അയൽക്കൂട്ടത്തിനു വന്ന ആളുകൾക്കിടയിൽ വെച്ച് സരസ്വതി കളിയാക്കിയത് കേട്ട് വല്ലാത്തൊരു അവസ്ഥയിലായിരുന്നു പത്മ. ” ഒരുകാലത്ത്‌ ഭർത്താവിനെ…….

എഴുത്ത് :- മഹാ ദേവൻ

” എടി പത്മേ, നിന്റ മോൻ എന്നും നാല് കാലിൽ ആണല്ലോടി വരവ്. നിനക്കൊക്കെ ഒന്ന് പറഞ്ഞ് മനസ്സിലാക്കാക്കിക്കൂടെ. അതെങ്ങനാ.. അവന്റെ അച്ഛനും മോശമൊന്നും അല്ലായിരുന്നല്ലോ.. വിത്ത്ഗുണം പത്തു ഗുണം. “

അയൽക്കൂട്ടത്തിനു വന്ന ആളുകൾക്കിടയിൽ വെച്ച് സരസ്വതി കളിയാക്കിയത് കേട്ട് വല്ലാത്തൊരു അവസ്ഥയിലായിരുന്നു പത്മ. ” ഒരുകാലത്ത്‌ ഭർത്താവിനെ പറ്റിയായിരുന്നു നാട്ടുകാർക്ക് കളിയാക്കിപറയാൻ ഉണ്ടായിരുന്നത്, ഇപ്പോൾ മകനെ പറ്റിയും. എങ്ങനെ ആയാലും എനിക്ക് സ്വസ്ഥത ഇല്ലല്ലോ ദൈവമേ “.

കുത്തുവാക്കുകൾ വേദനിപ്പിച്ചു തുടങ്ങിയപ്പോൾ ആളുകൾക്കിടയിൽ നിന്നും വേഗം വീട്ടിലേക്ക് പോന്നു അവർ.

” എന്നാലും ന്റെ സരസ്വതി, നീ എന്തിനാണ് അവളോട് ഇതൊക്കെ പറയാൻ പോയേ? അവളുടെ അവസ്ഥ ഇവിടെ എല്ലാവർക്കും അറിയുന്നതല്ലേ. ആ പെണ്ണിന്റ കഷ്ടകാലം. അതൊക്കെ അറിഞ്ഞിട്ടും നിന്റ ഈ ചൊറിച്ചിലുണ്ടല്ലോ…. ഇങ്ങനെ പറഞ്ഞിട്ട് നിനക്ക് എന്ത് സുഖമാണാവോ കിട്ടുന്നത്. കഷ്ട്ടം “

അയൽക്കൂട്ടത്തിനു വന്നവരിലൊരാൾ വിഷമത്തോടെ ചോദിച്ചത് സരസ്വതിക്ക് അത്രയ്ക്ക് അങ്ങ് പിടിച്ചില്ല.. ” അല്ലെങ്കിലും ഉള്ളത് മുഖത്തു നോക്കി പറഞ്ഞാ എനിക്ക് ശീലം. പിന്നെ ആ ചെക്കൻ അങ്ങനേ ആയെങ്കിൽ ഇവളുടെ ഒക്കെ വളർത്തുദോഷം കൊണ്ടല്ലേ.. പിള്ളേരെ നേരാവണ്ണം വളർത്തണം. ന്നാ ഇത്ര സങ്കടപ്പെടേണ്ട ആവശ്യം ഒന്നുമില്ല. അവളു വിഷമിച്ചു പോകാൻ മാത്രം ഞാൻ ഒന്നും പറഞ്ഞില്ല. അത്രയ്ക്ക് നാണക്കേട് തോന്നിയെങ്കിൽ നന്നായിപ്പോയി “

സരസ്വതിയോട് പറഞ്ഞിട്ട് ജയിക്കാൻ കഴിയില്ലെന്ന് അറിയാവുന്നത് കൊണ്ട് തർക്കിക്കാൻ നിൽക്കാതെ അയൽക്കൂട്ടത്തിനു ശേഷം എല്ലാവരും പിരിഞ്ഞു.

പലപ്പോഴും മകന്റെ വരവ് കണ്ടു കരഞ്ഞുറങ്ങിയിട്ടുണ്ട്. എന്നും ക ള്ള് കുടിച്ചു വഴക്കുണ്ടാക്കുന്ന അവനെ കാണുന്നത് തന്നെ വെറുപ്പായി തുടങ്ങിയിരുന്നു. ദിവസങ്ങൾ, മാസങ്ങൾ… സ്വസ്ഥതയില്ലാത്ത രാത്രികൾ. സങ്കടം പലപ്പോഴും പട്ടിണികിടക്കലിലേക്ക് മാറുമ്പോൾ ” ഭക്ഷണം കഴിച്ചോ ” എന്ന് പോലും ചോദിക്കാൻ ആരുമില്ലാതെ ഒറ്റപ്പെട്ടുപോയ അവസ്ഥ മരണത്തെ കൊതിക്കാൻ തുടങ്ങിയിരുന്നു.

അന്ന് രാത്രി കേറി വന്ന മകന് വാതിൽ തുറന്നു കൊടുക്കുമ്പോൾ അവന്റെ വേഷം കണ്ടു ഞെട്ടി. ദേഹം മുഴുവൻ ചോ രയിൽ കുളിച്ച്.

ആരോടോ വഴക്കിട്ട് ഓടിവന്നതാകുമെന്ന് അറിയാവുന്നത് കൊണ്ട് വന്ന കരച്ചിൽ അടക്കിപിടിച്ചുകൊണ്ട് പത്മ അവന്റെ കയ്യിൽ പിടിച്ചു പുറത്തേക്ക് തള്ളി.

” ഇറങ്ങിപ്പോടാ കുരുത്തംകെട്ടവനെ. നിന്റെ താളവട്ടം കണ്ടപ്പോൾ തുടങ്ങിയതാ ന്റെ കഷ്ടകാലം. നശിപ്പിക്കാനുണ്ടായ ജന്മം..പൊക്കോ.. എവിടേക്കാച്ചാ പൊക്കോ.. ഇനി പോലീസ് കൂടെ ഈ വീട്ടിൽ കേറാനുള്ളൂ. വയ്യ.. ഇനി ഇങ്ങനെ ഒരു മകനില്ല എനിക്ക്.. നാടിനും വീടിനും ഗുണമില്ലാത്ത അസുരജന്മം. ഇങ്ങനെ ശല്യം ചെയ്യാതെ പോയി ചത്തൂടെ നിനക്ക് “

മകനെ പുറത്തേക്ക് തള്ളിമാറ്റി വാതിലടച്ച് അതുവരെ പിടിച്ചുനിർത്തിയ സങ്കടം പൊട്ടിക്കരച്ചിലോടെ പുറത്തേക്ക് ഒഴുകി. ” മകനല്ലേ, നൊന്തുപെറ്റ വയറല്ലേ. അത്രയ്ക്ക് വേണ്ടായിരുന്നു ” എന്ന് മനസ്സ് വിങ്ങുന്നുണ്ട്. പക്ഷേ,…. പത്മ ഏങ്ങിയേങ്ങി കരഞ്ഞു ഇങ്ങനെ ഒരു ജീവിതം ആർക്കും കൊടുക്കല്ലേ ഭഗവാനെ എന്നുറക്കെ പറഞ്ഞുകൊണ്ട്.

രാവിലെ വീടിന് മുന്നിൽ പോലീസ് വന്ന് നിൽകുമ്പോൾ ഭയത്തോടെ ആണ് പത്മ ഇറങ്ങിചെന്നത്.

” നിങ്ങടെ മോൻ എവിടെ ” എന്ന് ചോദിച്ച പോലീസുകാരന് മുന്നിൽ തൊഴുകൈയ്യോടെ നിൽക്കുമ്പോൾ മനസ്സ് പിടയ്ക്കുകയായിരുന്നു മകനെ കുറിച്ചോർത്ത്‌.

” അവനിവിടെ ഇല്ല സാറേ. ഇന്നലെ പോയത, ന്താ സാറെ പ്രശ്നം “

അവളുടെ പേടിയും ജിത്ന്യാസയും കലർന്ന ചോദ്യം കേട്ട് ” വന്നാൽ അവനോട് ഒന്ന് സ്റ്റേഷൻ വരെ വരാൻ പറയണം ” എന്നും പറഞ്ഞ് പോലിസ് ജീപ്പ് തിരികെ പോകുമ്പോൾ നാലുപാടും കൂടിയ കാഴ്ചക്കാർ കാര്യമറിയാതെ മൂക്കത്തു വിരൽ വെയ്ക്കുന്നുണ്ടായിരുന്നു.

ആധിയടക്കാൻ കഴിയാതെ, പ്രശ്നം ഇനി ആരോട് ചോദിക്കുമെന്ന് അറിയാതെ നിൽക്കുമ്പോൾ ഓർമവന്നത് മെമ്പറെ ആയിരുന്നു.

ഫോൺ എടുത്ത് ആ നമ്പർ ഡയൽ ചെയ്യുമ്പോൾ ചങ്കിടിപ്പ് കൂടി.

മറുതലക്കൽ ഫോൺ എടുത്തപ്പോൾ ആർത്തിയോടെയായിരുന്നു പത്മ സംസാരിച്ചത്. ഒറ്റ ശ്വാസത്തിൽ ഇന്നലെ മുതൽ ഉണ്ടായ കാര്യങ്ങൾ പറഞ്ഞ് നിർത്തുമ്പോൾ ” ന്റെ മോൻ ന്ത് പ്രശ്ന ഉണ്ടാക്കിയെന്ന് അറിയോ മെമ്പറേ എന്ന ചോദ്യം പുറത്തേക്ക് വന്നത് കരച്ചിലോടെ ആയിരുന്നു.

” ന്റെ പത്മേച്ചി. നിങ്ങള് പേടിക്കണ്ട. ചെക്കൻ ന്റെ കൂടെ ഉണ്ട്. ഞങ്ങളിപ്പോ സ്റേഷനിലാണ്. പ്രശ്നം ഇച്ചിരി വലുതാ.. പക്ഷേ, പത്മേച്ചിയ്ക്ക് ഇനി മോനെ കുറിച്ച് അഭിമാനിക്കാം “

മെമ്പർ പറഞ്ഞതൊന്നും മനസ്സിലാകാതെ വെപ്രാളപ്പെട്ട് നിൽക്കുകയായിരുന്നു പത്മ.

” പത്മേച്ചിക്ക് ഒന്നും മനസ്സിലായില്ല അല്ലെ. സംഭവം ഇത്രേ ഉളളൂ…. നിങ്ങടെ മോൻ ഒരുത്തന്റെ കൈ വെ ട്ടി. “

അത് കേട്ടതും പത്മ അന്താളിപ്പോടെ പൊട്ടിക്കരഞ്ഞു.

“ന്റെ പത്മേച്ചി ങ്ങള് കറയാണ്ടിരി, നിങ്ങടെ മോൻ വെ ട്ടി എന്നത് ശരിയാ.. പക്ഷേ, അതൊരു നല്ല പ്രവർത്തിയായിരുന്നു. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് വരുന്ന അപ്പുവേട്ടന്റെ മോള് രേഷ്മ ഇല്ലേ, അവളെ ഒരുത്തൻ കേറിപ്പിടിച്ചു. പീ ഡനശ്രമം ആയിരുന്നു. തക്ക സമയത്ത് ഇങ്ങടെ മോൻ വന്നത് കൊണ്ട് ആ പെണ്ണിന്റ മാനവും ജീവനും കിട്ടി. അവളെ പിടിച്ചവന്റ് കയ്യാ അവളെ രക്ഷിക്കാൻ വേണ്ടി അവൻ വെ ട്ടിയത്. മ്മടെ സരസ്വതിചേച്ചീടെ മോൻ ഇല്ലേ. ആരോടും മിണ്ടാതെ പഠിപ്പിസ്റ്റ് ആയി നടക്കുന്ന ഒരുത്തൻ. അവനാ ആള്. “

മെമ്പർ പറഞ്ഞത് കണ്ണ് നിറഞ്ഞുകൊണ്ട് കേൾക്കുമ്പോൾ കാര്യമറിയാതെ ആണല്ലോ അവനെ വീട്ടിൽ നിന്നും ഇറക്കിവിട്ടത് എന്നോർക്കുമ്പോൾ പത്മയുടെ നെഞ്ച് വിങ്ങി.

അന്ന് വാർത്ത അതായിരുന്നു.

പെൺകുട്ടിയെ പീ ഡിപ്പിക്കാൻ ശ്രമിച്ച യുവാവിന്റെ കൈ വെ ട്ടി.

ആ അമ്മ മകനെ ഓർത്ത് അഭിമാനിച്ച നിമിഷം.

ക ള്ള് കുടിക്കും.. ന്നാലും അമ്മേം പെങ്ങളേം തിരിച്ചറിയുന്നവനാണല്ലോ ന്റെ മോൻ ന്ന് ഓർക്കുമ്പോൾ അതുവരെ അവനെ ഓർത്തു കരഞ്ഞ കണ്ണുകളിൽ അന്നോളം ഇല്ലാത്തൊരു തിളക്കമുണ്ടായിരുന്നു.

“എടി പത്മേ.. നിന്റ മോനെ കുറെ കുറ്റം പറഞ്ഞതല്ലേ ആ സരസ്വതി. ന്നിട്ടിപ്പോ അവളുടെ മോൻ കാട്ടിയത് കണ്ടോ. ഇതാണ് പറയുന്നത് ദൈവം എന്നൊരാൾ ഉണ്ടെന്ന്. ഇപ്പോഴാണ് നീ അവളുടെ മുഖത്തുനോക്കി ചോദിക്കേണ്ടത് അവളുടെ മോന്റെ കൊണാവധികാരം. സ്വന്തം മക്കളെ വളർത്താൻ അറിയാത്തവള മറ്റുള്ളരുടെ മക്കളെ പുച്ഛിക്കുന്നത് “

ഞായറാഴ്ച അയൽക്കൂട്ടം കഴിഞ്ഞ് നിൽക്കുമ്പോൾ അടുത്തുള്ള ചേച്ചി സ്വകാര്യം പോലെ പറഞ്ഞത് കേട്ട് പത്മ ഒന്ന് ചിരിച്ചെന്ന് വരുത്തി.

” ന്റെ ചേച്ചി. മക്കൾ ചെയ്ത തെറ്റിന് അമ്മമാർ ന്ത് പി ഴച്ചു. മകളെ വളർത്തിവലുതാകുമ്പോൾ നാളെ അവർ ഏത് വഴിക്ക് സഞ്ചരിക്കുമെന്ന് നേരത്തെ കൂട്ടി അറിയാനൊന്നും ആർക്കും കഴിയില്ലലോ. മകനെ കുറിച്ചോർത്തു കരയേണ്ടി വരുന്ന ഒരമ്മയുടെ മനസ്സ് എനിക്ക് കാണാൻ കഴിയും, ഞാൻ അത് കുറെ അനുഭവിച്ചതല്ലേ. അതുകൊണ്ട് ഈ സമയത്ത് അവരെ വാക്കുകൾ കൊണ്ട് കൂടുതൽ തളർത്തികളയാതെ നമ്മൾ കൂടെ നിൽക്കുകയല്ലേ വേണ്ടത്. നമ്മുടെ ഒരു വാക്ക് അവരെ കൂടുതൽ വേദനിപ്പിക്കുന്നതിനു പകരാൻ ഇച്ചിരി ആശ്വാസം പകരുമെങ്കിൽ അതാണ്‌ ചേച്ചി നമ്മൾ ചെയ്യേണ്ടത്. അങ്ങനേ കുറെ കുത്തുവാക്ക് കേട്ട് തളർന്നുപോയ ഒരു പെണ്ണിന്റ വേദന അത്രത്തോളം അനുഭവിച്ചവളാ ഞാൻ.. അങ്ങനെ മറ്റാരും അനുഭവിക്കരുതെന്ന പ്രാർത്ഥന. “

അവരോട് ചിരിച്ചുകൊണ്ട് പത്മ വീട്ടിലേക്ക് നടന്നു. തെറ്റും ശരിയും നാണയത്തിന്റെ രണ്ട് വശങ്ങളാണ്, അത് തിരിച്ചറിയാതെ പോകുന്നിടത്താണ് നമ്മൾ ശരിക്കും തോറ്റു പോകുന്നത് ” എന്ന് ചിന്തിച്ചുകൊണ്ട് !!

Related Posts

Leave a Reply

Your email address will not be published. Required fields are marked *