അവൾ മരിച്ചെങ്കിൽ എന്തിനായിരിക്കും ഇങ്ങനെ ഒരു……. അതും ഓട്ടോകാരനാൽ പീ ഡനത്തിനിരയായവൾ ഒരു ഓട്ടോയിൽ ……

ഒരു കുഞ്ഞ്കഥയാണ് ഉദ്ദേശിച്ചത്. പക്ഷേ, പലരും തുടർന്നു വായിക്കാൻ താല്പര്യം പറഞ്ഞതുകൊണ്ട് കുറച്ചു പാർട്ട്‌ കൂടെ എഴുത്തുകയാണ്‌. ഒറ്റ പാർട്ട്‌ ഉദ്ദേശിച്ചതുകൊണ്ട് കഥയ്ക്ക് പേരൊന്നും നൽകിയിരുന്നില്ല. തുടർച്ചയ്ക്കുള്ള ശ്രമം ആയതുകൊണ്ട് കഥയ്ക്ക് ഒരു പേര് കൂടെ നൽകുന്നു.. വായനക്കാർ കൂടെ ഉണ്ടാകും എന്ന വിശ്വാസത്തിൽ. !

നൈറ്റ്‌ ഡ്രൈവ് – ഭാഗം 02

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

എഴുത്ത് :- മഹാ ദേവൻ

അവൾ മരിച്ചെങ്കിൽ എന്തിനായിരിക്കും ഇങ്ങനെ ഒരു……. അതും ഓട്ടോകാരനാൽ പീ ഡനത്തിനിരയായവൾ ഒരു ഓട്ടോയിൽ ………

ചോദ്യങ്ങൾ ബാക്കിയാക്കി അയാൾ ഓട്ടോ മുന്നോട്ട് എടുത്തു, ഒരു ഉത്തരം എവിടെയോ തന്നെ തേടിയിരിപ്പുണ്ട് എന്ന വിശ്വാസത്തിൽ…..

***************

പുലർച്ചെ വീട്ടിലെത്തുമ്പോഴും റൂമിൽ കയറി ഒന്ന് നടു നിവർത്തുമ്പോഴും മനസ്സിൽ ആ കുട്ടിയുടെ മുഖം മാത്രമായിരുന്നു. മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്നു. നടന്നതെല്ലാം സത്യമോ മിഥ്യയോ എന്ന് പോലും….. എല്ലാം ഒരു സ്വപ്നം പോലെ….

” ആഹാ, നിങ്ങള് വന്നിട്ട് കുറെ നേരമായോ? എന്നിട്ട് ഓട്ടോയുടെ ശബ്ദമൊന്നും കേട്ടില്ലല്ലോ. അല്ലെങ്കി തന്നെ വന്ന ഉടനെ കുളിച്ച് ചായ ഉണ്ടാക്കാൻ പറയുന്ന ആളാ. ഇതിപ്പോ ന്താ പതിവിലാത്ത ഒരു കിടത്തം. ന്തേലും വയ്യായ്ക ഉണ്ടോ നിങ്ങൾക്ക്? “

അയാളുടെ പതിവില്ലാത്ത കിടപ്പ് കണ്ട് അസ്വസ്ഥതയോടെ മാലതി അരികിലേക്ക് ഇരിക്കുമ്പോൾ അയാൾ കണ്ണുകൾ തുറന്ന് അലസമായൊന്ന് മൂളി. പിന്നെ ജനലിലൂടെ പുറത്തേക്ക് നോക്കി കിടന്നു.

” നിങ്ങൾക്കിത് ന്താ പറ്റ്യേ മനുഷ്യാ…. വയ്യെങ്കിൽ വാ തുറന്ന് പറയൂ.. അല്ലാതെ ങ്ങനെ മനസ്സിലാവാനാ? കാശ് ചിലവാകുമെന്ന പേടി കൊണ്ട് ശരീരത്തിന് വയ്യെങ്കി മനസ്സിൽ തന്നെ വെച്ചിരിക്കല്ലേ. ന്തേലും ഉണ്ടേൽ പറ “

മാലതി വേവലാതിയോടെ അയാളെ നോക്കുമ്പോൾ അയാൾ വേറെ എന്തോ ചിന്തയിലെന്നോണം കിടക്കുകയായിരുന്നു.

അയാളുടെ ആ ഭാവവും ഒന്നും മിണ്ടാതെയുള്ള കിടപ്പും കണ്ടപ്പോൾ മാലതി വേഗം എഴുനേറ്റു വാതിൽക്കലേക്ക് നടന്നു.

” മോളെ….. എടി ഒന്നിങ്ങു വന്നേ നീ.. “

വേവലാതിയോടെ അവർ അടുക്കളയിലേക്ക് നോക്കി വിളിക്കുമ്പോൾ ജോലിക്ക് പോവാനുള്ള തിരക്കിൽ ഉച്ചയ്ക്ക് കഴിക്കാനുള്ള ചോറ് ടിഫിൻബോക്സിൽ ആകുന്ന തിരക്കിൽ ആയിരുന്നു വർഷ.

അസ്വസ്ഥത നിറഞ്ഞ അമ്മയുടെ വിളി കേട്ട് അവൾ ചോറ്റുപാത്രം അവിടെ വെച്ചു വേഗം ” എന്ത് പറ്റി അമ്മേ ” എന്നും ചോദിച്ചുകൊണ്ട് ഹാളിലേക്ക് വരുമ്പോൾ മാലതി മോളെ വിളിക്കുന്നത് കേട്ട് അയാൾ വേഗം എഴുനേറ്റ് ഭാര്യയെ ശബ്ദം താഴ്ത്തി ശകാരിക്കുകയായിരുന്നു.

” എടി നിനക്കെന്തിന്റെ കേടാ.. നീയിപ്പോ എന്തിനാണ് ആ പെണ്ണിനെ വിളിച്ചത്. ഒന്ന് സ്വസ്ഥമായി കിടക്കാനും സമ്മതിക്കില്ലേ “

“എന്നാ പിന്നെ ഈ സംസാരം നിങ്ങൾക്ക് നേരത്തെ ആവായിരുന്നില്ലേ മനുഷ്യ? വെറുതെ മനുഷ്യനെ തീ തീറ്റിക്കാനായിട്ട്. എന്നിട്ടിപ്പോ മോളെ വിളിച്ചതാ കുറ്റം “

അയാളെ മാലതി ദേഷ്യത്തോടെ നോക്കുമ്പോൾ ” എന്ത് പറ്റി അമ്മേ എന്ന് ചോദിച്ചുകൊണ്ട് വർഷയും ആ മുറിയ്ക്ക് മുന്നിൽ എത്തിയിരുന്നു.

” ഓഹ്.. ഒന്നുമില്ല മോളെ. നിന്റ അച്ഛൻ രാവിലെ കേറി കിടക്കുന്നത് കണ്ടപ്പോൾ പതിവില്ലാത്തതാണല്ലോ എന്ന് കരുതി എന്ത് പറ്റി എന്ന് ചോദിച്ചതാ. ചോദിച്ചതിനൊന്നും ഉത്തരം ഇല്ലെന്ന് മാത്രമല്ല, ഒരേ കിടപ്പ് കിടക്കുന്നത് കൂടെ കണ്ടപ്പോൾ വെപ്രാളത്തോടെ വിളിച്ചതാ. അപ്പ ദാ എഴുന്നേൽക്കുന്നു മോളെ വിളിച്ചതിന് കുറ്റം പറഞ്ഞോണ്ട് “

അമ്മയുടെ വാക്കിലെ അമർഷം കണ്ടപ്പോൾ അവൾ വേഗം റൂമിലേക്ക് കയറി അച്ഛനരികിൽ ഇരുന്നു.

” അച്ഛാ, ന്തേലും പ്രശ്നം ഉണ്ടോ? ഉണ്ടെങ്കിൽ പറയണേ. നമുക്ക് ഹോസ്പിറ്റലിൽ പോവാ. ന്തേലും ബുദ്ധിമുട്ട് തോനുന്നുണ്ടേൽ സാരമില്ലന്ന് കരുതി വെച്ചോണ്ടിരിക്കല്ലേ. “

അവൾ അച്ഛന്റെ കയ്യിലൊന്ന് മുറുക്കെ പിടിച്ചു. അവരുടെ രണ്ട് പേരുടെയും മുഖത്തെ ഭാവം കണ്ടപ്പോൾ അയാൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നു രണ്ട് പേരും നന്നായി പേടിച്ചിട്ടുണ്ടെന്ന്. അതുകൊണ്ട് തന്നെ തന്റെ കയ്യിൽ പിടിച്ച മകളുടെ കയ്യിൽ അയാളും മുറുക്കെ പിടിച്ചു.

” അച്ഛന് ഒന്നുല്ല മോളെ… മനസ്സിന് കുറച്ചു അസ്വസ്ഥത തോന്നി. അതുകൊണ്ട് വന്നു കിടന്നതാ. “

” അതെന്ത് പറ്റി. ഇതുവരെ ഇങ്ങനെ അസ്വസ്ഥനായി അച്ഛനെ കണ്ടിട്ടില്ലല്ലോ ഞങ്ങൾ. അതിന് മാത്രം എന്ത് പറ്റി അച്ഛന് !”

അവളും അമ്മയും അയാളെ തന്നെ ഉറ്റു നോക്കുമ്പോൾ പറഞ്ഞാൽ അവർ വിശ്വസിക്കുമോ എന്നായിരുന്നു അയാളിലെ ചിന്ത. മരിച്ച ഒരാൾ ഓട്ടോയിൽ കയറിയെന്നും അവളുടെ വീട്ടിൽ വരെ കൊണ്ടുപോയെന്നും മറ്റും പറഞ്ഞാൽ വെറുമൊരു ബാലരമ കഥ കേട്ട പോലെ അമ്മയും മോളും കഴിയാക്കി ച്ചിരിക്കത്തെ ഉളളൂ എന്നയാൾ കരുതി. അതുകൊണ്ട് തന്നെ ആദ്യമൊന്ന് മടിച്ചെങ്കിലും മകളുടെ നിർബന്ധം കണ്ടപ്പോൾ മടിച്ചു മടിച്ചാണെങ്കിലും രാത്രി മുതൽ ഈ പുലർച്ചെ വരെ ഉണ്ടായ കാര്യങ്ങൾ എല്ലാം അയാൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ വിശ്വസിക്കാൻ കഴിയാതെ ഞെട്ടലിൽ ഇരിക്കുകയായിരുന്നു മാലതിയും വർഷയും. ഒരു ഫാന്റസി കഥ കേൾക്കുംപോലെ ഇരിക്കുന്ന മകൾക്കും ഭാര്യയ്ക്കും മുന്നിൽ അയാൾ ഒന്നുകൂടി ആണയിട്ട് പറയുന്നുണ്ടായിരുന്നു ” സത്യാ മോളെ, ആ കുട്ടി മരിച്ചുപോയതാണെന്ന് ആ വീട്ടിൽ എത്തുമ്പോൾ ആണ് ഞാൻ അറിഞ്ഞത്. അവിടെ ഉണ്ടായിരുന്ന ഒരു പയ്യൻ പത്രത്തിൽ വന്ന വാർത്ത കൂടി കാണിച്ച് തന്നപ്പോൾ… തിരികെ ഓട്ടോയിൽ വന്നു നോക്കുമ്പോൾ അവിടെ ആരും ഇല്ലായിരുന്നു. ” എന്ന്.

” അച്ഛനിത് എന്തൊക്കെയാ പറയുന്നത്. കുറച്ചു ദിവസം മുൻപ് മരിച്ച ഒരാൾ അച്ഛന്റെ ഓട്ടോയിൽ കേറിയെന്നോ. എന്നിട്ട് അവരെയും കൊണ്ട് ആ വീട് വരെ പോയെന്നോ? അച്ഛനിത് ന്ത്‌ പറ്റി. വേണ്ടാത്ത ഓരോന്ന് ചിന്തിച്ചോണ്ടുള്ള തോന്നൽ ആണത്. അല്ലാതെ ഇക്കാലത്തും മരിച്ച ഒരാൾ ഓട്ടോയിൽ കയറി എന്നൊക്കെ പറഞ്ഞാൽ ആരേലും വിശ്വസിക്കുമോ? “

അച്ഛൻ പറഞ്ഞതൊന്നും വിശ്വസിക്കാൻ അവൾക്ക് കഴിയുന്നില്ലായിരുന്നു. അച്ഛന്റെ ഓർക്കൾക്ക് ന്തോ പറ്റിയിട്ടുണ്ട് എന്നായിരുന്നു ആ സമയം അവൾ ചിന്തിച്ചത്.

” ഇതൊക്കെ കൊണ്ടാണ് മോളെ ഞാൻ നിന്റ അമ്മയോടും ആദ്യമൊന്നും പറയാതിരുന്നത്. ആർക്കും വിശ്വസിക്കാൻ കഴിയില്ല ഇതൊന്നും. പക്ഷേ, . മോള് ഒന്ന് ചിന്തിച്ചോ ..ഈ കടവന്ത്രയിൽ നിന്നും ത്രിശൂർ ഉള്ള അവളുടെ വീട്ടിലേക്ക് വഴി തെറ്റാതെ ഞാൻ എങ്ങനെ എത്തി എന്ന്. ഒരിക്കൽ പോലും പോവാത്ത ആ വഴിയിൽ ഒരാളും വഴികാട്ടാൻ ഇല്ലാതെ എനിക്ക് പോകാൻ പറ്റുമെന്ന് തോനുന്നുണ്ടോ? “

അപ്പോഴായിരുന്നു വർഷയും അത് ചിന്തിച്ചത്. അത്രേം ദൂരം സഞ്ചരിച്ച് ആ വീട്ടിൽ തന്നെ എത്തണമെങ്കിൽ…

അവൾ വേഗം അച്ഛന്റെ കയ്യിൽ ഒന്നുകൂടെ അമർത്തിപിടിച്ചു.

“അച്ഛൻ ആ പത്രം ശ്രദ്ധിച്ചിരുന്നൊ? അത് എന്നതേ ആണെന്നോ മറ്റോ? “

അവളുടെ ചോദ്യം കേട്ട് ഇല്ലെന്ന് അയാൾ തലയാട്ടി. പക്ഷേ എന്തോ ഓർത്തെടുത്ത പോലെ അയാൾ മോളെ നോക്കി.

” ഡേറ്റ് നോക്കിയില്ല മോളെ. പക്ഷേ, ആ ചെറുപ്പക്കാരൻ പറഞ്ഞത് ആ കുട്ടി മരിച്ചിട്ട് ഒരു മാസം ആയെന്നാ. “

അയാൾ അവളുടെ മുഖത്തേക്ക് തന്നെ നോക്കുമ്പോൾ വർഷ വേഗം എഴുനേറ്റ് അവളുടെ റൂമിലേക്ക് ഓടി. പിന്നെ അവിടെ ഒതുക്കി വെച്ചിരുന്ന പത്രക്കെട്ടുകളിൽ നിന്ന് ഒരു മാസം മുന്നേ ഉള്ള പത്രങ്ങൾ തിരഞ്ഞെടുത്തു. അതിൽ ഓരോന്നും അവൾ സസൂഷ്മം നിരീക്ഷിച്ചു. ബ ലാത്സം ഗത്തിന് ഇരയായ പെൺകുട്ടിയുടെ ആത്മഹ ത്യയും ഓട്ടോഡ്രൈവർ പ്രതിയുമായ വാർത്ത കണ്ടെത്താൻ ഒത്തിരി കഷ്ടപ്പെടേണ്ടി വന്നില്ല അവൾക്ക്. ആ പേപ്പറുമായി തിരികെ അച്ഛന്റെ മുറിയിലെത്തി അയാൾക്ക് മുന്നിലേക്ക് അവളാ പത്രത്തിലെ വാർത്ത നീട്ടി.

” ഇതാണോ അച്ഛാ ആ വാർത്ത “

അവൾ നീട്ടിയ പേപ്പർ കയ്യിൽ വാങ്ങി അയാൾ ആ വാർത്തയിലേക്ക് അമ്പരപ്പോടെ നോക്കി, പിന്നെ വർഷയുടെ മുഖത്തേക്കും…..

” അതെ മോളെ… ഇ..ഇതാണ്….. ഇതാണ് മോളെ… “

അയാൾ വാക്കുകൾ കിട്ടാതെ മോളെ നോക്കുമ്പോൾ അവൾ ആ പത്രം വാങ്ങി ആ വാർത്ത ഒന്ന് ഉറക്കെ വായിച്ചു.

” കൊച്ചിയിലെ ഹോട്ടൽമുറിയിൽ പീ ഡിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പെൺകുട്ടി ആത്മഹ ത്യ ചെയ്തു. പീ ഡനത്തിനിരയാക്കിയെന്ന് കരുതപ്പെടുന്ന ഓട്ടോഡ്രൈവറായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ ആണ് യുവതിയുടെ ആത്മഹ ത്യ. പാലക്കാട് അത്താണിയിൽ ഹരിശങ്കർ ആണ് പ്രതി. കൂടുതൽ ആളുകൾ ഉണ്ടോ എന്ന് പോലീസ് അന്വോഷിക്കുന്നു. “

വാർത്ത പല വട്ടം അവൾ ഇരുത്തിവായിച്ചു. പക്ഷേ, വായിക്കുമ്പോൾ എല്ലാം കൂടുതൽ കൺഫ്യൂഷൻ ഉണ്ടാക്കുന്നതായിരുന്നു.

” ഇതിപ്പോ എന്തായിരിക്കും അച്ഛാ… ! മരിച്ച കുട്ടി തൃശ്ശൂർ… അച്ഛനിവിടെ കൊച്ചിയിൽ.. ഇതിൽ പറയുന്ന പ്രതി പാലക്കാടും. ഒന്നും അങ്ങോട്ട് ലിങ്ക് ആകുന്നില്ലല്ലോ “

അവൾ തലയിൽ കൈ താങ്ങി ഇരുന്നു കുറച്ചു നേരം. പെട്ടെന്നെന്തോ ഓർത്തെടുക്കുംപ്പോലെ അവൾ ആകാംഷയോടെ അച്ഛന്റെ മുഖത്തേക്ക് നോക്കി.

“അച്ഛാ…. അച്ഛന്റെ ഓട്ടോയുടെ നമ്പർ എത്രയാണ്?

ഇവൾക്കിതെന്ത് പറ്റി എന്ന ചിന്തയോടെ അയാൾ അലസമായിട്ടായിരുന്നു ആ നമ്പർ പറഞ്ഞത്

KL 9 AC 12**

അവൾ മനസ്സിൽ ആ നമ്പർ ഒന്നുകൂടി ഉരുവിട്ടു.

KL 9 AC 12**……….!!!!

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *