എനിക്ക് നിന്നോട് പ്രണയമാണെന്ന് പറഞ്ഞൊരു കാലത്തിൽ നമ്മൾ പ്രണയിച്ചിട്ടില്ലെന്ന് നമുക്കു മാത്രമല്ലേ അറിയൂ. പക്ഷേ ഇപ്പോൾ ഞാൻ നിന്നെ പ്രണയിക്കുന്നുണ്ട്…

Story written by Navas Amandoor

നമ്മൾ ഒരുപാട് സംസാരിക്കുന്നവരായിരുന്നു. വർഷങ്ങൾക്കു ശേഷം നമ്മൾ കണ്ടുമുട്ടിയിട്ടും ഒന്നു പുഞ്ചിരിക്കാൻ പോലും മടികാണിച്ചുകൊണ്ട് മുഖം തിരിച്ചു. ഒരൊറ്റ നോട്ടം നേർക്കുനേരെ ഇമവെട്ടാതെയുള്ള ആ ഒരു നോട്ടം മാത്രം ബാക്കിയാക്കിയിട്ടാണ് നമ്മൾ ഇനിയും പിരിയുന്നത്.

എനിക്ക് നിന്നോട് പ്രണയമാണെന്ന് പറഞ്ഞൊരു കാലത്തിൽ നമ്മൾ പ്രണയിച്ചിട്ടില്ലെന്ന് നമുക്കു മാത്രമല്ലേ അറിയൂ. പക്ഷേ ഇപ്പോൾ ഞാൻ നിന്നെ പ്രണയിക്കുന്നുണ്ട്. അതെ ഈ ആൾക്കൂട്ടത്തിൽ ഞാൻ ആരെയെങ്കിലും ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അത് നിന്നെ മാത്രമാണ്.

എന്നിട്ടും നിന്നോട് ഞാൻ മിണ്ടിയില്ല..എന്നിട്ടും നിന്നെ നോക്കി ഞാൻ ഒന്ന് പുഞ്ചിരിച്ചില്ല.

നിനക്ക് ഓർമ്മയില്ലേ? കോളേജ് ക്യാമ്പസിൽ നമ്മൾ ഒരുമിച്ച് നടന്ന കാലം. നീ എന്റെ വിരൽത്തുമ്പിൽ പിടിക്കുമ്പോൾ കാണുന്നവർക്ക് അതൊരു പ്രണയമായിരുന്നു. പക്ഷേ നമുക്കിടയിൽ നിഷ്കളങ്കമായ സ്നേഹം മാത്രം. കവിതയും കഥാപാത്രങ്ങളും എത്രയാണ് നമ്മൾ സംസാരിച്ചപ്പോൾ നിഴലുകളായി നമ്മുടെ കൂടെ നടന്നത്..

കോളേജ് ക്യാമ്പസിലെ മരത്തണലിൽ ഒരു ചെസ്സ് ബോർഡിന്റെ ഇരു വശങ്ങളിൽ നമ്മൾ ഇരിക്കുമ്പോൾ ഞാൻ നിന്നെ ജയിക്കാൻ കരുക്കൾ നീക്കും… പക്ഷേ എന്റെ നീക്കങ്ങളെല്ലാം എപ്പോഴും പാളും. നീ നിർത്താതെ സംസാരിച്ചു കൊണ്ടിരിക്കുന്നതാണ് കാരണം… നിന്റെ സംസാരത്തിൽ നിന്നെ തോൽപ്പിക്കാനുള്ള അടവുകൾ ഞാൻ മറന്നുപോകും.

കോളേജിലെ ചുമരുകളെക്കാൾ കൂട്ടുകാരുടെ ഹൃദയങ്ങളിലാണ് നമ്മുടെ പേരുകൾ എഴുതിവെച്ചത്. നിന്നെ കാണുമ്പോൾ അവർ പറയാറുണ്ട്..

“അതാ നിന്റെ പ്രണയിനി..”

എനിക്കല്ല തെറ്റിയത്… തെറ്റിയത് അവർക്കാണ്. ഞാനന്ന് നിന്നെ പ്രണയിച്ചിട്ടില്ല. നീ എന്നെയും പ്രണയിച്ചിട്ടില്ല.

ആൾക്കൂട്ടങ്ങളിൽ കാണാനാഗ്രഹിക്കുന്ന മുഖങ്ങളെ തേടേണ്ടി വരും… പക്ഷേ ഇവിടെ ഞാൻ നിന്റെ അടുത്തേക്കാണ് നേരെ വന്നത്. എനിക്കറിയാം മിണ്ടിയില്ലെങ്കിലും പുഞ്ചിരിച്ചില്ലെങ്കിലും നീ എന്നെ കാത്തു നിൽക്കുകയാണെന്ന്. അതുകൊണ്ടല്ലേ ഒറ്റ നോട്ടം കൊണ്ട് പറയാൻ ബാക്കിവെച്ചതെല്ലാം പറഞ്ഞു തീർത്തത്.

എങ്കിലും വർഷങ്ങൾക്കിപ്പുറവും ഒരു ചോദ്യം ബാക്കിയാണ്….

“നിങ്ങൾ പ്രണയിച്ചിട്ടില്ലെങ്കിൽ എന്തിനാണ് പരസ്പരം ഇത്രയും കാലം കാത്തിരുന്നത്…?”

ഇനി ഉത്തരം പറയാൻ ഞാൻ മാത്രമാണ് ബാക്കി… അന്ന് കോളേജിൽ വെച്ച് നമ്മൾ പിരിഞ്ഞപ്പോൾ നമുക്കിടയിൽ പ്രണയം ഉണ്ടായിരുന്നിരിക്കണം. ഞാനും നീയും മനസ്സിലാക്കാതെ പോയ, തോറ്റുപോയ ഒരു പ്രണയം. നമ്മളിലൊരാൾ പറഞ്ഞിരുന്നെങ്കിൽ സ്വർഗ്ഗമാവുമായിരുന്ന പ്രണയം. ആ പ്രണയം തന്നെയായിരിക്കും നമ്മളിങ്ങനെ കാത്തിരിക്കാൻ കാരണമായതും.

ആരോ എന്നോട് പറഞ്ഞു അവൾക്ക് അന്ത്യ ചുംബനം കൊടുക്കാൻ…

മണവാട്ടിയെ പോലെ ഒരുക്കിക്കിടത്തിയ അവളുടെ നെറ്റിയിൽ ഞാൻ ചുംബിച്ചു.

ആ സമയം എന്നിൽ പ്രണയമുണ്ടായിരുന്നു.. ആ സമയം എന്റെ കണ്ണിൽ കണ്ണുനീരും ഉണ്ടായിരുന്നു… എന്റെ ചുംബനത്തിനുശേഷം അവൾ പുഞ്ചിരിക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു. അതെ ഞങ്ങൾ അന്നും ഇന്നും പ്രണയത്തിലാണ്…. ഇനിയൊരു ജന്മമുണ്ടെങ്കിൽ അന്നും ഞങ്ങൾ പ്രണയത്തിലായിരിക്കും…

ഇനി എന്റെയും അവളുടെയും മരണത്തിന്റെ ഇടയിൽ കുറച്ച് സമയമുള്ളത് ഞങ്ങളുടെ പ്രണയത്തിന് ജീവിക്കാൻ വേണ്ടിയുള്ള സമയമാണ്. അവളുടെ കല്ലറയുടെ മുകളിലെ റോസാപുഷ്പങ്ങൾ വാടി വീഴുന്നതിന് മുൻപേയുള്ള കുറച്ചു സമയം.

എനിക്ക് മുമ്പേ പറുദീസയിൽ എത്തിയവൾ ഞാൻ വരുന്നതുവരെ കാത്തു നിൽക്കട്ടെ….ദൈവമേ സ്വർഗ്ഗകവാടം അവൾക്ക് വേണ്ടി തുറന്നിടണം…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *