അവളിലെ കുഞ്ഞു കുഞ്ഞു കുസൃതികളെ മനസ്സുകൊണ്ട് ആസ്വദിക്കുമ്പോഴും എന്നിലെ മാതൃത്വം കർക്കശക്കാരിയായ ഒരു…

കള്ളകർക്കിടകം

എഴുത്ത്: സമീർ ചെങ്ങമ്പള്ളി

മരണത്തിന് നല്ല നോവുണ്ടാകുമോ എന്ന് ചിന്നുമോൾ ചോദിച്ചപ്പോൾ ജീവിതത്തോളമുണ്ടാകില്ല എന്ന് ഞാൻ മറുപടി നൽകി, എന്റെ മറുപടിയിൽ വിശ്വാസം വരാത്തത്കൊണ്ടാകാം അവൾ കുറെ നേരവും എന്നെ തന്നെ നോക്കിക്കൊണ്ടു നിന്നു, പിന്നെ ബെഞ്ചിൽ പോയിയിരുന്നു.

ജീവിതത്തിനെത്രയേറെ വേദനയുണ്ടെന്ന് എന്നെ പഠിപ്പിച്ചത് എന്റെ ഉണ്ണിമോളായിരുന്നു, കാരണം, അവളുടെ ജീവിതമെപ്പോഴും വേദനകളുടെയും പരാതികളുടെയും നടുവിലായിരുന്നു….

ഉറങ്ങിക്കിടക്കുകയായിരുന്ന അവളെ കിടക്കയിൽ നിന്നും പിടിച്ചെഴുന്നേല്പിച്ച് ബാത്റൂമിലേക്ക് കൊണ്ടുപോയാൽ പാതികൂമ്പിയ കണ്ണുകളോടെ അവൾ പറയുമായിരുന്നു,

“അമ്മേ ബഷ് വേണ്ട, ഉണ്ണിമോൾക്ക് നോവും”

ഒരു ഷെ ഡ്ഢി മാത്രം ഇടുവിപ്പിച്ച്, കിണറ്റിൻ വക്കത്തെ കല്ലിൽ ഇരുത്തി, ചകിരിച്ചണ്ടിൽ സോപ്പ് തേപ്പിച്ച് മേനിയിലൂടെ തേക്കാൻ തുടങ്ങുമ്പോഴും അവൾ നിലവിളിച്ചുകൊണ്ട് പറയാൻ തുടങ്ങും

“ഈ തേങ്ങപൊതി വേണ്ട, എനിക്ക് നോവുന്നെന്ന് “

സ്ളേറ്റിൽ പെന്സിലുകൊണ്ടു “തറ” എന്നെഴുതാൻ പറഞ്ഞാലുടനെ അവൾ ചൂണ്ടുവിരൽ എന്റെ നേരെ നീട്ടിക്കൊണ്ട് പറയും

“അമ്മേ കൈ വേദനിക്കുന്നെന്ന് “

അവളിലെ മുഴുപ്പിരാന്ത് കാലം, കുട്ടികൾക്ക് വിതരണം ചെയ്യാനുള്ള ഉത്തരക്കടലാസ് തയ്യാറാക്കുന്നതിനിടെ എന്റെ കണ്ണൊന്ന് തെറ്റിയതും അവൾ അതിൽനിന്നും ഒരെണ്ണമെടുത്ത് തോണിയുണ്ടാക്കാൻ തുടങ്ങിയിരുന്നു, അകമടിക്കാൻ കൊണ്ടുവന്നിരുന്ന ചൂലിൽ നിന്നും കനം കുറഞ്ഞ ഒരു ഈർക്കിളിയെടുത്ത് ഞാൻ കാൽമുട്ടിന് താഴെ മൃദുവായി പ്രഹരിച്ചു, അതോടെ അവൾ പേപ്പറും വലിച്ചു ചീന്തി മുറ്റത്തേക്ക് ഓടി….

“അമ്മ എന്നെ തല്ലി നോവിക്കുന്നെ, നാട്ടുകാരെ ഓടിവരണേ… “

പ്രായശ്ചിത്തമെന്നോണം അവൾക്ക് ഞാൻ ഉണ്ണിയപ്പം ഉണ്ടാക്കികൊടുത്തപ്പോൾ പേപ്പർ നഷ്ടപെട്ട കാവ്യമോൾക്ക് ഫുൾമാർക്ക് കൊടുക്കേണ്ടിവന്നു….

അവളിലെ കുഞ്ഞു കുഞ്ഞു കുസൃതികളെ മനസ്സുകൊണ്ട് ആസ്വദിക്കുമ്പോഴും എന്നിലെ മാതൃത്വം കർക്കശക്കാരിയായ ഒരു അദ്ധ്യാപികയുടെ വേഷമാണ് എപ്പോഴും ധരിച്ചിരുന്നത്….

അവൾ ഉറങ്ങുമ്പോൾ, അവളുടെ നിശ്വാസം മാത്രം എന്റെ കാതുകളിൽ ബാക്കിയാകുന്ന ആ രാത്രികളിൽ, ഞാനവളെ തലോടുമായിരുന്നു, അവളുടെ കുഞ്ഞു കവിളിൽ ഉമ്മ വെക്കുമായിരുന്നു, അവളെ മാറോടണക്കിപ്പിടിച്ചു നിദ്ര പുൽകുമായിരുന്നു, അവളറിയാതെ….

കർക്കിടകം കള്ളിമാത്രമായിരുന്നില്ല, കുശുമ്പികൂടിയായിരുന്നു,അവളുടെ കുശുമ്പിന്റെ ആഴം എത്രത്തോളമായിരുന്നെന്ന് എന്റെ ജീവിതമാണ് പഠിപ്പിച്ചത്…

ഒരു കർക്കിടക മാസം, ശരീരമാസകലം വെള്ളത്തുണികൊണ്ട് മറച്ച ആ കുഞ്ഞു ശരീരം എന്റെ നേരെ നീട്ടിയപ്പോൾ ഞാനാ ഡോക്ടറോട് ചോദിച്ചിരുന്നു…

“അവൾ വലിയ വേദനക്കാരിയാ, അവൾക്ക് നല്ലോണം നൊന്തുകാണുമോ ഡോക്ടർ “

മറുപടി പറയാനാകാതെ അയാൾ കണ്ണീരൊലിപ്പിച്ചു നിന്നപ്പോൾ ഞാൻ ചോദ്യം വീണ്ടും ആവർത്തിച്ചു..

“പറയൂ ഡോക്ടർ, പ്ലീസ്, എന്നെ അല്പമെങ്കിലും ആശ്വസിപ്പിക്കൂ… “

അയാൾ കർച്ചീഫുകൊണ്ട് മുഖം തുടച്ചു, വിങ്ങി വിങ്ങി പറഞ്ഞു….

“കർക്കിടക മാസമല്ലേ, നല്ല കാറ്റുണ്ടായിരുന്നു, മരം വീണത് തലയ്ക്കു മുകളിലാ, ഒരു നിമിഷം പോലും അതിജീവിക്കാൻ സമയം കിട്ടിക്കാണില്ല, വേദന തുടങ്ങുന്നതിനു മുൻപേ പോയിക്കാണും…. “

അതുമതി, അതുകേട്ടാൽ മാത്രം മതി, ഞാൻ കുറെ വേദനിപ്പിച്ചിട്ടുണ്ടേ അതാ..

അവളെ നോവിച്ചതിന് പകരം വീട്ടാൻ അവൾ നിയോഗിച്ചത് എന്റെ തൊഴിലിനെതന്നെയായിരുന്നു, അവളെപ്പോലെ വർണ്ണ ചിറക് വിടർത്തിയ നൂറു നൂറു ശലഭങ്ങൾ എന്റെ കണ്മുന്നിലൂടെ പാറി നടക്കുമ്പോൾ എന്റെ ഹൃദയം നുറുങ്ങിക്കൊണ്ടിരിക്കും…

വേദന അസഹനീയമാകുമ്പോൾ ഞാൻ തറവാട്ടു മുറ്റത്തെ ചെമ്പക വൃക്ഷത്തെ നോക്കിക്കൊണ്ട് പറയാറുണ്ട്..

“എന്റെ ഉണ്ണി, ഞാൻ നിന്നെ വല്ലപ്പോഴുമല്ലേ നോവിച്ചിട്ടുള്ളൂ, നീ എന്നെ ഓരോ നിമിഷവും മുറിവേല്പിച്ചുകൊണ്ടിരിക്കയാണ്, ഈ അമ്മയ്ക്ക് സഹിക്കാവുന്നതിനും അപ്പുറം “

ഫോട്ടോ കടപ്പാട്

Related Posts

Leave a Reply

Your email address will not be published. Required fields are marked *