അവർക്ക് ആകെ ഉള്ളത് അകന്ന ബന്ധത്തിലുള്ള ഒരു പെങ്ങളും , ഭർത്താവുമാണ്…അവർ ഇവരെ എങ്ങനെ കൈയൊഴിയണമെന്നു തല പുകച്ചിരിക്കുകയാണ്…അവരെയും കുറ്റം പറയാൻ പറ്റില്ലല്ലോ…

അമ്മയുടെ സ്വന്തം

എഴുത്ത്:- ഭാവനാ ബാബു

ഏകദേശം ഒന്നര മണിക്കൂർ കാത്തിരിപ്പിന്റെ ഒടുവിലാണ് നഴ്സ് എന്റെ പേര് ഉച്ചത്തിൽ വിളിച്ചത്…

അലസമായി വായിച്ചു തുടങ്ങിയ മാഗസിൻ ടീപ്പോയിലേക്കിട്ട് , ഞാൻ ഡോക്ടറിന്റെ റൂം ലക്ഷ്യമാക്കി നടന്നു….

“ഹേയ്…വരുൺ…താൻ കുറേ നേരമായി അല്ലെ വന്നിട്ട്? സോറി ,ഞാനിന്ന് അൽപ്പം ബിസി ആയിരുന്നു…ചില എമർജൻസി കേസസ്….”

“Its ok doctor..I can understand……”

“അല്ല ഡോക്ടർ…എന്തായി ശാരദാമ്മയുടെ കാര്യം…മറ്റു പ്രോബ്ലംസ് ഒന്നുമില്ലല്ലോ അല്ലെ….?”

“എന്ത് പ്രോബ്ലംസ് ?…അവർക്ക് ആകെ ഉള്ളത് അകന്ന ബന്ധത്തിലുള്ള ഒരു പെങ്ങളും , ഭർത്താവുമാണ്…അവർ ഇവരെ എങ്ങനെ കൈയൊഴിയണമെന്നു തല പുകച്ചിരിക്കുകയാണ്…അവരെയും കുറ്റം പറയാൻ പറ്റില്ലല്ലോ….പതിനാലു വർഷമായി ,മെന്റൽ ആയ ഒരാളെ ആരാണ് തിരിഞ്ഞു നോക്കുക? പക്ഷെ , ഇപ്പോൾ അവർ വളരെ റിക്കവർ ആയിട്ടുണ്ട്.”

ഡോക്ടറുടെ വാക്കുകൾ എനിക്കെന്തോ അത്ര ഇഷ്ടമായില്ല…എന്നിട്ടും അത് പുറത്തു കാണിക്കാതെ ,ഒരു ചെറു പുഞ്ചിരിയോടെ ഞാൻ ചെയറിൽ ഒന്ന് ചാഞ്ഞിരുന്നു…

“അപ്പോൾ ഇന്ന് തന്നെ എനിക്ക് അമ്മയെ കൊണ്ട് പോകാമല്ലോ “?

“Yes… of course… പിന്നെ ഒരു കാര്യം ചോദിച്ചാൽ ,വരുണിന് ഡിസ്റ്റർബ് ആകുമോ”…?

“എന്താണ്…ഡോക്ടർ…ചോദിക്കൂ….”?

“അല്ല….വരുണും ,ഈ ശാരദയും തമ്മിലുള്ള റിലേഷൻ…എത്ര ആലോചിച്ചിച്ചിട്ടും അത് മാത്രം എനിക്കങ്ങോട്ട് ഡൈജസ്റ്റ് ആകുന്നില്ല”…

അതിന് പകരം മറ്റൊരു ചോദ്യമാണ് ഞാൻ ഡോക്ടറോട് അങ്ങോട്ട് ചോദിച്ചത്….?

“ഇത് വരെയുള്ള ബില്ല് ഒക്കെ സെറ്റിൽ ആക്കിയല്ലോ…ഇനി എന്തെങ്കിലും ഫോർമാലിറ്റി….?

“ഏയ്…ഒന്നുമില്ല വരുൺ… നിങ്ങൾക്ക് ഇപ്പോൾ തന്നെ പോകാം….”

ഞാൻ എന്റെ ഓവർകോട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു ചെക്ക് ലീഫ് എടുത്ത് ഡോക്ടർക്ക് നേരെ നീട്ടി….

“ഇത് എന്റെ ഒരു സന്തോഷത്തിന്…ഇത് പോലെയുള്ള ലീഫുകൾ ഇനിയും വരും…പക്ഷെ അത് ഡോക്ടറുടെ ഇങ്ങോട്ടുള്ള സഹകരണം പോലെ ഇരിക്കും…. ഇടങ്കണ്ണ് കൊണ്ടൊരു നോട്ടമെറിഞ്ഞു ,ഒരു ചെറിയ താക്കീത് പോലെയാണ് ഞാനെന്റെയാ സംസാരം അവസാനിപ്പിച്ചത്….

ചെക്ക് ലീഫിലെ അക്കങ്ങൾ അയാളെ വല്ലാതെ സന്തോഷിപ്പിച്ചെന്ന് മുഖത്തെ ചിരിയിൽ നിന്നും എനിക്ക് മനസ്സിലായി….

“ഓകെ… വരുൺ…ഹാപ്പി ജേർണി…”

ഒരു ഷേക്ക് ഹാൻഡിലൂടെ ഡോക്ടറുമായുള്ള എന്റെ സംഭാഷണം മുറിഞ്ഞു….

കുറച്ചു സമയത്തിന് ശേഷം ,ഹോസ്പിറ്റലിലെ നഴ്‌സ് വീൽ ചെയറിൽ ശാരദാമ്മയെയും കൊണ്ട് വന്നു…അറ്റന്ററും നഴ്സും കൂടി അവരെ താങ്ങി കാറിന്റെ പിന്സീറ്റിലേക്ക് ഇരുത്തി….

“കുറച്ചു ദിവസങ്ങളായി അമ്മ ചെറുതായി പിടിച്ചു നടക്കും കേട്ടോ”…

നഴ്സിന്റെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് വല്ലാത്തൊരു ആശ്വാസം തോന്നി.വീട്ടിൽ അമ്മക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഞാൻ ഒരുക്കിയിരുന്നു…ട്രെയിൻഡ് ആയ ഒരു ഹോം നഴ്സിനെ ഞാൻ ഹോസ്പിറ്റലിൽ നിന്നും അമ്മയെ കൊണ്ട് വരുമ്പോൾ തന്നെ ഒപ്പം കൂട്ടിയിരുന്നു…. എങ്കിലും ചിലതൊക്കെ ഞാൻ ചെയ്താലേ ശരിയാകു എന്നൊരു തോന്നൽ…അതൊരു കടം വീട്ടൽ അല്ലെ?….അല്ലെങ്കിൽ പ്രായശ്ചിത്തം….?

ആ ഓർമ്മകൾ ഇന്നുമെന്നെ വേട്ടയാടുന്നുണ്ട്….എന്റെ ആകെയുള്ള കൂട്ടുകാരനായ അശ്വിന് അവന്റെ ജീവനും, ജീവിതവും അമ്മയായ ശാരദാമ്മ മാത്രമായിരുന്നു. ചെറുപ്പത്തിൽ തന്നെ അവന്റെ അച്ചൻ ഒരു ആക്സിഡന്റിൽ മരണപ്പെട്ടു…അന്ന് മുതൽ അവരുടെ ലോകത്തിൽ മറ്റാരും ഉണ്ടായിരുന്നില്ല.

പഠിക്കാൻ മിടുക്കനായിരുന്ന അശ്വിനെ എനിക്കെന്തോ വല്ലാത്ത ഇഷ്ടമായിരുന്നു ..കൊട്ടാരം പോലത്തെ എന്റെ വീട് കണ്ട് അവനെപ്പോഴും അത്ഭുതം നിറച്ച കണ്ണുകളോടെ എന്നെ നോക്കും.

“വരുണെ ,നീ എത്ര ഭാഗ്യവാനാടാ..നിനക്ക് നല്ലൊരു വീടുണ്ട്…സ്നേഹിക്കാൻ അച്ഛനും ,അമ്മയും ഉണ്ട്…പരിചരിക്കാൻ വേലക്കാരുണ്ട്….

എന്റെ സുഖ ജീവിതത്തിന്റെ ലിസ്റ്റ് അവനെ സംബന്ധിച്ചു വളരെ നീട്ടമുള്ളതാണ്…. പക്ഷേ ആ വീടിന്റെ അകത്തളങ്ങളിലെ അലോസരം എനിക്ക് മാത്രമല്ലേ അറിയൂ..അത് അവൻ അറിയാതിരിക്കാൻ ഞാൻ ശ്രദ്ധിക്കുകയും ചെയ്തിരുന്നു…അവന്റെ ധാരണകളെ വെറുതെ തിരുത്തേണ്ട എന്നെനിക്ക് തോന്നിയത് കൊണ്ട് മാത്രം.

പെണ്ണും ,പണവും അത് മാത്രം മതിയായിരുന്നു എന്റെ ഡാഡിക്ക്…കരഞ്ഞു കാലു പിടിക്കാനൊന്നും എന്റെ മമ്മിയെ കിട്ടില്ല…അല്ലെങ്കിലും അത്ര ഗതികെട്ടു ജീവിക്കേണ്ട ആവശ്യം മമ്മിക്കുമില്ല….

വഴക്ക് കൂടിയും ,പിണങ്ങിയും, തല്ലി പിരിഞ്ഞും ഒടുവിൽ മമ്മി ആവശ്യപ്പെട്ടത് ഡിവോഴ്സ് ആയിരുന്നു…സ്വത്തിന്റെയും ,പണത്തിന്റെയും ഭാഗം വയ്ക്കലുകളിൽ അവർ നിശബ്ദമായി അല്ലെങ്കിൽ മനപൂർവം മറന്നു തുടങ്ങിയ ഒരു നിഴൽ മാത്രമായിരുന്നു അവർക്കെന്നും ഞാൻ….

ഈ സങ്കടങ്ങളൊക്കെ കുറച്ചു നേരത്തേയ്ക്കെങ്കിലും ഞാൻ മറക്കുന്നത് അശ്വിന്റെ വീട്ടിൽ പോകുമ്പോഴാണ്…ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും എനിക്ക് കിട്ടാത്ത ഒന്ന് അവിടെ എന്നും നിറഞ്ഞിരുന്നു ‘സ്നേഹം’… അമ്മ അതെനിക്കും ഒരു പിശുക്കും കൂടാതെ തന്നിരുന്നു…തിരുവോണത്തിന് അശ്വിന് കൊടുക്കുന്ന , ചോറുരുള അതേ വാത്സല്യത്തോടെ അമ്മ എനിക്കും മടിയില്ലാത്ത തരുമായിരുന്നു…ആ സന്തോഷത്തിൽ ,തൊണ്ട വരണ്ടു , കണ്ണുകൾ നിറച്ചു ഞാൻ അമ്മയെ ഇമ തെറ്റാതെ നോക്കി നിന്നിരുന്നു….

സന്തോഷത്തിനു ആയുസ്സ് പലപ്പോഴും കുറവാണല്ലോ.

അന്നൊരു നശിച്ച ശനിയാഴ്ച്ചയായിരുന്നു…എല്ലാം കീഴ്‌മേൽ മറഞ്ഞ ഇരുട്ട് പരന്നു തുടങ്ങിയൊരു സായാഹ്നം.അശ്വിൻ കമ്പൈൻ സ്റ്റഡിയ്ക്കായി വരുമെന്ന് പറഞ്ഞു , ഞാൻ അവനെയും കാത്തിരിക്കുകയാണ്…. അപ്പോഴാണ് താഴെ എന്തോ ബഹളം കേട്ടത്…സ്ഥിരമുള്ള വഴക്ക് ആകുമെന്ന് കരുതി ആദ്യം ഞാനത് ശ്രദ്ധിക്കാൻ പോയില്ല…പെട്ടെന്നാണ് ഒരു പരിചിതമല്ലാത്ത സംസാരം ഉയർന്നു കേട്ടത്…ഞാൻ ധൃതിയിൽ സ്റ്റെപ്പുകളിറങ്ങി ഹാളിലേക്ക് ചെന്നു….

ബാഗ് ഒക്കെ പായ്ക്ക് ചെയ്ത് മമ്മി എങ്ങോട്ടോ പോകാൻ റെഡിയായി നിൽക്കുകയാണ്…മമ്മിയുടെ ഇടത് കൈയും പിടിച്ചു ഏതോ ഒരു പുരുഷനും…

“ഒരുമ്പെ ട്ടോളെ, നീ ഇത് എന്തിനുള്ള പുറപ്പാടാണ്”?ഇത് ചെയ്യും മുൻപേ ഒരു നിമിഷം, നമ്മുടെ മോനെ കുറിച്ചു നീ ഓർത്തോ?അവന്റെ ഭാവി ഇനി എന്താകും?എന്റെ മുഖത്തു കരി വാരി തേച്ചു തന്നെ നിനക്ക് പോകണം അല്ലെ”?

ഡാഡിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരിക്കുന്നു…കലി കൊണ്ട് വിറ കൊണ്ടിരിക്കുകയാണ് ആ ദേഹമാസകലം….

എനിക്ക് വല്ലാത്ത പേടിയായി. എന്തോ ദുരന്തം സംഭവിക്കാൻ പോകുന്നത് പോലെ..എന്നാൽ ഡാഡിയുടെ അലർച്ച കേട്ടിട്ടും മമ്മിക്കൊരു കൂസലുമില്ല…

“ഈ പറയുന്ന ആൾക്ക് എത്ര ഉളുപ്പുണ്ട്?പാതി രാത്രി പോലും നിങ്ങൾ ബെഡ് റൂമിലേക്ക് പെണ്ണുങ്ങളെ കൊണ്ട് വരാറില്ലേ… ഈ നശിച്ച ജീവിതം എനിക്ക് മടുത്തു…ഞാനിപ്പോൾ തന്നെ ജീവനോടൊപ്പം പോകുകയാണ്”

“ആശേ… നീ ഇയാളോട് എന്തിനാണ് സംസാരിക്കുന്നത്…ബാ…നമുക്ക് പോകാം”…

അയാൾ മമ്മിയുടെ ഇടുപ്പിലൂടെ കൈയിട്ട് ,അവരെ ചേർത്തു പിടിച്ചു…ഡാഡിയുടെ നേർക്ക് പുഛത്തോടെ ഒരു നോട്ടമെറിഞ്ഞു മമ്മി അയാൾക്കൊപ്പം വേഗത്തിൽ നടന്നു….

അപ്പോഴും, ഹാളിന്റെ മൂലയ്ക്കൽ , എല്ലാം നഷ്ടപ്പെടുന്ന കാഴ്ച്ച കണ്ടു വിറങ്ങലിച്ചു നിൽക്കുന്ന എന്നെ ആരും കണ്ടില്ല…ജനിപ്പിച്ച തന്തയോ ,ജന്മം നൽകിയ തള്ളയോ കാണാത്ത ഒരു പാഴ് ജന്മമായി ഞാൻ ആ ഹാളിൽ മറഞ്ഞു നിന്നു.

പെട്ടെന്നൊരു കുതിപ്പോടെ ഞാൻ റൂമിലേക്ക് പാഞ്ഞു…എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്‌ഥ…മരിച്ചാലോ എന്നാണ് ആദ്യം തോന്നിയത്…ഇല്ല…എനിക്ക് അതിനുള്ള ധൈര്യമില്ല…ഈ വേദന മറക്കണം…അതിന് എന്താണ് ചെയ്യുക…. അപ്പോൾ അതു മാത്രമായി എന്റെ ചിന്ത.ഈ നശിച്ച ഓർമ്മകൾക്ക് ഒരു വിടുതൽ നൽകണം…

മറക്കാൻ ശ്രമിക്കുന്തോറും തലച്ചോറിലേക്ക് ഒരായിരം ചിന്തകൾ കൂട് കൂട്ടുന്നത് പോലെ…പെട്ടെന്നാണ് അരുൺ മുൻപ് എനിക്ക് നൽകിയ ഒരു പായ്ക്കറ്റിനെ കുറിച്ചു ഞാനോർത്തത്…വെളുത്ത പൊടി അടങ്ങിയ ഒരു കുഞ്ഞു പായ്ക്കറ്റ്…

ഞാൻ ഭ്രാന്തനെപ്പോലെ ഞാൻ റൂം മുഴുവൻ പായ്ക്കറ്റ് പരതാൻ തുടങ്ങി… അടുക്കി വച്ച ഓരോ സാധനങ്ങളും വലിച്ചു താഴെ ഇട്ടു….ഒടുവിൽ ,മെത്തയുടെ അടിയിൽ നിന്നും എനിക്ക് അത് കിട്ടി…അത് എങ്ങനെ ഉപയോഗിക്കാമെന്ന് അവനൊരു ക്‌ളാസ് തന്നെ എടുത്തിരുന്നു….

മിനിട്ടുകൾക്ക് ഉള്ളിൽ ഞാനാ പായ്ക്കറ്റ് കാലിയാക്കി…ഇപ്പോൾ എന്തൊക്കെ യോ തോന്നുന്നുണ്ട്.തല ചെറുതായി മരവിയ്ക്കുന്നു….ചിന്തകളൊക്കെ മെല്ലെ വിട്ടകന്നു പോകുന്നത് പോലെ…ചെറിയൊരു ഉന്മാദാവസ്ഥ….

ഈ ആലസ്യത്തിന്റെ ഏതോ പകുതിയിലാണ് , അശ്വിന്റെ വരവ്….എന്റെ ഇരുപ്പും ,വാരി വലിച്ചിട്ട മുറിയുടെ അവസ്‌ഥയും അവനെന്തോ അത്ര പന്തിയായി തോന്നിയില്ല…അവനെന്നെ ഉണർത്താൻ ഒരു വിഫല ശ്രമം നടത്തി….

എന്നെ സ്വബോധത്തിലേക്ക് കൊണ്ട് വരാൻ ശ്രമിക്കുന്ന അവനെ ഞാനെന്തോ ആ നിമിഷത്തിൽ വല്ലാതെ വെറുത്തു…അവജ്ഞയോടെ ഞാൻ അവനെ തള്ളി മാറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നു…അവന്റെ മുൻപിൽ നിന്നും രക്ഷപ്പെടാൻ വേച്ചു വേച്ചു ഞാൻ ഒരു വിധം ബാൽക്കണിയിലേക്ക് പോയി…എന്നെ പിന്തുടർന്നു പിന്നാലെ അവനും….

പെട്ടെന്നാണ് അവനെന്റെ മുഖത്തേക്ക് ജാറിലെ വെള്ളം കമഴ്ത്തിയത്‌…അവന്റെ ആ പ്രവൃത്തി ഇഷ്ടപ്പെടാതെ ഞാൻ അവനെ ആഞ്ഞു തള്ളി…ഓറ്റക്കുതിപ്പിന് അവൻ ബാൽക്കണിയിലൂടെ താഴേക്ക് തെറിച്ചു വീണു….

എന്റെ കൂട്ടുകാരന്റെ അവസാന ശ്വാസം അകന്നു പോകുന്നത് അറിയാതെ ഞാൻ അപ്പോഴും ല ഹരിയുടെ മായക്കാഴ്ച്ചകളിൽ മുങ്ങി ബാൽക്കണിയിൽ തന്നെ ആയിരുന്നു…

ഏറെ വൈകാതെ ഞാനൊരു കുറ്റവാളിയായി….പിന്നീടുള്ള ജീവിതത്തിൽ പോലീസും ,കോടതിയും ഒഴിയാബാധ പോലെ എന്നെ പിന്തുടർന്നു..ഡാഡിയുടെ പണവും ,സ്വാധീനവും കൊണ്ട് ഒരു ശിക്ഷയും നേരിടാതെ പുഷ്പം പോലെ ഞാൻ പുറത്തു വന്നു….

പിന്നെയുള്ള എന്റെ പഠിത്തം ദുബായിൽ ആയിരുന്നു….ല ഹരിയുടെ കെട്ടു പാടുകൾ ഇല്ലാത്ത നല്ലൊരു ജീവിതം…ഇടയ്ക്ക് എപ്പോഴോ , ഒരു മുറിപ്പാട് പോലെ അശ്വിന്റെ ചിരിക്കുന്ന മുഖവും എന്റെ കണ്ണുകൾക്ക് മുൻപിൽ തെളിഞ്ഞു വന്നു…

മമ്മിയും ,ഡാഡിയും അവരവരുടെ ലോകത്ത് വളരെ ബിസിയായിരുന്നു. ഒറ്റപ്പെടൽ ശീലമായത് കൊണ്ട് ആരോടും പരാതിപ്പെടാതെ പഠിച്ചു ഞാനും ഒരു നല്ല പൊസിഷനിലെത്തി.എല്ലാം നേടിയിട്ടും,മുഴുമിപ്പിക്കാൻ കഴിയാത്ത കണ്ണികൾ പോലെ ചിലത് ജീവിതത്തിൽ ബാക്കി നിന്നു….പിന്നെ ഒന്നും ആലോചിച്ചില്ല.നേരെ കേരളത്തിലേക്ക് മടങ്ങി . ആദ്യം അശ്വിന്റെ അമ്മയുടെ കാലിൽ വീണ് മാപ്പ് പറയണം…ആ ഉദ്ദേശ്യത്തോടെയാണ് അവന്റെ വീട്ടിലെത്തിയത്… അടച്ചിട്ട വാതിലുകൾ കണ്ടപ്പോൾ കാര്യം തിരക്കിയ നാട്ടുകാരിൽ നിന്നുമാണ് ഒടുവിൽ എല്ലാം അറിഞ്ഞത്. ആകെയുള്ള മകന്റെ മരണത്തിൽ താളം തെറ്റിയ ശാരദാമ്മയുടെ അവസ്‌ഥ…അതാണ് ഒടുവിൽ എന്നെ ഇവിടെ എത്തിച്ചതും….

അശ്വിന്റെ പകരമാകാൻ എനിക്ക് കഴിയുമോ എന്നറിയില്ല…എങ്കിലും അമ്മയുടെ മകനായി ഞാനെന്നും ഒപ്പമുണ്ടാകും….

പെട്ടെന്ന് ഡ്രൈവറോട് ഞാൻ കാർ ഒതുക്കാൻ പറഞ്ഞു….ഹോം നഴ്സിനോട് ഫ്രണ്ട് സീറ്റിൽ വന്നിരിക്കാൻ ആഗ്യം കാണിച്ചു…എന്തെന്നറിയില്ല ,അമ്മയുടെ അടുത്ത് ചേർന്നിരിക്കാനൊരു കൊതി… യാത്ര തുടങ്ങി പകുതിക്കൽ അമ്മ എന്റെ തോളിലേയ്ക്ക് ചാഞ്ഞു … എന്റെ വിരലുകൾ മെല്ലെ ആ മുടിയിഴകളെ തഴുകി….. ഉറക്കത്തിലും അമ്മ എന്തോ ഓർത്തു പുഞ്ചിരിക്കുന്നുണ്ടായിരുന്നു… “അശ്വിൻ ,ഈ അമ്മയെ ഞാൻ എടുത്തോട്ടെടാ”…എന്നോ ബാക്കി വച്ച പഴയ ചോദ്യം ഇന്നും ഞാൻ മനസ്സിൽ ഒരു നൂറാവർത്തി ചോദിച്ചു കൊണ്ടിരുന്നു…..

✍️ ചെമ്പകം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *