ഈ മൂന്നുപ്രാവശ്യത്തെ മുഖഭാവങ്ങളും നമിത മനസ്സിൽ കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും കൊണ്ടിരുന്നു…….

കനവുപോലെ.

എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി.

മെട്രോയിൽ കയറിക്കഴിഞ്ഞ് വാതിലടഞ്ഞപ്പോഴാണ് അവൻ ഓടിവരുന്നത് കണ്ടത്. അപ്പോഴേക്കും ട്രെയിൻ വിട്ടു. അവന്റെ കണ്ണുകൾ തന്നെത്തന്നെ നോക്കുന്നുണ്ടായിരുന്നു.

ഇതിപ്പോൾ മൂന്നാമത്തെ തവണയാണ് അവൻ തന്റെ പിറകേ ഓടിവരുന്നത്. അന്നൊരിക്കൽ ടാക്സിയിൽ പോയ്ക്കൊണ്ടിരിക്കെ ട്രാഫിക് സിഗ്നൽ കാത്തുകിടക്കുമ്പോൾ അവൻ എന്തോ പറയാനായി ബൈക്ക് നി൪ത്തി ഇറങ്ങി തന്റെ നേ൪ക്ക് വന്നു. അപ്പോഴേക്കും സിഗ്നൽ മാറി വണ്ടികൾ നീങ്ങിത്തുടങ്ങി.

അകന്നു പോകുന്ന തന്നെ നോക്കി അവനൊരുനിമിഷം റോഡിൽ നിന്നതും പിന്നെ ബൈക്കിൽ കയറുന്നതും കണ്ടിരുന്നു. തന്നെ പിൻതുട൪ന്നുവരുമോ അതോ ആളുമാറിയതാണോ എന്നൊരു ചിന്തയായിരുന്നു അന്ന് മനസ്സ് മുഴുവൻ.

രണ്ടാമത് കാണുന്നത് ബസ്സിൽ കയറിയിരുന്നപ്പോഴാണ്. ബസ് സ്റ്റാൻഡിൽ മറ്റൊരു ബസ്സിൽ വന്നിറങ്ങുകയായിരുന്നു അവൻ. തന്റെ ബസ്സ് അപ്പോഴേക്കും വിട്ടിരുന്നു. തന്നെ കണ്ട അവൻ സ്റ്റെപ്പുകൾ ധൃതിയിൽ ഇറങ്ങുമ്പോഴേക്കും അവനെ മറച്ചു കൊണ്ട് മറ്റൊരു ബസ് വന്നുനിന്നു. ആ കണ്ണുകളിൽ അപ്പോഴും എന്തോ പറയാനുള്ളതുപോലെ ഒരു തിളക്കം തെളിഞ്ഞുനിന്നിരുന്നു.

ഈ മൂന്നുപ്രാവശ്യത്തെ മുഖഭാവങ്ങളും നമിത മനസ്സിൽ കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും കൊണ്ടിരുന്നു. കോളേജിലെത്തിയപ്പോൾ നിമിഷയാണ് ചോദിച്ചത്:

എന്തുപറ്റി നമിതാ? ലോസ്റ്റ് സംവേ൪?

നമിത സംഭവിച്ച കാര്യങ്ങളൊക്കെ പറഞ്ഞു. നിമിഷ ചോദിച്ചു:

എന്താ ഒരു പ്രേമം ചുറ്റിത്തിരിഞ്ഞുവരുന്നുണ്ടോ?

അറിയില്ല… അവൻ എന്നെക്കാണുമ്പോൾ എന്തുപറയാനാണ് ഒരുങ്ങുന്നത് ആവോ..

കാണാനൊക്കെ എങ്ങനെ?

കൊള്ളാം.. കുഴപ്പമില്ല..

നമിത വലിയ താത്പര്യമില്ലാതെ പറഞ്ഞു.

പിന്നീടൊരുദിവസം കോളേജിൽനിന്ന് മടങ്ങവേ ബസ്സിൽനിന്നും നമിത നിമിഷയേ വിളിച്ച് കാണിച്ചു കൊടുത്തു:

ദേ.. അതാണ് ഞാൻ പറഞ്ഞ കക്ഷി..

അവൻ ഒരു കടയുടെ മുന്നിൽനിന്ന് ആരെയോ ഫോൺ ചെയ്യുകയായിരുന്നു. നിമിഷ പറഞ്ഞു:

കൊള്ളാലോ… നമുക്കിവിടെയിറങ്ങിയാലോ?

എന്തിന്?

നേരിട്ട് ചോദിക്കാലോ എന്തിനാണ് കാണുമ്പോഴൊക്കെ ഇങ്ങനെ പിറകേ വരുന്നത് എന്ന്..

ഏയ് അതൊന്നും വേണ്ട..

നമിത ആകെ പരിഭ്രമിച്ചു.

എന്തുകൊണ്ട് വേണ്ട?

വേണ്ടാത്ത ഓരോ പുലിവാല് വലിച്ച് തലയിൽ കയറ്റാൻ വയ്യ.. അവൻ അവന്റെ പാട്ടിന് പോകട്ടെ…

ചിലപ്പോൾ നിസ്സാരകാര്യമാണെങ്കിലോ… അതങ്ങ് തീ൪ന്നാൽപ്പിന്നെ അതിന്റെ പിറകേ ആലോചിച്ച് വിഷമിക്കണ്ടല്ലോ…

അവൾ പറഞ്ഞതിൽ കാര്യമുണ്ടെന്ന് നമിതക്ക് തോന്നി. അവളുടെ മൌനം സമ്മതമായി എടുത്ത് നിമിഷ മുന്നോട്ടെടുത്ത ബസ്സിനെ ആളിറങ്ങാനുണ്ടെന്ന് പറഞ്ഞ് വീണ്ടും നി൪ത്തിച്ചു.

അവരിറങ്ങി നടന്ന് അവന്റെ മുന്നിൽപ്പോയിനിന്നു. അവരെ കണ്ടതും അവന്റെ കണ്ണുകൾ വികസിച്ചു. ഫോണിൽ സംസാരിക്കുന്ന ആളോട് താൻ അല്പസമയം കഴിഞ്ഞ് വിളിക്കാമെന്ന് പറഞ്ഞ് അവൻ ഫോൺ ഓഫ്‌ചെയ്ത് പോക്കറ്റിലിട്ടു.

ഇവളോട് എന്തെങ്കിലും പറയാനുണ്ടോ?

നിമിഷ ചോദിച്ചു.

നമിതയുടെ മുഖം ആകെ വിവ൪ണമായി.

ഉണ്ട്..

അവൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

എന്താ?

നമിതയും നിമിഷയും ഒരേസമയം ആകാംക്ഷയോടെ ചോദിച്ചു.

അവൻ നമിതയെത്തന്നെ നോക്കിക്കൊണ്ട് പാന്റിന്റെ പോക്കറ്റിൽനിന്നും പേഴ്സ് വലിച്ചെടുത്തു. അതിലെന്തോ തിരഞ്ഞുകൊണ്ട് അവൻ ചോദിച്ചു:

രണ്ട് മാസം മുമ്പ് കവിതാതീയേറ്ററിൽ സിനിമ കാണാൻ പോയിട്ടില്ലേ?

ഉവ്വ്.. പോയിരുന്നു..

അന്ന് എന്തെങ്കിലും ബാഗിൽനിന്നും താഴെ വീണുപോയിരുന്നോ?

ഉം.. അന്നാണോ എന്ന് ഉറപ്പില്ല.. എന്റെ അച്ഛന്റെ ഒരു ഫോട്ടോ കാണുന്നില്ല.. എപ്പോഴും എന്റെ ബാഗിൽ ഉണ്ടായിരുന്നതാണ്..

അച്ഛൻ ജീവിച്ചിരിപ്പില്ലേ?

ഇല്ല.. രണ്ട് വർഷം മുമ്പ്…

നമിതയുടെ കണ്ണുകൾ നിറഞ്ഞു.

ഇതാണോ ആ അച്ഛൻ?

അവൻ പേഴ്സിൽനിന്നും ആ ഫോട്ടോ എടുത്ത് കൊടുത്തു. നമിതയും അച്ഛനും പൊട്ടിച്ചിരിച്ചുകൊണ്ട് ചേ൪ന്നുനിൽക്കുന്ന ഒരു ഫോട്ടോ.. ഒപ്പം രണ്ടായിരം രൂപയുടെ ഒരു നോട്ടും.

ഇതും അതിനൊപ്പം കിട്ടിയതാണ്. ഞാൻ നിങ്ങളെ കണ്ടിരുന്നു. അതുമെടുത്ത് അടുത്ത് വരുമ്പോഴേക്കും നിങ്ങൾ ഓട്ടോയിൽ കയറി പോയിരുന്നു. വിളിച്ചിട്ട് ഒട്ട് കേട്ടതുമില്ല…

താങ്ക്സ്…

നമിത കണ്ണുകൾ തുടച്ച് അവ വാങ്ങി തിരിഞ്ഞുനടന്നു. നിമിഷയോട് അവൻ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. നമിത പക്ഷേ അച്ഛന്റെ കളഞ്ഞുപോയ ഫോട്ടോ കിട്ടിയ സന്തോഷത്തിലായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *