എനിക്കും ഒത്തിരിയിഷ്ടമാണ്. സ്വന്തം ജീവിതം പകർത്തിയെഴുതുന്നതു പോലെ തോന്നിക്കുന്ന കഥകൾ. പച്ചയായ ജീവിതത്തിൻ്റെ തുടിപ്പുകൾ. നാട്ടുമണ്ണിൻ്റെയും മഷിപ്പച്ചയുടെയും ഗന്ധമുയരുന്ന……

ഋതുഭേദങ്ങൾ

എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട്

ചെമ്പാവരിപ്പൊടിയുടെ പുട്ടും, രുചിമുകുളങ്ങളെയാകമാനം ഉത്തേജിപ്പിക്കുന്ന കടലക്കറിയുമായിരുന്നു പ്രാതലിനുണ്ടായിരുന്നത്. ഒപ്പം, ഹൃദ്യമായ ചുടുകാപ്പിയും. സ്നേഹഭവനത്തിൻ്റെ വിശാലമായ തളത്തിൽ നിരന്നിരുന്നു ഭക്ഷണം കഴിക്കുന്ന നേരത്താണ്, അരുന്ധതി സ്മിതയോടു മാത്രമായി സ്വരം താഴ്ത്തി മൊഴിഞ്ഞത്.

“ഇന്ന്, തിരുവോണത്തിന് നമ്മുടെ അതിഥി ശിവപ്രസാദ് സാറാണെന്നറിയില്ലേ?എന്തൊരു എഴുത്താണ് അദ്ദേഹത്തിൻ്റെത്. അമ്പത്തിയഞ്ചാം വയസ്സിൽ, ഈ വർഷം അക്കാദമി പുരസ്കാരം കൂടി ലഭിച്ചിരിക്കണു. നമ്മുടെ ഭാഗ്യമാണ്, തീർച്ച. അദ്ദേഹത്തെപ്പോലൊരു പ്രതിഭയോടൊത്ത് ഭക്ഷണവും, ഇത്തിരി സംഭാഷണങ്ങളും. കുറെയധികം ചിത്രങ്ങളെടുത്തു വയ്ക്കാൻ പറയണം.
നമ്മുടെ കൂട്ടത്തിലെ ഇരുപത്തിയഞ്ചു പേരും വല്ലാത്ത ആനന്ദത്തിലും, ഹർഷങ്ങളിലുമാണ്. എന്നിട്ടുമെന്താണ്, കൂട്ടത്തിലെ ചെറുപ്പക്കാരിയായ, വെറും അമ്പതു വയസ്സു മാത്രമുള്ള സ്മിതയ്ക്കൊരു സന്തോഷവും കാണാത്തത്?”

ഞെരടിപ്പൊടിച്ച പുട്ടുതരികളിലേക്ക്, കടലച്ചാറു പകരുകയായിരുന്നു സ്മിത. വെന്ത മാവു കുതിരുമ്പോൾ, വെളിച്ചണ്ണയുടെ മഴവിൽനിറമുള്ള ചാലുകളുരുവപ്പെടുന്നു. നേർത്ത മസാലക്കൂട്ടിൻ്റെ രുചിഗന്ധമുയരുന്നു. ഒരു നുള്ളെടുത്ത്, ഭുജിച്ചുകൊണ്ടായിരുന്നു മറുപടി.

“എനിക്കും ഒത്തിരിയിഷ്ടമാണ്. സ്വന്തം ജീവിതം പകർത്തിയെഴുതുന്നതു പോലെ തോന്നിക്കുന്ന കഥകൾ. പച്ചയായ ജീവിതത്തിൻ്റെ തുടിപ്പുകൾ. നാട്ടുമണ്ണിൻ്റെയും മഷിപ്പച്ചയുടെയും ഗന്ധമുയരുന്ന എഴുത്തു പശ്ചാത്തലങ്ങൾ. ഇഷ്ടമാണ്, എനിക്കേറെയിഷ്ടമാണ്.”

സ്മിത, തെല്ലിട നിശ്ശബ്ദയായിരുന്നു. പിന്നെ, മന്ത്രിച്ചു.

“ഇന്നലെ, എൻ്റെ മകനും മരുമോളും കുഞ്ഞും അമേരിക്കയിൽ നിന്നും വന്നിട്ടുണ്ട്. ഇന്നവർ ഇങ്ങോട്ടു വരും. അമ്മയ്ക്കും, ബാക്കി ഇവിടെയുള്ളവർക്കുമെല്ലാം ഓണക്കോടിയും മധുരങ്ങളും വിതരണം ചെയ്യും. വന്നപോലെ മടങ്ങും.?അര മാസത്തെ അവധിദിനങ്ങൾ, മരുമകളുടെ വീട്ടിൽ കഴിച്ചുകൂട്ടും.അവിടം, എനിക്കു നിഷിദ്ധമാണല്ലോ. സാരമില്ല, അവൻ, അമ്മയെ കാണാനെങ്കിലും വരുന്നുണ്ടല്ലോ. പണം മാത്രമയക്കാതെ”

സ്മിതയുടെ തൊണ്ടയിടറി. തേങ്ങലിൻ്റെ ചീളുകൾക്കിടയിൽ, അവസാന ശബ്ദങ്ങൾ വികൃതമായി. പ്രാതലിനു ശേഷം, സ്നേഹഭവനത്തിലെ അന്തേവാസികൾ ഒത്തുകൂടി, പൂക്കളമൊരു ക്കാനാരംഭിച്ചു. കൃത്യം പതിനൊന്നു മണിക്കു തന്നെ, സ്നേഹഭവനത്തിൻ്റെ കവാടം കടന്ന് വിശാലമായ പൂമുറ്റത്തേയ്ക്ക് ശിവപ്രസാദിൻ്റെ കാർ വന്നുനിന്നു. അതിഥിയെ സ്നേഹ ഭവനിലെ അംഗങ്ങൾ സമുചിതം സ്വീകരിച്ചു. ചുവന്ന പനിനീർപ്പൂക്കൾ ഓരോരുത്തരിൽ നിന്നും സ്വീകരിക്കുമ്പോളും അയാളുടെ സ്വതേ തുടുത്ത മുഖം ഒന്നുകൂടി ചുവന്നു. ചാരനിറം പടർന്ന കൃഷ്ണമണികൾ തിളങ്ങി. സ്മിതയുടെ കയ്യിൽ നിന്നും, ചെമ്പൂവേറ്റു വാങ്ങും നേരം അവരുടെ നോട്ടങ്ങൾ കൊരുത്തു. തിരിച്ചറിവിൻ്റെ കടുത്ത ഉൾക്കിടിലം അയാളിലുരുവായത് അവൾ വ്യക്തമായി തിരിച്ചറിഞ്ഞു. ചാരനിറമുള്ള കൃഷ്ണമണികൾ തുടിച്ചു കൊണ്ടിരുന്നു. അയാൾ പതുക്കെ മന്ത്രിച്ചു.

“സ്മിത, സ്മിത ഇവിടെ? എത്ര കാലമായി നാം…”

വാക്കുകൾ മുറിഞ്ഞു. അവൾ മറുപടിയായി ഒന്നു മുരടനക്കി. പിന്നെ, സ്വീകരിച്ചാനയിക്കാൻ കാത്തു നിൽക്കുന്നവർക്കായി വഴിമാറി.

സ്നേഹഭവനത്തിൻ്റെ വിശാലമായ അകത്തളത്തിൽ അതിഥിയുടെ പ്രഭാഷണമാരംഭിച്ചു. ജീവിതസായന്തനം ഉടയവർക്കു ബാധ്യതയായവരെല്ലാം, ആ വാക്കുകൾക്കു കാതോർത്തു. ഇല്ലായ്മകളുടെ സ്വന്തം ഭൂതകാലത്തിലേക്ക്, ശിവപ്രസാദ് അവരെ കൊണ്ടുപോയി. റെയിൽവേ ക്വാർട്ടേഴ്സുകളുടെ പുറകിലായി നിലകൊണ്ട ഇത്തിരിക്കൂരയും, വ്യഥിത ബാല്യ കൗമാരങ്ങളും വാക്കുകൾ കൊണ്ടുള്ള ചിത്രങ്ങളായി. യൗവ്വനയുക്തകളായിട്ടും സഹോദരിമാരുടെ മാംഗല്യം വൈകിയതോർത്തു വേദനിച്ച സഹോദര ഹൃദയത്തിൻ്റെ നീറ്റലുകൾ അവർക്കും അനുഭവപ്പെടുന്നതായിത്തോന്നി.?കടം വാങ്ങിയും പട്ടിണി കിടന്നും അരിഷ്ടിച്ചു പഠിപ്പിച്ച മാതാപിതാക്കൾ പ്രസംഗത്തിൽ പുനർജ്ജീവിച്ചു. പഴയകാല സൗഹൃദങ്ങളുടെ കലമ്പലുകൾ കേട്ടു. പ്രസംഗം തുടർന്നു.

സ്മിത, ഓരോ വാക്കുകളും കാഴ്ച്ചകളാക്കി മാറ്റുകയായിരുന്നു. അതേ റെയിൽവേ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന, സ്റ്റേഷൻ മാസ്റ്ററുടെ മകൾക്ക് അതെല്ലാം സുപരിചിതമായിരുന്നു. അന്നത്തെ യുവ എഴുത്തുകാരൻ്റെ പ്രണയം ഇന്നിവിടെ പ്രതിപാദിക്കാതെ പോവുകയാണ്. അന്ധമായ ആരാധനയുടെ ദീപപ്രഭയിലേക്കു ഒരു രാത്രിശലഭം കണക്കേ എത്രയാവർത്തി പറന്നടുത്തിരിക്കുന്നു. സ്മിതയും, ശിവപ്രസാദും തമ്മിലുണ്ടായിരുന്ന ബന്ധത്തിനു ഏറെക്കാലം സാക്ഷികളുണ്ടായിരുന്നില്ല. ഹൃദയബന്ധം എത്ര പൊടുന്നനെയാണു ഉടൽവേഴ്ച്ചകളിലേക്കു വഴിമാറിയത്. മാതാപിതാക്കൾ ജോലിക്കു പോയി, ഒഴിഞ്ഞ ക്വാർട്ടേഴ്സിൽ എത്ര തവണ പ്രണയം മാംസനിബദ്ധമായി. Oടുവിലൊരു നാൾ പിടിയ്ക്കപ്പെടുമ്പോളും, ഒരുടൽ ബന്ധത്തിൻ്റെ വേർപ്പുണങ്ങിയിരുന്നില്ല.?നാട്ടിൽ നിന്നും പറിച്ചു നടുമ്പോളും, ഒരു മാസത്തിനുള്ളിൽ അടുത്ത ബന്ധുവിനെക്കൊണ്ടു വിവാഹം നടത്തുമ്പോളും നടുക്കവും മരവിപ്പും വിട്ടൊഴിഞ്ഞിരുന്നില്ല.?പോയ്മറഞ്ഞ മുപ്പതു വർഷങ്ങൾ, എത്ര വേഗമാണ് തിരികെ വന്നുചേർന്നത്.

സംസാരം ഒരു വഴിത്തിരിവിലേക്കു സഞ്ചരിച്ചു. പഴയ തൊഴിൽരഹിതനു ജോലി ലഭിച്ചു. മാതാപിതാക്കളുടെ ഇംഗിതം പോലെ കൂടപ്പിറപ്പുകളെ വിവാഹം ചെയ്തയച്ചു. സ്വന്തം വിവാഹം, അക്ഷരലോകത്തു നിന്നു തന്നെയായിരുന്നു. നെടുനാളത്തെ പ്രണയത്തിനു ശേഷമായിരുന്നുവത്രെ വിവാഹം. സ്വന്തം മകളേക്കുറിച്ച്, അദ്ദേഹം യാതൊന്നും പ്രതിപാദിച്ചില്ലല്ലോയെന്ന് സ്മിത യോർത്തു. റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ, ഇതരമതസ്ഥനായ യുവഗായകനുമായുള്ള മകളുടെ വിവാഹം, മാധ്യമങ്ങൾ ആഘോഷ മാക്കിയതാണ്. ഒരുപക്ഷേ, സ്വന്തം മകളുടെ വിവാഹക്കാര്യം വന്നപ്പോൾ, പഴയ സ്റ്റേഷൻ മാസ്റ്ററുടെ അതേ മനോഭാവമായിരുന്നിരിക്കാം അദ്ദേഹത്തിനെന്നും അവൾ വെറുതെ ചിന്തിച്ചു.

സ്മിത, സ്വന്തം നല്ലപാതിയെക്കുറിച്ചോർത്തു. പേരിലും രൂപത്തിലും മാത്രം പുരുഷനായിരുന്ന ഒരാളുടെ മുഖം, ഇപ്പോൾ വല്ലാതെ മാഞ്ഞുപോയിരിക്കുന്നു. മിനുക്കി യെടുക്കണമെന്ന് അശേഷം തോന്നിച്ചില്ല. വിവാഹം കഴിഞ്ഞ്, കൊല്ലമെത്തുമ്പോളേക്കും ഹൃദയം സ്തംഭിച്ചു മൺമറഞ്ഞ വ്യക്തിയുടെ ഓർമ്മകളും ചിതലരിച്ചിരിക്കുന്നു.

പ്രസംഗം പെയ്തുതോർന്നു. സദസ്സിൽ നിന്നും, നിറഞ്ഞ കരഘോഷങ്ങളുണ്ടായി.
ആ കരഘോഷങ്ങൾക്കിടയിലൂടെ, തൻ്റെ മകനും കുടുംബവും കടന്നുവരുന്നത്, സ്മിത കണ്ടു. വേദിയിലിരുന്ന ശിവപ്രസാദും, അവനെ കണ്ടുകാണും തീർച്ച.

സ്മിത, മകൻ്റെ മുഖത്തേക്കു നോക്കി. സ്വതേ ചുവന്ന അവൻ്റെ വദനം, കൂടുതൽ ദീപ്ത മായിരിക്കുന്നു. അവൻ്റെ, ചാരനിറത്തിലുള്ള കൃഷ്ണമണികൾ വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു. വേദിയിലപ്പോൾ, ഒരമ്മ ശ്രുതിമധുരമായി ഒരോണപ്പാട്ടു പാടുകയായിരുന്നു. കഴിഞ്ഞ കാലത്തിൻ്റെ, നക്ഷത്രശോഭയുള്ള സ്മൃതികളുടെ പാട്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *