അവൾക്ക് ജോലിയുള്ളത് ആശ്വാസമാണ്. പക്ഷെ ഭാര്യയുടെ ചിലവിൽ എത്ര നാൾ……

തോൽക്കാൻ മനസ്സില്ല

Story written by Ammu Santhosh

“എന്തായി?”അവൾ ചോറ് വിളമ്പിക്കൊണ്ട് അവന്റെ മുഖത്ത് നോക്കി

“ഇല്ല.. കൊറോണ എഫക്ട് ആണത്രേ.നാട്ടിൽ ഉള്ളവർക്ക് കൊടുക്കാൻ ജോലിയില്ല പിന്നല്ലേ ഗൾഫിൽ നിന്നു വന്നവർക്ക് എന്ന്?”

“എല്ലായിടത്തും പ്രശ്നങ്ങളല്ലേ അച്ചായാ . നമ്മൾ മാത്രമല്ലല്ലോ ഇത് ഫേസ് ചെയ്യുന്നത്?”

അവൻ ചോറിൽ വെറുതെ വിരലിട്ടിളക്കിക്കൊണ്ടിരുന്നു. ഒരു പാട് സ്വപ്‌നങ്ങൾ ഒന്നുമില്ലായിരുന്നു. കയറി ക്കിടക്കാൻ ഒരു വീട്, നാട്ടിൽ വരുമ്പോൾ കച്ചവടം നടത്താൻ ഒരു ഷോപ്പ് അത്രേം ഉള്ളായിരുന്നു.. ഒന്നും നടന്നില്ല..

“അച്ചായാ ഞാൻ പോകുന്നെ. ഇനി നിന്നാ ബസ് പോകും.. ഭക്ഷണം എടുത്തു കഴിക്കണം ട്ടോ “അവൾ അവനെ കെട്ടിപിടിച്ചു ഒരുമ്മ കൊടുത്തു..

അവൾക്ക് ജോലിയുള്ളത് ആശ്വാസമാണ്. പക്ഷെ ഭാര്യയുടെ ചിലവിൽ എത്ര നാൾ? അവൻ പണി തീരാത്ത വീടിന്റെ മുന്നിൽ വന്നു. കുറച്ചു കൂടിയേ ഉണ്ടായിരുന്നുള്ളു.

“എടാ നീ വന്നിട്ടെന്താ വിളിക്കാഞ്ഞേ?”

വിപിൻ, സലിം, അഭി… സ്കൂൾ കാലം തൊട്ടുള്ള കൂട്ടുകാർ.

“അനുപമയെ കണ്ടപ്പോൾ ദേ ഇപ്പൊഴാണ് പറഞ്ഞത് നീ വന്നിട്ടൊരാഴ്ചയായെന്ന്.നീയെന്താ ഒളിച്ചിരിക്കുവാ?”

“ഹേയ്.. ജോലി പോയെടാ.. മനസ്സിൽ ഒരു സുഖമില്ല.. നിങ്ങളെ വിളിച്ചാ എപ്പോഴെത്തെയും പോലെ കമ്പനി കൂടാനൊന്നും കാശുമില്ല. വെറുതെ എന്തിനാ..?”

“എന്താ ഡാ ഇങ്ങനെ? ഇങ്ങനെയാണോ ഞങ്ങളെയൊക്കെ നീ മനസിലാക്കി വെച്ചത്? ഞങ്ങളുടെ കാര്യവും കഷ്ടത്തിലാ.. പക്ഷെ ജീവിക്കണം… ദേ ഇവൻ മീൻ വിൽക്കാൻ പോവാ.. ഞാൻ ഒരു സൂപ്പർ മാർക്കറ്റിൽ കയറി.. ഇവന് പിന്നെ ഒരു കൊച്ച് ഹോട്ടൽ ഉള്ളത് കൊണ്ട് കഷ്ടിച്ചു കാര്യങ്ങൾ നടന്നു പോകുമെന്നേയുള്ളു.”

അവന്റെ കണ്ണ് നിറഞ്ഞു… പാതിയായ വീടിന്റെ തിണ്ണയിൽ അവർ ഇരുന്നു..

“ഇത് തീർക്കാൻ ഇനി പറ്റില്ല എന്ന തോന്നുന്നേ..”

“നീ വിഷമിക്കണ്ട നമ്മുക്ക് ഒത്തു പിടിക്കാം ന്നെ.. ഞങ്ങൾ പണിക്ക് വരാം.. കാശൊന്നും തരേണ്ട നിയ്.. കുറച്ചു സമയം കിട്ടുമ്പോൾ ഞങ്ങളും കൂടി വന്നു തീർക്കാമെടാ..”

അവൻ വിപിനെ നോക്കി.. സലീമിനെ, അഭിയെ.. അവരവനെ ചേർത്ത് പിടിച്ചു..

വൈകുന്നേരം അനുപമ വരുമ്പോൾ വീട് വൃത്തിയായി കിടക്കുന്നു. അടുക്കളയിൽ ഉഴുന്ന് വടയുടെ മണം

“ആഹാ ഇതെന്താ? ഇതൊക്കെ അറിയുമോ?”

“പ്രവാസിയല്ലേ പെണ്ണെ?.അറിയാത്ത വല്ലോമുണ്ടോ എന്ന് ചോദിക്ക്.. കഴിച്ചു നോക്ക്. എപ്പടി?”

“ഈശ്വര കിടു കിക്കിടു..”

“രാത്രിയിലേക്കുള്ള മീൻ കറി ദേ അവിടെ ഉണ്ട്.. മോള് ചായയും വടയും കഴിക്കുമ്പോഴേക്ക് ഞാൻ കുളിച്ചു വരാം ട്ടോ “

ഇതെന്തു അത്ഭുതം!

വന്ന അന്ന് മുതൽ സന്തോഷമില്ലായിരുന്നു. ഇന്നാള് ഹാപ്പി ആണല്ലോ..

രാത്രി

“നാളെ മുതൽ ഞാനും വിപിന്റെ കൂടെ മീൻ വിൽക്കാൻ പോവാ..”അവനവളുടെ മുഖത്തേക്ക് നോക്കി

“എന്തിന്..? അതൊന്നും വേണ്ട. എനിക്ക് ജോലിയില്ലേ? നമുക്ക് ജീവിക്കാൻ എന്റെ ശമ്പളം പോരെ? എനിക്ക് ജോലി കിട്ടും വരെ അച്ചായൻ ജോലി ചെയ്തു എന്നെ നോക്കിയിട്ടില്ലേ? ഇപ്പൊ എനിക്ക് ജോലി ഉണ്ട്. എന്റെ പൈസ അച്ചായന്റെ പൈസ അങ്ങനെയില്ലല്ലോ ..”

അവനവളെ നെഞ്ചിലേക്ക് ഉയർത്തി കിടത്തി

“നിന്റെ ശമ്പളം കൊണ്ട് ജീവിക്കാൻ നാണക്കേട് ഉണ്ടായിട്ടല്ല. സത്യം. വെറുതെ ഇരിക്കുമ്പോൾ ഓരോ ചിന്തകളാ.. ഇതാവുമ്പോൾ വെളുപ്പിന് പോയി മീനെടുത്തു വരാം. പത്തുമണിയാകുമ്പോൾ ജോലി തീരും. അവരൊക്കെ വരാമെന്ന് പറഞ്ഞിട്ടുണ്ട്.. വീടിന്റെ പണി കുറേശ്ശേ തീർക്കാം.. അവർക്ക് കൊടുക്കണ്ടങ്കിലും സിമെന്റ്, കമ്പി ഒക്കെ വേണ്ടേ?”

“എന്നാലും..?” “ഒരു എന്നാലുമില്ല.കൊറോണയ്ക്ക് എന്നല്ല ഒന്നിനുമെന്നെ തോൽപ്പിക്കാൻ പറ്റില്ലടി ഞാനധ്വാനിക്കും. എന്റെ ജീവനുള്ള കാലം വരെ…”

അവൾ ആ മുഖത്ത് ഉമ്മ വെച്ചു

“നിനക്ക് നാണക്കേട് ആണോ ഞാനാ ജോലിക്ക് പോകുന്നത്?”

“നാണക്കേട് ആയിട്ടല്ല വിലക്കിയത്.ഗൾഫിൽ എസിയിൽ ഒക്കെ ഇരുന്നു ജോലി ചെയ്തിട്ട്… പറ്റുവോ?”

“പറ്റും.. നമുക്ക് ജീവിക്കണം മോളെ..”

അവൾ അവനെ ഒന്ന് കൂടി കെട്ടിപിടിച്ചു ചേർന്ന് കിടന്നു..

“സന്തോഷം കിട്ടുന്നതെന്തായാലും ചെയ്തോളു.. ഞാൻ ഒപ്പമുണ്ടല്ലോ.?”

“അത് മതി.. അത് മാത്രം മതി..”

പുറത്ത് ഇരുട്ടിനു കട്ടി കൂടി വന്നു..

ഉറക്കം അവരെ തഴുകി കടന്നു പോയി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *