ആ ഭീഷിണിയുടെ മുമ്പിൽ ഞാൻ വഴങ്ങിയില്ല. എല്ലാത്തിനും കാരണം ഇയാളാണെന്ന് അമ്മായിയച്ഛനെ ചൂണ്ടി ഞാൻ പറഞ്ഞു. എന്റെ ഭാര്യയുടെ മനസ്സ് മാറ്റി പ്രശ്നം……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

എന്തിനാണ് വിളിപ്പിച്ചതെന്ന് ചോദിച്ചപ്പോൾ ആ പോലീസുകാരൻ ഇങ്ങോട്ട് നീങ്ങി നിക്കടായെന്ന് എന്നോട് പറഞ്ഞു. ഞാൻ അനുസരിച്ചു. ശബ്ദം ഇത്തിരി കനത്തിലായത് കൊണ്ട് ഞാൻ പോലും അറിയാതെ എന്റെ കൈകളും പരസ്പരം കെട്ടി നിന്നിരുന്നു. വൈകാതെ എസ് ഐ പുറത്തേക്ക് വന്നു.

‘നിനക്കൊക്കെ നാ ണമുണ്ടെടോ..?’

വന്നത് ഞാനാണെന്ന് അറിഞ്ഞപ്പോൾ ആ എസ് ഐ എന്നോട് ചോദിച്ചു. ഉടുത്തിരുന്ന മുണ്ടും ഷർട്ടും നോക്കിയിട്ട് ഉണ്ടെന്ന് ഞാൻ പറഞ്ഞു. പറഞ്ഞു തീരും മുമ്പേ ആ പോലീസുകാരൻ എന്റെ മുഖത്തേക്ക് കൈ ഓങ്ങി. ഞാൻ ഭയന്നുപോയി. ജീവിതത്തിൽ ആദ്യമായാണ് പോലീസ് സ്റ്റേഷനിൽ ഇങ്ങനെ വിറച്ചിരിക്കേണ്ട അനുഭവം ഉണ്ടായിരിക്കുന്നത്.

ഒരു മണിക്കൂറോളം ഞാൻ ആ സ്റ്റേഷനകത്തെയൊരു മൂലയിൽ പലതുമോർത്ത് അങ്ങനെ നിന്നു. തീരേ പ്രതീക്ഷിക്കാതെയാണ് എന്റെ ഭാര്യയുടെ അച്ഛൻ അവിടേക്ക് വന്നത്. അങ്ങേരെ കണ്ടപ്പോഴാണ് സംഗതികളുടെ കിടപ്പെന്താണെന്ന് കൃത്യമായി എനിക്ക് മനസ്സിലാകുന്നത്. ഈ കഴിഞ്ഞ നേരങ്ങളിലെല്ലാം ഞാൻ ഊഹിച്ചതിലും അതുണ്ടായിരുന്നു. പരാതിക്കാരൻ അമ്മായിയച്ഛൻ തന്നെ.

കഴിഞ്ഞ ഞായറാഴ്ച്ച എന്റെ കുഞ്ഞിന്റെ പേരിടൽ ചടങ്ങ് ഭാര്യയുടെ വീട്ടിൽ വെച്ച് നടന്നിരുന്നു. ആണാണെങ്കിലും പെണ്ണാണെങ്കിലും അവൾ പെറുന്നതിന് മുമ്പേ കുഞ്ഞിന്റെ പേര് ഞാൻ നിശ്ചയിച്ചതാണ്. അവൾക്കും അറിയാമത്.

ഞങ്ങൾക്ക് ജനിച്ചതൊരു ആൺ കുഞ്ഞായിരുന്നു. പേര് ‘ആനന്ദൻ! ‘. ഇത്രയും സന്തോഷമുള്ള പേര് ഈ ഭൂമിയിൽ വേറെയുണ്ടോ..!

അവളുടെ വീട്ടിലെ ആർക്കൊക്കെയോ ആ പേര് പിടിച്ചില്ല. കുഞ്ഞിന്റെ നൂല് കെട്ട് ആകുമ്പോഴേക്കും ഭാര്യക്കും ആനന്ദനെന്ന പേര് രസിക്കാതെയായി. അവരെല്ലാവരും ചേർന്ന് എന്റെ കുഞ്ഞിനൊരു പേര് കണ്ടുപിടിച്ചു. ‘ശോഭന്നൻ!’

കേട്ടപ്പോൾ തന്നെ എന്റെ നെറ്റി ചുളിഞ്ഞു. പേരിടൽ ചടങ്ങ് മുഴുവൻ ഞാൻ അലങ്കോലമാക്കി. ബഹളത്തിൽ കുഞ്ഞ് കരഞ്ഞതൊന്നും ഞാൻ കാര്യമാക്കിയില്ല. ക ഴുത്തിന് പിടിച്ച അമ്മായിയച്ഛന്റെ വയറിന് രണ്ട് കു ത്തും കൊടുത്തിട്ടാണ് അന്ന് ഞാൻ അവിടെ നിന്ന് ഇറങ്ങിയത്. ഭരിക്കുന്ന പാർട്ടിയുടെ ജില്ലാ സെക്രട്ടറിയുടെ സഹോദരനാണ് ഭാര്യയുടെ അച്ഛനെന്നൊന്നും ഞാൻ ഓർത്തില്ല.

‘സ്വന്തം കുഞ്ഞിന്റെ പേരിടൽ ചടങ്ങിന് ത ല്ലുണ്ടാക്കാൻ നാണമില്ലെടാ നിനക്ക്..?’

അകത്തേക്ക് വിളിപ്പിച്ചതിന് ശേഷം എസ് ഐ വീണ്ടും എന്നോട് ചോദിച്ചു. അതുകേട്ടപ്പോൾ അമ്മായിയച്ഛൻ എന്നെ നോക്കി പരിഹസിച്ചു. നിന്നെയൊരു പാഠം പഠിപ്പിക്കുമെന്ന തലത്തിൽ കണ്ണുകൾ അനക്കുകയും ചെയ്തു.

‘ഇനി നിന്നെക്കൊണ്ടൊരു പ്രശ്നവും ഇയാൾക്കും മോൾക്കും ഉണ്ടാകാൻ പാടില്ല..!’

ആ ഭീഷിണിയുടെ മുമ്പിൽ ഞാൻ വഴങ്ങിയില്ല. എല്ലാത്തിനും കാരണം ഇയാളാണെന്ന് അമ്മായിയച്ഛനെ ചൂണ്ടി ഞാൻ പറഞ്ഞു. എന്റെ ഭാര്യയുടെ മനസ്സ് മാറ്റി പ്രശ്നം ഇയാൾ വഷളാക്കിയതാണെന്നും ഞാൻ ചേർത്തൂ. ഇയാളുടേ ഇഷ്ടത്തിനാണോ എന്റെ കുഞ്ഞിന് പേരിടേണ്ടതെന്നും ഞാൻ ചോദിച്ചു.

‘അല്ല പരാതിക്കാരാ… നിങ്ങൾക്കെന്താണ് മകളുടെ കുഞ്ഞിന്റെ പേരിടലിലൊരു വാശി?’

അങ്ങനെയൊരു ചോദ്യം പ്രതീക്ഷിക്കാത്തത് പോലെ അമ്മായിയച്ഛൻ വാ പൊളിച്ച് നിന്നു.

‘പാർട്ടീ ഓഫീസിൽ നിന്ന് വിളിച്ചിട്ടുണ്ടാകുമല്ലോ…!’

ജില്ലാ സെക്രട്ടറിയുടെ സഹോദരനെന്ന ഹുങ്കിൽ അമ്മായിയച്ഛൻ നിന്നു. എന്തെങ്കിലും കാര്യമുള്ള കാര്യമായിരിക്കുമെന്ന് കരുതിയിട്ടാണ് ഇടപെട്ടതെന്നും പറഞ്ഞ് ചുളിഞ്ഞ മുഖത്തോടെ എസ് ഐ പുറത്തേക്ക് പോയി. ഈ പേരിടൽ കേസിൽ ഇടപെടാൻ ആ പോലീസുകാരന് യാതൊരു താൽപര്യവുമില്ല. അമ്മായിയച്ഛനെ നോക്കി ഞാൻ വെറുതേ ചിരിച്ചു. ആ മനുഷ്യൻ എനിക്ക് കണ്ണുകൾ തരാതെ സ്റ്റേഷന്റെ തറയിലേക്ക് ഒളിച്ചു.

നിങ്ങളുടെ തർക്കം നിന്നില്ലെങ്കിൽ കുഞ്ഞിന്റെ പേര് കോടതിയിടുമെന്ന് ഒരു കാക്കി തല ഞങ്ങളോട് പറഞ്ഞു. എന്നാലും നിങ്ങളിടുന്ന പേര് എന്റെ കുഞ്ഞിന് വേണ്ടായെന്ന് ഞാൻ പറഞ്ഞു. നിന്നെക്കൊണ്ടും ഇടീപ്പിക്കില്ലായെന്ന് അമ്മായിയച്ഛൻ ശബ്ദിച്ചു. ബന്ധം തന്നെ വേർപെടുത്തി കളയും പോലും. അങ്ങനെയെങ്കിൽ അതൊന്ന് കാണണമല്ലോയെന്ന് ഞാനും.

‘നിർത്തിയിട്ട് ഇറങ്ങി പോകിനെടാ… ഇത് നിന്റെയൊന്നും വീടല്ല…’

ഞങ്ങളുടെ വാക്ക് തർക്കം നിർത്തിപ്പിക്കാൻ ഏതോയൊരു കാക്കി തല അലറി. പരിസരബോധം തിരിച്ചുകിട്ടിയ ഭാര്യയുടെ അച്ഛൻ പോയതിന് പിന്നാലെ ഞാനും നടന്നു.

‘ഒന്ന് നിന്നേ…’

എന്തിനാണ് വിളിപ്പിച്ചതെന്ന് ചോദിച്ചപ്പോൾ ഇങ്ങോട്ട് മാറി നിക്കടായെന്ന് തുടക്കത്തിൽ പറഞ്ഞ പോലീസുകാരൻ വീണ്ടും എന്റെ മുന്നിൽ നിൽക്കുന്നു. തുടക്കത്തിൽ എസ് ഐ ചോദിച്ചത് തന്നെയായിരുന്നു അയാൾക്കും ആവർത്തിക്കാനുണ്ടായിരുന്നത്.

‘നിനക്കൊക്കെ നാ ണമുണ്ടെടോ..?’

അതുകേട്ടിട്ടും എനിക്ക് വലിയ മാനക്കേടൊന്നും തോന്നിയില്ല. കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് മനസ്സിൽ താലോലിക്കുന്ന പേരാണ്. ഭാര്യ പിരിഞ്ഞ് പോയാലും എന്റെ കുഞ്ഞിന് ഞാൻ തീരുമാനിച്ച പേരുതന്നെ മതി. ഒരു ശോശന്നന്റെ മുമ്പിലും എന്റെ ആനന്ദനെ തോൽപ്പിക്കാൻ ഞാൻ സമ്മതിക്കില്ല…!!! ആനന്ദൻ..! ആഹാ…! കേൾക്കുമ്പോൾ തന്നെയെന്തൊരു സന്തോഷം..! അതുമതി. എന്റെ കുഞ്ഞ് ആനന്ദനാണ്..!

Related Posts

Leave a Reply

Your email address will not be published. Required fields are marked *