എനിക്കറിയാം. വേർപിരിയലിന്റെ കോടതി കടലാസ് കിട്ടിയ നാളുകൾക്ക് മുമ്പേ തന്നെ മറ്റൊരു വിവാഹം കഴിക്കാൻ പ്രമീളയെ അവളുടെ അച്ഛൻ നിർബന്ധിക്കുന്നുണ്ട്. അതിന് വഴങ്ങാൻ അവൾക്ക് ഒമ്പത് വർഷമെടുത്തു……..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

‘പ്രമീളയുടെ കല്ല്യാണത്തിന് പോകുന്നില്ലേ…?’

വിളിച്ചു ചോദിച്ചത് ദീപനാണ്. സുഹൃത്തും ക്യാമറാമാനുമായ അവൻ തന്നെയാണ് ഈ വിവാഹവും പകർത്തുന്നത്. എന്നേയും പ്രമീളയും ചേർത്ത് പിടിച്ചെടുത്ത ചില്ലിട്ടതും അല്ലാത്തതുമായ ചിത്രങ്ങളെല്ലാം ഒരു തിരശീലയിലെന്ന പോലെ എന്റെ മനസ്സിലൂടെ പാഞ്ഞു.

ഇല്ലടായെന്ന് ചിരിയോടെ ഞാൻ ദീപനോട് പറഞ്ഞു. അപ്പോഴും കരയാ തിരിക്കാൻ എത്രത്തോളം ഞാൻ ശ്രമിച്ചിരുന്നുവെന്ന് ഫോൺ വെച്ചപ്പോഴാണ് എനിക്ക് മനസ്സിലായത്.

പ്രമീള എന്റെ ഭാര്യയായിരുന്നു. ഒരുമിച്ച് ഒന്നരക്കൊല്ലമേ താമസിച്ചുള്ളൂവെങ്കിലും പിന്നീടുള്ള ഒമ്പത് വർഷങ്ങളോളം വേർപാടിലായിപ്പോയി. കെട്ടിപ്പിടിച്ച് സ്നേഹം പങ്കിടുകയെന്നതിനും അപ്പുറം രണ്ട് മനുഷ്യർ പിരിഞ്ഞുപോകുകയെന്ന് പറഞ്ഞാലും പരസ്പരം പേറുകയെന്ന് തന്നെയാണല്ലോ…!

നാളിതുവരെ പ്രമീളയൊരു ഭാരമായി എന്റെ തലയിലുണ്ട്. പൂഴ്ത്തിവെക്കാൻ ശ്രമിച്ച ഇടത്ത് നിന്ന് നേരിയ ചലനമുണ്ടായാൽ പോലും താളം തെറ്റുന്ന ഈണമായിട്ടാണ് എന്റെ ജീവിതം കടന്നുപോകുന്നത്. അവളുമായി വീണ്ടും കൂട്ടി കെട്ടിയിരുന്നുവെങ്കിൽ കാലത്തിന്റെ കാലിൽ സാഷ്ട്ടാംഗം വീഴാൻ പോലും ഞാൻ തയ്യാറായിരുന്നു. അതിന് വേണ്ടി ശ്രമിച്ചപ്പോഴൊക്കെ പ്രമീളയുടെ അച്ഛൻ തുടക്കത്തിലേ തടഞ്ഞു. നിന്റെ കൂടെ തന്റെ മോളെയിനി പറഞ്ഞയിക്കില്ലെന്ന് തന്നെ ആ അച്ഛൻ കൃത്യമായി പറഞ്ഞു.

എനിക്കറിയാം. വേർപിരിയലിന്റെ കോടതി കടലാസ് കിട്ടിയ നാളുകൾക്ക് മുമ്പേ തന്നെ മറ്റൊരു വിവാഹം കഴിക്കാൻ പ്രമീളയെ അവളുടെ അച്ഛൻ നിർബന്ധിക്കുന്നുണ്ട്. അതിന് വഴങ്ങാൻ അവൾക്ക് ഒമ്പത് വർഷമെടുത്തു. വെറുക്കാനായാലും, മറക്കാനായാലും, പങ്കുവെച്ച സ്നേഹമൂറി വിറയ്ക്കാനായാലും, അവൾ എന്നെ തന്നെയാണ് ഈ കാലയളവിലെല്ലാം ഓർത്തിരിക്കുന്നത്.

പരസ്പരമുള്ള കെട്ടിപ്പിടുത്തങ്ങൾ രണ്ടുപേരുടെ ജീവനുകളെയും വളരേ കൂടുതൽ സ്വാധീനിച്ചിരുന്നു. അതെല്ലാം ഇന്നെന്റെ അസ്ഥിയിൽ മുള്ളുപോലെ തറയ്ക്കുന്നു! ഞാനൊരു കുമിള പോലെ പൊട്ടുന്നു! തിരിച്ചുവേണമെന്ന് തോന്നിയാലും സാധ്യമല്ലാത്ത നഷ്ട്ടങ്ങളിലേക്ക് മറിഞ്ഞ് വീഴാൻ തന്നെയാണ് എന്റെ വിധിയെന്ന് എനിക്ക് മനസ്സിലായി. നഷ്ടപ്പെടുത്താൻ എന്തെളുപ്പമല്ലേ…!

ചെറിയയൊരു കാര്യമായിരുന്നു. രാവിലെ ഉണർന്നപ്പോൾ തൊട്ട് എനിക്ക് സ്വര്യം തന്നിരുന്നില്ല. തലേന്നാൾ സുഹൃത്തുക്കളുമായി കൂടിയത് കൊണ്ട് വരാൻ വൈകിയിരുന്നു. ഉറങ്ങും മുമ്പേ ക്ഷമയും പറഞ്ഞതാണ്. പിന്നേയും പറഞ്ഞതു തന്നെ പറഞ്ഞു കൊണ്ടേയിരിക്കുമ്പോൾ എത്രായാന്ന് വെച്ചാ സഹിക്കുക.

ആദ്യമായിട്ട് അല്ലാത്തത് കൊണ്ടും നിയന്ത്രണം വിട്ടുപോയത് കൊണ്ടും നിന്നെയെനിക്ക് മടുത്തെന്ന് അറിയാതെയൊരു ദേഷ്യത്തിൽ ഞാൻ പറഞ്ഞുപോയി. അതുകേട്ട് പ്രമീളയൊരു പ്രതിമ പോലെ നിന്നത് ഇന്നും എനിക്ക് ഓർമ്മയുണ്ട്. അപ്പോഴാണ് ആ വാചകം എത്രത്തോളം വലിപ്പത്തിലാണ് അവളുടെ കാതുകളിൽ വീണതെന്ന് എനിക്ക് മനസ്സിലായത്. ജോലിക്ക് പോയി വൈകുന്നേരം തിരിച്ചുവരുമ്പോഴേക്കും പെണ്ണ് അവളുടെ വീട്ടിലേക്ക് പോയിരുന്നു.

വീട്ടുകാർ ചേർത്ത് വെച്ചത് കൊണ്ട് അവർ തന്നെയൊരു ശ്രമം നടത്തിയിരുന്നു. അതെനിക്ക് ഇഷ്ട്ടപ്പെട്ടില്ല. ഞങ്ങൾക്കിടയിലെ പ്രശ്നങ്ങളിൽ മറ്റാരും ഇടപെടരുതെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. നമുക്ക് സംസാരിച്ച് തീർക്കാമെന്ന് പ്രമീളയോട് ഞാൻ പറഞ്ഞതുമാണ്. കേട്ടില്ല. അതുപറയാൻ ചെന്ന ഞാനുമായി അവളുടെ അച്ഛൻ കലഹിച്ചു. മറ്റൊരു ദേഷ്യത്തിൽ അങ്ങേരെ പിടിച്ച് ഞാൻ തള്ളുകയും ചെയ്തു. തല ചുമരിലിടിച്ച് ആറ് തുന്നലുണ്ടാകുമെന്ന് ഞാൻ കരുതിയതേയില്ല.

ആ സംഭവത്തിന് ശേഷം നേരത്തോട് നേരം നിയമപരമായി ഞങ്ങളെ വേർപെടുത്താൻ പ്രമീളയുടെ അച്ഛന് എളുപ്പത്തിൽ സാധിച്ചു. അവൾക്ക് എന്നോടുള്ള സ്നേഹം അളന്ന് നോക്കിയപ്പോൾ ഇത്രേയുളൂവെന്ന് ചിന്തിച്ച് ഞാൻ മുഖം ചുളിച്ചു. എത്രയോ രാത്രികളിൽ ഉറക്കമില്ലാതെ ഫാനും നോക്കിയിരുന്നു. എത്ര നല്ല ആലോചനകൾ കൊണ്ടുപോയാലും പെണ്ണ് സമ്മതിക്കുന്നില്ലെന്ന രഹസ്യം അറിഞ്ഞപ്പോൾ അളവ് തെറ്റിയോയെന്ന് ഞാൻ സംശയിച്ചു. അളന്നാൽ കുറയുന്ന എന്തോയൊരു സാധനമാണ് സ്നേഹമെന്നും ആ നേരങ്ങളിലെല്ലാം എനിക്ക് തോന്നുമായിരുന്നു.

ഞാൻ എന്റെ മുറ്റത്തേക്ക് ഇറങ്ങി. വിഷാദത്തോടെ പാടി നടക്കാൻ മുറ്റം താണ്ടി പാടവും പുഴയുമൊന്നുമില്ല. അതു കൊണ്ട് ആ കോൺക്രീറ്റ് ബെഞ്ചിൽ ഞാൻ ഇരുന്നു. പ്രമീളയുടെ മടിയിൽ തല ചായ്ച്ചും കടിച്ചും ചില വൈകുന്നേരങ്ങളിൽ ഇങ്ങനെ ഞാൻ ഇരിക്കാറുണ്ട്. എല്ലാ നാളുകളും പോലെ അല്ലല്ലോയിന്ന്..! ഇനിയൊരിക്കലും തമ്മിൽ ചേരാൻ കഴിയില്ലായെന്ന് കൂടുതൽ ഉറച്ചുപോയ നിമിഷങ്ങളിലാണ് ഞാനെന്നത് അറിയുന്നു. ദീപൻ ഇപ്പോൾ അവളുടെ വിവാഹം പകർത്താൻ തുടങ്ങിയിട്ടുണ്ടാകും.

പ്രമീളയും ഞാനും മാത്രം താമസിച്ചിരുന്ന വീട്ടിൽ തന്നെയാണ് അവൾ പോയതിന് ശേഷവും ഞാൻ ജീവിക്കുന്നത്. നിനക്ക് വേറെ കെട്ടിക്കൂടെയെന്ന് ദീപൻ പലപ്പോഴും എന്നോട് ചോദിച്ചിട്ടുണ്ട്. അച്ഛനും അമ്മയും അമ്മാവനും മാറി മാറി ആ ചോദ്യം ആവർത്തിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അവള് കെട്ടിപ്പോട്ടേയെന്നേ ഞാൻ പറയാറുള്ളൂ.

ആ മറുപടിയാണ് എനിക്കിന്ന് നഷ്ട്ടപ്പെടാൻ പോകുന്നത്. കൂടുതൽ ചിന്തിച്ചപ്പോൾ എന്റെ താടിയെല്ല് വിറച്ച് പല്ലുകൾ താനേ കൂട്ടിയിടിച്ചു. സങ്കടം സഹിക്കാൻ പറ്റാതെ വന്നപ്പോൾ ഞാൻ എഴുന്നേറ്റ് അകത്തേക്ക് തന്നെ നടക്കുകയായിരുന്നു. ദീപൻ പറഞ്ഞതുപോലെ പ്രമീളയുടെ വിവാഹത്തിന് പോയാലോയെന്ന് വരെ ആ ചലനത്തിൽ ഞാൻ ചിന്തിച്ചിരുന്നു..

ഒടുവിൽ പോകാൻ തന്നെ തീരുമാനിച്ചു. മറ്റൊരു സുഹൃത്തായ സുഭാഷിനെയും കൂടെ കൂട്ടാമെന്ന് തോന്നിയപ്പോഴാണ് ഞാൻ ഫോൺ തേടിയത്. കണ്ടുപിടിച്ച് വിളിക്കാൻ നോക്കുമ്പോൾ ദീപന്റെ പതിനാറ് മിസ്സ്ഡ് കാൾ. ധൃതിയിൽ തിരിച്ച് വിളിക്കുമ്പോഴേക്കും കാളിംഗ് ബെൽ രണ്ടുവട്ടം അടിച്ചിരുന്നു. ഡൈയൽ ചെയ്തുകൊണ്ട് തന്നെ കതക് തുറക്കാനായി ഞാൻ നടന്നു.

ഒരിക്കലും പ്രതീക്ഷിക്കാത്ത കാഴ്ച്ചയായിരുന്നുവത്. കതക് തുറന്നപ്പോൾ ചിരിച്ച് നിൽക്കുന്ന ദീപന്റെ പിറകിൽ പ്രമീള നിൽക്കുന്നു. എന്റെ ശ്വാസം തടഞ്ഞുപോയി. അവളാണെങ്കിൽ ഒമ്പത് വർഷങ്ങളുടെ വേർപിരിയലിന് ഒമ്പത് നാളിന്റെ പോലും വില കൊടുക്കാതെയൊരു നവവധുവിനെ പോലെ അകത്തേക്ക് കയറി വന്നു! എന്നോട് മിണ്ടിയതേയില്ല. കണ്ടെന്ന് പോലും കാട്ടിയില്ല. പകരം ദീപനോടൊരു കാര്യം പറഞ്ഞു.

‘ഇരിയെടാ.. ഞാനൊരു ചായയിട്ട് തരാം.. എന്നിട്ട് പോയാൽ മതി…’!!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *