ഇന്നാള് രാത്രി ഒരു ഓട്ടർഷേടെ സൗണ്ട് കേട്ട് ഞാനെണീറ്റപ്പോ അമ്മ പുറത്തേക്കു പോണ കണ്ടു. ഞാൻ ജനലേക്കൂടി നോക്കീപ്പോ അമ്മ സുകുമാമൻ്റെ………

നൈറ്റ്ഡ്യൂട്ടി…

എഴുത്ത്:- ശ്രീജിത്ത് പന്തല്ലൂർ

ടൈംപീസ് തല തല്ലിക്കരയുന്ന ശബ്ദം കേട്ടാണ് രാജീവൻ ഉണർന്നത്. സമയം ആറു മണിയായി. ടൈം പീസിൻ്റെ നെറുകയിൽ തലോടി ആശ്വസിപ്പിച്ച് കരച്ചിൽ മാറ്റിക്കൊടുത്ത് അയാൾ നോക്കി. ഭാര്യ സുമ ഇനിയും ഉണർന്നിട്ടില്ല. തന്നെയും കെട്ടിപ്പിടിച്ച്‌ നല്ല ഉറക്കത്തിലാണവൾ…

” സുമേ എണീക്ക്, നേരം വെളുത്തു… മോനെ സ്കൂളിൽ വിടേണ്ടേ… നിനക്ക് ജോലിക്കു പോണ്ടേ…”.

ഉറക്കം തൃപ്തിയാവാത്ത നീരസത്തോടെ സുമ എണീറ്റു. താഴെ പായയിൽ കിടന്നുറങ്ങുന്ന പത്തു വയസ്സുകാരനായ മോനെയും വിളിച്ചെഴുന്നേൽപ്പിച്ച് പുറത്തേക്ക് പോയി…

രാജീവന് ചിരി വന്നു.വയസ്സ് മുപ്പത്തിരണ്ടായി, ഇപ്പോഴും കുട്ടിത്തം വിട്ടിട്ടില്ലവൾക്ക്… ഇപ്പോഴും താൻ തന്നെ വേണം രാവിലെ വിളിച്ചെഴുന്നേൽപ്പിക്കാൻ…

എണീറ്റു കിട്ടാനേ ബുദ്ധിമുട്ടുള്ളൂ, എണീറ്റാൽ പിന്നെ എല്ലാ പണികളും വേഗത്തിലാണ്. മകന് രാവിലത്തേക്കുള്ള കാപ്പിയും പലഹാരവും, ഉച്ചയ്ക്കലേക്കുള്ള ചോറും പെട്ടെന്നു റെഡിയാവും. ഇതിനിടയിൽ അവളും കുളിച്ച് യാത്രയാവും.

മകനെ സ്കൂൾ ബസ്സിൽ കയറ്റി വിട്ടതിനു ശേഷം തന്നെ എണീപ്പിച്ചിരുത്തി പല്ലു തേപ്പിക്കും മുഖം കഴുകിക്കും. കാപ്പിയും പലഹാരവും മരുന്നും കഴിപ്പിച്ച് വീണ്ടും കിടത്തിത്തന്നിട്ടേ അവൾ ജോലിക്കു പോകൂ…

ജോലിയെന്നു പറഞ്ഞാൽ ലോട്ടറി വിൽപ്പനയാണ്. വീടിനു തൊട്ടടുത്ത ജംഗ്ഷനിൽ… താൻ വണ്ടി ഓടിച്ചിരുന്ന ഓട്ടോസ്റ്റാൻ്റും അവിടെയാണ്… രാജീവൻ വേദനയോടെ ഓർത്തു…

രാജീവൻ പതിയെ തലയുയർത്തി നോക്കി. പുതപ്പിനടിയിൽ തൻ്റെ ഇടതു കാൽപ്പാദത്തിൻ്റെ ഭാഗം ശൂന്യമായിക്കണ്ട് നെടുവീർപ്പിട്ടു…

പുതിയ ഓട്ടോ വാങ്ങി ആദ്യ ആഴ്‌ചയിൽത്തന്നെ എതിരെ വന്ന ടിപ്പർ ലോറിയുമായുണ്ടായ ഏറ്റുമുട്ടലിൽ ശയ്യാവലംബിയാവേണ്ടി വന്നു. കാൽപ്പാദം നഷ്ടപ്പെട്ടതല്ല രാജീവനെ തളർത്തിയത് തലയ്ക്കേറ്റ പരിക്കുമൂലം ഇടതു വശം തളർന്നു പോയി. ഇടതു ഭാഗമേ ശരീരത്തിൽ ഇല്ലെന്ന തോന്നലാണിപ്പോഴുള്ളത്…

പാവം സുമ… അന്നു മുതലാണ് അവൾ കുടുംബം നോക്കാൻ തുടങ്ങിയത്. നല്ലൊരു കുടുംബത്തിൽ അല്ലലില്ലാതെ ജനിച്ചു വളർന്ന പെൺകുട്ടിയെ തൻ്റെ ജീവിതത്തിലെ ദുരിതക്കയത്തിൽ ഒറ്റയ്ക്കു നീന്താൻ വിട്ടതിൽ രാജീവന് സങ്കടം തോന്നി… ഇപ്പോൾ തന്നെയും മകനെയും കൊണ്ട് കരയടുപ്പിക്കാൻ കഷ്ടപ്പെടുകയാണവൾ…

വിദ്യാഭ്യാസമുള്ളതിനാൽ നല്ല ജോലി കിട്ടേണ്ടതാണ്. പക്ഷേ, അവൾ ശ്രമിച്ചില്ല. ഇതിപ്പോൾ ലോട്ടറി വിൽപ്പനയാണെങ്കിലും തൊട്ടടുത്ത ജംഗ്ഷനിലാണ്. ഇടയ്ക്കിടെ ഓടി വന്ന് തൻ്റെ കാര്യങ്ങൾ നോക്കാൻ കഴിയും…

എന്നാലും ചുമ്മാ ലോട്ടറി വിറ്റു കിട്ടുന്ന കാശു കൊണ്ടു മാത്രം എങ്ങനെയാണ് വീട്ടിലെ ചെലവ്, മകൻ്റെ പഠിപ്പ്, തൻ്റെ ചികിത്സ ഇതൊക്കെ നടന്നു പോകുന്നതെന്ന് ഒരിക്കൽ അവളോട് ചോദിച്ചതാണ്. ഒന്നു പരുങ്ങിക്കൊണ്ട് അന്നവൾ മറുപടി പറഞ്ഞു.

” അതു പിന്നെ ഇടയ്ക്കിടെ എൻ്റെ കൈയിലെ വിറ്റു പോകാത്ത ടിക്കറ്റിന് അഞ്ഞൂറും ആയിരവുമൊക്കെ അടിക്കാറുണ്ടേട്ടാ… കാശിന് നല്ല ആവശ്യം വരുമ്പോൾ അപ്പോ ഏതെങ്കിലും ലോട്ടറി അടിക്കും… നല്ല ദൈവ കടാക്ഷമുണ്ട്…”.

” പിന്നേ, ദൈവകടാക്ഷം… അതു കൊണ്ടാണല്ലോ ഞാനീ കട്ടിലിൽ നിന്നും എണീക്കാണ്ടായത്…”.

വിളറിയ ചിരി മറയ്ക്കാൻ അവൾ പാടുപെടുന്നത് താൻ കണ്ടെങ്കിലും ഇല്ലെന്നു നടിച്ചു… ഇനി സുമയ്ക്കതൊരു വിഷമമാവണ്ട… ലോട്ടറി അടിക്കുന്നുണ്ടാവും. ഒരു വഴി അടയുമ്പോൾ മറ്റൊരു വഴി തുറക്കുമല്ലോ…

കഴിക്കുന്ന മരുന്നുകളുടെ ക്ഷീണം കൊണ്ടാകാം രാത്രി ഉറങ്ങിയാൽപ്പിന്നെ രാവിലെയേ ഉണരാറുള്ളൂ… ഒരു ദിവസം രാത്രി പെട്ടെന്നെന്തോ സ്വപ്നം കണ്ട് രാജീവൻ ഞെട്ടിയുണർന്നു. നോക്കിയപ്പോൾ സുമ അടുത്തില്ല, തലയണയ്ക്കടിയിലെ കുഞ്ഞിടോർച്ചെടുത്ത് തെളിച്ചു നോക്കി. താഴെ പായയിൽ മകൻ നല്ല ഉറക്കത്തിലാണ്.

” സുമേ… സുമേ…”.

ആദ്യം ശബ്ദം താഴ്ത്തിയും പിന്നെ ഉച്ചത്തിലും രാജീവൻ വിളിച്ചു. ശബ്ദം കേട്ട് മകനുണർന്നു…

” എന്താച്ഛാ…?”. മുറിയിലെ ലൈറ്റ് ഓണാക്കിക്കൊണ്ട് മകൻ ചോദിച്ചു.

” അമ്മയെന്ത്യേ…?”. രാജീവൻ ചോദിച്ചു.

” അറിയില്ല. ഞാനുറങ്ങായിരുന്നു…അമ്മയെങ്ങോട്ടാ പോയേ അച്ഛാ…”. മകൻ നിഷ്കളങ്കമായി ചോദിച്ചു.

രാജീവൻ ഒന്നും മിണ്ടിയില്ല. മകനെ ചേർത്തു പിടിച്ചു.

” ഇന്നാള് രാത്രി ഒരു ഓട്ടർഷേടെ സൗണ്ട് കേട്ട് ഞാനെണീറ്റപ്പോ അമ്മ പുറത്തേക്കു പോണ കണ്ടു. ഞാൻ ജനലേക്കൂടി നോക്കീപ്പോ അമ്മ സുകുമാമൻ്റെ ഓട്ടർഷേല് കേറിപ്പോണ്… എങ്കടാ പോയേന്ന് കാലത്ത് ചോയ്ച്ചപ്പോ അമ്മ പറയ്യാ എങ്കടുമല്ല, അച്ഛനോട് പറയണ്ടാന്ന്…”. മകൻ പറഞ്ഞു.

രാജീവന് തൊണ്ട കനം വച്ചിട്ട് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല. തൻ്റെ സുമ… അവളെക്കൊണ്ട് താങ്ങാൻ കഴിയാത്ത ചിലവുകളാണെങ്കിൽ പോലും ഇങ്ങനൊരു തൊഴിലിന് ഇറങ്ങുമെന്ന് താൻ സ്വപ്നത്തിൽ പോലും കരുതിയില്ല… സുകു തൻ്റെ ശിഷ്യനാണ്. അവനെ ഡ്രൈവിങ്ങ് പഠിപ്പിച്ചതും തൻ്റെ ഓട്ടോ ഓടിക്കാൻ കൊടുത്തതും താനാണ്. രാത്രി ഓട്ടത്തിനിടയിൽ അവൻ ടൗണിലെ ലോഡ്ജുകളിലും മറ്റുമായി പെbണ്ണുങ്ങളെ സപ്ലൈ ചെയ്യുന്നതായി അറിയിച്ചപ്പോൾ താക്കീത് ചെയ്ത് നേർവഴിക്ക് നയിച്ചതുമാണ്. സ്വന്തം അനിയനെപ്പോലെ കണ്ട അവൻ തന്നെ തന്റെ സുമയെ…

കഴിഞ്ഞൊരു ദിവസം അവളുടെ പേഴ്സ് തുറന്നു നോക്കിയപ്പോൾ അതിൽ നിറയെ നൂറിൻ്റേയും അമ്പതിന്റേയും നോട്ടുകൾ ചുരുട്ടി ചുരുട്ടി വച്ചിരിക്കുന്നു… അതു കണ്ടപ്പോഴെങ്കിലും സംശയിക്കേണ്ടതായിരുന്നു… ചോദ്യം ചെയ്യേണ്ട തായിരുന്നു. പിന്തിരിപ്പിക്കേണ്ടതായിരുന്നു. ഇങ്ങനെ ശ രീരം വിbറ്റു കിട്ടുന്ന കാശു കൊണ്ട് ജീവിക്കുന്നതിലും ഭേദം ആത്മഹ ത്യ ചെയ്യുന്നതാണെന്ന് പറഞ്ഞ് നശിച്ച ഈ ജീവിതം ഒരുമിച്ച് അവസാനിപ്പിക്കാമായിരുന്നു…

എന്തു ചെയ്യാനാണ്, ഒന്ന് ആത്മഹbത്യ ചെയ്യാനാണെങ്കിൽ പോലും മറ്റുള്ളവരുടെ സഹായം തേടേണ്ടത്ര ഗതി കെട്ട ജന്മമായിപ്പോയല്ലോ…

മോൻ രാജീവനെ കെട്ടിപ്പിടിച്ച് കിടന്ന് വീണ്ടും ഉറക്കമായി. രാജീവന് ഉറങ്ങാൻ കഴിഞ്ഞില്ല. ടൈംപീസിലെ സെക്കൻ്റ് സൂചിയുടെ ടിക് ടിക് ശബ്ദമെണ്ണിക്കൊണ്ട് രാജീവൻ കണ്ണടച്ചു കിടന്നു…

മുറ്റത്ത് ഒരു ഓട്ടോറിക്ഷ വന്ന് നിൽക്കുന്ന ശബ്ദം കേട്ടു. രാജീവൻ ടൈംപീസിലേക്കു നോക്കി. സമയം അഞ്ചു മണി. ഉമ്മറ വാതിൽ പതിയെ തുറക്കാൻ ശ്രമിക്കുന്ന ശബ്ദം വിജാഗിരി ഉറക്കെ കേൾപ്പിച്ചു… രാജീവൻ ഉറക്കമഭിനയിച്ച് കൺപീലികൾക്കിടയിലൂടെ നോക്കിക്കിടന്നു…

സുമ പൂച്ചയെപ്പോലെ പതുങ്ങി വന്നു. കൈയിലെ പേഴ്സ് മേശപ്പുറത്ത് വച്ചു. രാജീവന്റെ അരികിൽ നിന്നും മോനെ പതിയെ എടുത്ത് താഴെ പായയിൽ കിടത്തി. പിന്നെ കട്ടിലിൽ ഇരുന്ന് പതിയെ കിടന്ന് രാജീവനെ കെട്ടിപ്പിടിച്ചു…

കുലട… എന്തൊരഭിനയമാണ്… ഈ അഭിനയത്തിനാണ് ഓസ്കാർ കൊടുക്കേണ്ടത്… രാജീവൻ ചിന്തിച്ചു.

സുമയുടെ വിയർപ്പു മണം, രാജീവന് മനം പുരട്ടാൻ തുടങ്ങി. പണ്ട് ഈ വിയർപ്പിൻമേൽ എത്ര മു ത്തങ്ങൾ പകർന്നിരിക്കുന്നു. ഇന്ന് മറ്റാരുടെ യൊക്കെയോ വിയർപ്പുകൾ കൂടിക്കലർന്നതിനാലാവാം സഹിക്കാൻ കഴിയുന്നില്ല…

രാജീവൻ ഈർഷ്യയോടെ സുമയുടെ കൈ തട്ടി മാറ്റി…

” ങാഹാ… ഇത്ര നേരത്തേ എണീറ്റോ…?”. സുമ ശബ്ദം താഴ്ത്തി ചോദിച്ചു.

” നീയെവിടെപ്പോയതായിരുന്നു…?”. രാജീവൻ ഗൗരവത്തിൽ ചോദിച്ചു.

” ഞാനോ… ഞാനെവിടെ പോകാനാ… ഞാനാ മറപ്പുര വരെയൊന്ന് പോയതാ…”. സുമ പരുങ്ങലോടെ വിക്കി വിക്കി പറഞ്ഞു.

” വെറുതേ കള്ളം പറയാൻ ശ്രമിക്കേണ്ട. ഞാൻ കുറേ നേരമായി ഉറങ്ങാതെ കിടക്കുന്നു…”. രാജീവൻ ശബ്ദമുയർത്തി.

” ശ് ശ്… പതുക്കെ… കൊച്ചെണീക്കും… ഞാൻ മാത്രം കേട്ടാപ്പോരേ…”. സുമ പറഞ്ഞു.

” എണീക്കട്ടെ, അവനും അറിയട്ടെ നീയെവിടെ പോയതാണെന്ന്…”. രാജീവൻ പറഞ്ഞു.

” സോറി, ഏട്ടനറിഞ്ഞാൽ സമ്മതിക്കില്ലെന്നറിയാം, അതാ പറയാഞ്ഞേ… നല്ലൊരു വരുമാനം കിട്ടുന്നതല്ലേ… നമ്മുടെ ചെലവുകളൊക്കെ കഴിയണ്ടേ ഏട്ടാ…”. സുമ കെഞ്ചി.

” എത്ര കാശു കിട്ടുന്നുണ്ടെന്നു പറഞ്ഞാലും ഞാൻ സമ്മതിക്കില്ല… അതും ഈ നട്ടപ്പാതിരായ്ക്ക്…”. രാജീവൻ മുഴുമിച്ചില്ല…

” ഏട്ടനറിയാതെ ഞാൻ പകലും പോകാറുണ്ട്, ലോട്ടറിക്കച്ചോടത്തിനിടയിൽ… രാത്രി പോയാൽ ഡബിൾ കാശു കിട്ടുമെന്ന് സുകുവാ പറഞ്ഞത്…”. സുമ കുറ്റസമ്മതം പോലെ പറഞ്ഞു.

” സുകു… അവൻ ആള് ശരിയല്ലെന്ന് ഞാൻ പണ്ടേ പറഞ്ഞതാ, ഇപ്പോ എന്തായി…”. രാജീവൻ പറഞ്ഞു.

” സുകു മാത്രമല്ല, നിങ്ങടെ കൂട്ടുകാരെല്ലാം ഹെൽപ്പ് ചെയ്യണുണ്ട്…”. സുമ പറഞ്ഞു.

രാജീവന് ചങ്കു പൊട്ടുന്നതു പോലെ തോന്നി…”. ഈശ്വരാ, തൻ്റെ കൂട്ടുകാരെല്ലാം…”.

” ഇനീപ്പോ അവരെയൊന്നും കുറ്റം പറയാൻ നിൽക്കേണ്ട. എൻ്റെ സ്വന്തം ഇഷ്ടത്തിനാണ് ഞാനീ തൊഴിൽ സ്വീകരിച്ചത്… ഇപ്പോൾ ഞാനത് ശരിക്കും എൻജോയ് ചെയ്യുന്നുണ്ടേട്ടാ… പ്ലീസ്… വേണ്ടെന്നു മാത്രം പറയരുത്… ഏട്ടന് ഇഷ്ടമില്ലെങ്കിൽ ഞാൻ രാത്രി പോകുന്നില്ല. പക്ഷേ, പകൽ പോകരുതെന്ന് പറയല്ലേ…”. സുമ വീണ്ടും കെഞ്ചി…

” സുമേ… എന്താ ആരോടാ പയണേന്ന് വല്ല നിശ്ചയോണ്ടോ… അതോ വന്ന് വന്ന് എന്തും പറയാംന്നായോ…?”. രാജീവൻ ചോദിച്ചു.

” എന്താ രാജീവേട്ടാ… ഇതും ഒരു തൊഴിലല്ലേ… എന്നെപ്പോലെത്തന്നെ എത്ര പെണ്ണുങ്ങൾ ഈ തൊഴിലും ചെയ്ത് മാന്യമായി കുടുംബം നോക്കുന്നുണ്ട്…”. സുമ വാദിക്കാൻ ശ്രമിച്ചു.

” ഇതോ മാന്യമായ തൊഴിൽ…?”. രാജീവനും വിട്ടു കൊടുത്തില്ല.

” എന്തേ ഞങ്ങൾ പെണ്ണുങ്ങൾ ഓട്ടോ ഓടിച്ചാൽ എന്ത് മാന്യതക്കുറവുണ്ടെന്നാ ഏട്ടൻ പറയുന്നേ…?”. സുമ ചോദിച്ചു.

” എന്ത്…?”. രാജീവൻ സ്തബ്ധനായി…

” ആണുങ്ങൾ ഓട്ടോ ഓടിക്കുന്നതിലും എന്തു മാന്യതക്കുറവാണ് പെണ്ണുങ്ങൾ ഓടിച്ചാലെന്ന്…?”. സുമ ആവർത്തിച്ചു.

” അത്… അത് പിന്നെ ലൈസൻസില്ലാതെ നീയെന്തിനാ ഓട്ടോ ഓടിച്ചത്…?”. രാജീവൻ ഒന്നു പരുങ്ങിയെങ്കിലും പെട്ടെന്ന് കൈകാര്യം ചെയ്തു.

” അതു പിന്നെ ഞാൻ ലൈസൻസുമെടുത്തു, ബാഡ്ജുമെടുത്തു. ഏട്ടനറിഞ്ഞാൽ സമ്മതിക്കില്ലെന്നു വിചാരിച്ചാണ് ഞാൻ പറയാഞ്ഞത്… ഇപ്പോ വലിയ റിസ്കില്ലാത്ത നല്ല ഓട്ടങ്ങളൊക്കെ സ്റ്റാൻ്റിലെ നിങ്ങളുടെ കൂട്ടുകാർ എനിക്കു പിടിച്ചു തരുന്നുണ്ട്…”. രാജീവൻ്റെ നെഞ്ചിൽ ചൂണ്ടുവിരൽ കൊണ്ട് പതിയെ കോറിക്കൊണ്ട് സുമ പറഞ്ഞു.

” അതൊക്കെ പോട്ടെ, ആരുടെ വണ്ടിയാ നീ ഓടിക്കുന്നത്…?”. രാജീവൻ ചോദിച്ചു.

” അതും സർപ്രൈസാണ്, നമ്മുടെ ആക്സിഡൻ്റായ ആ വണ്ടിയില്ലേ, അത് ടോട്ടൽ ലോസാണെന്ന് ഇൻഷുറൻസ് ക്ലെയിം കിട്ടി. ഞാൻ പുതിയ വണ്ടി വാങ്ങിച്ചു. നിങ്ങടെ കൂട്ടുകാരെല്ലാം സഹായിച്ചു…”. സുമ പറഞ്ഞു.

” എൻ്റെ പെണ്ണേ, ഇതിനിടയിൽ നിനക്ക് ഉറങ്ങാനെവിടെയാ നേരം കിട്ടുന്നേ…?”. രാജീവൻ ചോദിച്ചു.

” എത്ര നല്ല ഓട്ടം കിട്ടിയാലും വെളുപ്പിന് അഞ്ചു മണിക്ക് മുൻപേ ഞാൻ വീട്ടിലെത്താറുണ്ട്. ഏട്ടനേം കെട്ടിപ്പിടിച്ചു കിടന്നുള്ള ആ ഒരു മണിക്കൂർ ഉറക്കം, അതു മതി എൻ്റെ ക്ഷീണമെല്ലാം പറപറക്കാൻ…”. രാജീവനെ കെട്ടിപ്പിടിച്ചു കൊണ്ട് സുമ പറഞ്ഞു.

” എന്നാലിനി നേരം കളയേണ്ട, വേഗം ഉറങ്ങിക്കോ…”. രാജീവൻ പറഞ്ഞു.

രാജീവൻ്റെ നെഞ്ചിൽ ചായ്ച്ച മുഖം ഉയർത്തിക്കൊണ്ട് സുമ ചോദിച്ചു.
” അല്ല… പെണ്ണുങ്ങൾ ഓട്ടോ ഓടിച്ചാൽ എന്തു മാന്യതക്കുറവാണെന്നാ ഏട്ടൻ നേരത്തേ പറഞ്ഞത്…?”.

” അതു പിന്നെ നീയിപ്പോ ഡ്രൈവിങ്ങ് ലൈസൻസൊക്കെ എടുത്തല്ലോ, അപ്പോ മാന്യതക്കുറവൊന്നുമില്ല… നീ മിണ്ടാതെ കിടന്നുറങ്ങാൻ നോക്കു പെണ്ണേ… ഉറക്കപ്പിച്ചോടെ വണ്ടിയോടിക്കാൻ പാടില്ല…”. സുമയെ തൻ്റെ വലം കൈ കൊണ്ട് തന്നിലേക്ക് ചേർത്തു കൊണ്ട് രാജീവൻ പറഞ്ഞു.

സുമ ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ രാജീവൻ്റെ നെഞ്ചിൽ ചേർന്നു കിടന്നു… സുമയുടെ വിയർപ്പിൻ്റെ സുഗന്ധം ആസ്വദിച്ചു കൊണ്ട് രാജീവനും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *