ഉടമസ്ഥന്റെ ആധാറും ലൈസൻസുമൊക്കെ എടുത്തെന്റെ പേഴ്സിലേക്ക് വെച്ച് റോഡരികിലെ ഓടയിലേക്ക് ഞാനത് വലിച്ചെറിഞ്ഞു…..

എഴുത്ത് :- ശ്രീജിത്ത് ഇരവിൽ

അന്ന് ജില്ലാ ആശുപത്രിയുടെ മുമ്പിൽ വെച്ചാണ് എനിക്കൊരു തുകൽ പേഴ്‌സ് കളഞ്ഞ് കിട്ടിയത്. തുറന്ന് നോക്കിയപ്പോൾ മൂവായിരത്തി മുന്നൂറ് രൂപയും കടലാസ്സിൽ പൊതിഞ്ഞ് ഇത്തിരിയോളം പോന്ന പൊന്നിന്റെയൊരു മൂക്കുത്തിയും..!

എനിക്കതിയായ സന്തോഷം തോന്നി. എന്റെ സ്കൂട്ടറിൽ തൊട്ടടുത്തുള്ള ബാ റിലെത്തിയതും രണ്ട് കുപ്പി ബി യർ കു ടിച്ച് വയറും തലയും നിറച്ചതും വളരേ പെട്ടെന്നായിരുന്നു. അപകടത്തിൽ പെട്ട് കാല് പൊളിഞ്ഞയൊരു പരിചയക്കാരനെ കാണാൻ പോയതായിരുന്നു ഞാൻ. മനസ്സിൽ ഞാനവന് നന്ദി പറഞ്ഞു.

സ്വന്തം പേഴ്സിൽ നിന്നെന്ന പോലെ സ്റ്റൈലായി നൂറ് രൂപ ടിപ്പും കൊടുത്ത് ഞാൻ ബാറിൽ നിന്നിറങ്ങി. സത്യം പറഞ്ഞാൽ അഞ്ഞൂറ് രൂപ പോലും തികച്ചെടു ക്കാനില്ലാത്തയെന്റെ മൂ ല കീറിയ പേഴ്സിനേക്കാളും എന്തുകൊണ്ടും ഇതുതന്നെയാണ് മികച്ചത്…

ഉടമസ്ഥന്റെ ആധാറും ലൈസൻസുമൊക്കെ എടുത്തെന്റെ പേഴ്സിലേക്ക് വെച്ച് റോഡരികിലെ ഓടയിലേക്ക് ഞാനത് വലിച്ചെറിഞ്ഞു. മിച്ച പണവും എന്റെ വോട്ടർ ഐഡിയും എടിഎം കാർഡുമൊക്കെ പകരമായി വെച്ചാ ഭംഗിയുള്ള തുകൽ പേഴ്‌സ് ഭദ്രമായി പാന്റിന്റെ പിൻ പോക്കറ്റിലിട്ട് ഞാനെന്റെ സ്കൂട്ടറിൽ വീട്ടിലേക്ക് തിരിച്ചു.

എവിടേയും നിർത്തിയില്ല. പാതി ദൂരം താണ്ടിയപ്പോൾ അതായൊരു ചെറുപ്പകാരൻ പാത മുറിച്ച് കടക്കുന്നു. അപ്പോഴും ഞാൻ നിർത്തിയില്ല. കു ടിച്ച് ലക്കുകെട്ടയൊരു ക ള്ളുകു ടിയനെ പോലെയെന്റെ സ്കൂട്ടർ പോയാ ചെറുപ്പക്കാരനെ ഇടിച്ചങ്ങ് തെറിപ്പിച്ച് കളഞ്ഞു.

ചെറുപ്പക്കാരനുമെന്റെ സ്കൂട്ടറും കെട്ടിപ്പിടിച്ച് അരികിലെ പാടത്തിലേക്ക് വീഴുന്നത് റോഡിന്റെ നടുവിൽ കിടന്ന ഞാൻ വ്യക്തമായി കണ്ടു. ആരുടേ യൊക്കെയോ ഭാഗ്യം കൊണ്ട് ആർക്കുമൊന്നും കാര്യമായി സംഭവിച്ചില്ല. മൂന്ന് പേരിലും പരിക്കെന്ന് പറയാൻ ചില ചില്ലറ പോറലുകൾ മാത്രം. സ്കൂട്ടർ റോഡിലേക്കെടുത്ത് വെക്കാനൊക്കെയാ ചെറുപ്പക്കാരൻ തന്നെ സഹായിച്ചു. നെടുനീളനൊരു നന്ദിയും പറഞ്ഞ് ഞാൻ വീണ്ടും യാത്ര തിരിച്ചു.

ഞാൻ ചെല്ലുന്നതും കാത്ത് എന്റെ രണ്ട് പിള്ളേരും മുറ്റത്ത് തന്നെയുണ്ടായിരുന്നു. കണ്ട പാടെ ഭാര്യയോടി വന്ന് നിങ്ങള് പാടത്തൂടെയാണോ മനുഷ്യാ സ്കൂട്ടറോടിച്ച് വന്നതെന്ന് ചോദിച്ചു. ഞാൻ അതേയെന്നും പറഞ്ഞു. അത് കേട്ടയെന്റെ ഏഴ് വയസ്സുള്ള ഇളയ കാ‍ന്താരി അച്ഛൻ പാടത്തൂടെ സ്കൂട്ടറോടിച്ചേ ഹോ ഹായെന്നൊക്കെ പറഞ്ഞ് തുള്ളി ചാടി..!

പിണങ്ങി നിൽക്കുന്ന മൂത്തവനോട് കാര്യമെന്താണെന്ന് ചോദിച്ചപ്പോൾ അതിനുത്തരം ഭാര്യ പറഞ്ഞു. സ്കൂളിൽ നിന്ന് ക ള്ളം പറഞ്ഞതിന് കണക്കിന് കിട്ടിയത്രെ..! ജീവിതതിൽ എന്തൊക്കെ സംഭവിച്ചാലും സത്യം കൈവിടരുതെന്നും അതുമാത്രമേ നമുക്ക് മോക്ഷം നൽകുകയുള്ളൂവെന്നും ഞാനവനോട് വാത്സല്ല്യത്തോടെ പറഞ്ഞു. അത് പറഞ്ഞപ്പോഴാണ് പാന്റിന്റെ പിൻ പോക്കറ്റിലെയാ ആരാന്റെ തുകൽ പേഴ്സിനെക്കുറിച്ച് ഞാനോർത്തതും കൈകൊണ്ട് തപ്പിയതും, ഞെട്ടിയതും..!

പേഴ്‌സ് കാണാനില്ല…! ദൈവമേ…! എന്റെ പണം..! പൊന്നിന്റെ മൂക്കുത്തി..! വോട്ടർ ഐഡിയും എടിഎം കാർഡും..! ഞാൻ തലയിൽ കൈവെച്ചു പോയി. എന്ത്‌ പറ്റിയെന്ന് ചോദിച്ച ഭാര്യയോട് പേഴ്‌സ് നഷ്ട്ടപ്പെട്ടുവെന്ന് പറയാനെനിക്ക് എന്തുകൊണ്ടോ സാധിച്ചില്ല. അന്യന്റെ മുതലാഗ്രഹിക്കാൻ പാടില്ലായെന്ന് കൂടി പിള്ളേരോട് പറഞ്ഞ് ഞാൻ ഭക്ഷണം പോലും കഴിക്കാതെ കേറി കിടന്നുറങ്ങി.

പിറ്റേന്ന് ഉണർന്നപ്പോൾ തൊട്ടാകെയൊരു മുഷിച്ചലായിരുന്നു. കളഞ്ഞുകിട്ടിയ പേഴ്സിന്റെ യഥാർത്ഥ ഉടമസ്ഥന്റെ ശാപം കൊണ്ടാണ് ഉള്ളതും പോയതെന്ന് വിശ്വസിച്ച് മനസ്സില്ലാ മനസ്സോടെ ഭാര്യ വിളമ്പിയ ഉപ്മാവും തിന്ന് ഞാൻ ജോലിക്ക് പോകാനൊരുങ്ങി.

വൃത്തിയും വെടിപ്പുമുള്ള അവൾ കാലത്ത് തന്നെയെന്റെ സ്കൂട്ടർ കഴുകി വെച്ചിട്ടുണ്ടായിരുന്നു. ബാങ്കിൽ പോയി പുതിയ എടിഎം കാർഡിന് അപേക്ഷിക്കുന്ന കാര്യവുമോർത്ത് ഞാൻ സ്കൂട്ടർ സ്റ്റാർട്ട്‌ ചെയ്യുമ്പോഴാണ് മുൻപരിചയം ഇല്ലാത്തയൊരാൾ മുറ്റത്തേക്ക് ബൈക്കിൽ വന്നിറങ്ങിയത്.

‘രമേശന്റെ വീടല്ലേ…?’

ഞാനതെയെന്നും, ഞാനാണ് രമേശനെന്നും പറഞ്ഞു. ഇത് ഇന്നലെ രാത്രിയിൽ കിട്ടിയതാണെന്നും പറഞ്ഞ് അയാളതെന്റെ നേരേക്ക് നീട്ടി. എനിക്ക് ആദ്യ മാത്രയിൽ വിശ്വസിക്കാൻ പ്രയാസം തോന്നി. നഷ്ടപ്പെട്ടുവെന്ന് കരുതിയ തുകൽ പേഴ്‌സ് വീണ്ടുമെന്റെ കയ്യിൽ എത്തിയിരിക്കുന്നു…! തുറന്ന് നോക്കിയപ്പോൾ ഉണ്ടായിരുന്നതെല്ലാം അതിൽ തന്നെയുണ്ട്..

ഇതെന്റേത് അല്ലായെന്നൊക്കെ അയാളോട് പറയണമെന്ന് എനിക്കുണ്ടായിരുന്നു. പക്ഷേ…! വായിച്ച് പോലും നോക്കാതെ ഓടയിലേക്ക് വലിച്ചെറിഞ്ഞയാ അപരിചിതന്റെ വിലാസത്തിലായിരുന്നു എന്റെയുള്ളമപ്പോൾ…! ഞാനൊക്കെ യെത്ര വലിയ ക ള്ളമാണെന്ന് മറ്റൊരു അപരിചിതൻ വന്ന് പറയാതെ പറഞ്ഞത് പോലെയൊക്കെ എനിക്ക് തോന്നി.

ശരിയെന്നാലെന്നും പറഞ്ഞാ സത്യസന്ധനായ മനുഷ്യൻ പോകുന്നതൊരു ജാള്യതയോടെ നോക്കി നിൽക്കാനല്ലാതെ മറ്റൊന്നിനുമെനിക്ക് സാധിച്ചില്ല..!!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *