ഉത്തരം മുട്ടുമ്പോൾ ഉള്ള ചിലരുടെ സ്ഥിരം അടവുമായി മറുത്തൊന്നും പറയാൻ എനിക്കവസരം നൽകാതെ ആകാശ്‌ കിടന്നു…..

ഉടമ…

Story written by Aswathy Joy Arakkal

രണ്ടര വർഷം നീണ്ട പ്രണയത്തിന്റെ പൂർത്തീകരണം എന്നവണ്ണം ആർഭാടമായി എന്റേയും, ആകാശിന്റെയും വിവാഹം നടന്നു… ഇഷ്ടപ്പെട്ട പുരുഷനെ സ്വന്തമാക്കിയ സന്തോഷം ഒരുപാടായിരുന്നെങ്കിലും ജനിച്ചു വളർന്ന വീട്ടിൽ നിന്നുള്ള യാത്ര പറച്ചിലും, പുതിയ വീട്ടിലെ സാഹചര്യങ്ങളെ കുറിച്ചുള്ള ഉത്കണ്ഠയും എന്നെ നന്നായി തളർത്തിയിരുന്നു… എന്റെ ബുദ്ധിമുട്ടുകളൊന്നും ഗൗനിക്കാതെ ആദ്യരാത്രിയിൽ തന്നെയെന്റെ ശരീരത്തിൽ ആധിപത്യം സ്ഥാപിച്ച ആകാശിനെ ഞാൻ അത്ഭുതത്തോടെ നോക്കി… എന്നെയൊട്ടും ഉൾകൊള്ളാത്ത, എനിക്ക് പരിചയമില്ലാത്തൊരാളായി ആകാശ്‌ മാറിയത് പോലെ… ഒരു താലിച്ചരട് ഒരാളെ ഇത്രയും മാറ്റുമോ എന്ന ചിന്തകളുടെ ഭാരവും പേറി എപ്പോഴോ ഞാനുറങ്ങി…

പുതിയ വീട്ടിൽ എങ്ങനെ പെരുമാറും എന്ന ഉത്കണ്ടകളോടെ പുലരും മുൻപേ ഞാൻ എഴുന്നേറ്റു.. ആകാശ്‌ അപ്പോഴും ഉറക്കത്തിൽ തന്നെയായിരുന്നു… പുരുഷന്മാർ ഭാഗ്യം ചെയ്തവർ ഞാൻ മനസ്സിൽ ഓർത്തു… ആകാശൊന്നു എണീറ്റു എന്നെയൊന്നു സപ്പോർട്ട് ചെയ്തിരുന്നെങ്കിൽ.. ഞാൻ വെറുതെ ആശിച്ചു… എവിടെ…

അടുക്കളയിൽ അമ്മയുടെ തട്ടും, മുട്ടും കേൾക്കുന്നുണ്ട്… പതുക്കെ ഞാൻ അടുക്കളയിലേക്കു ചെന്നു… “മോള് ഇന്നു അടുക്കളയിൽ കയറണ്ടായിരുന്നല്ലോ ” എന്നമ്മ പറഞ്ഞെങ്കിലും തട്ടിമുട്ടി പാത്രമൊക്കെ കഴുകിയും, നാളികേരം ചിരകിയുമൊക്കെ ഞാൻ അവിടെ കൂടി…

“ചായ താ അമ്മേ ” എന്നും പറഞ്ഞാണ് ആകാശ്‌ എണീറ്റു വന്നത്… അമ്മ എനിക്കു നേരെ നോക്കി.. കഴുകി കൊണ്ടിരുന്ന പാത്രം അവിടെ വെച്ച് ഒന്നും മിണ്ടാതെ ഞാൻ ചായ എടുത്തു കൊടുത്തു… ആകാശ്‌ ചായയുമായി ഉമ്മറത്തു പോയിരുന്നു…

“അമ്മേ പത്രമെവിടെ? ” അടുത്ത ചോദ്യമെത്തി… അമ്മ വീണ്ടും എനിക്കു നേരെ നോക്കി..

“ഇതൊക്ക തനിയെ ചെയ്തുകൂടെ ” എന്നു മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ പത്രമെടുത്തു കൊടുത്ത് രൂക്ഷമായൊരു നോട്ടവുമെറിഞ്ഞു വീണ്ടും അടുക്കളയിലെത്തി…

വീണ്ടും ഓരോരോ നിസ്സാരകാര്യങ്ങൾ പറഞ്ഞു വിളിയെത്തി…

“അതേ മോളെ… അവനൊന്നും തനിയെ ചെയ്തു ശീലമില്ല.. ഇതുവരെ പുറകെ നടന്നു ഓരോന്നു ചെയ്യിക്കാൻ ഞാനുണ്ടായിരുന്നു.. ഇനി മോള് വേണം അവനെല്ലാം ചെയ്തു കൊടുക്കാൻ… ” അമ്മ പറഞ്ഞു..

“എല്ലാം പിറകെ നടന്നു ചെയ്തു കൊടുക്കാൻ കൊച്ചു കുഞ്ഞൊന്നും അല്ലല്ലോ? “എന്ന ചോദ്യം മനസ്സിൽ വന്നെങ്കിലും കടിച്ചമർത്തി…

പിന്നീട് ഊണ് മേശയിലും, ബന്ധുക്കളുടെ മുന്നിലും തുടങ്ങി ഓരോ പ്രവർത്തികളിലും ആകാശ്‌ അതേ പ്രവർത്തി തുടർന്നു… നിധി അതു ചെയ്, ഇതു ചെയ്, അതെടുക്ക്, ഇതെടുക്ക്.. അങ്ങനെ തികച്ചുമൊരു ഭർത്താവായി മാറിയിരുന്നു ആകാശ്‌… ഇന്നലെ വരെ കണ്ടു ശീലിച്ച ആൾ പെട്ടന്ന് എന്റെ ഉടമ ആയതു പോലെ… പെട്ടന്നൊരു അധികാരഭാവം വന്നപോലെ… അതിനു വെള്ളവും, വളവും ഒഴിച്ചു എല്ലാം അവന്റെ സ്നേഹം കൊണ്ടല്ലേ എന്നു വ്യാഖ്യാനിച്ചു കൊണ്ട് അമ്മയും… എനിക്ക് ഒന്നും അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കാത്തതു പോലെ…

“എന്താ ആകാശിന്റെ ഉദ്ദേശം? “പകലത്തെ മേളമൊക്കെ കഴിഞ്ഞു ബെഡ്‌റൂമിൽ എത്തിയപ്പോൾ ഞാൻ ചോദിച്ചു..

“എന്ത്? ” ഒന്നും മനസ്സിലാകാത്ത പോലെ മറുചോദ്യം..

“അല്ല.. ഇന്നലെ വര കണ്ട ആകാശല്ല ഇപ്പോൾ എന്റെ മുന്നിലുള്ളത്.. എല്ലാം കൊണ്ടും മാറിയത് പോലെ.. ഒരു ഇല പോലും മറിച്ചിടാതെ ആജ്ഞാപിക്കുന്ന ഇയാൾ എനിക്ക് അപരിചിതനാണ്.. എന്റെ ഇഷ്ട്ടം പോലും നോക്കാതെ എന്റെ ശരീരത്തു തൊട്ട ആളേയും എനിക്കറിയില്ല.. ഭർത്താവിനെ പേര് വിളിക്കരുതെന്ന് ചെറിയമ്മ പറഞ്ഞപ്പോൾ മറുത്തൊന്നും പറയാതെ ശെരിവെച്ച ആകാശും എനിക്കു അന്യനാണ്.. ” ഞാൻ രോഷപ്പെട്ടു…

“വിവാഹം കഴിഞ്ഞാൽ അങ്ങനെ അല്ലേ നിധി.. കുടുംബത്തിൽ ആണ് ചെയ്യേണ്ടതും, പെണ്ണ് ചെയ്യേണ്ടതുമായ ചില കാര്യങ്ങൾ ഇല്ലേ..? ഇനി എന്നെ പെൺ കോന്തൻ എന്നു മറ്റുള്ളവരെ കൊണ്ട് വിളിപ്പിച്ചേ താൻ അടങ്ങുള്ളൂ ..” ആകാശ്‌ ചോദിച്ചു ..

“അപ്പോൾ മറ്റുള്ളവർ പറയുന്നതാണോ ആകാശിന്റെ പ്രശ്നം… നമ്മൾ രണ്ടു പേരും ഒരുപോലെ എഡ്യൂക്കേറ്റഡ് അല്ലേ? ജോലിക്ക് പോകുന്നവരല്ലേ? അപ്പോൾ എല്ലാം ഷെയർ ചെയ്യുന്നതിൽ എന്താണ് തെറ്റ്.. ആൺ, പെൺ വ്യത്യാസമൊക്കെ ഇന്നത്തെ കാലത്ത് നോക്കാനുണ്ടോ ആകാശ്‌..? ” ഞാനും വിട്ടുകൊടുത്തില്ല..

“ഓഹ്… അപ്പോൾ തനിക്കു ജോലിയുടേയും, ശമ്പളത്തിന്റെയും ഹുങ്കാണ് .. അന്നേ എല്ലാവരും പറഞ്ഞതാ.. ” ഉത്തരം മുട്ടുമ്പോൾ ഉള്ള ചിലരുടെ സ്ഥിരം അടവുമായി മറുത്തൊന്നും പറയാൻ എനിക്കവസരം നൽകാതെ ആകാശ്‌ കിടന്നു…

ഒരു താലിച്ചരടിന്റെ വ്യത്യാസത്തിൽ ആകാശിന്റെ മാറ്റം ഉൾകൊള്ളാൻ ആകാതെ ഞാനും കിടന്നു… അപ്പോഴും മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു …”ഇല്ല… ഇയാളെ എനിക്ക് പരിചയമില്ല… ഇതെനിക്ക് പരിചയമുള്ള ആകാശല്ല… ഇയാളെന്റെ ഉടമ മാത്രമാണ്… “

Related Posts

Leave a Reply

Your email address will not be published. Required fields are marked *