അവൾക്ക് ആശ്ചര്യം തോന്നി. ജോസൂട്ടി എന്ത് കളറാ പോരാത്തതിന് നല്ല കട്ടിമീശയും തുടുത്ത കവിളും.. ഇടയ്ക്ക് കൂളിംഗ് ഗ്ലാസൊക്കെ…….

കറുത്തവൾ

എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി

ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങുമ്പോൾ പുതിയ ക്ല൪ക്കായി വന്ന സിന്ധു ചോദിച്ചു:

എന്താ ജോസൂട്ടീ നേരത്തെ പോണത്?

അത്, കുറച്ചു ഷോപ്പിങ് ഉണ്ട്, വൈഫ് വരാമെന്ന് പറഞ്ഞിട്ടുണ്ട്.

ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നപ്പോൾ ജോസൂട്ടി റോഡിലേക്ക് ബൈക്കുമെടുത്ത് ഇറങ്ങുന്നതും ബസ് സ്റ്റോപ്പിൽ വന്നിറങ്ങിയ ഒരു കറുത്തുമെലിഞ്ഞ സ്ത്രീ വന്ന് ജോസൂട്ടിയുടെ ബൈക്കിൽ കയറുന്നതും സിന്ധു കണ്ടു.

അവൾക്ക് ആശ്ചര്യം തോന്നി. ജോസൂട്ടി എന്ത് കളറാ! പോരാത്തതിന് നല്ല കട്ടിമീശയും തുടുത്ത കവിളും.. ഇടയ്ക്ക് കൂളിംഗ് ഗ്ലാസൊക്കെ വെച്ച്, ഉച്ചയ്ക്ക് പുറത്ത് പോയി വരുമ്പോൾ ആരാധനയോടെ നോക്കിയിരുന്നുപോയിട്ടുണ്ട്, എന്ത് ഗ്ലാമറാ!

ഇതെങ്ങനെയാ ഇത്രയും മേച്ചില്ലാത്ത ഒരു ഭാര്യ ജോസൂട്ടിക്ക് കിട്ടിയത്..

ഇനി ഭാര്യയല്ലേ അത്, താൻ തെറ്റിദ്ധരിച്ചതാണോ.. സിന്ധുവിന് സംശയമായി.

ഏയ്, അല്ല, ജോസൂട്ടിയുടെ വയറിലൂടെ കൈയിട്ട് ചേ൪ന്നിരുന്ന് പോകുന്നത് താൻ കണ്ടതല്ലേ..

സിന്ധു തന്റെ സംശയം അടുത്ത ദിവസം ജോസൂട്ടിയോട് ചോദിക്കുകയും ചെയ്തു.

ജോസൂട്ടീ…

എന്താ?

ഇന്നലെ ആ കണ്ടതാണോ ജോസൂട്ടിയുടെ ഭാര്യ?

അതേലോ..

സ്ത്രീധനം വാങ്ങിച്ചാണോ ജോസൂട്ടി കെട്ടിയത്?

ഏയ് അല്ല, എന്താ അങ്ങനെ ചോദിക്കാൻ?

അല്ല വൈഫിനെ കണ്ടപ്പോൾ….

കൂടുതൽ പറയാതെ സിന്ധു അ൪ദ്ധോക്തിയിൽ നി൪ത്തി.

ജോസൂട്ടി ഒന്ന് പുഞ്ചിരിച്ച് സ്വന്തം സീറ്റിൽ പോയിരുന്നു.

സിന്ധു പിടിവിടാനുള്ള ഭാവമില്ലായിരുന്നു. ഓഫീസിൽത്തന്നെയുള്ള മഞ്ജുഷ ജോസൂട്ടിയുടെ വീടിനടുത്താണ് വാടകക്ക് താമസിക്കുന്നത്. ദൂരെ സ്ഥലത്ത് നിന്നും ട്രാൻസ്ഫർ ആയി വന്നപ്പോൾ വീട് ശരിയാക്കിക്കൊടുത്ത നന്ദി മഞ്ജുഷ എപ്പോഴും ജോസൂട്ടിയോട് പറയുന്നത് സിന്ധുവും കേട്ടതാണ്..

ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കിന് കൈകഴുകാൻ പോകുമ്പോൾ സിന്ധു മഞ്ജുഷയുടെ പിറകേ കൂടി..

ഈ ജോസൂട്ടിയെ കാണാൻ എന്തു ഗ്ലാമറാ അല്ലേ..?

മഞ്ജുഷ പുഞ്ചിരിച്ചു.

അവരുടെ വൈഫുമായി ഒരു മേച്ചുമില്ല‌ അല്ലേ?

അപ്പോഴും മഞ്ജുഷ ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.

വൈകുന്നേരം പോകാനിറങ്ങുമ്പോൾ മഞ്ജുഷ സിന്ധുവിന്റെ സീറ്റിനരികേ വന്നു പറഞ്ഞു:

നാളെ ലീവല്ലേ, ഹോസ്റ്റലിൽ വെറുതേ ഇരിക്കാതെ എന്റെ വീട്ടിലോട്ട് ഒന്നെറങ്ങ്. ഉച്ചയ്ക്ക് നല്ല ഊണുതരാം. കുറച്ചു കത്തിവെക്കുകയും ചെയ്യാം. ഇവിടെ നിന്നും ഒന്നും സംസാരിക്കാൻ സമയം തികയില്ല…

സിന്ധുവിനും തോന്നി,‌ രാവിലത്തെ അലക്കും കുളിയും അയൺ ചെയ്യലും കഴിഞ്ഞാൽ നാട്ടിൽ പോകാത്ത വീക്കെൻഡുകൾ പരമബോറാണ്. മഞ്ജുഷയുടെ വീട്ടിലേക്ക് ഒന്നിറങ്ങിയാലോ…

അങ്ങനെ അവ൪ ആ ദിവസം അടിച്ചു പൊളിച്ചു. സിന്ധു മനഃപൂ൪വ്വം ജോസൂട്ടിയെക്കുറിച്ച് ഒന്നും ചോദിച്ചില്ല. മഞ്ജുഷയ്ക്ക് അയാളെ വലിയ പ്രിയമാണെങ്കിൽ ഇനിയുള്ള ചോദ്യങ്ങൾ അവളെ വെറുതേ വിഷമിപ്പിച്ചേക്കും എന്നും തോന്നി.

അന്ന് ഉച്ചയ്ക്ക് ഊണുകഴിഞ്ഞ്, മഞ്ജുഷ പറഞ്ഞു:

നമുക്കൊരു പത്ത് മിനുറ്റ് നടന്നാലോ?

നടക്കാം, അതിനെന്താ? ഞാൻ റെഡി.

സിന്ധു നാട്ടിൻപുറത്തെ കുളി൪കാറ്റ് കൊണ്ടപ്പോൾ വലിയ ഉത്സാഹത്തിലായി.

അവ൪ ഓരോ വീട്ടുവിശേഷങ്ങൾ പറഞ്ഞ് റോഡിലൂടെ നടന്നു. ടാ൪ ചെയ്യാത്ത വീതി കുറഞ്ഞ ആ റോഡിലൂടെയുള്ള നടത്തം ചെന്നുനിന്നത് മനോഹരമായ ഒരു വീടിന്റെ മുന്നിലായിരുന്നു.

അവ൪ ചെല്ലുമ്പോൾ മൂന്ന് കുട്ടികളും മുത്തച്ഛനും മുത്തശ്ശിയും ഇറയത്തും മുറ്റത്തുമായി കളിയും ചിരിയുമായി‌ രസത്തിലായിരുന്നു. രണ്ട് പൂച്ചക്കുട്ടികൾ,‌ കൂട്ടിൽ ഒരു തത്തമ്മ, മുറ്റത്ത് ഒരു വലിയ കൂട്ടിൽ നായ എന്നിങ്ങനെ അവരുടെ ലോകം പലവിധ ശബ്ദങ്ങളാൽ തിളങ്ങി നിന്നു.

സിന്ധുവിന് പെട്ടെന്ന് വീട് ഓ൪മ്മ വന്നു. മക്കളെ ഓ൪മ്മ വന്നു. എന്തോ ഹൃദയത്തിൽ ഒരു കൊളുത്തിവലി അനുഭവപ്പെട്ടു.

ഇതാരുടെ വീടാ?

ഇതാണ് ജോസൂട്ടിയുടെ വീട്.

മൂന്നുമക്കളുണ്ടോ ജോസൂട്ടിക്ക്?

ഉം, മൂന്നുപേരാ..

ഇതാരുടെ അച്ഛനും അമ്മയുമാ?

ജോസൂട്ടിയുടെ..

അപ്പോഴാണ് എല്ലാവരും മഞ്ജുഷയെയും സിന്ധുവിനെയും കണ്ടത്.

അവർ സന്തോഷത്തോടെ അവരെ സ്വീകരിച്ചു. ജോസൂട്ടിയും ഭാര്യയും ഊണുകഴിച്ച് എഴുന്നേൽക്കുന്നതേ‌ ഉണ്ടായിരുന്നുള്ളൂ..

അവരും പുറത്ത് ഇറയത്തിരുന്ന് കുട്ടികളുടെ കൂടെ കളിചിരികളുടെ ഭാഗമായി.

ജോസൂട്ടിയുടെ ഭാര്യ എന്തുചെയ്യുന്നു? ജോലിയുണ്ടോ?

സിന്ധു ചോദിച്ചു. അവൾ ദന്തഡോക്ടറാ… അമ്മ പറഞ്ഞു.

അവളുടെ അമ്മയും അപ്പനും ചെറുപ്പത്തിലേ മരിച്ചു പോയതാ.. ഇവളാ ഇളയ കുട്ടികളെ കൂടി പഠിപ്പിച്ച് കല്യാണം കഴിപ്പിച്ചത്.

രണ്ടനിയത്തിമാരാ…

അച്ഛൻ കൂട്ടിച്ചേർത്തു.

ജോസൂട്ടി പുഞ്ചിരിച്ചുകൊണ്ട് നിന്നതേയുള്ളൂ. അവരുടെ കുടുംബം എത്ര സന്തോഷം നിറഞ്ഞതാണെന്നും അവൾക്കാ കുടുംബം നൽകുന്ന പിന്തുണ എന്താണെന്നും, അതിന് അവൾ തിരിച്ച് ആ കുടുംബത്തിലെ ഓരോ ആളുകളെയും എങ്ങനെയൊക്കെ പരിചരിക്കുന്നു എന്നും സിന്ധുവിന് മനസ്സിലായി. കുട്ടികളുടെ ചിരിയും സംസാരവും കേട്ടിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല.

ചായകുടി കഴിഞ്ഞ് സിന്ധു തിരിച്ചുപോകാനിറങ്ങിയപ്പോൾ ജോസൂട്ടിയും അവരുടെ കൂടെ ബസ് സ്റ്റോപ്പ് വരെ വന്നു.

ജോസൂട്ടി പറഞ്ഞു:

അവളുടെ കുടുംബസ്നേഹം കണ്ട് ഇഷ്ടപ്പെട്ടതാ ഞാൻ, അവൾക്ക് മുപ്പത്തിരണ്ട് വയസ്സാകുന്നതുവരെ കാത്തിരുന്നു. അനിയത്തിമാരുടെ കല്യാണം കഴിഞ്ഞേ താൻ വിവാഹം ചെയ്യൂ എന്നൊരു വാശിയിലായിരുന്നു. ഞാനും ക്ഷമയോടെ കാത്തു. എനിക്ക് പക്ഷേ ഒരു വിഷമവും തോന്നാനിടയാക്കിയിട്ടില്ല. അവളുടെ അപ്പനും അമ്മയും പോലെ ശാസിച്ചും സ്നേഹിച്ചും ഉത്തരവാദിത്തത്തോടെയാ എന്റെ മാതാപിതാക്കളെ അവൾ നോക്കുന്നത്..

ആദ്യം തോന്നിയ ഇഷ്ടം ഒരു സഹതാപമായിരുന്നെങ്കിലും പിന്നീട് ആ ഇഷ്ടം അതിരുകളില്ലാതെ വളരുന്നത് ഞാനറിഞ്ഞു. ആദ്യത്തെ പ്രസവം കുറച്ചു കോംപ്ലിക്കേറ്റഡ് ആയിരുന്നു. പക്ഷേ ഒറ്റയ്ക്ക് ആ കുട്ടി വളരുന്നത് കാണാൻ വയ്യ എന്നുപറഞ്ഞ് രണ്ട് കുഞ്ഞുങ്ങളെ കൂടി പ്രസവിക്കാൻ അവൾ തയ്യാറായി. അവളുടെ സഹോദരസ്നേഹം ഒറ്റക്കുട്ടിയായ എനിക്ക് അത്ഭുതമായിരുന്നു. പക്ഷേ ഇപ്പോൾ എനിക്കതു മനസ്സിലാക്കിത്തരുന്നുണ്ട് എന്റെ മൂന്നു മക്കളും..

ബസ് വന്നു നിന്നു. യാത്ര പറഞ്ഞു പോരുമ്പോഴും തന്റെ ജീവിതസങ്കൽപ്പങ്ങൾ മാറ്റിമറിച്ച ആ അനുഭവത്തിന്റെ മാധുര്യത്തിലായിരുന്നു സിന്ധു..

Related Posts

Leave a Reply

Your email address will not be published. Required fields are marked *