ഇറങ്ങി പോകുമ്പോൾ വലിയ നിരാശയൊന്നും തോന്നിയില്ല. എന്തോ മഹത്തായ കാര്യം ചെയ്തത് പോലെ മനസ്സ് ആഹ്ലാദിക്കുന്നു. വീട്ടിലേക്ക് എത്തുന്നത് വരെ മാറ്റൊന്നിനെയും കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

ഓട്ടോയിൽ നിന്ന് ഇറങ്ങി ഇന്റർവ്യൂവിന് വന്നതാണെന്ന് പറഞ്ഞിട്ടൊന്നും ആ സെക്യൂരിറ്റിക്കാരൻ കേൾക്കുന്നില്ല. ലെറ്റർ കാണിച്ചിട്ടും രക്ഷയില്ല. ഒടുവിൽ എന്റെ ആപ്ലിക്കേഷൻ കണ്ട് വിളിച്ച അവിടുത്തെ സ്റ്റാഫിനോട്‌ ഞാൻ കാര്യം പറഞ്ഞു. ആ പെൺകുട്ടി സംസാരിച്ചപ്പോഴാണ് സെക്യൂരിറ്റിക്കാരൻ എന്നെ അകത്തേക്ക് പോകാൻ അനുവദിച്ചത്.

എന്തായിരുന്നു എന്നെ തടയാനുണ്ടായ കാരണമെന്ന് ആ ചെറിയ കണ്ണുകളും കുറഞ്ഞ ഉയരവുമുള്ള സെക്യൂരിറ്റിയോട് ഞാൻ ചോദിച്ചിരുന്നു. ഓട്ടോയിൽ വന്നതുകൊണ്ടാണ് അകത്തേക്ക് അനുവദിക്കാതിരുന്നതെന്ന് അയാൾ പറഞ്ഞു. മുകിളിൽ നിന്നുള്ള നിർദ്ദേശമാണത്രെ. ആരാണാവോ കണ്ണിൽ ചോരയില്ലാത്ത ഈ മുകളിലുള്ളവനെന്ന് ചിന്തിച്ച് ഞാൻ നടന്നു.

ആദ്യ ഇന്റർവ്യൂവിന്റെ ആകാംഷയും നെഞ്ചിടിപ്പുമൊക്കെ എനിക്ക് ഉണ്ടായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഈ ജോലി എനിക്ക് വളരേ അത്യാവശ്യമാണ്. എന്നുവെച്ച് കിട്ടിയില്ലെങ്കിൽ ജീവിതം തുലഞ്ഞുപോകുകയൊന്നുമില്ല. നാട്ടിലുള്ള അച്ഛന്റെ ചായക്കട നോക്കി നടത്തിയിട്ടാണെങ്കിലും ഞാൻ ജീവിക്കും.

പക്ഷേ ചെറിയയൊരു പ്രശ്നമുണ്ട്. ഇന്റർവ്യൂ കാർഡ് കിട്ടിയപ്പോൾ തന്നെ നഗരത്തിലെ വലിയ ഹോട്ടലിൽ മകന് മാനേജർ ജോലി കിട്ടിയെന്ന് കടയിൽ വരുന്നവരോടെല്ലാം വളരേ അഭിമാനത്തോടെ അച്ഛൻ പറഞ്ഞ് തുടങ്ങിയിരിക്കുന്നു. അമ്മയാണെങ്കിൽ ഏതോ അമ്പലത്തിൽ പോയി തേങ്ങയുടച്ചു എന്നൊക്കെയാണ് കേൾക്കുന്നത്. ആദ്യത്തെ ശമ്പളത്തിൽ ഏട്ടാ എനിക്കൊരു സൈക്കിളെന്ന് അനിയനും പറഞ്ഞു.

എന്റെ മേലെയുള്ള അമിതമായ വിശ്വാസം കൊണ്ടാണോ, ഒരു ജോലി പ്രവേശനത്തിന്റെ പ്രക്രിയയെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാണോ, ഇവരൊക്കെ ഇങ്ങനെയെന്ന് സത്യമായിട്ടും എനിക്ക് അറിയില്ല. ജോലിയുമായി ഞാൻ വരുന്നതും കാത്ത് ആ മനസുകളെല്ലാം പൂമുഖത്ത് തന്നെയുണ്ടാകും.

അതിനും അപ്പുറം ഒരു വിശ്രമം അച്ഛൻ വല്ലാതെ ആഗ്രഹിക്കുന്നുണ്ട്. കട തുറന്നില്ലെങ്കിലും കുഴപ്പമില്ലെന്ന വിശ്വാസം അച്ഛന്റെ ഹൃദയത്തിൽ എന്റെ പേരിൽ ഉണ്ടാകണം. എത്രയാന്ന് വെച്ചാ.. ഒരു കുടുംബത്തിന്റെ മുഴുവൻ ഭാരവും പേറി ഒരു മനുഷ്യന് ജീവിക്കാൻ സാധിക്കുക…!

‘ഐ ഹാവ് ആൻ ഇന്റർവ്യൂ അപ്പോയിമെന്റ്..’

റിസപ്ഷനിൽ ചെന്ന് പറഞ്ഞപ്പോൾ ഉദ്യോഗാർഥികൾ കാത്തിരിക്കുന്ന ഹാളിലേക്ക് എന്നോട് പോകാൻ പറഞ്ഞു. അവിടെ ഇതേ ജോലി പ്രതീക്ഷിച്ച് പത്തിരുപത് ആൾക്കാർ അക്ഷമരായി കാത്തിരിക്കുന്നുണ്ട്. അതിലൊരു കാത്തിരിപ്പായി ഞാനും ഇരുന്നു. അപ്പോഴാണ് ഇന്റർവ്യൂ ചെയ്യാൻ അകത്തിരിക്കുന്ന പാനലിൽ ഈ ഹോട്ടലിന്റെ മുതലാളിയും ഉണ്ടെന്ന് അടുത്തിരുന്ന ആൾ അടക്കം പറഞ്ഞത്.

‘ഓ.. അതെയോ…!’

എന്നും പറഞ്ഞ് ഞാനൊന്ന് അനങ്ങിയിരുന്നു. ക്രമത്തിൽ ആണ് അകത്തേക്ക് വിളിപ്പിക്കുന്നതെന്ന് അറിഞ്ഞപ്പോൾ ഞാൻ പുറത്തേക്ക് തന്നെ ഇറങ്ങി. എന്തായാലും ഒരുമണിക്കൂറോളം വേണ്ടിവരും എന്റെ ഊഴമെത്താൻ. ഞാൻ നടന്ന് നടന്ന് വീണ്ടും ആ സെക്യൂരിറ്റിക്കാരന്റെ അടുത്തേക്ക് എത്തി. ഇത്തവണ കണ്ടപ്പോൾ തന്നെ അയാൾ എന്നോട് സലാം കാണിച്ചു. ഞങ്ങൾ സംസാരിച്ചു. സംസാരിക്കുന്തോറും മനുഷത്വമില്ലായ്മ അടർന്ന് വീഴുന്ന ഒരു പാവമാണ് അയാളെന്ന് എനിക്ക് തോന്നി.

ആള് നേപ്പാളിയാണ്. മലയാളവും ഹിന്ദിയും സംസാരിക്കുന്നുണ്ട്. രണ്ടര കൊല്ലമായി വീട്ടിലേക്ക് പോയിട്ട്! എന്താണ് കാരണമെന്ന് ചോദിച്ചപ്പോൾ രണ്ട് ദിവസത്തിൽ കൂടുതൽ ഇവിടെ നിന്ന് ലീവ് കിട്ടില്ല പോലും! കൂടുതൽ അറിഞ്ഞപ്പോൾ അയാൾക്ക് വല്ലാത്തയൊരു മാനസിക പ്രയാസം ഉണ്ടെന്ന് എനിക്ക് മനസിലായി. അയാളൊരു യന്ത്രമായി മാറിയിരിക്കുന്നു. ജീവിതങ്ങളെല്ലാം ഏതാണ്ട് ഇതുപോലെയൊക്കെ തന്നെയാണ്. ഇങ്ങനെ ജോലിയിൽ മുഴുകി മുഴുകി മനസ്സൊരു മെഴുകുതിരി പോലെ കെട്ടുപോകും.

തന്റെ കുടുംബത്തിന്റെ സുമുഖമായ നിലനിൽപ്പിനു വേണ്ടി അറിഞ്ഞുകൊണ്ട് അടിമയാകുന്നവരും ഈ ലോകത്തിൽ ഏറെയുണ്ടെന്ന തെളിവായിരുന്നു എനിക്ക് ആ നേപ്പാളി.

വർഷത്തിൽ ഒരു ആഴ്ച്ചപോലും കുടുംബത്തോടൊപ്പം ചിലവഴിക്കാൻ പറ്റുന്നില്ലെങ്കിൽ പിന്നെയെന്ത്‌ ജീവിതമാണ്! ഉള്ള ജോലി പോയാൽ മറ്റൊന്ന് കിട്ടാൻ വളരേ പ്രയാസമാണെന്ന സത്യമാണ് മനുഷ്യരെ ഇങ്ങനെയൊക്കെ ആക്കി തീർക്കുന്നത്. ഞാനും അടിമയാകാൻ വന്നതാണോയെന്ന് എനിക്ക് തോന്നി.

തിരിച്ച് ആ ഇന്റർവ്യൂ ഹാളിലേക്ക് നടക്കുമ്പോൾ ജോലിയുമായി തീരേ ബന്ധമില്ലാത്ത മറ്റെന്തൊക്കെയോ ആയായിരുന്നു ഞാൻ ചിന്തിച്ചത്. എവിടേയും ജയിച്ച് വരുന്ന മകന്റെ മാനേജർ ജോലിയും സ്വപ്നം കണ്ട് ഒരു കുടുംബം അവിടെ കാത്തിരിക്കുണ്ടെന്ന് ഞാൻ ഓർത്തതേയില്ല. ഓർത്താലും അതിന് പ്രസക്തിയില്ല. ഇന്റർവ്യൂക്കായി ഇവിടെ എത്തിച്ചേർന്ന നെഞ്ചിടിപ്പുകൾക്കെല്ലാം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബങ്ങളുണ്ട്. എന്റെ ചിന്തയിൽ മുഴുവൻ ആ നേപ്പാളിക്കാരൻ മനുഷ്യനെ കുറിച്ചായിരുന്നു…

‘ശ്യാം…!’

ഹാളിലെത്തി അധികം വൈകാതെ എന്റെ ഊഴം വന്നുചേർന്നു. ഫയലുമായി ഞാൻ അകത്തേക്ക് പ്രവേശിച്ചു. ചോദ്യങ്ങളുമായി നാലോളം പേരുണ്ടായിരുന്നു. എന്റെ സർട്ടിഫിക്കറ്റുകളെല്ലാം പരിശോധിക്കുന്നതിന് ഇടയിൽ ഒരാൾ എന്നോട് പേടിയുണ്ടോയെന്ന് ചോദിച്ചു. എന്തിനെന്ന് ഞാൻ തിരിച്ച് ചോദിച്ചത് അയാൾക്ക് ഇഷ്ട്ടപ്പെട്ടില്ല.

‘നിങ്ങളിലുണ്ടെന്ന് തോന്നുന്ന ഏറ്റവും മികച്ച ക്വാളിറ്റിയെന്താണ്?’

എന്തുകൊണ്ടോ ആ ചോദ്യത്തിനുള്ള ഉത്തരമായി അനുകമ്പയാണെന്ന് ഞാൻ പറഞ്ഞുപോയി.

‘ബി കൈന്റ്… റൈറ്റ്!’

എന്നും പറഞ്ഞ് തമാശ കേട്ടതുപോലെ ആരോ ചിരിച്ചു. തുടർന്നും ചോദ്യങ്ങളുണ്ടായി. വളരേ ആത്മവിശ്വാസത്തോടെ തന്നെ ഞാൻ അതിനെയൊക്കെ നേരിടുകയും ചെയ്തു.

‘സങ്കൽപ്പത്തിൽ നിങ്ങളാണ് ഈ ഹോട്ടലിന്റെ മുതലാളിയെങ്കിൽ ആദ്യം ചെയ്യുന്നത് എന്തായിരിക്കും..?’

അവസാനത്തെ ചോദ്യമായിരുന്നുവത്. ആ ഇംഗ്ലീഷിലുള്ള ചോദ്യത്തിന്റെ കർത്താവ് തന്നെയായിരിക്കണം ഇതിന്റെ ഉടമയെന്നും ഞാൻ ഊഹിച്ചു. ഉത്തരം പറയാനപ്പോഴും എനിക്ക് ഏറെ നേരം ആലോചിക്കേണ്ടി വന്നില്ല.

‘ എന്റെ സെക്വൂരിറ്റിക്കാരന് ഒരുമാസത്തെ ലീവ് കൊടുക്കും. വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും എന്റെ തൊഴിലാളികൾക്ക് കുടുംബത്തോടൊപ്പം ചേരാൻ പറ്റുന്നുണ്ടോയെന്ന് ഉറപ്പുവരുത്തും. ആ സ്നേഹം ഞാൻ കാണിച്ചാൽ ഉറപ്പായിട്ടും അവരുടെ ആത്മാർത്ഥമായ സഹകരണം എന്നോടും ഉണ്ടാകും. ഐ ക്യാൻ ഗ്രോ മൈ ബിസിനസ്‌…’

കേട്ടവരാരും ഒന്നും മിണ്ടിയില്ല. രണ്ടര കൊല്ലമായി സ്വന്തം വീട്ടിലേക്ക് പോകാൻ പോലും പറ്റാത്തയൊരു മനുഷ്യനാണ് ഈ ഹോട്ടലിന്റെ പ്രധാന കവാടത്തിലെയൊരു കാവൽക്കാരനെന്നു കൂടി ഞാൻ പറഞ്ഞു. ആ നേരം പാനലിൽ നിന്നുമൊരു കോട്ട് എന്നോട് പുറത്തേക്ക് ഇറങ്ങി പോകാൻ ഇംഗ്ലീഷിൽ ആജ്ഞാപിക്കുകയായിരുന്നു. ഞാൻ അനുസരിച്ചു.

ഇറങ്ങി പോകുമ്പോൾ വലിയ നിരാശയൊന്നും തോന്നിയില്ല. എന്തോ മഹത്തായ കാര്യം ചെയ്തത് പോലെ മനസ്സ് ആഹ്ലാദിക്കുന്നു. വീട്ടിലേക്ക് എത്തുന്നത് വരെ മാറ്റൊന്നിനെയും കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല.

‘എപ്പോഴാന്ന് പോയി തുടങ്ങേണ്ടത്…?’

അമ്മയാണ് ചോദിച്ചത്. ഉത്തരം പറയാനാകാതെ ഞാൻ വിഷമിച്ചു. വൈകുന്നേരം അച്ഛനും ചോദ്യം ആവർത്തിച്ചപ്പോൾ ജോലി കിട്ടാൻ യാതൊരു സാധ്യതയുമില്ലെന്ന് ഞാൻ പറഞ്ഞു. നടന്നതെന്താണെന്നും മൊഴിഞ്ഞു. നല്ല കാര്യമല്ലേയെന്ന് പറഞ്ഞ് അച്ഛൻ അഭിനന്ദിക്കുകയും ചെയ്തു. തുടർന്ന് കടയിലേക്ക് തന്നെ പോയി. കൃത്യം ആ നേരത്താണ് ഫോൺ ശബ്ദിച്ചത്.

‘ശ്യാം.. യു ആർ സെലക്റ്റഡ്. പ്ലീസ് ചെക്ക് യുവർ ഈമെയിൽ..’

ഹോട്ടലിൽ നിന്ന് ഇന്റർവ്യൂന് വിളിച്ച ആ പെൺകുട്ടിയായിരുന്നു.
കേട്ടപ്പോൾ ഞാൻ ത്രസിച്ചു പോയി. വളരേ ആകാംഷയോടെ എന്നെ നോക്കുന്ന അമ്മയോട് എനിക്ക് ജോലി കിട്ടിയെന്ന് പറയാൻ തുടങ്ങുമ്പോഴാണ് വീണ്ടും കാൾ വന്നത്. അറ്റന്റ് ചെയ്തപ്പോൾ എന്റെ കാതുകൾക്ക് ഇരട്ടി മധുരം അനുഭവപ്പെട്ടു. ഗേറ്റിൽ എന്നെ തടഞ്ഞ ആ നേപ്പാളി സെക്യൂരിറ്റിക്കാരൻ ആയിരുന്നു മറു തലയിൽ. ശമ്പളത്തോട് കൂടി ഒരു മാസം ലീവ് കിട്ടിപോലും!

കുടുംബത്തിന്റെ അടുത്തേക്ക് പോകാൻ ഇറങ്ങുകയാണെന്ന് കൂടി അമിതമായ സന്തോഷത്തോടെ തപ്പി തടഞ്ഞ് അയാൾ പറഞ്ഞു. അതുകേട്ടപ്പോൾ എന്തു പറയണമെന്ന് അറിയാതെ തുളുമ്പുന്ന കണ്ണുകളുമായി ഞാൻ ചിരിച്ചുപോയി. അതീവ സന്തോഷത്തോടെയാണ് സംസാരം നിർത്തി ഞാൻ ഫോൺ വെച്ചത്. ഒന്നും പറയാതെ തന്നെ അമ്മ ആ നേരം എന്നെ കെട്ടി പിടിക്കുകയായിരുന്നു.

‘എന്ത് സൂത്രമാടാ നീ ആടപ്പോയി കാട്ടിയത്….’

അതുകേട്ടപ്പോൾ എന്റെ ചിരി കൂടുതൽ വിടർന്നു. അമ്മയ്ക്ക് മനസിലാകുമോയെന്ന് പോലും ചിന്തിക്കാതെ ആ കാതുകളിൽ പതിയേ ഞാൻ ആ സൂത്രം പറഞ്ഞു.

‘ബി കൈന്റ്…!!!’

Related Posts

Leave a Reply

Your email address will not be published. Required fields are marked *