അവൾടെയൊരു ഒടുക്കത്തെ ആദർശം .. ഞാൻ കാല് കുത്തി ബൈക്ക് തിരിക്കാൻ നോക്കുമ്പോ….

ഒരുകൊഞ്ഞനംകുത്തിൻ്റെ_കഥ

Story written by Anish Kunnathu

ഒരു നല്ല മഴയൊക്കെ പെയ്ത് കഴിഞ്ഞ സന്ധ്യാ സമയം. കട്ടൻ കാപ്പിയൊക്കെ മൊത്തിക്കുടിച്ച് മഴ ആസ്വദിച്ച ശേഷം ഞാൻ ബൈക്കും സ്റ്റാർട്ട് ചെയ്തത് മാമൻ്റെ വീട്ടിൽ എത്തി. വർത്തമാനം ഒക്കെ പറഞ്ഞ് ഇരിക്കുമ്പോഴാണ് മാമൻ പറയുന്നത്….

“മഴ പെയ്തതു കാരണം സമയത്തിന് കടയിൽ പോകാൻ പറ്റിയില്ല.. ഇനി എന്ത് ചെയ്യാനാ… നിനക്ക് അവനെയും കൂട്ടി കട വരെ ഒന്ന് പോയി വരാമോ….” എന്ന്.

ഞാൻ സമ്മതിച്ചു.മാമൻ്റെ മകൻ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടപ്പായി, ഒരു സഞ്ചി എടുത്ത് കക്ഷത്തിൽ ചുരുട്ടി വച്ച് വണ്ടിക്ക്പി ന്നിൽ ചാടിക്കയറി. അവിടന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് കട.

ഞങ്ങൾ കടയിൽ എത്തി. അവിടെ നോക്കുമ്പോൾ ഒരു പെരുന്നാളിനുള്ളത്ര ആൾ തിരക്ക്.ഞാൻ അവനെ സാധനങ്ങൾ വാങ്ങി നിൽക്കാൻ പറഞ്ഞിട്ട് പുറത്തേക്ക് ഇറങ്ങി…

അപ്പോഴാണ് ബസ് വരുന്നത്. ഞാൻ നോക്കി നിൽക്കുമ്പോൾ നമ്മുടെ വീടിന് കുറച്ച് ദൂരം അകലത്തുള്ള ഒരു വീട്ടിലെ പെൺകുട്ടി ബസിൽ നിന്നും ഇറങ്ങി നടന്ന് പോകുന്നു. അവൾ തനിച്ചാണ്. രാത്രിയും.. നല്ല കുറ്റാക്കുറ്റിരുട്ടും. അപ്പോഴാണ് ഞാൻ ഓർത്തത് ,ഈ ബസിന് തൊട്ടു മുന്നെ വരുന്ന ബസ് ഇന്ന് വന്നിട്ടില്ല എന്നത്. ഒരുപക്ഷേ അവൾ ആ ബസിന് വരാൻ ഇരുന്നതായിരിക്കാം…

ഞാൻ നോക്കുമ്പോൾ അവൾ ഇരുട്ടിൽ മറഞ്ഞു. ഉടനെ ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു. അവൾക്കരികിലേക്ക് വേഗം ചെന്നു. ബ്രേക്ക് പിടിച്ച ശബ്ദം കേട്ട് അവൾ റോഡിൽ നിന്ന് പുറത്തേക്ക് എടുത്ത് ചാടി. പിന്നെ അവൾക്ക് മനസിലാക്കി ഞാനാണ് എന്ന്..

” ഹോ.. പേടിപ്പിച്ച് കളഞ്ഞല്ലോടാ ദുഷ്ടാ… ഞാൻ ഞെട്ടിപ്പോയി.. ” അവൾ പറഞ്ഞു.

“നീ എന്താ വൈകിയത്…? വണ്ടിയിൽ കയറ്, ഞാൻ വീട്ടിൽ ആക്കാം.. ‘ എന്ന് ഞാൻ പറഞ്ഞു.

” ഹയ്യടാ… ഞാൻ കേറുല്ല… നീ നടന്ന് എന്നെ അവിടെ കൊണ്ടാക്കിയാ മതി… ഞാൻ വന്ന ബസ് കേടായിപ്പോയി ടാ… അവിടെ നോക്കി നിന്ന് മടുത്തപ്പോ ഈ ബസാ കിട്ടിയത്.അതാ വൈകിയത്…”

“നീ കയറ്. അവിടം വരെ നടക്കണമെങ്കിൽ ഒരു മണിക്കൂറെങ്കിലും വേണം.ബൈക്കിന് പത്ത് മിനിറ്റ് കൊണ്ട് എത്താം.. ” എന്ന് ഞാൻ പറഞ്ഞിട്ടും അവളതിൽ കയറാൻ കൂട്ടാക്കുന്നില്ല..

” എന്നാ നീ നടന്ന് പോ.എനിക്ക് വേറെ പണി ഉണ്ട്.ഞാൻ പോണു… ” എന്ന് പറഞ്ഞ് ഞാൻ ദേഷ്യപ്പെട്ട് പറഞ്ഞു.

അവൾടെയൊരു ഒടുക്കത്തെ ആദർശം .. ഞാൻ കാല് കുത്തി ബൈക്ക് തിരിക്കാൻ നോക്കുമ്പോ പുറകിൽ ഒരു ഭാരം. ആഹാ.. പുള്ളിക്കാരി ബൈക്കിൻ്റെ പിൻസീറ്റിലുണ്ട്.

ഒരു പെട്ടിക്കട വയ്ക്കാനുള്ള വിടവ് ഞങ്ങൾ രണ്ടു പേർക്കും ഇടയിൽ ഉണ്ട്.

” എടി… നീ ഇങ്ങനെയൊക്കെ ഇരുന്നാൽ താഴെ വീഴും. ഞാൻ നിന്നെ പിടിച്ച് അങ്ങ് കടിക്കത്തില്ലാ… കഷ്ടം. സഹായിക്കാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ…”

“യേയ്…. വീഴുല്ല. നീ വണ്ടി വിട്. ഇങ്ങനെ തന്നെ ഞാൻ ആദ്യായിട്ടാബൈക്കിന് പിന്നിൽ ഇരിക്കുന്നത്..” അവൾ പറഞ്ഞു.

“ശരി… അങ്ങനാവട്ടെ..” ഞാൻ മറുപടി പറഞ്ഞ ശേഷം വണ്ടിയെടുത്തു. ഇങ്ങനെ ഉണ്ടോ പെണ്ണുങ്ങൾ.. എനിക്കങ്ങ് ദേഷ്യം വന്നു…

അങ്ങനെ മുന്നോട്ട് പോകുന്ന വഴിക്കാണ് ഒരു തെങ്ങിൻമടക്കല റോഡിന് നടുക്ക് കിടക്കുന്നത് കണ്ടത്. അതിന് തൊട്ടടുത്ത് എത്തിയപ്പോൾ ഒന്ന് ഇടത്തേക്കും, ഒന്ന് വലത്തേക്കും വണ്ടി ചെത്ത ഒരു വീശങ്ങ് വീശി…

ഞാൻ നോക്കുമ്പോൾ പെട്രോൾ ടാങ്കിന് മുകളിൽ എൻ്റെ രണ്ട് വശത്ത് നിന്നും വരുന്ന അവളുടെ രണ്ട് കാലുകൾ പിരിച്ച് ലോക്ക് ചെയ്ത് പിടിച്ചിരിക്കുന്നു… രണ്ട് കൈകൾ എൻ്റെ കഴുത്തിലും മുറുകെ വട്ടം ചുറ്റിപ്പിടിച്ചിരിക്കുന്നു.

ഞാൻ ഇടത് കൈ കൊണ്ട് അവളുടെ വലത് തുടയിൽ ഒരു ഞുള്ളങ്ങ് വച്ച് കൊടുത്തു.

“ഛീ… അയ്യേ.. ശെ.. എന്നൊക്കെ നാണം കൊണ്ട് അവൾ പറഞ്ഞിട്ട് പിന്നിലേക്ക് ഇറങ്ങി ഇരുന്നു. ഇപ്പോൾ മര്യാദക്ക് വണ്ടിയേ ഇരിക്കാൻ പഠിച്ചു.. ഞാൻ ചിരിച്ചു..

“നിൻ്റെ ആദർശം ഒക്കെ എവിടെ പോയിടീ..”ഒരാൾ സഹായം ചെയ്യാൻ വരുമ്പോൾ ഇങ്ങനെ ആദർശം ഒക്കെ പറഞ്ഞ് ഇരുന്നാ ആരും ഉണ്ടാവില്ല നിന്നെ സഹായിക്കാൻ…” ഞാൻ കുറച്ച് ദേഷ്യത്തിൽ തന്നെ പറഞ്ഞു. അവൾ ഒന്നും മിണ്ടിയില്ല.

അങ്ങനെ അവളുടെ വീട് എത്തി. അവളുടെ അമ്മ അവളെ കാണാഞ്ഞ് വിഷമിച്ച് വീടിൻ്റെ വേലിക്കൽ ഒരു ടോർച്ചും പിടിച്ച് നിൽക്കുന്നു.ഞാൻ വണ്ടി നിർത്തി ഇറങ്ങിച്ചെന്ന് കാര്യം പറഞ്ഞു. ഞാൻ അറിയുന്ന സ്ത്രീയായിരുന്നു അവർ.

” ബസിറങ്ങി ഇവൾ തനിച്ച് നടന്ന് വരുന്നത് കണ്ടപ്പോൾ കൊണ്ടുവിടാൻ വന്നതാണ് ചേച്ചീ.. ഇതിന് മുന്നത്തെ ബസ് ഇന്ന് സർവീസ് ഉണ്ടായിരുന്നില്ല…” എന്ന് ഞാൻ പറഞ്ഞു.

” ഇവൾ വരാത്തത് കൊണ്ട് ഞാൻ ആകെ വിഷമിച്ച് കാത്തിരിക്കുകയായിരുന്നു മോനെ…അച്ഛനും ഇവിടില്ല. എനിക്ക് ആകെ ടെൻഷനായി പോയി.. എന്തായാലും മോൻ ചെയ്തത് ഒരു നല്ല കാര്യമാ.. ” എന്ന് പറഞ്ഞു. പിന്നെ എന്നെ നിർബന്ധിച്ച് ഒരു കാപ്പിയും കുടിപ്പിച്ച ശേഷമാ അവിടന്ന് വിട്ടത്.

പോരാൻ നേരം ഞാൻ അവളെ നോക്കി. ഒരു ചെറിയ ചിരിയോടെ നിൽക്കുന്ന അവൾക്ക് നേരെ ഞാനും പുഞ്ചിരിച്ചു. പെട്ടന്ന് തന്നെ ഞാൻ ചിരി നിർത്തീട്ട് കൊഞ്ഞനം കുത്തി കാണിച്ചു.പിന്നെ തിരിഞ്ഞ് നോക്കാതെ വണ്ടി വിട്ടു… അവൾ ചമ്മിയെന്ന് ഉറപ്പ്.

തിരികെ ഞാൻ കടയിൽ എത്തി.കുട്ടപ്പായി എവിടെന്ന് നോക്കിയിട്ട് അവനെ കാണാൻ ഇല്ല. ഈശ്വര.. പണി പാളിയോ.. ഞാൻ ഓർത്തു.കടയിലെ ചേട്ടനോട് ചോദിച്ചപ്പോ അവൻ ഒരു ഓട്ടോയിൽ കയറി വീട്ടിലേക്ക് പോയി എന്ന് പറഞ്ഞു.

ഞാൻ വീട്ടിലേക്ക് പറന്നു ചെന്നു. അവിടെ രണ്ട് മാമൻമാരും, രണ്ട് ആൻ്റിമാരും മുറ്റത്ത് തന്നെ നിൽക്കുന്നുണ്ട്. വണ്ടി സ്റ്റാൻഡിൽ വക്കുന്നതിന് മുന്നേ എന്നോട് വഴക്ക് തുടങ്ങി. ഞാൻ ചെക്കനെ കടയിൽ ഇട്ടിട്ട് മുങ്ങി എന്നാഅവൻ വീട്ടിൽ വന്ന് പറഞ്ഞിരിക്കുന്നത്. ഏതോ അറിയുന്ന ഓട്ടോക്കാരനെ കണ്ടത് കൊണ്ട് അവന് വീട്ടിലെത്താൻ പറ്റിയത്രെ…

മറുപടി പറയാൻ അവർ സമ്മതിക്കുന്നില്ല. അപ്പോഴാണ് മൂത്ത അമ്മായി ബഹളം കേട്ട് കൊണ്ട് അങ്ങോട്ട് വന്നത്. ഞാൻ അമ്മായി യോട് നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു. ആ പെണ്ണിനെ ഒറ്റക്ക് വിടാതെ കൊണ്ട് വിട്ട ശേഷം തിരികെ കടയിലെത്തി ഇവനെയും കൂട്ടി വരാം എന്നാണ് ഞാൻ വിചാരിച്ചത് എന്നും പറഞ്ഞു.

അപ്പോ വെല്യമ്മായിപ്രശ്നം പരിഹരിച്ചു. ഞാൻ ചെയ്തതാണ് ശരിയായ കാര്യം എന്നും പറഞ്ഞു. അപ്പോഴാ എല്ലാർക്കും സംഭവം മനസിലായത്…

രണ്ടു മൂന്ന് വർഷങ്ങൾക്ക് ശേഷം ഒരു ബൈക്കിൽ കാന്തം ഒട്ടിച്ച് വച്ചതു പോലെ രണ്ട് യുവമിഥുനങ്ങൾ പോകുന്നത് ഞാൻ കണ്ടു. ഞാനങ്ങനെ നോക്കി നിൽക്കുമ്പോ പിന്നിലിരുന്ന യുവതി എൻ്റെ നേരെ നോക്കി പുഞ്ചിരിച്ചു. അത് അവളായിരുന്നു. ഞാനും ചിരിച്ചു… അവൾ പെട്ടന്ന് ചിരി നിർത്തി. എന്നെ കൊഞ്ഞനം കുത്തി കാണിച്ചു. വീണ്ടും ചിരിച്ചു… സ്നേഹം നിറഞ്ഞ ഒരു പുഞ്ചിരി. എന്നിട്ട് കൈ വീശി കാണിച്ചു. ഞാനും തിരിച്ച് ഒന്ന് കൈ വിശി… റ്റാ റ്റാ….

Related Posts

Leave a Reply

Your email address will not be published. Required fields are marked *