അയാളവളെ ഗാഢം പുണർന്നു. ആർത്തിരമ്പിയ സങ്കടക്കടൽ പതിയെ ശാന്തമായി. പരസ്പരം ചേർന്നു കിടക്കുമ്പോൾ, അവരറിയുന്നുണ്ടായിരുന്നു കാലത്തിനേ, തങ്ങളെ…….

കുടവട്ടം നിഴൽ

എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട്

ഉടൽവേഴ്ച്ചയുടെ രണ്ടാം ഘട്ടത്തിലേക്കുള്ള സഞ്ചാരത്തിനിടയിലാണ്, സുധീർ തണുത്തുറഞ്ഞത്. അനാവൃതമായ ദേഹത്താൽ അവനെ ഏറ്റുവാങ്ങിയ സനിത , കൂമ്പിയടഞ്ഞ മിഴികളെ വിടർത്തി ഭർത്താവിനെ നോക്കി. അയാളുടെ കണ്ണുകളിൽ അന്നേരങ്ങളിൽ സ്ഫുരണം ചെയ്യാറുള്ള വൈരപ്രഭയില്ലായിരുന്നു.?പതിവു സോപ്പുമണത്തെ, അയാളുടെ സുപരിചിതമായ വേർപ്പുഗന്ധം കീഴടക്കിയിരിക്കുന്നു. അയാൾ, സനിതയിൽ നിന്നും വഴുതിയൂർന്നിറങ്ങി, ചുളിഞ്ഞുലഞ്ഞ മുണ്ടു വാരിച്ചുറ്റി കട്ടിൽത്തലയ്ക്കലിരുന്നു. കയ്യെത്തിച്ച്, മേശമേലിരുന്ന സ്റ്റീൽ പാത്രത്തിലെ ജലമെടുത്തു മടുമടാ കുടിച്ചു. വാതിൽക്കലേക്കു കണ്ണു നട്ടു.

അവൾ, കിടക്കവിരിയെടുത്ത് ഉടൽ പൊതിഞ്ഞ് അയാൾക്കരികിലിരുന്നു. അയാളുടെ വിയർപ്പു പൊടിഞ്ഞ ദേഹത്ത് ഗാഢം പുണർന്നു.

“എന്തു പറ്റി? അപ്പുറത്തു നിന്നു കുട്ടികളുടെ ശബ്ദം കേട്ടോ? ഞാനറിഞ്ഞില്ലല്ലോ,?പാതിര കഴിഞ്ഞു. അവരുറങ്ങുകയാവും.?കുട്ടികളുടെ ഒച്ചയോ, ഉറക്കം മുറിയലോ ഉണ്ടായാലാണല്ലോ ഇങ്ങനെ വരാറ്. എന്തുണ്ടായി?”

സുധീർ, അതിനു മറുപടി പറഞ്ഞില്ല. അയാൾ, മേശപ്പുറത്തു നിന്നും മൊബൈൽ ഫോണെടുത്തു തുറന്നു. വാട്സ് ആപ്പ് മെസേഞ്ചറിൽ, അയാളയച്ച ശബ്ദ സന്ദേശം ഒരിക്കൽ കൂടി വച്ചു. അവളതിലേക്കു കാതു കൂർപ്പിച്ചു.

“സുരേഷേ, ഞാൻ അന്നേ പറഞ്ഞിരുന്നതല്ലേ, എനിക്ക് ഒരാറു ലക്ഷം രൂപാ തന്ന് തറവാട്ടുപറമ്പും പുരയിടവും നീയെടുത്തോളാൻ, വീടുപണി ഏതാണ്ടു പൂർത്തി യാക്കാൻ എനിക്കത്രയും കാശു വേണമായിരുന്നു. അന്നു, നീയതു കേട്ടില്ല.?വേണമെങ്കിൽ, തറവാട്ടു വീടിൻ്റെ ആധാരം വച്ച് ലോണെടുത്തോളാൻ നീ പറഞ്ഞു. സനിതയുടെ മുഴുവൻ ആഭരണങ്ങളും വിറ്റ് സ്ഥലം വാങ്ങി, ഹൗസിംഗ് ലോണെടുത്തു വീടു പണിഞ്ഞ എനിക്ക്, ആറു ലക്ഷത്തിൻ്റെ കൂടി പോരായ്കയുണ്ടായിരുന്നു.

നമുക്ക് ഒരു പോലെ അവകാശമുള്ള സ്വത്തിൻ്റെ മുഴുവൻ ഭാഗവും നിനക്കു തരാമെന്നു പറഞ്ഞാണ്, ഞാൻ അത്രയും പണം ചോദിച്ചത്. നമ്മള് വളർന്ന വീട്,?അച്ഛനും അമ്മയും ആ മണ്ണിലുറങ്ങുന്നു. നിനക്ക് പഠിക്കാനും, എഞ്ചിനീ യറാകാനും വിദേശത്തു പോകാനും സാധിച്ചു. ടൗണിൽ സ്ഥലമെടുത്ത്, വീടു പണിയാനും കഴിഞ്ഞു. നാട്ടിൽ, ഓട്ടോ ഓടിച്ചു ജീവിക്കുന്ന എനിക്ക് എല്ലാം വൈകിയാണു കൈവന്നത്.

എനിക്ക് സ്വന്തമായി, കഴിഞ്ഞ കാലത്തിൻ്റെ ഓർമ്മകളേയുള്ളൂ. അത്, ആദ്യം നഷ്ടപ്പെട്ടത് നമ്മുടെ അച്ഛനും അമ്മയ്ക്കുമായിരുന്നു. നിൻ്റെ ശമ്പളത്തിൻ്റെ അക്കങ്ങളുടെ വർദ്ധനവാകാം അതിനു കാരണമായത്. നീ നഗരത്തിലേക്കു മാറിയ ശേഷം, ആ തറവാട്ടുവീട്ടിൽ അവർ ഞങ്ങൾക്കൊപ്പം എത്ര വിഷമിച്ചാണ് ജീവിച്ചത്. അനാവശ്യ ആരോപണങ്ങളുമായി അവർ, സനിതയെ എത്ര നോവിച്ചു. ഒരുവേള, അഭിസാരികയെന്നു കൂടി മുദ്ര കുത്തി. ഇവിടുത്തെ കുട്ടികളെ സദാ ശപിച്ചു. എന്നിട്ടു, അകാരണമായി പിണങ്ങിയിറങ്ങിപ്പോയി.

നിൻ്റെയരികിൽ അവർ പൂർണ്ണ സംതൃപ്തരായിരുന്നോ? പുറം നാട്ടിലിരുന്നു നീയും, ഇവിടെ സ്മിതയും അവരെ എത്ര പുലഭ്യം പറഞ്ഞു. വേദനിപ്പിച്ചു. പലതിൽ ചിലതെല്ലാം ഞാനറിയുന്നുണ്ടായിരുന്നു. ഞാനവരെ, അവിടെ വന്നു വിളിച്ചതാണ്. ഇങ്ങോട്ടു മടങ്ങിവരാൻ. ദുരഭിമാനം, നമുക്കെല്ലാവർക്കും വേണ്ടുവോളമുണ്ടല്ലോ. അവർ വന്നില്ല. രണ്ടു വർഷത്തെ ഇടവേളയിൽ രണ്ടുപേരും നമ്മെ വിട്ടുപോയി.?നമ്മുടെ തറവാട്ടുപറമ്പിൽ അന്തിയുറങ്ങുന്നു.

ഞാൻ, തറവാട്ടിൽ തുടർന്നേനെ. പക്ഷേ, നിൻ്റെ സ്മിതയ്ക്കായിരുന്നല്ലോ ഏറ്റവും എതിർപ്പ്.?ജോലി കിട്ടിയ ശേഷം, നീയാ വീടു പുതുക്കിയെന്നതു സത്യമാണ്. പുത്തൻ ഗൃഹോപകരണങ്ങൾ വാങ്ങിച്ചു. പക്ഷേ, നീ താമസം മാറ്റിയപ്പോൾ അവയെല്ലാം പരമാവധി കൊണ്ടുപോകുകയും ചെയ്തു. എന്നിട്ടും, അവൾ എന്തൊക്കെയാണു പറഞ്ഞത്.

ഹൗസിംഗ് ലോൺ പതിനഞ്ചായിരവും, സഹകരണ ബാങ്കിൽ തറവാടു പണയപ്പെടുത്തിയ വകയിൽ പതിനായിരവും മാസം അടയ്ക്കണം. ഞാൻ, പരമാവധി മുടക്കങ്ങളില്ലാതെ അടയ്ക്കുന്നുണ്ട്. സഹകരണ ബാങ്കിലെ തുക നീയടച്ചു തീർത്ത്, വസ്തു മുഴുവൻ നീയെടുത്തോളൂ. നേരിട്ട്, ഇത്ര പറയാൻ എനിക്കു വാക്കുകൾ കിട്ടുന്നില്ല. അതുകൊണ്ടാ വോയ്സ് മെസേജ് ഇടുന്നത്.
മോനു സുഖമാണോ??അവൻ, ഈ വർഷം എട്ടാം ക്ലാസിലേയ്ക്കല്ലേ? വല്ലിച്ഛൻ്റെയും, വല്ല്യമ്മയുടെയും , ചേച്ചിമാരുടെയും അന്വേഷണം അറിയിക്കണം.?എന്നാ, ശരീ ടാ. നീ, ആലോചിച്ചു പറയ്”

ശബ്ദസന്ദേശം പൂർത്തിയായി. സനിത, സുധീറിൻ്റെ മുഖത്തേക്കു നോക്കി.?വിയർപ്പു ചാലുകളുണങ്ങിയ മുഖത്ത്, മനസ്സിൻ്റെ വിക്ഷുബ്ധതകൾ പ്രതിഫലിക്കുന്നുണ്ടായിരുന്നു. പോയകാലത്തിൻ്റെ കഷ്ടതകളും, അരിഷ്ടതകളും അനുഭവിച്ച മൂത്ത മകൻ്റെ സംഘർഷങ്ങൾ. ഒടുവിൽ, തിരസ്കരണമെന്ന പതിവു രീതികളുടെ കാരമുള്ളുകളാൽ മുറിവേറ്റ ഹൃദയത്തിൻ്റെ പിടപ്പ്, എല്ലാം അറിയാൻ കഴിയുന്നുണ്ട്.

“ഏട്ടൻ, ഇതയച്ചിട്ട് രണ്ടു ദിവസമായില്ലേ? സുരേഷ്, അതിനു മറുപടി തന്നുമില്ലല്ലോ. അന്നതോർത്ത് ഇത്തിരി വ്യസനിച്ചതല്ലേ, ഇന്നെന്താണ് അക്കാര്യമോർക്കാൻ? സുരേഷിനും സ്മിതയ്ക്കുമില്ലാത്ത സ്നേഹം, അവരുടെ മോനു നമ്മളോടുണ്ടല്ലോ; അതു മതി. അടുത്ത തലമുറയെങ്കിലും, ധനം ബന്ധങ്ങളുടെ ഭദ്രതയുടെ അളവുകോലായി കണക്കാക്കാതെയിരിക്കട്ടെ. അഭിമോനും, നമ്മുടെ മക്കളും എന്നും നല്ല കൂടപ്പിറപ്പുകളാവട്ടേ”

സുധീർ, ഒന്നു നിശ്വസിച്ചു. എന്നിട്ട്, വീണ്ടും ഫോണെടുത്തു.

“ഞാനയച്ച മെസേജ്, സുരേഷ് സ്മിതയ്ക്കു ഫോർവേഡു ചെയ്തിരുന്നു. അതിനവൾ , സ്വന്തം കെട്ടിയോനയച്ച മെസേജ് അഭിക്കുട്ടൻ എനിക്കു ഫോർവേഡു ചെയ്തു. എന്നിട്ട്, അവൾ കാണാതെ ഡിലിറ്റ് ചെയ്തു കാണണം. വലിയച്ഛനും ഡിലിറ്റു ചെയ്യണം, വല്യമ്മയെ കേൾപ്പിക്കേണ്ടാ എന്നാണ് മോൻ പറഞ്ഞത്. ഇന്ന്, അത്താഴത്തിനു മുൻപാണ് ഞാനാ മെസേജ് കേട്ടത്. നീ കൂടി കേട്ടോ”

അയാൾ മെസേഞ്ചർ തുറന്നു. സ്മിതയുടെ ചിലമ്പിച്ച ശബ്ദം ചിതറിയെത്തി.

“നിങ്ങടെ ചേട്ടൻ്റെ ബുദ്ധിമുട്ട് തീരണ കാലം ഉണ്ടാവില്ല. കൂലിപ്പണിക്കു പോയി അനുജനെ പഠിപ്പിച്ച കഥ നാട്ടിൽ കേട്ടുമടുത്തിട്ടാണ് ടൗണിലേക്കു വന്നത്. തറവാട് പോയാലും സാരല്യാ, ഒരു പൈസ കൊടുക്കേണ്ട. നമുക്ക് വേണ്ട, നിങ്ങടെ തറവാട്.?അയാള് വല്ല്യ അഭിമാനിയല്ലേ, എങ്ങനെയെങ്കിലും അടച്ചോളും. അല്ലെങ്കിൽ, സുന്ദരിക്കോത ഭാര്യയുണ്ടല്ലോ. വീട്ടിലിരുന്നു തയ്ക്കാണ്ട്, വല്ല ജോലിക്കും പൊയ്ക്കോട്ടെ. വല്ല്യ രംഭയല്ലേ, ജോലി കിട്ടാണ്ടിരിക്കില്ല. നിങ്ങള്, നാട്ടിലുണ്ടായിരുന്നെങ്കിൽ അവള് നിങ്ങളെ മയക്കി പണം വാങ്ങിയേനെ. എനിക്ക് ചന്തമില്ലെങ്കിലും, എൻ്റെ അച്ഛൻ തന്ന കാശിനു ചന്തമുണ്ടായിരുന്നല്ലോ ല്ലേ? നിങ്ങടെ ചേട്ടൻ്റെ കുടുംബത്തിൻ്റെ കാര്യം എനിക്കു കേൾക്കണ്ടാ..”

പിന്നേയും എന്തൊക്കെയൊ അധിക്ഷേപങ്ങൾ ഒഴുകി വന്നു. അയാൾ,മെസേജ് നിർത്തി, അതു ഡിലിറ്റ് ചെയ്തു. ഒന്നു നെടുവീർപ്പിട്ടു. സനിത, അയാൾക്കരികി ലേക്കു ചേർന്നിരുന്നു. പോയകാലത്തിൻ്റെ സ്മൃതികളാലാകാം, അയാൾ, പൊടുന്നനെ വിങ്ങിപ്പൊട്ടി.?അവളയാളെ ചേർത്തുപിടിച്ചു.

“സാരല്യാ, നമ്മള് രണ്ടുപേരും, ഒരു മരുഭൂമിയിലെ ഒറ്റ വൃക്ഷമാണ്. മനസ്സു കൊണ്ടും, ശരീരം കൊണ്ടും. നമ്മുടെ നിഴലിൽ രണ്ടു പേർക്കു വിശ്രമിക്കാൻ മാത്രമിടമുണ്ട്. നമ്മുടെ മക്കൾക്ക്… ആ നിഴൽവട്ടം മായാതിരിക്കട്ടേ. നമുക്കതു മതി. നമ്മുടെ ബുദ്ധിമുട്ടുകളും ഒരിക്കൽ തീരും. വിഷമിക്കേണ്ട”

അയാളവളെ ഗാഢം പുണർന്നു. ആർത്തിരമ്പിയ സങ്കടക്കടൽ പതിയെ ശാന്തമായി. പരസ്പരം ചേർന്നു കിടക്കുമ്പോൾ, അവരറിയുന്നുണ്ടായിരുന്നു; കാലത്തിനേ, തങ്ങളെ കീഴടക്കാൻ കഴിയൂവെന്ന്. രാത്രി നീണ്ടു, പുഞ്ചിരി വഴിയുന്ന പുലരിയിലേക്ക്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *