എടാ നീ കോട്ടയത്തു ചെന്നിട്ട് ഷാബിറിനെ വിളിച്ചാരുന്നോ?, എത്ര നാളായി അവനെ ഒക്കെ ഒന്നു കണ്ടിട്ട്!!. പെട്ടന്നങ്ങനെ കേട്ടപ്പോൾ ഞാൻ കൗതുകത്തോടെ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി

ഗബ്ബറിൻ്റെ ഇരട്ട സാക്ഷ്യപ്പെടുത്തലുകൾ

എഴുത്ത്:-ഷാജി മല്ലൻ

“എടാ നീ കോട്ടയത്തു ചെന്നിട്ട് ഷാബിറിനെ വിളിച്ചാരുന്നോ?, എത്ര നാളായി അവനെ ഒക്കെ ഒന്നു കണ്ടിട്ട്!!”. പെട്ടന്നങ്ങനെ കേട്ടപ്പോൾ ഞാൻ കൗതുകത്തോടെ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി.” എന്താടാ നീ പന്തം കണ്ട പെരുച്ചാഴിയെ പോലെ നോക്കുന്നത്!!”, എൻ്റെ ആശ്ചര്യം കണ്ടപ്പോൾ അവൾ അത്ഭുതം കൂറി.”അല്ല പാത്തുവേ എന്താപ്പിത് കഥ…. ഇപ്പോ പത്ത് മുപ്പത് കൊല്ലം കഴിഞ്ഞപ്പോഴാ ആൻ്റെ മനസ്സിൽ പുതി നിറഞ്ഞത്…… ആ ഗബ്ബറിനെ കാണാൻ!!!,പഠിക്കണെ സമയത്ത് കീരിയും പാമ്പുമായിരുന്നെല്ലോ ?”. പ്രേമലേഖനം കൊടുത്തതിനും പുറകെ നടന്ന് ശല്യം ചെയ്തതിനുമൊക്കെ പാത്തു പഠിക്കുമ്പോൾ ഷാബിറിനെതിരെ അഡ്വൈസർക്ക് പരാതി കൊടുത്തത് ഓർത്തെടുത്ത് ഞാൻ ചോദിച്ചു. ഷാബിറ് സ്ഥിരം പ്രേമപ്പനി പിടിച്ചു പെൺപിള്ളേരുടെ പുറകിൽ നടക്കുന്നതിന് ഞങ്ങളിട്ട പേരാണ് ഗബ്ബറെന്ന് !.

“അതു പിന്നെ ഒരിക്കൽ അല്പം മാലിന്യം കണ്ടെന്നു കരുതി ഈ കുന്തിപുഴയിൽ നമ്മള് ഇറങ്ങാറില്ലേ? പഠിക്കുന്ന കാലത്ത് അങ്ങനെ എന്തല്ലാം കാര്യങ്ങളാ ഉണ്ടായിരുന്നത്. എൻ്റെ പുറകേ നടന്നവൻമാരേക്കാൾ വില്ലനായിരുന്നില്ലേ നീയും!!!, നീ ചോട്ടാ ചേതന് കാലം ഇത്രയായിട്ടും മാറ്റമൊന്നുമില്ലേലും എല്ലാർക്കും അങ്ങനെയാവണമെന്നില്ലല്ലോ?”. എൻ്റെ മുഖത്ത് തെളിഞ്ഞ ചമ്മൽ ഒളിപ്പിച്ചു ഞാൻ പാത്തുവിനേ കൂടുതൽ പ്രകോപിപ്പിക്കുന്നതിൽ നിന്ന് പിൻവലിഞ്ഞു. അതുമാത്രമല്ല കുന്തിപ്പുഴയുമായി സല്ലപിച്ചു നിൽക്കുന്ന നല്ല പാതി കേട്ടാൽ ഇന്നത്തെ ഔട്ടിംഗ് കുളമാകുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നുതാനും.

“പാത്തു തിങ്കളാഴ്ച്ച ഓഫീസിൽ പോകുമ്പോൾ ഞാൻ വിളിക്കാനിരിക്കുകയാണ്. എന്തായാലും നീ പാലായിലേക്ക് വരുമ്പോൾ വിളിച്ചാൽ മതി നമുക്ക് കോട്ടയത്ത് കൂടാം”.

പാത്തു എന്ന ഫാത്തിമ സുഹ്റായുടെ മുഖത്തെ പുഞ്ചിരി എൻ്റെ മറുപടിയിൽ അവൾക്ക് തൃപ്തിയായെന്ന് തോന്നിച്ചു. ഒറ്റപ്പാലത്ത് ഒരു ബന്ധുവിൻ്റെ കല്യാണത്തിന് പോയി മടങ്ങും വഴിയാണ് പാത്തുവിൻ്റെ കാര്യമോർത്തത്. ക്ലാസിലെ ആൺപടകൾക്കിടയിൽ കനൽ പോലെ ജ്വലിച്ചു നിന്ന കൗമാരക്കാരി… ഷാബിറിനു മാത്രമല്ല പലർക്കും പിന്നെ പറയാൻ ധൈര്യമില്ലാത്തതിനാൽ എന്നെ പോലെ ചിലരുടെയും ഉറക്കം കെടുത്തിയ സുന്ദരി. ഗെറ്റുഗതർ ഒക്കെ കഴിഞ്ഞിട്ടു അഞ്ചു വർഷത്തിലേറെ കഴിഞ്ഞതിനാൽ അടുത്തെവിടെയെങ്കിലുമാണേൽ കാണണമെന്ന മോഹത്താലാണ് ഇന്നലെ വിളിച്ചതും ഇന്നു കണ്ടതും. കോട്ടയത്ത് എത്തി ഒരാഴ്ച്ചയായിട്ടും ഷാബിറിനെ വിളിക്കാത്തതിൽ ഒരു വീഴ്ച്ച പോലെ തോന്നി. അവസാന ഗെറ്റുഗതറിനും വരാത്തതിനാൽ ഷാബിറിനെ പിന്നെ വിളിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ഇവളെ പേടിച്ചാവണം അവൻ ഗെറ്റുഗദറുകളുടെ പ്രാരംഭമീറ്റിംഗുകളിൽ പങ്കെടുത്താലും ഗെറ്റുഗദറുകൾക്ക് വരാത്തതെന്ന് എനിക്ക് തോന്നിയിരുന്നു.

കുന്തിപ്പുഴയുടെ സൗന്ദര്യം മൊത്തിക്കുടിച്ചു തീർന്നപ്പോൾ തിരികെ പോരാൻ ഭാര്യ തിരക്കുപിടിക്കാൻ തുടങ്ങി.പുഴക്കര കൂടി പാത്തുവിനോടൊപ്പം പുതിയ പുരയിലേയ്ക്കു നടക്കുമ്പോൾ വീശിയ കാറ്റ് പാത്തുവിൻ്റെ ഐഡൻ്റിഫിക്കേഷനുള്ള ആ പഴയ സ്പ്രേ മണം എൻ്റെ മുഖത്തെ തഴുകിച്ചു. കോളേജ് അവസാനകാലമായപ്പോൾ അവളുമായ് ഒരു കെമസ്ട്രി രൂപപ്പെടാൻ എൻ്റെമനസ് വെമ്പിയിരുന്നു. പക്ഷേ എന്തോ എവിടെയോ ചില്ലറ തടസ്സങ്ങൾ കാരണം പറയണ്ടേവ പലതും പറയാൻ കഴിഞ്ഞില്ല. ബാച്ചിലെ ആദ്യ കല്യാണ ദിവസം അവൾ പുത്തൻ കാറിൽ പുതുമാരനൊപ്പം കയറി പോകുന്ന കണ്ടപ്പോൾ ചങ്കിൽ എന്തോ നീറിയെ പോലെ തോന്നി.” നിങ്ങൾ തമ്മിൽ ലൈനായിരുന്നോ?, അല്ല ആ ഒലിപ്പീരു കണ്ടപ്പോൾ തോന്നിയതാ..” തിരികെ യാത്രയിൽ ഭാര്യയുടെ ആകാംക്ഷയ്ക്ക് അറുതി വരുത്തുവാൻ പക്ഷേ എനിക്ക് മടി തോന്നി. കാരണം മഞ്ഞുകണങ്ങൾ വീണു റോഡ് കാഴ്ച്ചകൾ മങ്ങിയിരുന്നു,എൻ്റെ ഓർമ്മകളും.

തിങ്കളാഴ്ച്ച കോട്ടയത്തെ ഓഫീസിൽ ചെന്നപ്പോൾ തന്നെ പാത്തുവിൻ്റെ മിസ്ഡ് കോൾ മൊബൈലിൽ കിടക്കുന്നതു കണ്ടു. ആഴ്ച്ച തുടക്കത്തിലെ ഓഫീസ് തിരക്കുകൾ കഴിഞ്ഞു ഷാബിറിൻ്റെ നമ്പർ ഫോണിൽ നിന്നു വീണ്ടെടുത്ത് ഡയൽ ചെയ്തു. മൂന്നുനാലു വിളികൾ നടന്നെങ്കിലും അങ്ങേത്തലയിൽ പ്രതികരണമില്ലെന്ന് കണ്ടു വാട്ട്സ് ആപ്പിൽ ഒരു മെസേജ് നല്കി ഓഫീസ് തിരക്കുകളിലേക്ക് തലവെച്ചു.

ഉച്ചക്ക് ടിഫിൻ അടച്ചപ്പോഴാണ് പാത്തുവിൻ്റെ കാളിൻ്റെ ഓർമ്മ വന്നത്.”എടാ ഷാബിറിൻ്റെ ഫോൺ നമ്പർ ഉണ്ടെങ്കിൽ ഒന്നു മെസേജ് ചെയ്തേക്കണേ”
അവളുടെ വോയ്സ് ക്ലിപ്പ് വാട്ട്സ്ആപ്പിൽ കണ്ടതോടെ ഫോൺ നമ്പർ മെസേജ് ചെയ്തു കൊടുത്തെങ്കിലും അവളെ വിളിക്കാൻ ചെറിയ കുശുമ്പ് കാരണം തോന്നിയില്ല. വൈകിട്ട് റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോഴും ഷാബിറിനെ ഓർത്തു വിളിച്ചു. നിരാശയായിരുന്നു ഫലം. ഇരുപതുകൊല്ലത്തിനു തക്ക മാറ്റമൊന്നും റെയിൽവേ സ്റ്റേഷനിൽ കാണുന്നില്ലെന്നോർത്തു ഉത്കണ്ഠപ്പെട്ടിരിക്കുമ്പോൾ മൊബൈൽ സ്ക്രീനിൽ ഷാബിറിൻ്റെ പേര് തെളിയുന്നതു കണ്ടു.

” ഹംസയല്ലേ…എന്തോണ്ട് വിശേഷം…”.”ഹം തേരി ഷഹർ മേ ആയേ ഹെ മുസാഫിർ…” ഗുലാംഅലി സാബിൻ്റെ ഗസൽ ഞാൻ മൂളാൻ തുടങ്ങിയിട്ടും അങ്ങേ തലയ്ക്കലെ നിശബ്ദത അലോസരപ്പെടുത്താൻ തുടങ്ങിയപ്പോൾ അവനെ അതിശയപ്പെടുത്താൻ ഞാൻ തീരുമാനിച്ചു!!.ഞാനും പാത്തുവും കൂടി അടുത്തയാഴ്ച്ച കോട്ടയത്തെ വീട്ടിലെത്തുമെന്നറിയിച്ചു.”അയ്യോ ഞാൻ സ്ഥലത്തില്ലല്ലോ…. വൈഫിൻ്റെ ചികിത്സയ്ക്കായി എറണാകുളത്താണല്ലോ? ഞാൻ വരുമ്പോൾ നിന്നെ വിളിക്കാം”, അവൻ്റെ മറുപടി ശരവേഗത്തിൽ വന്നപ്പോൾ എൻ്റെ ആവലാതി അവൻ്റെ ഭാര്യയുടെ അസുഖത്തെപ്പറ്റിയായി… പക്ഷേ അതു കേൾക്കാനുള്ള ക്ഷമ അങ്ങേ തലയ്ക്കൽ ഗബ്ബർ കാണിക്കാൻ കൂട്ടാക്കാതിരുന്നതിനാൽ ഫോൺ ഡിസ്കണക്ട് ആയി.” അതിപ്പോ പുറത്തു പറയാൻ പറ്റാത്ത വല്ല മാനസിക അസ്വാസ്ഥ്യമാണെങ്കില്ലോ? അങ്ങനെന്തോ ഒന്ന് പണ്ട് നിങ്ങള് പറഞ്ഞിരുന്നെല്ലോ?”രാത്രി അരികെ ചേർന്നു കിടക്കുമ്പോൾ പാതി തൻ്റെ ഓർമ്മശക്തി എന്നെ ബോധ്യപ്പെടുത്തി!!. ശരിയാണ് കല്യാണം കഴിഞ്ഞിടയ്ക്ക് വീട്ടിലേക്ക് വിരുന്നു വിളിച്ചപ്പോൾ ഷാബിർ പറഞ്ഞത് ഞാനോർത്തെടുത്തു. പിന്നീട് നടന്ന പല ക്ലാസ്മേറ്റ്സ് കല്യാണങ്ങൾക്കും അവൻ ഒറ്റയ്ക്കായിരുന്നു വന്നിരുന്നതും.

“എടാ നിനക്ക് അവൻ്റെ ലൊക്കേഷൻ ഒന്നയച്ചു തരട്ടെ? അന്ന് അവൻ എനിക്കിട്ടു തന്നതാ..”. കരിത്താസ് ആശുപത്രിയ്ക്കു സമീപം പഴയ ഓർമ്മയിൽ ഷാബിറിൻ്റെ വീട് തപ്പി പരാജയപ്പെട്ടപ്പോൾ പാത്തുവിനെ വിളിക്കേണ്ടി വന്നു. എറണാകുളത്താണ് താമസമെന്ന് പറഞ്ഞിട്ട് കഴിഞ്ഞ ഞായറാഴ്ച്ച പാത്തുവും കുടുംബവും കോട്ടയത്ത് അവൻ്റെ വീട്ടിൽ പോയ വിശേഷങ്ങൾ കേട്ടപ്പോൾ അവൻ കോട്ടയത്തു തന്നെയുണ്ടെന്ന് തോന്നി. തന്നെ കാണാനുള്ള വൈഷമ്യം എന്താണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നുമില്ല. എന്നാലും പാത്തു വിശേഷങ്ങൾ ഒക്കെ പറഞ്ഞു കേട്ടപ്പോൾ അവളോടും അല്പം കുറുമ്പ് തോന്നി. ഒന്നിച്ചു പോകാമെന്ന് പറഞ്ഞിട്ട് അവധി ദിവസം വന്നിരിക്കുന്നു!!!. അതുകൊണ്ട് അപ്പോൾ കൂടുതൽ വിശേഷങ്ങൾ ചോദിക്കാനും തോന്നിയില്ല. പാത്തുവിൻ്റെ മകൻ എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് പാലായിൽ വീട് ഷാബിറായി റെഡിയാക്കി കൊടുത്ത കാര്യമൊക്കെ ഇതിനിടയിൽ അവൾ പറഞ്ഞു തീർത്തിരുന്നു. വൈകിട്ടത്തെ മെമു ഉപേക്ഷിച്ചാണ് അവനെ അറിയിക്കാതെ അവൻ്റെ വീട് കണ്ടുപിടിക്കാനിറങ്ങിയത്. ഇരുപതുകൊല്ലത്തെ മാറ്റം കണക്കാക്കാതെ ഇറങ്ങിയതു കൊണ്ടുള്ള കണക്കൂട്ടലിലെ പിഴവ്!!.” എടാ നീ സൂക്ഷിച്ചു പോകണേ നേരം സന്ധ്യയാകുന്നല്ലോ … അവിടെ വഴി നല്ല കയറ്റമാണ് കേട്ടോ ?”, പാത്തു വിടാനുള്ള ഭാവമല്ലെന്നു തോന്നിയപ്പോൾ ഞാൻ പെട്ടന്ന് ഫോൺ റേഞ്ചില്ലെന്നു പറഞ്ഞു കട്ടു ചെയ്തു.

അല്പം ആയാസപ്പെട്ടെങ്കിലും ഷാബിറിൻ്റെ വീട് മുന്നിൽ തെളിഞ്ഞു വന്നു. സന്ധ്യയായിട്ടും മീനമാസത്തിലെ പുഴുക്കും ഉഷ്ണവുമെല്ലാം കാരണം ഞാൻ നന്നായി വിയർത്തിരുന്നു. കരണ്ടില്ലാത്തതാണെന്ന് തോന്നുന്നു വീട് ഇരുളടഞ്ഞുകിടക്കുന്നു.. ഇവനെന്തോ പെറുക്കിയാണ് ഒരു ഇൻവർട്ടറു പോലുമില്ലേ!!. കരണ്ടില്ലാത്തതുകൊണ്ട് സാമാന്യം നന്നായി ഡോറിൽ മുട്ടേണ്ടി വന്നു.” അയ്യോ… ഇക്കാ ആ ഹംസയുടെ പ്രേതം!!”, ഒരു നിമിഷം എമർജൻസി ലൈറ്റുമായി നിൽക്കുന്ന മുഖമാകെ എന്തോ വാരിത്തേച്ചു നില്ക്കുന്ന അവൻ്റെ ‘വട്ട്’ പെണ്ണുംപിള്ളയെ കണ്ടപ്പോൾ എൻ്റെ വായിൽ നിന്നും ആർത്തനാദം ഉയർന്നിരുന്നു!!!.

“എടാ വൈഫിന് നല്ല മാനസിക അസ്വസ്ഥ്യം ഉണ്ടല്ലേ?”, ഡിസ്പെൻസറിയ്ക്കു പുറത്ത് ഷാബ്ബിറുമായി കാത്തുനിൽക്കുമ്പോൾ ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. പേടിച്ച് വീണ വഴിയിൽ ടിപ്പോയിൽ തലയടിച്ചു വീണു അവൻ്റെ പെണ്ണിന് തലയിൽ രണ്ട് സ്റ്റിച്ചിടാൻ വേണ്ടി കൊണ്ടു പോയതാണവിടെ.” അതു പിന്നെ..” അവൻ സ്വരം താഴ്ത്തി എൻ്റെ കാതുകൾക്കടുത്തേക്ക് അവൻ്റെ മുഖം കൊണ്ടുവന്നു.” ഞാൻ പറയാം… മരിച്ച ഒരാളെ കണ്ടാൽ നിങ്ങൾ പേടിക്കില്ലേ?!”. ഹംസ കഴിഞ്ഞ നോമ്പിനു മരിച്ചന്നാണ് ഇക്ക പറഞ്ഞിട്ടുള്ളത്!”. പിറകിൽ തലയിലെ തുന്നിക്കെട്ടുമായി ഗബ്ബറിൻ്റെ ധരംപത്നി തീക്ഷണ കണ്ണുകളോടെ പ്രത്യക്ഷപ്പെട്ടപ്പോൾ ഞാൻ അവനെ നോക്കി കണ്ണുമിഴിച്ചു” എടാ എന്നോട് ക്ഷമിക്കണം റിട്ടയർമെൻ്റ് കഴിഞ്ഞപ്പോൾ എല്ലാരെയും കാണണമെന്ന് അവൾ പറഞ്ഞപ്പോൾ ഞാനൊരു കള്ളം പറഞ്ഞതാ… ” അപ്പോൾ നീ എൻ്റെടുത്ത് പറഞ്ഞതും…”അവൻ്റെ വളിപ്പൻ ചിരി കണ്ടപ്പോൾ എനിക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.”എന്താ പറഞ്ഞത്…എനിക്ക് വട്ട ന്നൊണോ അതോ വല്ല അസുഖമാണെന്നോ?”, അവർ അതും കൂടി പറഞ്ഞപ്പോൾ ഞാനോർത്തത് പണ്ട് അവനോടൊപ്പം അവൻ്റെ വീട്ടിൽ പോകാൻ നിന്നപ്പോൾ പല വിഷയത്തിലും അവനോടൊപ്പം സപ്ലിയുണ്ടെന്ന് വീട്ടിൽ പറയണമെന്ന കണ്ടീഷനിൽ പൊരിച്ച കോഴിയും ചപ്പാത്തിയും ശാപ്പിട്ട ഒരു കൗമാരക്കാരനെയായിരുന്നു!!!. രാത്രി അവൻ്റെയും ഭാര്യയുടെയും സൽക്കാരം കഴിഞ്ഞിറങ്ങിയപ്പോൾ പാത്തുവിൻ്റെ മെസേജ് വാട്ട്സ് ആപ്പിൽ തെളിഞ്ഞു.” എടാ ഞാൻ പല പ്രാവശ്യം വിളിച്ചിട്ടും നിന്നെ കിട്ടിയില്ല….പിന്നെ സർജറി വേണമെങ്കിൽ ഉടനെ ചെയ്യാത്തതെന്ത്?, ഷാബിറ് പറഞ്ഞു നിനക്ക് ബൈപാസ് ചെയ്യാൻ മടിയാണെന്ന്…. എന്താന്ന് വെച്ചാൽ പറയാൻ മറന്ന ഒരു പ്രണയം അതിൽ നീ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന്!!. നിൻ്റെ പ്രണയം ഞാൻ സ്വീകരിച്ചിരിക്കുന്നു. അടുത്തയാഴ്ച്ച തന്നെ നമുക്ക് കാർഡിയോളജിസ്റ്റിനെ കാണാം.”പാത്തുവിൻ്റെ മെസേജാണ്.. നിൻ്റെ ഒരു കാര്യം… എൻ്റെ ഹൃദയം ഡാമേജാണെന്ന് ആരാപറഞ്ഞത്?!!!”

ഗബ്ബാറിൻ്റെ മുഖത്തെ ടെൻഷൻ അലിഞ്ഞില്ലാതായി അവിടൊരു ചെറുചിരി വിടരുന്നതു കണ്ടു.”അതു പിന്നെ അവൾ പണ്ട് നിൻ്റെ ഹൃദയം തകർത്തതല്ലേ?” ഗേറ്റിനരികെ അവൻ്റെ ചിരി മുഴങ്ങി. ഷാബിറിനെ ഒരു കൗൺസിലിംഗിനു കൊണ്ടു പോകണമെന്ന കാര്യം അവൻ്റെഭാര്യയോട് പറയണമെന്നു വിചാരിച്ചെങ്കിലും ഈ ഹംസയുടെ ഹംസമായതുകൊണ്ട് അവന് അനിഷ്ടമായ കാര്യം ഞാൻ സൗകര്യപൂർവ്വം അവിടെ ഉപേക്ഷിച്ചു ട്രെയിൻ തേടിയിറങ്ങി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *