പറഞ്ഞപ്പോൾ ഏടത്തിയമ്മയ്ക്കും എതിർപ്പൊന്നും ഉണ്ടായിരുന്നില്ല…മരുമക്കൾക്ക് രണ്ടു പേർക്കും അമ്മയെ നന്നായി അറിയാം…

അമ്മയോട് സംസാരിച്ചപ്പോൾ ആദ്യം എതിർത്തു.. പതിയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയപ്പോൾ,അർദ്ധ സമ്മതം കിട്ടി…

ഏട്ടനൊരിക്കലും സമ്മതിക്കില്ലെന്ന് എനിയ്ക്കുറപ്പായിരുന്നു.. എപ്പോഴോ, ഒരിക്കൽ കാശിന്റെ കാര്യത്തിൽ അമ്മയുമായി വഴക്കിട്ടപ്പോൾ ‘വയസ്സായാൽ ഞാൻ നിങ്ങളെ നോക്കാനൊന്നും പോണില്ലെന്ന്’അമ്മയുടെ മുഖത്ത് നോക്കി പറഞ്ഞയാളാണ്…

അച്ഛനോട് സൂചിപ്പിച്ചപ്പോൾ പ്രതീക്ഷിച്ചത് പോലെ ഒരു ബഹളമായിരുന്നു.. അമ്മ വിവാഹം കഴിക്കുന്നു വെന്നതിലുപരി, കിട്ടിക്കൊണ്ടിരുന്ന കാശ് നിന്നു പോകുമോയെന്നായിരുന്നു അച്ഛന്റെ വേവലാതി…ഒട്ടും വൈകാതെ,അച്ഛൻ നാടൊട്ടുക്കും അമ്മയെ പറ്റി അപവാദങ്ങൾ പറഞ്ഞു നടന്നു…

പ്രതീക്ഷിച്ചത് പോലെ അടക്കം പറച്ചിലുകളും പരിഹാസവും കുത്തുവാക്കു കളുമൊക്കെയുണ്ടായി..

ആദർശം വാക്കുകളിൽ മാത്രം ഒതുക്കിയ നിരവധി പേരെ കണ്ടു.. കാര്യങ്ങൾ ഒന്നും അറിഞ്ഞില്ലെങ്കിലും,അഭിപ്രായം പറയുന്നവരെ മനസ്സിലാക്കി…

നമ്മളുടെ ജീവിതം വാക്കുകളാൽ മറ്റൊരാളെ പറഞ്ഞു മനസ്സിലാക്കിക്കാൻ കഴിയില്ലെന്ന്, തിരിച്ചറിഞ്ഞു…

പക്ഷെ അമ്മയുടെ ദുരിതങ്ങളും കഷ്ടപ്പാടുകളും കണ്ടു വളർന്ന എനിയ്ക്ക് തളർന്നു മാറി നിൽക്കാൻ കഴിയില്ലായിരുന്നു…

എല്ലാത്തിനുമൊടുവിൽ,ഇന്നെന്റെ അമ്മയുടെ വിവാഹമാണ്…ദുബായിൽ വെച്ചു തന്നെ…

ഇനിയും അപവാദങ്ങൾ കേൾക്കേണ്ടി വരും.. പരിഹാസശരങ്ങൾ നേരിടേണ്ടി വരും..

പക്ഷെ….

ഇന്ന്,ഭർത്താവിനെ നോക്കുന്ന അമ്മയുടെ കണ്ണുകളിൽ പ്രതീക്ഷകളുണ്ട്, സ്നേഹമുണ്ട്, വിശ്വാസവും…

അത് മതിയായിരുന്നു എനിയ്ക്ക്.. എന്റമ്മ സന്തോഷവതിയാണ്.. എന്നാലും ഉള്ളിൽ എവിടെയോ,ഏട്ടന്റെ സാന്നിധ്യം അമ്മയും ആഗ്രഹിച്ചിട്ടുണ്ടാവും….

💕

യഥാർത്ഥ ജീവിതത്തിൽ ആ അമ്മ തീരുമാനം എടുത്തിട്ടില്ല.. മകന്റെ ആഗ്രഹമാണിത്…ഇനിയുള്ള കാലമെങ്കിലും, തനിയ്ക്ക് വേണ്ടി അവർ ജീവിക്കട്ടെ…അല്ലേ…?

Related Posts

Leave a Reply

Your email address will not be published. Required fields are marked *