ആ മനുഷ്യനോട് ഒന്നും പറയാൻ എനിക്ക് സാധിച്ചിച്ചില്ല. ഏറെ നേരം അങ്ങനെ തലകുനിച്ച് ഞാൻ അയാളുടെ അടുത്തിരുന്നു. അല്ലെങ്കിലും ചിലരുടെ വേദനകളുടെ മുന്നിൽ സ്തംഭിച്ച് നിൽക്കാനല്ലേ ചില…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

അപരിചിതനായ ഒരു വൃദ്ധൻ ഉമ്മറത്തേക്ക് കഴുത്ത് നീട്ടുന്നത് കണ്ടപ്പോൾ ആരായെന്നും ചോദിച്ച് തൊഴുത്തിൽ നിന്ന് ഞാൻ മുറ്റത്തേക്ക് നടന്നു.

അയാൾ എന്നെ നോക്കിയതുമില്ല, കേട്ടഭാവം കാട്ടിയതുമില്ല. ആ വൃദ്ധന്റെ തൊട്ട് മുന്നിൽ നിന്ന് ആരായെന്ന് പിന്നേയും ഞാൻ ചോദിച്ചു. അപ്പോഴാണ് അയാൾ എന്നെ ശ്രദ്ധിക്കുന്നത്. തന്റെ വട്ട കണ്ണടയൊന്ന് കൂടി കണ്ണുകളിലേക്ക് അമർത്തിവെച്ച് അയാൾ എന്നെ സൂക്ഷിച്ച് നോക്കി.

‘സുധാകരന്റെ വീട്….! ഓനില്ലേയീടാ..!?’

സുധാകരന്റെ വീട് അല്ലല്ലോയെന്ന മറുപടി കൊടുത്തപ്പോൾ അയാളുടെ വാർദ്ധക്ക്യവരയുള്ള വിയർത്ത നെറ്റി ചുളിയുകയും, ശ്വാസം തൊണ്ടയിടറി പതുക്കെയൊന്ന് ചുമക്കുകയും ചെയ്തു.

‘ആരാ സുധാകരൻ…? അഡ്രസ്സ് വല്ലതുമുണ്ടോ കയ്യിൽ..?’

ഞാൻ ഉറക്കെ ചോദിച്ചു. കേട്ടപാടെ അയാൾ തന്റെ കുപ്പായത്തിന്റെ മുൻവശത്തെ കീശയിൽ നിന്നൊരു തുണ്ട് കടലാസ്സെടുത്ത്‌ എനിക്ക് നേരെ നീട്ടി. എന്നിട്ട് മകനാണ് സുധാകരനെന്ന് അമർത്തി പറയുകയും ചെയ്തു.

കടലാസ്സ് തുണ്ട് വാങ്ങി വായിച്ച് വിലാസമൊക്കെ ശരിയാണെന്ന് ഞാൻ പറഞ്ഞപ്പോൾ ആ വൃദ്ധൻ പതുക്കെയൊന്ന് ചിരിച്ചു. പക്ഷേ, സുധാകരനെന്ന പേരിൽ ഒരാളെ എനിക്ക് ഓർത്തെടുക്കാനേ കഴിഞ്ഞില്ല. എന്തുകൊണ്ടോ എനിക്കത് ആ മനുഷ്യനോട് പറയാനും തോന്നിയില്ല. എന്നാലും കൃത്യമായി എന്റെ മുറ്റത്തേക്ക് തന്നെ ഈ മനുഷ്യൻ! അല്ലെങ്കിലും, കാര്യ കാരണങ്ങൾ ഇല്ലാതെ ഇവിടെ യാതൊന്നും സംഭിക്കുന്നില്ലല്ലോ…!

അയാളോട് ഞാൻ ഉമ്മറത്തേക്ക് കയറിയിരിക്കാൻ ഉറക്കെ ആവിശ്യപ്പെട്ടു. ഒന്നുകൊണ്ടും പേടിക്കേണ്ടായെന്നും, മകനെ നമുക്ക് കണ്ടുപിടിക്കാമെന്നും പറഞ്ഞു. അയാൾക്കത് വലിയ ആശ്വാസമായിരുന്നു.

മുറ്റത്തെ പൈപ്പിൽ നിന്ന് മുഖമൊക്കെ കഴുകി ആ വൃദ്ധൻ ഉമ്മറത്തെ ഇരുത്തിയിൽ വന്നിരുന്നപ്പോൾ ഞാൻ അകത്തേക്ക് പോയി കഴിക്കാൻ എന്തെങ്കിലും എടുക്കാൻ ഭാര്യയോട് പറഞ്ഞു.

‘ആരാ വന്നിരിക്കുന്നത്…!?’

“സുധാകരന്റെ അച്ഛൻ. “

‘ആരാ സുധാകരൻ…!?’

“അറിയില്ല… “

പാവമെന്റെ ഭാര്യക്കും ഒന്നും മനസ്സിലായില്ല. ശരിക്കും ആരായിരിക്കും സുധാകരൻ..! മകനെ തിരഞ്ഞ് വന്ന ഒരാളോട് എനിക്ക് എന്തുകൊണ്ടാണ് ഇത്രയും അനുകമ്പ കാട്ടാൻ തോന്നുന്നത്..! ഒരു പക്ഷേ, കണ്ടും വിളിച്ചും കൊതിതീരും മുമ്പേ അകാലത്തിൽ പൊലിഞ്ഞുപോയ ഒരു അച്ഛന്റെ മകനായത് കൊണ്ടായിരിക്കാം…

ഞാൻ ഉമ്മറത്തേക്ക് വന്ന് ആദ്യം എന്തെങ്കിലും കഴിക്കാമെന്ന് പറഞ്ഞുകൊണ്ട് അയാളുടെ അടുത്തിരുന്നു. കഴിഞ്ഞ മാസം കൂടി മകൻ ഫോണിൽ സംസാരിച്ചിരുന്നുവെത്രെ.. പക്ഷേ, നാലുവർഷമായി ആ അച്ഛൻ അവനെ കണ്ടിട്ട്. മൂന്നാഴ്ച്ച മുമ്പ് അവന്റെ അമ്മ മരിച്ചുവെന്ന് വിതുമ്പിക്കൊണ്ട് അയാൾ പറഞ്ഞപ്പോൾ എന്റെ കണ്ണുകളും നിറഞ്ഞുപോയി. ഫോണിൽ വിളിച്ചിട്ട് കിട്ടാതായപ്പോഴാണ് പണ്ട് മകൻ തന്ന വിലാസവുമെടുത്ത് ആ പിതാവ് ഇറങ്ങിപ്പുറപ്പെട്ടത്.. അതുപറയുമ്പോൾ അയാൾ എന്റെ മാ റിൽ കൈവെച്ച് വിങ്ങലോടെ വിറച്ചു.

ആ മനുഷ്യനോട് ഒന്നും പറയാൻ എനിക്ക് സാധിച്ചിച്ചില്ല. ഏറെ നേരം അങ്ങനെ തലകുനിച്ച് ഞാൻ അയാളുടെ അടുത്തിരുന്നു. അല്ലെങ്കിലും ചിലരുടെ വേദനകളുടെ മുന്നിൽ സ്തംഭിച്ച് നിൽക്കാനല്ലേ ചില സന്ദർഭങ്ങളിൽ നമുക്കൊക്കെ സാധിക്കാറുള്ളൂ…

വിഷമിക്കാതെയെന്നും മകനെ നമുക്ക് കണ്ടുപിടിക്കാമെന്നും പറഞ്ഞ് ഞാൻ ആ വൃദ്ധന്റെ കൈകൾ മുറുക്കെ പിടിച്ചു. അപ്പോൾ അയാളുടെ കണ്ണുകളിൽ നിന്ന് കണ്ണട താഴേക്കും അയാൾ ചെരിഞ്ഞ് എന്നിലേക്കും വീണു. തുറന്ന കണ്ണുകളോടെ മരണപ്പെട്ടുവെന്ന് തോന്നിയിട്ടും അയാളെ വാരിയെടുത്ത്‌ ആശുപത്രിയിലേക്ക് ഞാൻ കൊണ്ടുപോയി.

മരണം ആധികാരികതയോടെ ഡോക്റ്റർ സ്ഥിതീകരിച്ചു. പോസ്റ്റ്‌മാർട്ടം കഴിഞ്ഞപ്പോൾ ഒരു ആൺ നേഴ്സ് വന്ന് എന്റെ കണ്ണുകളിലേക്കൊരു പേന ചൂണ്ടി. പേരും മരണപ്പെട്ട ആളുമായുള്ള ബന്ധവും ചോദിച്ച് സർക്കാർ കടലാസ്സിൽ എഴുതാനായി അയാൾ തയ്യാറാകുകയും ചെയ്തു. ഏറെയൊന്നും ആലോചിക്കാതെ വളരേ സ്വാഭാവികമായി ഞാൻ മറുപടി പറഞ്ഞു.

‘മകനാണ്. പേര് സുധാകരൻ..!!!’

Related Posts

Leave a Reply

Your email address will not be published. Required fields are marked *