‘ എടീ പോത്തേ ഞാൻ ഹീറ്റർ ഒന്നും ഓൺ ആക്കിയില്ല .. അത് പൈപ്പിലെ വെള്ളത്തിന്റെ ചൂട് ആണ് .. ഒന്ന് ആ ac റൂമിൽ നിന്ന് പുറത്തിറങ്ങി നോക്…..

എഴുത്ത് :- സൽമാൻ സാലി

” ഇക്കാ ഇങ്ങള് എന്ത് പണിയാ കാട്ടിയത് ഹീറ്റർ ഓഫാക്കാതെ പോയെ …?

” എന്റെ മുഖം ആകെ പൊള്ളി …

കടയിൽ എത്തി അരമണിക്കൂർ ആയപ്പോ ഷാഹീടെ ഫോൺ ..

” എടീ പോത്തേ ഞാൻ ഹീറ്റർ ഒന്നും ഓൺ ആക്കിയില്ല .. അത് പൈപ്പിലെ വെള്ളത്തിന്റെ ചൂട് ആണ് .. ഒന്ന് ആ ac റൂമിൽ നിന്ന് പുറത്തിറങ്ങി നോക് അപ്പൊ അറിയാം പുറത്തെ ചൂട് ..!!

ഓള് വന്നിട്ട് ഒരാഴ്ച്ച ആയെങ്കിലും പകൽ പുറത്തിറങ്ങേണ്ട എന്ന് ഓളോട് ഞാൻ തന്നെയാണ് പറഞ്ഞത് .. വെറുതെ വെയിൽ തട്ടി കണ്ണിന്റെ ഫിലമെന്റ് അടിച്ചു പോയാൽ അതും എനിക്ക് ഒരു പണി ആണല്ലോ ..

” ഹും എനിക്കൊന്നും വയ്യ പുറത്തിറങ്ങാൻ ഞാൻ കിടക്കാൻ പോവാണ് .. ഇങ്ങള് വരുമ്പോ കുറച്ചു പച്ചരി വാങ്ങിക്കോളി ഇങ്ങക്ക് പുട്ട് ഇഷ്ട്ടല്ലേ .. രാത്രി പുട്ട് ഉണ്ടാക്കാം ….

” ഉം ശരി എന്നാ നീ വെച്ചോ ..?

പുട്ട് ഞമ്മക്ക് ഫേവറേറ്റ് ആണ് നല്ല ചെറുപയർ കറിയും ഒരു തൈര് മുളക് വറുത്തത് കറിയിൽ ചാലിച്ചു ഒരു പപ്പടവും രണ്ട് കുറ്റി പുട്ടും കിട്ടിയാൽ പിന്നെ എന്റെ സാറേ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല …

കടയിന്ന് ഇറങ്ങി അടുത്തുള്ള സൂപ്പർമാർകെറ്റിൽ കയറി അരിയുടെ സെക്ഷനിൽ ഓരോ അരിമണിയും അരിച്ചു പെറുക്കിയിട്ടും പച്ചരി മാത്രം കാണാനില്ല …

” അരെ ബായ് പച്ചരി കിദർ ഹേ .. അവിടുത്തെ ബംഗാളിയോട് ചോദിച്ചപ്പോ അവൻ എന്നെം കൂട്ടി ഒരു അരിച്ചാക് ചൂണ്ടി കാണിച്ചു തന്നു എങ്ങോട്ടോ പോയി .. ഞാൻ ചാക്കിലെ പേര് വായിച്ചു നോക്കിയപ്പോ ” മഞ്ജരി ബസുമതി റൈസ് …

ആ കുരിപ്പ് ബംഗാളി പച്ചരി എന്ന് പറഞ്ഞത് മഞ്ജരി ആക്കി എന്നെ പറ്റിച്ചു എങ്ങോട്ടോ മുങ്ങിയിരുന്നു ..

ഒന്നും നോക്കിയില്ല അവിടുത്തെ സൂപ്പർവൈസറെ കണ്ടു കാര്യം ചോദിക്കാൻ നിന്നപ്പോ അവനും മലയാളി അല്ല .

” എക്സ്ക്യൂസ്‌ മീ ഡു യൂ ഹാവ് ഗ്രീൻ റൈസ് ..?

എന്റെ പൊളപ്പൻ ഇംഗ്ളീഷ് കേട്ടിട്ടാണോ അതോ ഞാൻ ചോദിച്ചത് തെറ്റായിട്ടാണോ എന്നറിയില്ല അവൻ ഞെട്ടിത്തരിച്ചു എന്നെ ഒന്ന് നോക്കി ..

അവന്റെ നോട്ടം കണ്ടാൽ ഞാൻ അവന്റെ തന്തതക്ക് വിളിച്ചതാണെന്ന് തോന്നും ..

” സോറി .. സാർ വാട്ട് യ്‌ സെ ..

” മനസ്സിൽ എന്റെ തന്തക്ക് വിളിച്ചിട്ട് സോറി പറയുന്നോ അവൻ .. ഞാനും മനസ്സിൽ അവന്റെ തന്തക്ക് വിളിച്ചു .. എന്നിട്ട് നത്തിങ് എന്ന് പറഞ്ഞു ..

പിന്നെ പല ആങ്യം കാണിച്ചും പുട്ട് ആക്ഷൻ കൊടുത്തിട്ടും ആ പഹയന് മനസിലാവുന്നില്ല എന്ന് മനസിലായപ്പോ ഞാൻ എന്റെ ആവനാഴിയിലെ അവസാന അസ്ത്രം പുറത്തെടുത്തു …

” ബായ് ജോ കാൽസ്യം കുറവ് ആത്മി ക്കാ നഖം ആൻഡ് പല്ലുമ്മൽ കാണുന്ന വെള്ളകളർ സെയിം സെയിം റൈസ് ഹേ …

അവൻ ഒന്നും നോക്കിയില്ല പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് ചെവിയില് വെച്ചോ ഹാലോ എന്നും പറഞ്ഞു ഒരൊറ്റ നടത്തം ..

ഞാനും ഫോൺ പോക്കറ്റിൽ നിന്നെടുത്ത് ചെവിയില് വെച് ഹാലോ എന്നും പറഞ്ഞു പുറത്തേക്കിറങ്ങി .. പച്ചരിയും വേണ്ട പുട്ടും വേണ്ട അല്ല പിന്നെ …

ഇങ്ങക്ക് അയിന്റെ ഇംഗ്ളീഷ് അറിയെങ്കിൽ പറഞ്ഞോളി .. ഞമ്മക്ക് തള്ളാൻ പുട്ട് തന്നെ വേണം എന്നില്ലല്ലോ അല്ലെ …

Related Posts

Leave a Reply

Your email address will not be published. Required fields are marked *