ഇടറിയാണെങ്കിലും തേങ്ങികൊണ്ടുള്ള കൃഷ്ണയുടെ വാക്കുകൾക്ക് ഈർച്ചവാളിനേക്കാൾ ശക്തിയുണ്ടെന്ന് അവനു തോന്നി……

ഇലഞ്ഞിപ്പൂക്കൾ

Story written by Lis Lona

“ഞാൻ തരാത്ത എന്തു സുഖമാ ഏട്ടാ അവളേട്ടന് തന്നേ ….എന്നെ ഇത്ര പെട്ടെന്ന് മടുത്തോ … ഞാൻ .. ഞാനാരുമല്ലാതായോ “

ഇടറിയാണെങ്കിലും തേങ്ങികൊണ്ടുള്ള കൃഷ്ണയുടെ വാക്കുകൾക്ക് ഈർച്ചവാളിനേക്കാൾ ശക്തിയുണ്ടെന്ന് അവനു തോന്നി.

ഒരു നിമിഷത്തെ മതിഭ്ര മത്തിൽ ചെയ്തു പോയ തെറ്റിന്റെ ആഴം അവനെ തലകുനിപ്പിച്ചു നിർത്തിയിരിക്കുകയാണെന്ന് അവളറിഞ്ഞു .

ആ നിൽപ് കൃഷ്ണയുടെ ഇടനെഞ്ചിലാണ് തറച്ചു കൊള്ളുന്നത് …നോക്കും തോറും അവൾക്ക് സങ്കടം സഹിക്കാൻ കഴിയുന്നില്ല …കണ്ണുകളെല്ലാം നീറിപുകഞ്ഞു കാഴ്ച മറയുന്നു …

“എന്തിനാ ഏട്ടാ ന്നോടിത് ..എനിക്കിത് താങ്ങാൻ കഴിയുന്നില്ലല്ലോ ന്റെ ദൈവമേ ..”
അവൾ വാവിട്ടു കരഞ്ഞു ..

“കൃഷ്ണാ ….. മോളേ മാപ്പ് .. എനിക്കറിയാം തെറ്റാണു ഞാൻ ചെയ്തതെന്ന് പക്ഷേ ഇനി എന്തു ചെയ്യണമെന്ന് എനിക്കറിയില്ല “

“ഏട്ടാ ഞാനെപ്പളും പറയാറില്ലേ ,മുണ്ടു മുറുക്കിയുടുക്കേണ്ടി വന്നാലും , വിശപ്പ് സഹിച്ചു എനിക്കുള്ള ആഹാരം ഞാനൊരാൾക്ക് കൊടുക്കാം പക്ഷേ ……”

വാക്കുകൾ മുറിയുന്നു …. സഹിക്കാൻ കഴിയാത്ത സങ്കടം കൊണ്ട് നെഞ്ച് പൊത്തിപിടിച്ചാണ് അവൾ തേങ്ങുന്നതെന്നു നിറകണ്ണോടെ ഞാൻ നോക്കി .

“ന്റേട്ടനെ പങ്കു വക്കുന്നതിലും ഭേദം എനിക്ക് ഒരു നുള്ളു വി ഷം ഞാനറിയാതെ തരാരുന്നില്ലേ ഏട്ടാ ….”

അമ്മേ …എന്തൊരു നശിച്ച നിമിഷമായിരുന്നത് ,പറയേണ്ടിയിരുന്നില്ല … ന്റെ പെണ്ണിന്റെ സങ്കടം കാണാനെനിക്ക് കഴിയുന്നില്ലല്ലോ ദൈവമേ …..

“അവളിൽ മ തി മറന്നപ്പോൾ ഒരു നിമിഷം പോലും ന്നേം .. നമ്മൾ പങ്കിട്ട ഈ ഒൻപത് വർഷത്തെ സ്നേഹവും ഏട്ടനോർത്തില്ലല്ലോ “

പതം പറഞ്ഞു കരയുന്ന അവളെ ഒന്നു ചേർത്ത് പിടിക്കണമെന്നുണ്ട് പക്ഷേ …..

“ന്നെ തൊട്ടു പോവരുത് .. എനിക്ക് അറപ്പാ നിങ്ങളെ ……”

കയ്യിലൊന്നു തൊടാൻ ശ്രമിച്ചപ്പോൾ ചീറിക്കൊണ്ട് ആ കൈ തട്ടി മാറ്റി അവൾ …..നഖവര വീണ കൈകളിലെ നീറ്റലിനേക്കാൾ , പറഞ്ഞ വാക്കുകളുടെ മാറ്റൊലി ഇനിയും നിലച്ചിട്ടില്ല ഇരുചെവികളിലും …

എന്നും പൂത്തുനിൽക്കുന്ന പ്രണയത്തിന്റെ പവിഴമല്ലികൾക്ക് പകരം ആ കണ്ണുകളിലിപ്പോ സകലതും ഭസ്മമാക്കാൻ പോന്ന അഗ്നി ആണെരിയുന്നത് ….

എല്ലാം തകർന്നവളെ പോലെ കൃഷ്ണ വെറും തറയിൽ കിടന്നു .. ഒരു വിശദീകരണമോ മാപ്പോ അവളാഗ്രഹിക്കുന്നില്ലെന്നും കാര്യങ്ങൾ ഏറെക്കുറെ കൈ വിട്ടു പോയെന്നും അവനു മനസ്സിലായി ….

***************

കളികൂട്ടുകാരിയായ ശ്യാമയും ഞാനും പിരിയാൻ പറ്റാത്ത വിധത്തിലുള്ള അനശ്വരപ്രേമമായിരുന്നു , അവളെ തേടി ഒരു ബിസിനസുകാരന്റെ ആലോചന വരും വരെ ….

ഞാൻ വാങ്ങിക്കൊടുത്ത ചുരിദാറും പവിഴമാലയും ഇട്ടു വന്ന് .. …. വീട്ടുകാരുടെ കണ്ണുനീരിന്റെ ശാപത്തെ പറ്റി വാതോരാതെ പറഞ് ….അനിയത്തിയുടെ ഭാവിയെ ബാധിക്കും വിധമെടുക്കുന്ന തീരുമാനത്തിന്റെ ഭവിഷ്യത് അവൾക്കു താങ്ങാൻ വയ്യെന്നും ……ഇനിയുള്ള എന്റെ ജീവിതത്തിൽ പ്രണയമധുരം പകരാൻ അവളില്ലെന്നും കേട്ടപ്പോൾ വ്യക്തമായി …. ഈ കലാരൂപത്തിന് ഇനിയൊരിക്കലും രൂപമാറ്റം സംഭവിക്കാൻ പോകുന്നില്ലെന്ന് ……

തേപ്പ് ….ചിലരിപ്പോഴും പാരമ്പര്യത്തനിമയോടെ കൊണ്ട് നടക്കുന്ന കലാവാസന ..

അവളുടെ കെട്ടും കഴിഞ്ഞു വർഷം മൂന്നു കഴിഞ്ഞാണ് കൃഷ്ണയെ കെട്ടിയത് … ഞാൻ മാത്രമാണ് ലോകം എന്നു കരുതി ജീവിക്കുന്ന ഒരു സാധു ….മഞ്ചാടി ക്കുരുവും മയിൽപീലിയും ഇലഞ്ഞിപൂക്കളും സ്വപ്നം കാണുന്നവൾ ..
വിദ്യാഭ്യാസവും സൗന്ദര്യവും കുറഞ്ഞാലെന്താ പ്രാണനെപോലെ സ്നേഹിക്കുന്നുണ്ട് എന്നെയവൾ …..

വിവാഹമോചിതയായി ശ്യാമ എത്തിയിട്ടുണ്ടെന്ന് നാട്ടിലേക്ക് വിളിച്ചപ്പോ അമ്മ പറഞ്ഞിരുന്നു.. അതോർമയിൽ വന്നത് അപ്രതീക്ഷിതമായി അവളുടെ ഫോൺ കാൾ തേടി വന്നപ്പോളാണ്

“ഒന്നു കാണാൻ പറ്റുമോ “

ഒഴിയാൻ തോന്നിയില്ല ഉള്ളിലെവിടെയോ പഴയ ഒരിഷ്ടക്കാരൻ ഉറക്കം നടിച്ചു കിടന്നിരുന്നല്ലോ ….. അതോ എന്നെ സ്വീകരിക്കാത്ത അവളുടെ, നശിച്ചു പോയ ജീവിതത്തെ ഉൾപുളകത്തോടെ കണ്ടാസ്വദിക്കാനോ ..അറിയില്ല.

“എവിടേക്കാ വരേണ്ടത്… ആലോചിച്ചിട്ട് വിളിക്കൂ “

മറുപടി പറയുമ്പോൾ മനസ്സിൽ കല്യാണിയുടെയും കിച്ചുവിന്റെയും മുഖങ്ങൾക്ക് അല്പം മങ്ങലേറ്റിരുന്നോ ….

“ഞാനിവിടെ എറണാംകുളത്തുണ്ട് അതാ വിളിച്ചേ “

“ആണോ ?? ന്നാ ഇന്ന് വൈകീട്ട് കാണാം “

” ഇവിടെ പനമ്പിള്ളി നഗറിൽ എനിക്ക് ഒരു ഫ്ലാറ്റ് ഉണ്ട് ഞാൻ ലൊക്കേഷൻ അയച്ചു തരാം , വരുന്നേനു മുൻപേ ഒന്നു വിളിക്കണേ “

സംഭ്രമത്തോടെയാണെങ്കിലും ഞാൻ ഫോണും കൈ പിടിച്ചു വാട്സ് ആപ്പിലേക്ക് കണ്ണും നട്ടിരുന്നു .

അതിനിടയിൽ വന്ന കാളിലേക്ക് ഒരല്പം അനിഷ്ടത്തോടെയാണ് നോക്കിയത് . കൃഷ്ണ കാളിങ് …….. “ഉച്ചക്ക് ഉണ്ണാൻ വരണേ ഏട്ടാ ….ഞാൻ കാത്തിരിക്കും ” മറുപടി പറയും മുൻപേ കട്ടാക്കി അവൾ .. ഓഫിസിലെ തിരക്കിൽ ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതിയിട്ടാണ് ….എന്നാൽ മെസേജ് അയച്ചൂടെ എന്ന് ചോദിച്ചാൽ “ഇടക്കൊന്നു എന്റെ ശബ്ദം കേട്ടോ ” എന്നാവും മറുപടി . ഇനിയിന്നു വീട്ടിലേക്ക് പോവാൻ വയ്യ .. മനസ്സ് ശ്യാമയെ കാണാൻ തയ്യാറെടുത്തു കഴിഞ്ഞു .. അതിനിടയിൽ കൃഷ്ണയെ … വേണ്ടാ ശരിയാവില്ല . ഫോണെടുത്തു തിരിച്ചു വിളിച്ചയുടൻ അവളോട്

” ഇന്ന് വരാൻ പറ്റില്ല മോളേ .. ക്ലയന്റ് മീറ്റിങ്ങുണ്ട് പോയെ പറ്റൂ കേട്ടോ ….വരാൻ ഇച്ചിരി വൈകും ഞാൻ വിളിക്കാം “

“ആണോ എന്നാ ശരി”

മറുപടിയിൽ നിരാശയുടെ ഒരു കുഞ്ഞു നനവുണ്ട് …സാരമില്ല …

മനസ്സ് മുഴുവൻ ഒരു ഇളക്കത്തിലാണ് …അവളുടെ വിളിക്കായി പഴയ കാമുക മനസ്സ്‌ കാത്തിരിക്കുകയായിരുന്ന പോലെ ….

ഫോണിൽ നോക്കിയപ്പോൾ പുതിയ മെസേജ് വന്നതിന്റെ നോട്ടിഫിക്കേഷൻസ് … അതേ അവളുടെ വീട്ടിലേക്കുള്ള വഴി അയച്ചിരിക്കുന്നു ….

അറിയാതെ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു പോയി… പ്രേമിച്ചു നടന്ന കാലത്തു ഒന്നു ഉ മ്മ വക്കാൻ പോലും സമ്മതിക്കാതിരുന്ന പെണ്ണാ …..ഇപ്പൊ ആരുമില്ലാത്ത വീട്ടിലേക്ക് വിളിച്ചിരിക്കുന്നത് ….

ഇന്ന് മനസ്സ് മുഴുവൻ ശ്യാമയാണ് …. ശ്യാമാംബരം… നീളേ മണിമുകിലിനുള്ളിൽ …. ജോലിയെല്ലാം പെട്ടെന്ന് പെട്ടെന്ന് ചെയ്യുമ്പോൾ ജോൺസൺ മാഷിന്റെ ഈണമായിരുന്നു ചുണ്ടിൽ …

വൈകീട്ട് എന്നും കൂടെയിറങ്ങുന്ന പ്രസാദിനെ ഒഴിവാക്കാൻ ഒരുപാട് ശ്രെമിച്ചു … പോകുന്ന വഴിയിലാണ് അവന്റെ വീട് അതുകൊണ്ട് എന്റെ കാറിലാണ് വരുന്നതും പോകുന്നതും …..ഒരാളെ കാണാനുണ്ടെന്നു പറഞ്ഞപ്പോൾ അവൻ കാറിലിരുന്നോളാം എന്ന് … പറ്റില്ല ഒത്തിരി വൈകും അങ്ങനെ ഒരു നൂറു കൂട്ടം കാരണങ്ങൾ പറയുമ്പോളും അവന്റെ കണ്ണുകളിൽ സംശയമൊന്നുമില്ല … ഇതുവരെയും ഒരു കള്ളക്കളിയും ഞാൻ ചെയ്തിട്ടില്ലല്ലോ …

ഗേറ്റിൽ നിന്ന സെക്യൂരിറ്റിക്ക് ആരെ കാണാനെന്നും ഫ്ലാറ്റ് നമ്പറും പറഞ്ഞു കൊടുത്തപ്പോൾ കാർ ഉള്ളിലേക്ക് കടത്തി വിട്ടു …

കാളിങ് ബെല്ലിൽ വിരലമർത്തുമ്പോൾ കൈ വിറക്കുന്നുണ്ട് ….എന്തിനാണ് വരാൻ പറഞ്ഞത് എന്നറിയില്ല എങ്കിലും ഫോൺ വിളിച്ചപ്പോളുള്ള കാതരമായ സ്വരം എന്തൊക്കെയോ പ്രതീക്ഷിക്കുന്നു ..

തെറ്റോ ശരിയോ അതൊന്നും ഓർക്കാനുള്ള മനസികാവസ്ഥയല്ല …..വാതിൽ തുറന്ന് ശ്യാമ അവനെത്തന്നെ കണ്ണിമ വെട്ടാതെ നോക്കി നിന്നു ..അവനും …ശരീരത്തിന്റെയും മനസ്സിന്റെയും പക്വത രണ്ടു പേർക്കും ഒന്നു കൂടി സൗന്ദര്യം കൂട്ടിയിരിക്കുന്നു .

“അകത്തേക്ക് വരൂ …എന്താ അവിടെത്തന്നെ നിൽക്കുന്നത് “

അവൾക്ക് പിന്നാലെ മനോഹരമായ ആ സ്വീകരണമുറിയിലേക്ക് കാലെടുത്തു വക്കുമ്പോൾ അനൂപിന് തോന്നി താനൊരു പട്ടമായി ആകാശത്തു പറക്കുകയാണ് എന്ന് …. ശരീരഭാരം അറിയുന്നേ ഇല്ല .. ഒരല്പം എണ്ണമയത്തോടെ , അരക്കെട്ടിനെ മറച്ചു കിടന്നിരുന്ന മുടിയല്ല .,, പകരം കിടക്കുന്ന മുടിക്ക് , നിറം മാറ്റിയത് കൊണ്ടാണോ ഭംഗി കൂടിയിരിക്കുന്നു . ഷാംപൂ ഇട്ടു പാറിക്കിടക്കുന്ന മുടി , ചിരിക്കുമ്പോൾ തിരമാലകളെ പോലെ മുഖത്തിന്റെ വശത്തേക്ക് ഒഴുകി യെത്തുന്നുണ്ട് … പണ്ടുണ്ടായിരുന്ന സന്തൂറിന്റെ മണമല്ല …ഏതോ മുന്തിയ സുഗന്ധം അവളെ ചുറ്റി പറ്റി നിൽക്കുന്നു …..

” ഇരിക്കൂ ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കട്ടേ “

എന്റെ വിരൽത്തുമ്പിൽ പിടിച്ചു സോഫ ചൂണ്ടി കാട്ടി അവൾ.എന്നിട്ടും വിടാതെ ഞാനും അവളുടെ വിരൽത്തുമ്പിൽ അമർത്തി പിടിച്ചു … കണ്ണുകൾ കൊണ്ട് ചിരിച്ചു അവളെന്റെ വിരലുകൾ പതിയെ എടുത്ത് മാറ്റി അകത്തേക്ക് നടന്നു .

പുതിയ തരം ഫർണീച്ചറുകളും പെയിന്റിങ്ങുമെല്ലാം നിറച്ചു ആർഭാടം വിളിച്ചോതുന്ന മുറി …. ഞാനൊന്ന് എല്ലായിടത്തും കണ്ണോടിച്ചു നോക്കി …

മടങ്ങി വന്ന അവളുടെ കൈകളിൽ നിന്നും ജ്യൂസ് വാങ്ങി സോഫയിലേക്ക് ഇരുന്നു …. വിവാഹമോചനകഥകളിലെ സാധാരണ വില്ലൻ ..സംശയം തന്നെയാണ് ഇവിടെയും കേന്ദ്രകഥാപാത്രം …

കല്യാണം മുതൽ വിവാഹമോചനം വരെയനുഭവിച്ച പീ ഡനങ്ങളും … വിവാഹ ബന്ധം വേർപെടുത്തും മുൻപ് അവളവനോട് എണ്ണം പറഞ്ഞു വാങ്ങിക്കൂട്ടിയ ജീവനാംശത്തിന്റെ കണക്കും പറഞ്ഞു പറഞ് ഒടുക്കം …. ഞാനില്ലാതെ അവളെന്നും അപൂർണയായിരുന്നെന്നും ….എന്നെ സ്നേഹിച്ചപോലെ ഒരാളെയും സ്നേഹിക്കാൻ അവൾക്ക് കഴിഞ്ഞിട്ടില്ലെന്നും …. ഇപ്പോഴും ആ സ്നേഹമാണ് അവളുടെ ഉള്ളൂ മുഴുവനുമെന്ന് പറഞ്ഞവസാനിപ്പിക്കുമ്പോൾ….

നേരമൊത്തിരി ഇരുട്ടിയെന്നു ബാൽക്കണിയുടെ ഇത്തിരി വട്ടത്തിലെ നിലാവൊളിയിൽ ഞാൻ കണ്ടു …

“എന്തായാലും ഇത്രേം വൈകിയ സ്ഥിതിക്ക് ചോറുണ്ടിട്ട് പോയാൽ മതി “

എണീൽക്കുമ്പോൾ അറിയാതെ ഒഴുകിമാറിയ സാരിതലപ്പ് എത്രെ അലസമായാണ് അവൾ ശരിയാക്കുന്നതെന്നു ഞാനത്ഭുതത്തോടെ ഓർത്തു …

എന്താണെനിക്ക് ഒന്നും പറയാൻ കഴിയാത്തത്….വന്നപ്പോൾ മുതൽ ഞാനൊരു കേൾവിക്കാരൻ മാത്രമാണല്ലോ എന്ന് ഞാനോർത്തു …

“വേണ്ട വേണ്ട ഒത്തിരി വൈകി …ഇനി ഇവിടുന്നു വീട്ടിലെത്തുമ്പോളേക്കും നേരം കുറെയാകും ..ഞാനിറങ്ങാണ് എന്താവശ്യമുണ്ടെങ്കിലും ശ്യാമ എന്നെ വിളിച്ചോളൂ …ഒരു ദിവസം വീട്ടിലേക്കും വാ “

പറഞ്ഞു തീർന്നപ്പോൾ തിടുക്കം കൂടിപ്പോയോ സംസാരത്തിന് എന്നെനിക്കും തോന്നി … അവളൊന്നും മിണ്ടാതെ എന്റെ മുഖത്തേക്ക് നോക്കി നിന്നു ….

പോകാനായി എണീറ്റ എന്റടുത്തേക്ക് അവളൊരു ഇളംകാറ്റായി ഒഴുകി വന്നതും …. എന്റെ നെഞ്ചിലേക്ക് തല ചേർത്തു് പുണർന്നതും ഒരു നിമിഷം കൊണ്ടായിരുന്നു …..

***************

എല്ലാം കൃഷ്ണയോട് തുറന്നു പറഞ്ഞില്ലെങ്കിൽ ഒരു സമാധാനവും കിട്ടില്ല എന്നറിയാമായിരുന്നത് കൊണ്ട് പറയാൻ തുടങ്ങിയതാണ് … പക്ഷേ ……

പ്രസാദ് വന്നിട്ടേറെ നേരമായല്ലോ … അവനെ വിളിച്ചു വരുത്തി തന്റെ നിസ്സഹായാവസ്ഥ പറയുമ്പോൾ , ചിരിയടക്കാൻ പാട് പെടുന്ന അവനെ നോക്കി ഇരച്ചു വന്ന ദേക്ഷ്യം അടക്കി പറഞ്ഞു ..

“പ്ലീസ് …..നീ കൂടെ ഉണ്ടായിരുന്ന കാര്യം ഞാനിനി പറഞ്ഞാലും അവൾ കേൾക്കാൻ നിന്നു തരില്ല അതോണ്ടാ”

എന്റെ ഭാവനയിൽ വിരിഞ്ഞ കള്ളങ്ങളും കൂടി ചേർക്കേണ്ടായിരുന്നു ..വെറുതെ ഒരു രസത്തിനു പറഞ്ഞു തുടങ്ങിയതാണ് …

അവളുടെ വിതുമ്പി നിൽക്കുന്ന ചുണ്ടുകളും പേമാരിയായി പെയ്യാനുള്ള നിൽപ്പും കണ്ടപ്പോൾ തോന്നിയ ഒരു കുസൃതി …..

കയ്യിലിരുന്ന മൊബൈലടിച്ചപ്പോൾ അനൂപ് ഫോണെടുത്തു നോക്കി …പ്രസാദാണല്ലോ ഇവനിതന്തിനാ വീടിനകത്തിരുന്നെന്നെ വിളിക്കുന്നത് .. ഫോൺ കട്ടാക്കി ഹാളിലേക്ക് എത്തി നോക്കിയപ്പോൾ അവനില്ല … കൃഷ്ണ ..ടേബിളിൽ തല ചേർത്തു വച്ച് കുനിഞ്ഞു കിടക്കുന്നുണ്ട് … അടുത്ത് ചെന്ന് തൊടാനൊരു പേടി ….

“കൃഷ്ണേ ….” ഇല്ല ഇപ്പോളും തേങ്ങലിൽ തന്നെ … വേഗം പുറത്തേക്ക് നടന്ന് പ്രസാദിനെ ഫോൺ വിളിച്ചു ….

“എടാ നീ ഒന്നും പറഞ്ഞില്ലേ അവളിപ്പോളും കരച്ചിലാണ് “

“ഇനി ഞാനെന്നല്ല ദൈവം തമ്പുരാൻ വന്നു പറഞ്ഞാലും അവൾ വിശ്വസിക്കൂല്ല മോനേ കളിയാകെ മാറി … എന്നെകൊണ്ട് നീ ഇതെല്ലാം പറയിപ്പിക്കാണെന്ന രീതിയിലാ അവളുടെ മറുപടി … എനിക്കറിയില്ല ഇനി എന്തു ചെയ്യണമെന്ന് അതാ ഞാൻ നിന്നോട് പറയാതെ ഇറങ്ങിയത് “

എന്റെ ഗുരുവായൂരപ്പാ ഒരു വഴി കാണിച്ചു തായോ എനിക്കിതൊന്നു തീർക്കാൻ …അനൂപ് തലയിൽ കൈവച്ചു താഴെക്കിരുന്നു …

രാത്രിഭക്ഷണം ഊണുമേശയിൽ എടുത്ത് വച്ച് കൃഷ്ണ മോനെയും കൊണ്ട് ഉറങ്ങാൻ പോയി …. കല്യാണം കഴിഞ്ഞു ഇന്നുവരെ തനിച്ചിരുന്ന് കഴിച്ചിട്ടില്ല രാത്രിയിൽ ….. അവളടുത്തിരുന്നു വിളമ്പി തന്ന് ഒരുമിച്ച് കഴിക്കുന്ന സുഖം അത് അനുഭവിച്ചു തന്നെ അറിയണം …. ചോറ് തൊണ്ടയിൽ നിന്ന് ഇറങ്ങുന്നില്ല ആകെ ഒരു വിമ്മിഷ്ടം … തമാശക്കാണെങ്കിലും വേണ്ടായിരുന്നു .. സങ്കട പെടുത്തണ്ടായിരുന്നു …

കൈ കഴുകി അവൻ നേരെ ബെഡ്റൂമിലേക്ക് ചെന്നു …. ഡോർ തുറക്കാൻ പറ്റുന്നില്ല …അകത്തു നിന്ന് പൂട്ടിയിരിക്കുന്നു .. ഒരു നിമിഷത്തേക്ക് അവൻ ഇടിവെട്ടേറ്റവനെ പോലെ നിന്നുപോയി …

സമനില വീണ്ടെടുത്തു വാതിലിൽ തട്ടി … അവളെന്തെങ്കിലും അവിവേകം കാണിക്കുമോ…. മനസ്സിൽ ഭയത്തിന്റെ കുഞ്ഞനുറുമ്പുകൾ അരിച്ചിറങ്ങാൻ തുടങ്ങി ….. “കൃഷ്ണ …നീ വാതിൽ തുറന്നില്ലെങ്കിൽ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി പോകും ഇനിയൊരിക്കലും മടങ്ങി വരാതെ ” വാതിലിൽ ആഞ്ഞടിച്ചു അവൻ വിളിച്ചു പറഞ്ഞു …

ജീവിതത്തിലാദ്യമായി അവന്റെ കണ്ണുകളിലീറനണിഞ്ഞു …. വാതിൽ തുറന്നു നോക്കിയ കൃഷ്ണ കണ്ടു അവൻ കാൽമുട്ടിന്മേൽ തല വച്ചു കുനിഞ്ഞിരിക്കുന്നത് ….

ഒന്ന് മുരടനക്കി ശബ്ദമുണ്ടാക്കി അവൾ വാതിൽ തുറന്നിട്ടു … പിന്തിരിഞ്ഞു പോകുമ്പോൾ പ്രസാദേട്ടൻ പറഞ്ഞതായിരുന്നു മനസ്സിൽ

***************

ശ്യാമ വന്നവനെ കെട്ടിപിടിച്ചത് വരെയും സത്യമായിരുന്നു എന്നാൽ … അവളവനെ ആ ലിംഗനം ചെയ്ത മാത്രയിൽ അനൂപിന്റെ ഓരോ അണുവിലും കൃഷ്ണ കൂടുതൽ തെളിച്ചത്തോടെ കടന്നു വന്നു … അവളുടെ കാച്ചെണ്ണയുടെ മണമാണല്ലോ തനിക്കേറെ പ്രിയമെന്നു അവനോർത്തു ….. ശ്യാമയെ തള്ളി മാറ്റി തെല്ലുറക്കെ

“മാറി നിൽക്ക് എനിക്കെന്റെ പെണ്ണുണ്ട് ..ഞാൻ അഗ്നിസാക്ഷിയായി താലി കെട്ടിയ ന്റെ പെണ്ണ് ….ഊണിലും ഉറക്കത്തിലും എന്നെ കാത്തിരിക്കുന്ന ന്റെ കിച്ചുവിന്റെ അമ്മ …അതുമതിയെനിക്ക് …”

ഒരു നിമിഷത്തെ ഭാവമാറ്റത്തിൽ ശ്യാമ ആകെ അമ്പരന്നു പോയി കാണണം …. വര്ഷങ്ങളോളം ഒരു ബന്ധവുമില്ലാതിരുന്നവൾ വീണ്ടും വിളിച്ചപ്പോൾ മനസ്സ്‌ ഒരു കുട്ടിക്കുരങ്ങനായി എന്നത് നേര് പക്ഷേ … മനസ്സറിയാതെ പോലും തെറ്റിൽ വീഴാതിരിക്കാൻ ഒരു പിൻവിളിക്ക് പ്രസാദിനെ കൂട്ടിയത് നന്നായെന്ന് അവനോർത്തു … പ്രസാദുണ്ടായിട്ടും തെല്ലും നാണമില്ലാതെ അവൾ ചെയ്ത പ്രവർത്തി അവനെ ലജ്ജിപ്പിച്ചു …..

“ഇനിയെന്നെ വിളിക്കരുത് നിന്റെ ഒരാവശ്യത്തിനും ..നിനക്കൊക്കെ ചവിട്ടി കളിക്കാനുള്ള പാവയല്ല ആണെന്ന് നിന്നോട് നേരിട്ട് പറയാൻ വന്നതാണ് ഞാൻ “

പുച്ഛത്തോടെ ഇതും പറഞ്ഞിറങ്ങുമ്പോൾ അനൂപിന്റെ മുഖത്തു അത് വരെയില്ലാത്ത സന്തോഷം ..

മനസ്സ് കീറിയെറിഞ്ഞു പോയിട്ടും മടങ്ങി വരുന്ന കാമുകിമാർക്കരികിൽ എല്ലാം മറന്നു മയങ്ങി ആണുങ്ങൾ ഓടിച്ചെല്ലുന്നത് അവളോടുള്ള ഇഷ്ടം കൊണ്ടല്ല എന്ന് ഒന്നു കൂടി അവൻ തെളിയിച്ചു ………

നെഞ്ചിൽ തളർന്നു കിടക്കുന്ന കൃഷ്ണയുടെ വിയർപ്പു കിനിഞ്ഞ നെറ്റിയിൽ ഉമ്മ വക്കുമ്പോൾ അന്നേ വരെ തോന്നാത്ത ഒരു വാത്സല്യം അവനവളോട് തോന്നി ..

അതുവരെയില്ലാത്ത ഇഷ്ടത്തോടെ മുല്ലവള്ളി പോലെ അവനിൽ പടർന്നു കയറുമ്പോൾ ചെവിയിൽ പതിയെ പല്ലമർത്തി അവൾ മന്ത്രിച്ചത് അവൻ വ്യക്തമായി കേട്ടു …

“എന്നാലുമെന്റെ കള്ളകാമുകാ പേടിപ്പിച്ചു കളഞ്ഞല്ലോ നീയെന്നെ… ഒന്ന് വിഷമിക്കട്ടെ ന്നു ഞാനും കരുതി അതാ വാതിലടച്ചേ ” കടന്നു പോയ നിമിഷങ്ങളുടെ തളർച്ചയിൽ പതിയെ അവനിൽ നിന്നുമൂർന്നു കിടക്കയിലേ ക്കവളമർന്നു … തോളിലേക്ക് തല ചാരി നെഞ്ചിലെ രോമക്കാട്ടിൽ നഖചിത്രമെഴുതുന്ന അവളോട് …

“വേദനിപ്പിച്ചതിനു മാപ്പു…. നീയെന്റെ ജീവനല്ലേടാ …”

അവളുടെ കുഞ്ഞിപല്ലുകൾ കൊണ്ട് അവന്റെ നെഞ്ചിൽ താഴ്ത്തിയാണ് അതിനുള്ള മറുപടി കിട്ടിയത് … അനൂപിന് വേദനിച്ചില്ല ….ഇപ്പോളാ കുഞ്ഞു നീറ്റലിനു സന്തോഷത്തിന്റെ നറുംമധുരം … അവളുടെ കണ്ണിലെ അനുരാഗത്തിരയിളക്കം അവൻ കണ്ടു …

അതേ ഇതാണ് ന്റെ പെണ്ണ് ..ഇവൾക്ക് മാത്രേ എന്നെ ഇങ്ങനെ ഉപാധികളില്ലാതെ സ്നേഹിക്കാൻ കഴിയുള്ളു … ഏത് ലോകസുന്ദരി വന്ന് വിളിച്ചാലും സ്നേഹമുള്ള ഭർത്താവിന്റെ ഓരോ അണുവിലും തന്റെ ഭാര്യ മാത്രമായിരിക്കും …അവന്റെ കുഞ്ഞിന്റെ അമ്മ …

നീയടുത്തുള്ളപ്പോ പെയ്യുന്ന മഴക്കാണ്‌ പെണ്ണേ ഭംഗി കൂടുതൽ ….. നിന്നോട് മാത്രമേ ഇനി എനിക്ക് പറഞ്ഞു തീരാത്ത കഥകൾ പറയാനുള്ളൂ .. അനൂപവളുടെ നെറ്റിയിൽ പതിയെ ചു ണ്ടമർത്തി കണ്ണുകളടച്ചു . അപ്പോൾ മുറിയാകെ … പെയ്തൊഴിഞ്ഞ മഴയിൽ കൊഴിഞ്ഞു വീണ ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധം പരന്നു .

Related Posts

Leave a Reply

Your email address will not be published. Required fields are marked *