ഇതിനിടയിൽ കൂട്ടുകാരികൾ പലരുടെയും അടിവസ്ത്രത്തിൽ ചുവപ്പ് നിറം പടർന്നു. അവർ ഓരോരുത്തരായി കളിയിൽ നിന്ന് പിൻവാങ്ങി… ഒടുവിൽ ഒരു ദിവസം അവളും……….

അവൾ

Story written by Nisha L

“അമ്മേ… ഞാൻ കളിക്കാൻ പോവാ… “!!

“വല്ലതും കഴിച്ചിട്ടു പോ കൊച്ചേ… “!!

“വേണ്ട… ഞാൻ എവിടുന്നേലും കഴിച്ചോളാം.. “!!

രാവിലെ എഴുന്നേറ്റു പല്ല് തേച്ചു മുഖം കഴുകി അവൾ കുട്ടികൂട്ടത്തിന്റെ അടുത്തേക്ക് കളിക്കാൻ ഓടി.

കളിച്ചു ചിരിച്ചു,, കാടു പിടിച്ചു കിടന്ന പറമ്പിലെ കായ്കനികൾ പൊട്ടിച്ചു തിന്ന്,, കശുമാങ്ങയും കണ്ണിമാങ്ങായും ബദാകായും പെറുക്കി കൂട്ടി,, കൂട്ടുകാരൊന്നിച്ചു പങ്കു വച്ചു കഴിച്ചു..

“പിള്ളേരെ വാ… വന്നു വല്ലതും കഴിക്ക്.. “!!

ഏതോ ഒരു വീട്ടിൽ നിന്ന് കേട്ട വിളിയുടെ പിറകെ അവൾ കൂട്ടുകാരൊന്നിച്ചു ഓടി.

“ഹായ് ഇലയട… !!”

നല്ല ചൂടുള്ള ഇലയട എല്ലാർക്കും ഓരോന്ന് കൊടുത്തു ആ അമ്മ മറ്റു ജോലികളിലേക്ക് തിരിഞ്ഞു..

ഇലയടയും കഴിച്ച് വീണ്ടും കളികളിലേക്ക്..

ഉച്ച ചൂട് കൂടിയപ്പോൾ എല്ലാരും അവരവരുടെ വീടുകളിലേക്ക് ഓടി.

ഊണിനു ശേഷം അഞ്ചു മിനിറ്റ് ആയപ്പോഴേക്കും അവൾക്ക് ഇരിപ്പുരയ്ക്കാതെ വീണ്ടും പറമ്പിലേക്ക്..

“അമ്മേ.. ഞാൻ ഇപ്പൊ വരാം… “!!

“ഡി.. നിക്കെടി… ഈ വെയിലത്ത്‌.. ഹോ… അതിനിടക്ക് പോയ് കഴിഞ്ഞോ.. സ്കൂൾ ഒന്ന് തുറന്നിരുന്നെങ്കിൽ ദൈവമേ.. “!!

അവളെ പോലെ തന്നെ കൂട്ടുകാരും… !!

പിന്നെയും പറമ്പിലും,, ചാഞ്ഞു കിടക്കുന്ന മരക്കൊമ്പുകളിലും… തോട്ടിലും കുളത്തിലും വയലിലും… !!

ഇതിനിടയിൽ വെയിൽ മങ്ങിയ നേരത്ത് തോട്ടിലൊരു കുളിയും കഴിച്ചു.

വർഷങ്ങൾ പലതും അങ്ങനെ… അങ്ങനെ..!!

ഇതിനിടയിൽ കൂട്ടുകാരികൾ പലരുടെയും അടിവസ്ത്രത്തിൽ ചുവപ്പ് നിറം പടർന്നു. അവർ ഓരോരുത്തരായി കളിയിൽ നിന്ന് പിൻവാങ്ങി… ഒടുവിൽ ഒരു ദിവസം അവളും.. !!

കൂട്ടുകാർ ചിലർ പത്താം ക്ലാസ്സ്‌ ജയിച്ചു പ്രീഡിഗ്രി പഠിക്കാൻ പോയി… ചിലർ പത്തു തോറ്റു തയ്യലും ടൈപ്പ്റൈറ്റിങും പഠിക്കാനും.. !!

അവൾ നന്നായി പഠിച്ചു.. പത്തും പ്രീഡിഗ്രിയും ഫസ്റ്റ് ക്ലാസ്സിൽ പാസ്സായി..

കൂട്ടുകാരികൾ ഓരോരുത്തരായി വിവാഹിതരായി..

ഭർത്താവൊന്നിച്ചു ഇടയ്ക്കിടെ വീടും നാടും സന്ദർശിച്ചു.

പിന്നീട്…

സന്ദർശനങ്ങളുടെ ഇടവേള കൂടി കൂടി വന്നു. ഒടുവിൽ കല്യാണം,, മരണം പോലുള്ള ചടങ്ങുകൾക്ക് മാത്രമുള്ള വരവുകളായി.

അവൾ ചിന്തിച്ചു..

ഹോ.. കല്യാണം കഴിഞ്ഞപ്പോഴേക്കും അവളുമാർക്ക് വീടും നാടും വേണ്ടാതായി..

അവൾ അപ്പോഴേക്കും ഡിഗ്രിയും ഫസ്റ്റ് ക്ലാസ്സിൽ പാസ്സായി..

വീട്ടിൽ ആലോചനകളുടെയും ബഹളം തുടങ്ങി..

“എനിക്ക് ഇനിയും പഠിക്കണം.. ഒരു ജോലി നേടണം എന്നിട്ട് മതി വിവാഹം… “

അവൾ ആർത്തു പറഞ്ഞു..

പക്ഷേ…അച്ഛന്റെ ഉയർന്ന ശബ്ദത്തിൽ അവളുടെ കരച്ചിൽ മുങ്ങി പോയി.

പെണ്ണുകാണാൻ വന്ന “അദ്ദേഹം” പറഞ്ഞു..

പഠിക്കണമെങ്കിൽ പഠിപ്പിക്കാം,, ജോലിക്ക് പോകണമെങ്കിൽ അതുമാകാം…

അവൾ പ്രതീക്ഷയോടെ വിവാഹ ജീവിതത്തിലേക്ക്..

മധു വിധു മധുരം കഴിഞ്ഞു… അദ്ദേഹം ജോലിക്ക് പോയി തുടങ്ങി.. അവൾക്ക് വീട്ടിലിരുന്നു മടുപ്പു തോന്നി..

“ഞാൻ പഠിക്കാൻ പൊയ്ക്കോട്ടേ..?? “!!

“ഓ… ഇനി അടുത്ത വർഷം നോക്കാം.. ഈ വർഷം ഇങ്ങനെ പോകട്ടെ.. “!!

“എങ്കിൽ എന്തെങ്കിലും ജോലിക്ക് പൊയ്ക്കോട്ടേ…?? “!!

“എന്തിന്…?? ഈ വീടും വീട്ടു കാര്യങ്ങളും ഒക്കെ ചെയ്തു പഠിക്ക് ആദ്യം.. !!”

“കല്യാണത്തിന് മുൻപ് പറഞ്ഞിരുന്നുവല്ലോ.. “!!

“ഞാൻ വീട്ടിൽ വരുമ്പോൾ എല്ലാം എനിക്ക് നിന്നെ കാണണം പെണ്ണെ… നിന്നോടുള്ള സ്നേഹം കൊണ്ടാ ഞാൻ… “!!

ആ വാക്കുകൾ അവളുടെ ഉള്ളിൽ ഒരു തണുപ്പ് വീഴ്ത്തി..

ശരിയാ.. അദ്ദേഹത്തിന് എന്നോടുള്ള സ്നേഹം കൊണ്ടാ.. !!

വീടിനടുത്തു പലചരക്കു കടയാണ് അദ്ദേഹത്തിന്… കാപ്പി കുടിക്കാനും ഊണ് കഴിക്കാനും അദ്ദേഹം വീട്ടിൽ വരും.

പതിയെ പതിയെ അവൾ പഠനത്തെകുറിച്ചു മറന്നു.. ജോലിക്ക് പോകണമെന്ന ആഗ്രഹം ഉള്ളിൽ എവിടെയോ താഴിട്ട് പൂട്ടി. പഠിച്ചു നേടിയ സർട്ടിഫിക്കറ്റുകൾ അലമാരയിൽ ചിതലരിച്ചു.

അവൾ വീടും പറമ്പും നോക്കി വൃത്തിയാക്കി ഉത്തമകുടുംബിനി വേഷം എടുത്തണിഞ്ഞു.

ഒരു ദിവസം നാട്ടിൽ നിന്ന് ഒരു ഫോൺ വിളി ലാൻഡ് ഫോണിലേക്ക് വന്നു..

“അമ്മക്ക് സുഖമില്ല… വീടുവരെ ഒന്ന് പോകണം… “!!

“എനിക്ക് സമയമില്ല… നീ രാവിലെ പോയി സന്ധ്യ മയങ്ങും മുൻപ് ഇങ്ങ് വരണം.. “!!

അതിരാവിലെ എഴുന്നേറ്റു ജോലി ഒതുക്കി രണ്ടു മൂന്നു ബസ് മാറി കയറി അവൾ വീടെത്തി..

അമ്മയെ കണ്ടു കുറച്ചു സമയം അടുത്തിരുന്നു,,, തിരികെ വീണ്ടും അദ്ദേഹത്തിന്റെ വീട്ടിലേക്ക്.. !!

ഇതിനിടയിൽ എപ്പോഴോ അവൾക്ക് മനസിലായിരുന്നു കൂട്ടുകാരികളുടെ വീടുകളിലേക്കുള്ള യാത്രയിൽ ഇടവേള കൂടി വരാനുള്ള കാരണം…

അവളെ തനിയെ പുറത്ത് എവിടെയും പോകാൻ അദ്ദേഹം അനുവദിക്കില്ല..

“നിന്നെ ഒറ്റക്ക് വിട്ടാൽ എന്തെങ്കിലും അപകടം വന്നാലോ എന്നെനിക് പേടിയാ പെണ്ണെ.. നിന്നോടുള്ള സ്നേഹം കൊണ്ടാ.. “!!

ഇപ്പോൾ അവൾ ചിന്തിച്ചു… സ്നേഹം കൊണ്ടോ… അതോ സംശയം കൊണ്ടോ…?? !!

“അവളെ ഒന്നിനും കൊള്ളില്ല.. ഒന്ന് തനിയെ പുറത്ത് പോയി വരാൻ പോലും അവൾക്കു പേടിയാ.. “!! അദ്ദേഹം ആരോടോ പറഞ്ഞു ചിരിക്കുന്നു..

“എന്നെ വിടഞ്ഞിട്ടല്ലേ… എനിക്ക് പേടിയായിട്ടല്ലല്ലോ… “!!

“ഓ അത് ഞാനൊരു തമാശ പറഞ്ഞതല്ലേ.. നീയത് കാര്യാക്കണ്ട.. “!!

തമാശ… !!

“ഡി ഈ കറികൾക്ക് ഇത്രയും ഉപ്പും പുളിയും എരിവും വേണ്ട… “!!

അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് അവൾ ഉപ്പും പുളിയും എരിവും കുറച്ചു.

“ഓ… ഒന്നും വച്ചുണ്ടാക്കാൻ പോലും അറിയില്ല അവൾക്ക്.. ഉപ്പുമില്ല പുളിയുമില്ല എരിവുമില്ല.. ഒരു കൈപുണ്യവുമില്ല.. “!! അദ്ദേഹം ആരോടോ പറഞ്ഞു ചിരിക്കുന്നു..

“എന്നോട് എരിവും പുളിയും കുറക്കാൻ പറഞ്ഞിട്ടല്ലേ ഞാൻ… “!!

“ഓ… എടി ഞാനൊരു തമാശ പറയുമ്പോൾ നീയെന്തിനാ ഇങ്ങനെ വിഷമിക്കുന്നത്… നിന്നോടുള്ള സ്നേഹം കൊണ്ടല്ലേ ഞാൻ എന്തെങ്കിലുമൊക്കെ പറയുന്നത്.. “!!

ചിലപ്പോഴൊക്കെ ആജ്ഞാപിച്ചും ദേഷ്യപ്പെട്ടും,, മറ്റു ചിലപ്പോഴൊക്കെ സുഖമില്ലാത്ത അവസ്ഥയിൽ ഒന്ന് വിശ്രമിക്കാൻ പോലും അനുവദിക്കാതെ “നീ എടുത്തു തന്നാലേ എനിക്ക് വയറു നിറയു ” എന്ന മധുരവാക്ക് ഓതിയും അദ്ദേഹം അവളെ “സ്നേഹിച്ചു ” കൊണ്ടേയിരുന്നു..

കാലചക്രം പിന്നെയും ഉരുണ്ടു കൊണ്ടിരുന്നു.. അവൾ അമ്മയായി അമ്മൂമ്മയായി..

ഇപ്പോൾ അവൾ പഠിച്ചിരിക്കുന്നു.. ഉള്ളിൽ ആർത്തലച്ചു കരഞ്ഞു കൊണ്ട് പുറമെ പുഞ്ചിരിക്കാൻ.. !!

അദ്ദേഹത്തിന്റെ “സ്നേഹ”ത്തിൽ പൊതിഞ്ഞ “തമാശകൾ” ആസ്വദിക്കാൻ… !!!

അദ്ദേഹം ഇപ്പോഴും മക്കളോടും മരുമക്കളോടും കൊച്ചുമക്കളോടും പറഞ്ഞു കൊണ്ടേയിരിക്കുന്നു…

“അവൾ ഒരു മണ്ടിയാണ്.. അവൾക്ക് ഒന്നുമറിയില്ല.. “!!

അതുകേട്ട് അവരോടൊപ്പം പല്ലില്ലാത്ത മോണ കാട്ടി അവളും പൊട്ടി ചിരിച്ചു… ഉള്ളിൽ ആർത്തു കരഞ്ഞു കൊണ്ട്… അദ്ദേഹത്തിന്റെ “സ്നേഹ”ത്തിൽ പൊതിഞ്ഞ “തമാശ” കേട്ട്..!!!

Nb : കുറച്ചു കാലം പിന്നിലേക്ക് സഞ്ചാരിച്ചാൽ ഇതുപോലെ ഒരു “അവൾ” പല ചുമരുകൾക്കുള്ളിലും കാണാൻ സാധിക്കും. !!…. കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന,,, കുറവുകളെ അറിഞ്ഞു കൊണ്ട് ചേർത്തു പിടിക്കുന്ന ഒരു കുടുംബം എല്ലാ സ്ത്രീകളുടെയും സ്വപ്നമാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *