ഈ പ്രായത്തിൽ അല്ലെ ഇപ്പൊ പഠിക്കാൻ ഇറങ്ങുന്നത് .. അതും മൂന്ന് പിള്ളേരായിട്ട് .. അടങ്ങി ഒതുങ്ങി പിള്ളേരേ പഠിപ്പിക്കാൻ നോക്ക്…

എഴുത്ത്:- സൽമാൻ സാലി

ഈ പ്രായത്തിൽ അല്ലെ ഇപ്പൊ പഠിക്കാൻ ഇറങ്ങുന്നത് .. അതും മൂന്ന് പിള്ളേരായിട്ട് .. അടങ്ങി ഒതുങ്ങി പിള്ളേരേ പഠിപ്പിക്കാൻ നോക്ക് …

ബസ്സിലെ വിൻഡോ സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുമ്പോൾ പിന്നോട്ട് പായുന്ന മരങ്ങളോടൊപ്പം ഞാനും ഓർമകളിലേക്ക് പോയി .

ഞാൻ സലീന .. പ്രായം മുപ്പത്തി രണ്ട് .. മൂന്ന് കുട്ടികളുടെ ‘അമ്മ ..

ഡിഗ്രിക്ക് രണ്ടാം വർഷം പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് എനിക്കൊരു കല്യാണാലോചന വരുന്നത് ചെക്കന്റെ തറവാട്ട് മഹിമയും കുടുംബ പാരമ്പര്യവും വീട്ടുകാർക്ക് ഇഷ്ടമായത് കൊണ്ടും ചെക്കൻ തരക്കേടില്ല എന്ന് തോന്നിയത് കൊണ്ടും പത്തൊൻപതാം വയസിൽ എന്റെയും ഹിശാമിക്കയുടെയും കല്യാണം കഴിഞ്ഞു ഞാൻ ഹിശാമിക്കയുടെ വീട്ടിലേക്ക് വരുന്നത് ..

എല്ലാരെ പോലെയും തുടക്കം നല്ല സന്തോഷമുള്ളതായിരുന്നു .. ഹിഷാമിക്ക ആളൊരു പാവമായത് കൊണ്ട് ആര് എന്ത് പറഞ്ഞാലും മൂപ്പര് വിശ്വസിക്കും എന്നെ ആണേൽ ജീവനാണ് .. ആദ്യ വർഷം തന്നെ ഞങ്ങൾക്ക് ഒരു മോൻ പിറന്നു .. പതിയെ പോയിരുന്ന ജീവിതം പതുക്കെ പതുക്കെ തിരക്കിലേക്ക് മാറി ..

പെട്ടെന്ന് തന്നെ മരുമകളിൽ നിന്ന് ഒരു ജോലിക്കാരിയിലേക്ക് പ്രമോഷൻ കിട്ടിയത് പോലെ ആയി ജീവിതം . ഒരു യന്ത്ര കണക്ക് രാവിലേ എണീറ്റ് തുടങ്ങുന്ന വീട്ട് ജോലി അവസാനിച്ചു ഒന്ന് നടു നിവർത്തുന്നത് പലപ്പോഴും രാത്രി കിടക്കാൻ നേരത്താണ് ..

വീട്ടിലെ ഇളയപുത്രനായ ഹിശാമിക്കക്ക് അനന്തര സ്വത്തായി കിട്ടിയ വീടും സ്ഥലവും പ്രായമായ രണ്ട് പേരും ഒപ്പം പശു കോഴി മുഴൽ എല്ലാത്തിനേം നോക്കി നടക്കാൻ ഞാൻ എന്ന വേതനമില്ലാ ജോലിക്കാരിയും ..

എനിക്ക് സഹായി എന്നോണം വീട്ടിൽ സുജാത ചേച്ചി ( മിക്സി)ലക്ഷ്മി ചേച്ചിയും (ഗ്രൈൻഡർ)ഉഷ ചേച്ചിയും (ഫാൻ )ഉണ്ടെങ്കിലും അവർക്കൊക്കെ കൃത്യമായ ജോലികൾ മാത്രമാണ് ഉള്ളത് സലീനക്ക് മാത്രം ജോലിക്ക് സമയമില്ല കൃത്യത ഇല്ല …

എത്ര തന്നെ ആത്മാർത്ഥമായി ജോലി എടുത്താലും കുറ്റം പറയാൻ നൂറ് നാവുള്ള അമ്മായിമ്മ നല്ലത് പറയുന്നത് ഒരിക്കൽ പോലും കേട്ടിട്ടുപോലുമില്ല ..

വർഷം കഴിയുംതോറും ജോലികൾ കൂടി കൂടി വന്നു ഒന്ന് സ്വന്തം വീട്ടിൽ പോകാൻ പോലും എനിക്ക് എന്തേലും അസുഖം വരണം അല്ലാതെ ഒന്ന് പോകാൻ സമ്മതിക്കില്ല . എന്തേലും അസുഗം വന്നാൽ അപ്പൊ പറയും ഇയ്യ്‌ അന്റെ വീട്ടിലേക്ക് പൊക്കോ ന്ന് . ഒന്ന് റെസ്റ്റ് കിട്ടാൻ വേണ്ടി അസുഖം വരാൻ വേണ്ടി ആഗ്രഹിച്ചുപോയ എത്രയോ നിമിഷങ്ങൾ …

പലപ്പോഴും ആഗ്രഹിച്ചു എല്ലാം ഇട്ടെറിഞ്ഞു എങ്ങോട്ടെങ്കിലും പോയാലോ എന്ന് .. പക്ഷെ എങ്ങോട്ട് .. എന്നെപോലെ ഉള്ള ഒരു സ്ത്രീ മൂന്ന് മക്കളെയും കൊണ്ട് വീട്‌ വിട്ടിറങ്ങി എങ്ങോട്ട് പോകാൻ എന്ന് ആലോചിച്ചു കിടന്ന ആ രാത്രി ആണ് എന്റെ ജീവിതം മാറ്റിയത് ..

രാവിലെ എണീറ്റ് ജോലി എല്ലാം പെട്ടെന്ന് ചെയ്ത് തീർത്ത് psc ക്ക് രെജിസ്റ്റർ ചെയ്ത് ഒരു ഓൺലൈൻ ക്ലസ്സിനും ചേർന്നു .. പഠിച്ചൊരു ജോലി വാങ്ങണം സ്വന്തം കാലിൽ നിക്കണം എന്നൊരു ചിന്ത മാത്രമാണ് അന്ന് മുതൽ മനസ്സിൽ ഉണ്ടായിരുന്നത് ..

കെട്ടിച്ചു വിട്ട് കഴിഞ്ഞാൽ ഒരു പെണ്ണിന് ഭർത്താവിന്റെ വീടും അതിന്റെ ചുറ്റുപാടും മാത്രമാണ് ജീവിതം എന്ന് ചിന്തിച്ചിരുന്നിടത്ത് നിന്നും അതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണെന്നും ആ വീടിനപ്പുറം ഒരു ലോകമുണ്ടെന്നും അത് എനിക്കുകൂടെ ഉള്ളതാണെന്നുമുള്ള ചിന്ത മനസ്സിൽ കൊണ്ട് നടക്കാൻ തുടങ്ങി …

രാത്രി ഒരു മണിക്ക്‌ എണീറ്റ് ഇരുന്ന് രാവിലെ വരെ പഠിച്ചും രാവിലേ വീട്ടിലെ ജോലി മുഴുവൻ നോക്കിയും ആദ്യ വർഷം പരീക്ഷ എഴുതി റിസൾട്ട് വന്നപ്പോഴാണ് psc എഴുതി ഒരു ജോലി വാങ്ങുക അത്ര എളുപ്പമല്ല എന്ന് മനസ്സിലായത് ..

ഇല്ല ഞാൻ തോറ്റ് കൊടുക്കില്ല എന്ന ഉറച്ച വാശിയിൽ ഓൺലൈൻ ടീച്ചിങ് കൊയ്‌സ് എടുത്ത് ആറ്‌ മാസം കൊണ്ട് കംപ്ലീറ്റ് ചെയ്തതും ഒരു താൽകാലിക വരുമാനമെന്നോണം ഓൺലൈനിൽ ട്യൂഷൻ എടുക്കാൻ തുടങ്ങിയതും എനിക്ക് എന്നെ തന്നെ ജയിക്കാനുള്ള വാശിയാണ് ..

ഇക്ക ചിലവിന് അയക്കുന്ന പൈസയിൽ നിന്നും വല്ലപ്പോഴും അമ്മായിമ്മ തരുന്ന അഞ്ഞൂറോ ആയിരമോ മാത്രം ആയിരുന്നു എന്റെ സമ്പാദ്യം. അവിടെ നിന്നും എനിക്ക് ആദ്യമായി കിട്ടിയ ട്യൂഷൻ ഫീ നാനൂറ് രൂപ കയ്യിൽ വാങ്ങുമ്പോ ഉണ്ടായ ഒരു ഊർജ്ജമാണ് പഴയതിലും വീറും വാശിയോടെയും പഠിക്കാൻ പ്രേരിപ്പിച്ചത് ..

അതിനിടെ ഇക്കാടെ കുടുംബക്കാരുടെ വക അഹങ്കാരി താന്തോന്നി എന്നൊക്കെ ഉള്ള മെഡലുകൾ ഞാൻ വാരിക്കൂട്ടി .. മൂന്ന് കുട്ടികളെ നോക്കി അടങ്ങി കഴിയേണ്ട പ്രായത്തിൽ അവളുടെ ഒരു പഠിപ്പ് എന്ന് കുന്നായ്മ പറഞ്ഞവരോടുള്ള എന്റെ മറുപടിക്കായി ഞാൻ ഉറക്കമൊഴിച്ചു പഠിച്ചു ..

നമ്മളൊരു കാര്യത്തിന് ആത്മാർത്ഥമായി ഇറങ്ങി പുറപ്പെട്ടാൽ ഘടികാരം പോലും നമ്മോടൊപ്പം സഞ്ചരിക്കും എന്നതിനുള്ള തെളിവാണ് ഞാൻ . വീട്ട് ജോലി കഴിഞ്ഞു നടു നിവർത്താൻ സമയമില്ല എന്ന് കരുതിയ എനിക്ക് ഇപ്പോ ഓൺലൈനായി ട്യുയൂഷൻ എടുക്കാനും കേക്ക് ഉണ്ടാക്കി വിൽക്കാനും സ്വന്തമായി സമ്പാദിച്ച പണം കൊണ്ട് യാത്രകൾ പോകാനും കുറെ സൗഹൃദങ്ങളെ കൂട്ടായി കിട്ടിയതും . സമയം ഉണ്ടായത് വീട്ട് ജോലി എന്റേത് മാത്രമല്ല എല്ലാവര്ക്കും ചെയ്യാം എന്ന് മറുത്തു പറയാൻ തുടങ്ങിയപ്പോഴാണ് ..

മൂന്ന് വർഷം തുടരെ psc എഴുതിയിട്ടും റാങ്ക് ലിസ്റ്റിന്റെ ഏഴ് അയലത്ത്പോലും എത്താത്തത് പക്ഷെ എന്നെ നിരുത്സാഹപ്പെടുത്തിയില്ല .. എന്റെ ആവശ്യത്തിനുള്ള വരുമാനമാർഗം ഞാൻ കണ്ടെത്തിയിരുന്നു …

ഉറങ്ങുമ്പോൾ കാണുന്ന സ്വപ്നമല്ല നമ്മളെ ഉറങ്ങാൻ അനുവദിക്കാത്ത സ്വപ്‌നങ്ങൾ ആണ് വേണ്ടതെന്ന് പറഞ്ഞപോലെ ഒരു സർക്കാർ ജോലി എന്നത് ഉറക്കം നഷ്ടമാക്കി പഠിക്കാൻ ഉള്ള ഊർജ്ജം എന്നിൽ ഒരു കെടാത്ത അഗ്നിപോലെ പുകഞ്ഞുകൊണ്ടിരുന്നത് കൊണ്ട് നാലാം വർഷം psc എഴുതി റാങ്ക് ലിസ്റ്റിൽ പേര് വന്നതുമുതൽ ഞാൻ കാത്തിരുന്നു സർക്കാർ മുദ്ര പതിച്ച ഒരു രജിസ്റ്റേർഡ് ലെറ്ററിനായി ..

അധിക കാലം കാത്തിരിക്കേണ്ടി വന്നില്ല ഒരു നാൾ പോസ്റ്റുമാൻ ഗംഗാധരേട്ടൻ വന്നു എനിക്കുള്ള രെജിസ്റ്റർഡുമായി .. സന്തോഷം കൊണ്ട് വിറക്കുന്ന കൈകളുമായി ഞാനത് ഒപ്പിട്ട് വാങ്ങി …

മുപ്പതാം വയസിൽ പഠിക്കാൻ ഇറങ്ങിയേക്കുന്നു എന്ന് പറഞ്ഞ കുടുംബക്കാർക്കുള്ള മറുപടി .എന്നെ ഉറങ്ങാൻ അനുവദിക്കാതെ വേട്ടയാടിയ എന്റെ സ്വപ്നം ഞാൻ കൈപ്പിടിയിൽ ഒതുക്കിയിരിക്കുന്നു …

എന്റെ ആഗ്രഹങ്ങൾക്ക് നോ പറയാതെ നിന്നെക്കൊണ്ട് പറ്റുമെങ്കിൽ നീ ശ്രമിച്ചോ എന്ന് പറഞ്ഞ ഹിശാമിക്കയോടും പടച്ചോനോടും നന്ദി പറഞ്ഞുകൊണ്ട് ഞാൻ എന്റെ സർക്കാർ ജോലി തുടങ്ങിയിട്ട് മൂന്ന് മാസം പിന്നിട്ടിരിക്കുന്നു …

ന്റെ പ്രിയപ്പെട്ട പെണ്ണുങ്ങളോടാണ് പ്രായം ഇത്ര ആയില്ലേ ഇത്ര മക്കളായില്ലേ ഇനി ഇപ്പൊ പഠിച്ചിട്ടെന്താ അല്ലേൽ ഞാനൊക്കെ എന്ത് ജോലി ചെയ്യാനാ എന്ന് ചിന്തിക്കാതെ കണ്ണ് തുറന്ന് ചുറ്റും നോക്കുക്ക നമ്മുടെ ചുറ്റിലും ഒരുപാട് അവസരങ്ങൾ ഉണ്ട് . ആത്മാർത്ഥമായി പരിശ്രമിക്കുക്ക വിജയം സുനിശ്ചിതം …. എല്ലാവർക്കും സലീനമാർ ആവാൻ കഴിയില്ല എന്ന് ചിന്തിക്കുന്നവരോടാണ് നിങ്ങളുടെ ശക്തി നിങ്ങൾ മനസ്സിലാക്കാത്തതുകൊണ്ട് മാത്രമാണ് …
എന്ന് സ്വന്തം സലീന ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *