അവൾ പുഴയിലേക്ക് പോയി, തിരികെ വന്ന അവൾ കണ്ടത് നടയിൽ ആരോ മറന്നു വെച്ചിട് പോയ ഒരു വട്ടയിലയിൽ പൊതിഞ കുറേ കണ്ണി മാങ്ങായാണ്. അവൾ ഒന്നും മനസ്സിലാവാതെ അതവിടെ തന്നെ വെച്ച് വീട്ടിലേയ്ക്ക് നടന്നു……..

കണ്ണിമാങ്ങ

Story written by Rosily Joseph

ഒരു ഞായറാഴ്ച ദിവസം മുറ്റത്തു പൊഴിഞ്ഞു വീണ മാവിലകൾ തൂത്തു വാരുകയായിരുന്നു അപർണ. അപ്പോഴാണ് തനിക്കു പിന്നിൽ ശക്തിയായ ഒരേറു കിട്ടി അവൾ ഞെട്ടി പിന്നോക്കം തിരിഞ്ഞതു.

“ഇതാരാ എന്നെ എറിഞ്ഞതു..!”

അരിശത്തോടെ കാൽചുവട്ടിൽ വീണു കിടന്ന കണ്ണിമാങ്ങാ അവൾ എടുത്തു

“ഇത് കണ്ണിമാങ്ങ ആണല്ലോ വീണതല്ല എറിഞ്ഞതാ ആരാണെന്ന് കണ്ടു പിടിക്കണം.. “

അവൾ പുഴയിലേക്ക് പോയി, തിരികെ വന്ന അവൾ കണ്ടത് നടയിൽ ആരോ മറന്നു വെച്ചിട് പോയ ഒരു വട്ടയിലയിൽ പൊതിഞ കുറേ കണ്ണി മാങ്ങായാണ്

അവൾ ഒന്നും മനസ്സിലാവാതെ അതവിടെ തന്നെ വെച്ച് വീട്ടിലേയ്ക്ക് നടന്നു

“മോളെ ഇന്ന് നിന്നെ കാണാൻ ഒരു ചെക്കൻ വരുന്നുണ്ട് വേഗം റെഡിയായി നിൽക്കണേ.. “

തുണികൾ അയയിൽ വിരിക്കുന്ന അവളോട് അച്ഛൻ പറഞ്ഞു

“ഇതെന്താ അമ്മേ എന്നോട് നേരത്തെ പറയാഞ്ഞേ..? ” അവൾക്ക് അരിശം തോന്നി

“അച്ഛനോട് തന്നെ ചോദിക്ക് നീ.. “

“അച്ഛാ എനിക്കിപ്പോ ഒരു വിവാഹം വേണ്ടന്ന് അറിഞ്ഞൂടെ.. “

“അവർ വന്നു കണ്ടു പോട്ടെ മോളെ നിനക്കിഷ്ടപെട്ടാൽ മാത്രമേ ഈ വിവാഹം നടത്തൂ അതചന്റെ വാക്കാ..”

അച്ഛന് നൽകിയ ഉറപ്പിനു മേൽ അവൾ മനസ്സില്ലാ മനസോടെ ഒരു പെണ്ണ് കാണൽ ചടങ്ങിനായി ഒരുങ്ങി

ഉച്ച കഴിഞ്ഞു ഒരു മൂന്ന് മൂന്നര ആയി. ക്ലോക്ക്ലേയ്ക്ക് നോക്കി വേവലാതി പെടുന്ന അച്ഛനെയും പലഹാരങ്ങളിൽ ഉറുമ്പ് കേറാതെ നോക്കി ഇരിക്കുന്ന അമ്മയെയും കണ്ടപ്പോൾ അവൾക് ചിരി വന്നു

പെട്ടന്നാണ് മുറ്റത്തൊരു കാറിന്റെ ഹോണടി കേട്ടത്

“ഈശ്വരാ പണി പാളിയോ.. “

മുഖത്തു കത്തിയ ട്യൂബ് ലൈറ്റ് പെട്ടന്നണഞ്ഞു

“നീയത്രയ്ക്കൊന്നും ചിരിക്കണ്ടാട്ടോ.. “അമ്മയുടെ വക കമന്റും

കാറിനുള്ളിൽ നിന്നിറങ്ങി വരുന്ന ചെറുപ്പക്കാരനെ അവൾ ജനാലയ്ക്കു മറവിൽ നിന്ന് നോക്കി

“എന്നെ കെട്ടാൻ വരുന്ന ചെക്കൻ സുന്ദരനാണോന്ന് ഞാനും അറിയണമല്ലോ.. “

“ദേ അവരൊക്കെ വന്നു നീയീ ചായ കൊണ്ട് അവർക്ക് കൊടുക്ക്.. “

വിഷാദമൂകയായി അടുക്കളയിലേയ്ക്ക് കാൽ വെച്ചതും അമ്മ പറഞ്ഞു

“എന്നാ പിന്നെ ഇനി കുട്ടീനെ വിളിക്കാം.. “

“ഉം ഇപ്പൊ വിളിക്കും.. !” പല്ല് ഞെരിച്ചു കൊണ്ടവൾ പറഞ്ഞു

ഒരു താല്പര്യവും ഇല്ലാത്ത മട്ടിൽ ചായ എല്ലാവർക്കും കൊടുക്കുമ്പോൾ അവൾ മനസ്സിൽ പറഞ്ഞു

“ഉം ഇനി പറയും ചെക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കണമെങ്കിൽ ആവാന്ന്.. എന്ത് സംസാരിക്കാൻ എനിക്കൊന്നും ഇല്ല സംസാരിക്കാൻ.. “

“ഇനി, ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം ല്ലേ..”

ബ്രോക്കറുടെ സംസാരം കേട്ട് അവൾക്ക് കലി തോന്നി പിന്നെ അച്ഛന്റെ ദയനീയമായ മുഖം കണ്ട് അവൾ അനുസരണയുള്ള കുട്ടിയെ പോലെ മുറ്റത്തേയ്ക്ക് നടന്നു

“താൻ അധികം സംസാരിക്കില്ല എന്ന് തോന്നുന്നു.. “

“ഏഹ്.. “

“അല്ല ഇതുവരെ എന്നെ പറ്റി ഒന്നും ചോദിച്ചില്ല.., മ്മ് സാരല്ല എല്ലാം പതിയെ മതി.. “

ചെറുക്കന്റെ സംസാരം കേട്ട് അവൾക്ക്, അയാൾ ഒരു പാവമാണെന്ന് തോന്നി. ഇതുപോലെ ഒരു കൂട്ടുകാരൻ എനിക്കും ഉണ്ടായിരുന്നു എന്ന് അവൾക്ക് പറയാൻ തോന്നി പിന്നെ വേണ്ടാന്ന് വെച്ചു

ഒടുവിൽ വന്നവർ യാത്ര പറഞ്ഞു പിരിഞ്ഞപ്പോൾ തെല്ലാശ്വാസം തോന്നി അവൾക്ക്

“മോൾക്ക് ഇഷ്ടായോ ചെക്കനെ.. “

അച്ഛന്റെ ചോദ്യത്തിനു അവൾ എനിക്കിഷ്ടായില്ലച്ചാ.. എന്ന് വെറുതെ ഒരു മറുപടിയും കൊടുത്തു റൂമിൽ കയറി വാതിൽ അടച്ചു. അപ്പോഴാണ് ജനാലക്കരികിൽ ഭംഗിയുള്ള ഒരു ഗിഫ്റ്റ് ബോക്സ്‌ അവൾടെ ശ്രദ്ധയിൽ പെട്ടത്

“ഇതെന്താ ഇത്.. “

അവൾ ആചര്യത്തോടെ തുറന്നു

“വൗ.. !” അവളുടെ കണ്ണുകൾ വിടർന്നു. അവൾ ഏറെ ഇഷ്ടപ്പെട്ട കുറേ കണ്ണിമാങ്ങകൾ..

അവൾക്കത്ഭുതം തോന്നി ഇതാരാ എന്റെ കണ്ണിമാങ്ങാ കൊതി അറിയാവുന്ന ആളു.

അപ്പോഴാണ് ഒരു കടലാസ് കഷ്ണം അവളുടെ ശ്രദ്ധിയിൽ പെട്ടത് ആവേശത്തോടെ ഓരോ വരിയും വായിക്കുമ്പോൾ അവൾക്ക് മനസ്സിലായി കുറച്ചു മുൻപെ ഇവിടെ വന്നു തന്നെ പെണ്ണ് കണ്ടത് തന്റെ കുട്ടിക്കാലത്തെ ബെസ്റ്റ് ഫ്രണ്ട് വിവേക് ആയിരുന്നു എന്ന്. അവൾക്ക് സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്നറിയാതെ ആയി. കണ്ണിമാങ്ങാ കയ്യിലെടുത്തു അതിന്റെ മണം ആസ്വദിച്ചു കിടക്കയിലേക്ക് മറിയുമ്പോൾ ഓർമ്മകൾ അവളെ പഴയ കാലത്തിലേയ്ക്ക് കൊണ്ട് പോയി

🍋🍋🍋🍋🍋🍋🍋🍋🍋

“എന്റെ അപ്പൂ നിനക്കെവിടുന്ന ഇത്രയും കണ്ണിമാങ്ങാ..?

കൂട്ടുകാരിയുടെ ചോദ്യം കേട്ട് ആ പുളിയുള്ള കണ്ണിമാങ്ങാ ഒരു കൂസലും ഇല്ലാതെ അവൾ ചവച്ചിറക്കി

“നിനക്കോർമയില്ലേ വീട്ടിലെ മൂവാണ്ടൻ മാവ്.. “

“ആ പക്ഷേ അത് കായ്ചിട്ടില്ലല്ലൊ..? “

“മ്മ് ശരിയാ പക്ഷേ ഇത്തവണ ശരിക്കും ഞെട്ടിപോയി ഒരുപക്ഷെ ചാച്ചൻ അത് വെട്ടി കളയും എന്ന് പറഞ്ഞത് കൊണ്ടാവും അവിടവിടെയായി കുഞ്ഞു മാങ്ങകൾ “

“ആഹാ അത് കൊള്ളാലോ.. “

കൂട്ടുകാരിയുടെ ആഹ്ലാദപ്രകടനനങ്ങളിൽ അവരെല്ലാം ചേർന്നു

ദിവസങ്ങൾ കഴിഞ്ഞു എന്നും അപർണ സ്കൂളിൽ വരുമ്പോൾ ബാഗിൽ അഞ്ചാറു കണ്ണിമാങ്ങ ഉണ്ടായിരുന്നു

“ഡീ മിസ്സ്‌ കണ്ടാൽ കുഴപ്പം ആകുമെ..!!”

“നിനക്ക് വേണോ .. “

അവൾ മാങ്ങ കാട്ടി ചിരിച്ചു ഇതൊന്നും വല്യ വിഷയം അല്ലെന്ന മട്ടിലാണ് അവളുടെ ഇരിപ്പ്

യൂണിഫോമിലും ബാഗിലും പുരണ്ട കറ മെല്ലെ അവളുടെ ബുക്കു കളിലേയ്ക്ക്മായ്

അപ്പോഴാണ് ടീച്ചർ ക്ലാസിലേക്ക് വന്നതു

“എന്താ അപർണ കയ്യിൽ.. “

അവൾ അബദ്ധത്തിൽ മാങ്ങാ താഴെ ഇട്ടു കഷ്ടകാലത്തിനു അത് നേരെ ഉരുണ്ടു ചെന്നത് ടീച്ചർടെ കാൽ ചുവട്ടിലേയ്ക്ക് ആണ്

“ഇതെന്താ ഇത് മാങ്ങയോ..? ഇതൊക്കെ കൊണ്ടാണോ ക്ലാസ്സിൽ വരുന്നത് നാളെ രക്ഷിതാവിനെ കൂട്ടി ക്‌ളാസിൽ കയറിയാൽ മതി പുറത്ത് പോയി നിൽക്ക്.. “

ടീച്ചർടെ ആഞ്ജപനം കേട്ട് അവൾ ഭയന്നു പോയി. പുറത്തേയ്ക്ക് തല കുമ്പിട്ടു പോകുന്ന അവളെ നോക്കി കൂട്ടുകാർ ഒന്നടങ്കം പൊട്ടി ചിരിച്ചു

“സൈലന്റ്സ്.. !”

ജീവിതത്തിൽ ആദ്യമായി ഉണ്ടായ പരാജയം

പിറ്റേന്ന് അമ്മയുടെ വായിലിരിക്കുന്നതും കേട്ട് ക്ലാസിലേയ്ക്ക് കയറുമ്പോൾ കണ്ണിമാങ്ങാ ഉണ്ടോ ഒരെണ്ണം തരാൻ.. എന്ന കൂട്ടുകാരുടെ കളിയാക്കൽ ആയിരുന്നു ഭയങ്കരം.പക്ഷേ എന്നും തോളിൽ കയ്യിട്ടു നടന്ന തോഴിമാർ മാത്രം ഒന്നും മിണ്ടിയില്ല

ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പോകാതെ ഇരുന്ന അവളുടെ അടുത്തേയ്ക്ക് അടുത്ത ബെഞ്ചിൽ ഇരിക്കുന്ന വിവേക് വന്നു

“എന്തുപറ്റി ആകെ മൂഡോഫ് ആണല്ലോ.. ഇന്നലെ അങ്ങനെ ഒക്കെ സംഭവിച്ചതു കൊണ്ടാണോ..? സാരമില്ലഡോ ഇതൊക്കെ ഒരു എൻജോയ്മെന്റ് ആയി കാണണ്ടേ ഈ പ്രായത്തിൽ അല്ലെ ഇതൊക്കെ നടക്കു.

ഇന്നാ ഇത് തനിക്കു കൊണ്ട് വന്നതാ.. “

“ഇതെന്താ ഇത്..? “

“തനിക്കേറെ ഇഷ്ടപ്പെട്ട കണ്ണിമാങ്ങാ.. അത് ബാഗിൽ വെച്ചോളൂ ആരും കാണണ്ട.. “

ആ കണ്ണിമാങ്ങകൾ സമ്മാനിച്ച അവനോട് അവൾക്ക് ആദരവു തോന്നി

പിന്നീടങ്ങോട്ട്‌ അവർ നല്ല കട്ട ചങ്ക്‌സ് ആയി മാറുകയായിരുന്നു

വർഷങ്ങൾ കഴിഞ്ഞു അവന് സ്കൂൾ മാറി പോകുമ്പോൾ ആരും കാണാതെ നെല്ലി മരത്തിനു ചുവട്ടിൽ പോയി നിന്ന് കരഞ്ഞത് ഇന്നും ഒരു വല്ലാത്ത നൊമ്പരം ആണ്

അല്ല അപ്പൊ രാവിലെ മാങ്ങാ കൊണ്ട് എറിഞ്ഞതും നടയിൽ വെച്ചിട് പോയതും ഇവനായിരുന്നോ..?

ചുണ്ടിൽ ഒരു പുഞ്ചിരിയുമായി കയ്യിലെടുത്തു വെച്ച ചെറു മാങ്ങാ ഞെരടി അതിന്റെ മണം ആസ്വദിച്ചു അവൾ കുലുങ്ങി ചിരിച്ചു ഒരു കൊച്ചു കുട്ടിയെ പോലെ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *