ഇത്തിരിപോണ ജട്ടിയുമിട്ട് ഭർത്താവിങ്ങനെ ഫോട്ടോയെടുക്കാൻ നിന്നു കൊടുത്തപ്പോൾ അഭിനന്ദിച്ചെന്നോ… അടിപൊളി….

പ്രോത്സാഹനമില്ലാത്ത ഭാര്യ

എഴുത്ത്:- സ്നേഹപൂർവ്വം കാളിദാസൻ

അമ്മേ…….

എന്റെ ഉച്ചത്തിലുള്ള നിലവിളി കേട്ട് അമ്മ ഓടിവന്നു…..

എന്നതാ…. എന്നതാ ഇവിടെ പ്രശ്നം…???എന്താ ഇവിടൊരു ശബ്ദം കേട്ടത്…?? അമ്മ വീടിന്റെ പുറകുവശത്തേക്ക് വന്ന് ചോദിച്ചു….

അമ്മയെ കണ്ടതും അമ്മു പിറുപിറുത്തുകൊണ്ട് വീടിന്റെ ഉള്ളിലേക്ക് കയറിപ്പോയി….

എന്നതാടാ… നിന്റെയൊക്കെ വഴക്ക്കാരണം ഒരു സമാധാനമില്ലല്ലോ….. ഇന്നെന്താ പ്രശ്നം….

ഒന്നുമില്ലമ്മേ…. ഞാൻ നേരെ ബാത്‌റൂമിൽ കയറി….

ഡീ അമ്മു… എന്താ കാര്യം… നിയെങ്കിലും പറയ്… അവൻ പുറം തിരുമി ക്കൊണ്ടാണല്ലോ ബാത്‌റൂമിൽ കയറിയത്….

അവൾ ഒന്നും മിണ്ടാതെ നേരെപോയി മൊബൈൽ എടുത്തുകൊണ്ടുവന്നു….

ദേ അമ്മേ ഈ ഫോട്ടോ കണ്ടോ….

അയ്യേ… ഇതെന്താടി…. ഇവനൊന്നും നാണമില്ലേ ഇങ്ങനൊക്കെ നിൽക്കാൻ… അമ്മ അല്പം ദേഷ്യത്തിൽ പറഞ്ഞു….

ഇവന്റെ പേരറിയുമോ അമ്മക്ക്….ഇതൊരു ഹിന്ദി നടനാണ്…. പേര് രൺവീർ സിംഗ്….

ഏതവനാണെലും ഇത്തിരിപോണ നിക്കറിട്ട് എണ്ണയും തേച്ച് നിൽക്കാൻ ഇവനൊന്നും നാണമില്ലേ…..

ആ…. ന്നാൽ അമ്മ കേട്ടോ…. അമ്മയുടെ മോനിന്നലെ ഈ ഫോട്ടോ കാണിച്ചു കൊണ്ട് എന്റടുക്കൽ വന്നു….. എന്നിട്ട് പറയുവാ

ദീപിക പതുകൊൺ ഈ ഫോട്ടോ കണ്ടിട്ട് അവനെ അഭിനന്ദിച്ചുവെന്ന്… ഒരുപാട് പ്രോത്സാഹനം കൊടുത്തെന്നും…. അങ്ങനെവേണം ഭാര്യമാരെന്ന്…..

അവന്റെ ഭാര്യയാണോ ദീപിക…??

ആ അതെയമ്മേ….

ഇത്തിരിപോണ ജട്ടിയുമിട്ട് ഭർത്താവിങ്ങനെ ഫോട്ടോയെടുക്കാൻ നിന്നു കൊടുത്തപ്പോൾ അഭിനന്ദിച്ചെന്നോ… അടിപൊളി…. അതുപോട്ടെ,,, ഇതെന്താ നിങ്ങൾക്കിടയിൽ പ്രശ്നമുണ്ടാക്കാൻ കാരണം…..??

രാവിലെ കുളിക്കാൻ പതിവില്ലാതെ അമ്മേടെ മോൻ എണ്ണ ചോദിച്ചപ്പോഴേ എനിക്കൊരു സംശയമുണ്ടായിരുന്നു…. ആ എണ്ണ എന്നെകൊണ്ട് ദേഹത്തെല്ലാം തേച്പിടിപ്പിച്ചിട്ട് കുളിച്ചിട്ട് വരാമെന്നുപറഞ്ഞുകൊണ്ട് വെളിയിലേക്ക് ഇറങ്ങുന്നത് കണ്ടിട്ടാണ് ഞാൻ ഷർട്ട്‌ അയൺ ചെയ്യാൻ പോയത്…. കുറച്ചു കഴിഞ്ഞപ്പോൾ അപ്പുറത്തെ ശോഭചേച്ചിയുടെ ഫോൺ…

അമ്മു…. ന്താടി നിന്റെ ഭർത്താവ് വെളയിൽ നിന്നും കാണിക്കുന്നതെന്ന്…..

അപ്പോഴേ ഫോൺ കട്ട് ചെയ്യ്തു ഞാൻ പുറകിൽ വന്ന് നോക്കിയപ്പോൾ അങ്ങേര് കുട്ടിതോർത്തും ഉടുത്തുകൊണ്ട് മസിലു പെരുപ്പിക്കാൻ എന്തൊക്കെയോ കാട്ടായം കാണിക്കുന്നു….. അമ്മയൊന്ന് ആലോചിച്ചു നോക്കിയേ…. ആ റോഡുവഴി പെങ്കൊച്ചുങ്ങൾ പോണതല്ലേ…..

കൊടുക്കാൻ വയ്യാരുന്നോ അവന്റെ തലക്കിട്ടൊന്ന്…..

അമ്മയുടെ രക്തം തിളച്ചു…..

കൊടുത്തു….. അങ്ങേരു കാണിക്കുന്നത് കണ്ടപ്പോൾ കയ്യിലാദ്യം കിട്ടിയത് തേങ്ങയായിരുന്നു….അമ്മക്ക് മോനെ നഷ്ടപ്പെടുമെന്നും, ഞാൻ വിധവയാകുമെന്നു വിചാരിച്ചതുകൊണ്ട് മാത്രം തേങ്ങ മാറ്റി പൊതിച്ചിട്ടിരുന്ന തൊണ്ടുകൊണ്ട് ഒറ്റ ഏറുകൊടുത്തു ഞാൻ….. കയ്യിൽ കിട്ടിയ കല്ലും മണ്ണും എല്ലാം എടുത്തെറിഞ്ഞു……ചറപറ എറിഞ്ഞു……അവസാനം കിട്ടിയത് ഉജാലയുടെ കുപ്പിയായിരുന്നു…..അതെറിഞ്ഞപ്പോൾ ചെന്നു കൊണ്ടത് കൃത്യം ഏട്ടന്റെ മുതുകിലായിരുന്നു…..

അപ്പൊ അതാരുന്നു ആ നിലവിളക്ക് പിന്നിൽ…… അവനിങ്ങു വരട്ടെ…. കൊടുക്കുന്നുണ്ട് ഞാൻ…. അമ്മ വാതിൽക്കലേക്ക് ഇറങ്ങിനിന്നു…..

അടുക്കളയിൽ നടക്കുന്ന കൂലംകശമായ ചർച്ച ഞാൻ ചെവികൂർപ്പിച്ചു കേൾക്കുന്നുണ്ടായിരുന്നു….. ഈ ബാത്റൂം ഇടിഞ്ഞുവീണു മരിച്ചായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോയി…. കുറെ കഴിഞ്ഞും എന്നേ കാണാതായപ്പോൾ

ഡാ കാളി…. നീ ഇറങ്ങുന്നോ അതോ ഞാൻ വാതില് ചവിട്ടി പൊളിക്കണോ….. അമ്മയുടെ ഭീക്ഷണി എന്റെ കാതിൽ പതിഞ്ഞു…..

എന്തും വരട്ടെയെന്ന് കരുതി കയ്യിൽ കിട്ടിയ ലുങ്കിയുമുടുത്ത് തലവഴി തോർത്തുമിട്ട് ഞാൻ പുറത്തിറങ്ങി…. വാതിൽക്കൽ അമ്മ നിൽപ്പുണ്ട്…. അമ്മുവിനെ കാണാനില്ല…. ഭാഗ്യം….

രൺവീർസിംഗ് ഒന്ന് നിന്നേ….

ചമ്മിയ മുഖത്തോടെ ഞാൻ അമ്മയെ നോക്കി…..

ഒന്ന് തിരിഞ്ഞേ….. ദീപിക പതുകോണിന്റെ പ്രോൽസാഹനം ഞാനൊന്ന് കാണട്ടെ….

എന്നേ തിരിച് നിർത്തി അമ്മയെന്റെ പുറത്തു നോക്കി…..

ആഹാ….. പ്രോത്സാഹനങ്ങൾ നല്ലതുപോലെ തെളിഞ്ഞു നിൽക്കുന്നുണ്ടല്ലോ…. ചിലത് കല്ലിച്ചിട്ടുമുണ്ട്…..ഇനി അമ്മയുടെ പ്രോത്സാഹനം വേണ്ടേ മോന്….??

മാണ്ടാ………അമ്മ ശവത്തിൽ കുത്തരുത്….. ഞാൻ ദയനീയമായി അമ്മയെ നോക്കി പറഞ്ഞു…..

നാണമില്ലല്ലോടാ നാട്ടുകാരെകൊണ്ട് പറയിപ്പിക്കാൻ….. ആ കൊച്ച് പാവമായതു കൊണ്ട് ഇത്രേം പ്രോത്സാഹിപ്പിക്കാൻ പറ്റിയുള്ളൂ….. ഞാനായിരുന്നെങ്കിൽ ഈ മുറ്റത്ത്‌ ആംബുലൻസ് വന്ന് നിന്നെനേം….

നിന്നോടെനിക്ക് ഒന്നേ പറയാനുള്ളൂ….

എന്താ അമ്മേ…..

ഞാൻ ആകാംഷയോടു ചോദിച്ചു…..

തല്ക്കാലം കേരളത്തിനും ഈ വീട്ടിലുമൊരു രൺവീർസിംഗിനെ വേണ്ട…..നാട്ടാര് പഞ്ഞിക്കിടുന്നത് കാണാൻ വയ്യാത്തോണ്ടാ…

ഇല്ലമ്മേ…. ഇല്ല…..ഇനിയൊരു രൺവീർസിംഗിന്റെ ഉദയമുണ്ടാകില്ല…. ഞാൻ പുറം തടവികൊണ്ട് പറഞ്ഞു…..

ന്നാ രൺവീർസിംഗ് പോയി റെഡിയായി ഇഡലീം സാമ്പാറും കഴിച്ചിട്ട് ജോലിക്കു പോകാൻ നോക്ക്‌…..

എന്റെ കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ ഈ വീട്ടിൽ ആരുമില്ലെന്നുള്ള ഞെട്ടിപ്പിക്കുന്ന സത്യം ഞാനപ്പോൾ മനസിലാക്കി…..അവിടെനിന്നും മുറിയിലേക്ക് നടക്കുബോൾ ഡെയിനിങ് ടേബിളിൽ വച്ചിരിക്കുന്ന പത്രത്തിൽ ഇഡലിയും സാമ്പാറും എന്നേ നോക്കി ചിരിക്കുന്നു….. തൊട്ടടുത്തായി വേദനക്കുള്ള ഗുളികയും,, ബാമും എന്നേ മാടിവിളിക്കുന്നതുപോലെ തോന്നി…..

ശുഭം…

Related Posts

Leave a Reply

Your email address will not be published. Required fields are marked *