എതിർ ദിശയിലെ റെയിൽ പാളം മുറിച്ചു കടന്ന് അവന്റെ രൂപം അടുത്തേക്ക് വരുന്നത് അവൾ കൗതുകത്തോടെ നോക്കിയിരുന്നു. ഇളം മഞ്ഞ ടി ഷർട്ടിൽ അവന് നല്ല ഭംഗി തോന്നിച്ചു……

കാഴ്ച

Story written by Ammu Santhosh

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

റെയിൽവേ സ്റ്റേഷനിൽ അധികം തിരക്കുണ്ടായിരുന്നില്ല. അവൾ വെറുതെ പാളങ്ങളിലേക്ക് നോക്കിയിരുന്നു. അനന്തമായി നീണ്ടു പോകുന്ന റെയിൽ പാതകൾ.നാലു പാതകളാണ് ഈ സ്റ്റേഷനിൽ. രണ്ടിടത്തും ട്രെയിൻ ഉണ്ട്. രണ്ടിടങ്ങൾ ശൂന്യം

എതിർ ദിശയിലെ റെയിൽ പാളം മുറിച്ചു കടന്ന് അവന്റെ രൂപം അടുത്തേക്ക് വരുന്നത് അവൾ കൗതുകത്തോടെ നോക്കിയിരുന്നു. ഇളം മഞ്ഞ ടി ഷർട്ടിൽ അവന് നല്ല ഭംഗി തോന്നിച്ചു.രണ്ട് കയ്യും പ്ലാറ്റഫോമിൽ അമർത്തി ഒരു അഭ്യാസിയെ പോലെ അവൻ പ്ലാറ്റഫോമിലേക്ക് ചാടി ക്കയറി

“എപ്പോ വന്നു. ഞാൻ കുറച്ചു ലേറ്റ് ആയി”

അവനെ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു

“എന്താ ഇങ്ങനെ കിതയ്ക്കുന്നത്?”

“വണ്ടി രണ്ടു കിലോമീറ്റർ അപ്പുറം വെച്ചു പണിമുടക്കി.. ഓടി. അല്ലാതെ എന്ത് ചെയ്യാൻ?”

അവൻ ചിരിച്ചു.. അവൾ ആ കൈകൾ സ്വന്തം കൈയിൽ എടുത്തു അമർത്തി പിടിച്ചു.

“വർഷത്തിൽ ഒരിക്കൽ കിട്ടുന്ന ഭാഗ്യമല്ലേ? നഷ്ടം ആകുന്ന ഓരോ മിനിറ്റിനും പൊന്നിന്റെ വിലയാണ് “

അവൻ സ്നേഹത്തോടെ പറഞ്ഞു “പറ വിശേഷങ്ങൾ?” വിശേഷങ്ങളുടെ കെട്ടഴിച്ചു തീർന്നപ്പോൾ രണ്ടാൾക്കും വിശന്നു.

പൊതിച്ചോറ്

അതിന്റ മണം

രുചി

ഒന്നിച്ചു പങ്കിട്ടെടുക്കുന്ന ചോറുരുളകളുടെ സ്വാദ് നാവി ലേക്കി റങ്ങുമ്പോൾ അവൻ മെല്ലെ കണ്ണടച്ചു.

“നിന്റെ കറികളുടെ രുചി.. അത് മാറാതെ എന്നു മിങ്ങനെ? അതിശയം ആണ് ട്ടൊ എന്താ രഹസ്യം?””

“സ്നേഹം കൊണ്ടുള്ള ഒരു പ്രത്യേക രുചിക്കൂട്ട് “

അവൾ പറഞ്ഞു

അവൾക്ക് പോകാനുള്ള ട്രെയിൻ ദൂരെ നിന്നു വന്നപ്പോൾ അവർ എഴുന്നേറ്റു

“വിളിക്കാം “അവൾ ആ കണ്ണിലേക്കു നോക്കി

“ഉം “അവൻ തൊണ്ടക്കുഴിയിൽ എന്തൊ വന്നു തിങ്ങി കഴയ്ക്കും പോലെ തോന്നിയിട്ട് മൂളുക മാത്രം ചെയ്തു

“ഇങ്ങനെ റെയിൽ പാതകൾ ക്രോസ്സ് ചെയ്യരുത്. ബ്രിഡ്ജ് ഉപയോഗിച്ച് ക്രോസ്സ് ചെയ്യണം “അവൾ ആ വിരലുകളിൽ തൊട്ടു

“നീ വരുന്ന അന്ന് മാത്രം ആണ് ഞാൻ ഇവിടെ..”അവൻ ചിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു

ട്രെയിനിൽ വശത്ത് ഉള്ള സീറ്റിലിരുന്ന് അവൾ അവനെ നോക്കി

അടുത്ത കടയിൽ നിന്നും ഒരു കുപ്പി വെള്ളവും ഒരു ബിസ്കറ്റും വാങ്ങി വന്നു അവൻ

“കഴിക്കണം. മൂന്ന് മണിക്കൂർ യാത്ര ഉണ്ട് “

അവൾ നിറ കണ്ണുകളോടെ തലയാട്ടി

ട്രെയിൻ പുറപ്പെട്ടു കൈ നീട്ടി അവന്റെ കവിളിൽ ഒന്ന് തൊട്ടവൾ

“അടുത്ത വർഷം ഞാൻ വരും “

അവൻ തലയാട്ടി

കണ്ണുനീരിന്റെ കനത്ത മറയിൽ ട്രെയിനിന്റ ചിത്രം അവ്യക്തമായി

വീണ്ടുമൊരു കാഴ്ചയ്ക്കായ് കാത്തു കൊണ്ട് അവനും നടന്നകന്നു

Related Posts

Leave a Reply

Your email address will not be published. Required fields are marked *