എന്തിനാണ് ഊണുമേശയിൽ ഇത്രയും ഉപദംശങ്ങൾ കരുതിവച്ചത്? വെളുത്തുരുണ്ട്, നിലത്തു വീണാൽ ചിതറുന്നതരം ചോറ്..പരിപ്പു, കുത്തിപ്പൊടിച്ചു കാച്ചിയത്. ഉണക്കമാന്തൾ വറുത്തത്..വറുത്തു മൊരിഞ്ഞ….

ഓർമ്മകളുടെ ചുമട്

എഴുത്ത്:- രഘു കുന്നുമക്കര പുതുക്കാട്

ഒന്നാം ഷിഫ്റ്റ് ജോലിദിനങ്ങളിൽ, ഉച്ചയൂണിനു മുൻപ് വീട്ടിലെത്തും..ഇന്നും, പതിവിനു ഭേദമുണ്ടായില്ല.. അദ്ധ്വാനഭാരം ഏറെയുള്ള ദിവസമായിരുന്നു ഇന്നും.. കത്തുന്ന വെയിലിൽ മുങ്ങി, വീടണഞ്ഞപ്പോൾ ഒരു മണിയായി. നട്ടുച്ച,. പുലരിയിൽ, ഉടലിനെ കിടുകിടുപ്പിച്ച, ദന്തനിരകളേ കൂട്ടിമുട്ടിച്ച കുളിരിനെ, മഞ്ഞിന്റെ മൂടുപടങ്ങളെ, കത്തിക്കാളുന്ന സൗരരശ്മികൾ തുടച്ചു നീക്കിയിരിക്കുന്നു ആകാശം ഒരു മേഘശകലം പോലുമില്ലാതെ വല്ലാതെയങ്ങു നീലിച്ചു പരന്നുകിടന്നു.

അകത്തു കയറി, വിയർപ്പും പൊടിയുമേറ്റ് മുഷിഞ്ഞുലഞ്ഞ പുടവകളിൽ നിന്നും സ്വതന്ത്രനായി, കള്ളിമുണ്ടും ഷർട്ടുമണിഞ്ഞ് പുറത്തു വന്നു. അല്ലെങ്കിലും, ഉഗ്ര ഗ്രീഷ്മപ്പകലുകളിൽ കിടപ്പറയിൽ ചൂളയിലേതുപോലെ ഉഷ്ണം നിറഞ്ഞു നിൽക്കും. തെല്ലൊരാകർഷണം പോലും തോന്നിക്കാത്തൊരിടമാകും. മുറിക്കു പുറത്തിറങ്ങും മുൻപേ, ജനവാതിലുകൾ ഓരോ പാളി തുറന്നിട്ടു. താപം നിറഞ്ഞ വായു, ജനൽ വഴി യാത്രയായി. തൊടിയിലെ, പരിശുദ്ധിയുടെ ആർദ്രത ചൂടിയ ചെറുകാറ്റ് വിരുന്നുവന്നു. അതിഥിക്കു സ്വാഗതം. ഞാൻ, ഊണു കഴിച്ചു വരും മുൻപേ, എന്റെ കിടപ്പറയേ ശീതികരിക്കൂ പ്രിയ മാരുതാ. ഊണും കഴിഞ്ഞൊന്നുറങ്ങാൻ.

എന്തിനാണ് ഊണുമേശയിൽ ഇത്രയും ഉപദംശങ്ങൾ കരുതിവച്ചത്? വെളുത്തുരുണ്ട്, നിലത്തു വീണാൽ ചിതറുന്നതരം ചോറ്..പരിപ്പു, കുത്തിപ്പൊടിച്ചു കാച്ചിയത്. ഉണക്കമാന്തൾ വറുത്തത്..വറുത്തു മൊരിഞ്ഞ, ചുവന്ന നിറമുള്ള മാന്തളിന്റെ വാലിൽ വിരൽ തൊടുമ്പോൾ കിരുകിരാ അടരുന്നു..പച്ചമോര് സ്റ്റീൽ കപ്പിലുണ്ട്. അതിൽ, തൊടിയിലെ വേപ്പിലയുടെയും, പച്ചമുളകിന്റെയും, ചതച്ചിട്ട ഉള്ളിയുടെയും സൗഗന്ധം. മുളക്, മൊരിച്ചു മൂപ്പിച്ചു ഉപ്പു തിരുമ്മിയ ചമ്മന്തി.. പിന്നെന്തിനീ കൊണ്ടാട്ടം വറുത്തത്? സുതാര്യമായ പ്ലാസ്റ്റിക് പാത്രത്തിൽ അടച്ചുമൂടി വച്ചിട്ടുണ്ട്, കുനുകുനേ കീറി നുറുക്കി കാച്ചിയെടുത്ത പപ്പടത്തുണ്ടുകൾ. തീൻമേശയിലെ കസേരയിലിരുന്നപ്പോൾ, ഇരിപ്പിടം ഒന്നു ഞരങ്ങി പ്രതിഷേധിച്ചു.

“ലോഡിംഗ് തൊഴിലാളി അല്ലായിരുന്നുവെങ്കിൽ നീ അറ്റാക്ക് വന്ന് ചത്ത് പണ്ടാരമടങ്ങിയേനേ” എന്നല്ലേ കസേര പറയാതെ പറഞ്ഞത്?

ഇത്തിരി ചോറിടാം; ഒന്നര കയിൽ ചോറെടുത്തു. അതിൽ, പരിപ്പുകറിയും മോരും മാന്തളും സമന്വയിച്ചപ്പോൾ, തീരെ ചോറു കുറവായി. ഒന്നര കയിൽ കൂടിയിട്ടു. ആഹാ അന്തസ്സ്, ശ്വാസം, ഇത്തിരി മുട്ടുന്ന പോലെ. ഇത്ര വേണ്ടായിരുന്നു. ഈ പരിപ്പുകറി പിന്നേയും ബാക്കിയുണ്ട്. അതിന്റെ ചാറിൽ, ഉള്ളിയും മുളകും വിലസുന്നു. വെളിച്ചെണ്ണരാശി മഴവില്ലു തീർക്കുന്നു. ചുറ്റും നോക്കി, ആരുമില്ല. അമ്മ അപ്പുറത്തേ മുറിയിൽ ഉറക്കമാണ്. അച്ഛൻ പുറത്തെവിടെയോ പോയിരിക്കുന്നു. ശ്രീമതി, പി എസ് സി കോച്ചിംഗിനു പോയേക്കുവാണ്. മൂന്നര കഴിയും, വരുമ്പോൾ. വരുമ്പോൾ സ്കൂളിൽ കയറി, കുട്ടികളേയും കൊണ്ടുപോരും.

ഒന്നും നോക്കിയില്ല, ഒരു കയിൽ കൂടി ചോറെടുത്തു, ചാറും ചോറുമായുള്ള സന്തുലിതാവസ്ഥ ഭദ്രമാക്കി. ഉണ്ടു. ആറ് മണിക്കൂർ ലോഡിംഗ് ജോലി തരാത്ത ക്ഷീണം, ഈ ഭോജനത്താൽ കൈവന്നിരിക്കുന്നു. ഇനിയൊന്നു റങ്ങണം. കയ്യും വായും വൃത്തിയാക്കി, മുറിയകത്തേക്ക് പ്രവേശിച്ചു. പുതിയ വായുവും, ശീതളിമയും എതിരേൽക്കാനായി കാത്തുനിൽപ്പുണ്ട്.

കട്ടിലിനു താഴെ വെറും നിലത്ത് പാ വിരിക്കാതെ തലയിണ മാത്രം വച്ചു കിടന്നു. ഫാൻ മുഴുവൻ വേഗത്തിൽ കറങ്ങിക്കൊണ്ടിരുന്നു.. കട്ടിലിൽ നിന്നും കയ്യെത്തിച്ച്, പാതിയിൽ വായിച്ചു നിർത്തിയ ഗ്രന്ഥമെടുത്തു. എം.മുകുന്ദന്റെ ‘ദൽഹി ഗാഥകൾ’. താളുകൾ മറിച്ചു,വായന പുരോഗമിച്ചു. സഹദേവന്റെയും, സത്യനാഥന്റെയും, ദേവിയുടേയും, ലളിതയുടേയും, ചാന്ദ്നിചൗക്കിന്റെയും, കോട്ലയുടെയും കഥകൾ ചേർത്തുവച്ച നോവൽ. എപ്പൊഴോ, പുസ്തകം പിടിവിട്ടു നെഞ്ചിൽ വീണു. നിദ്ര വന്നു കീഴടക്കി.

കുട്ടികളുടെ കലപിലകളാണുണർത്തിയത്. ചുവരിലെ ക്ലോക്കിലെ സൂചികൾ, നാലരയെന്നു സമയത്തേ ദ്യോതിപ്പിച്ചു. ഒന്നു മുഖം കഴുകി ഉറക്കച്ചടവിനേയു പേക്ഷിച്ച് കമ്പ്യൂട്ടറിനു മുൻപിൽ വന്നിരുന്നു. ഓൺ ചെയ്ത്, യൂട്യൂബിൽ ഒരു സിനിമയെടുത്തു..

‘വൈശാലി’ ശ്രീമതി കൊണ്ടുതന്ന ചുടുചായ നുകർന്ന്, സിനിമയിലേക്ക് കൂടുതൽ അവഗാഢമായി ഇറങ്ങിച്ചെന്നു. പലയാവർത്തി കണ്ടതെങ്കിലും, ഇഷ്ടം തീരാത്തൊരു ചലച്ചിത്രം. അംഗരാജ്യത്തെ ഗ്രസിച്ച വരൾച്ച; വിണ്ടുകീറിയ ധരണിയുടെ മാറിൽ അസ്ഥിമാത്ര ഗാത്രവുമായ് നിപതിച്ച പശു. അതിന്റെ ജീവൻ വേർപ്പെടുന്നതും കാത്തിരിക്കുന്ന കഴുകൻ. പശുവിന്റെ ദൈന്യവും, കഴുകന്റെ പ്രതീക്ഷയും മിഴിയടയാളങ്ങളായി ഒരേ ഫ്രെയിമിൽ വരുന്നു. എത്ര ചാരുതയാണ്, അന്നത്തെ ചലച്ചിത്രങ്ങൾക്ക്. തിരക്കഥയും സംവിധാനവും ചേർന്നുറപ്പിച്ച സുഭദ്രമായ അടിത്തറയ്ക്ക്.

“അച്ഛാ, ഇതെന്തൂട്ട് പടാ അച്ഛാ? ഒരു രസൂല്യാ, ഇതെപ്പഴാ കഴിയാ? കഴിയുമ്പോ ഞങ്ങള് ഇത്തിരി നേരം വയ്ക്കട്ടേ? ഇത് കഴിയാറായോന്നു നോക്കട്ടേ”

മകൾ, കയ്യെത്തിച്ചു കഴ്സർ നീക്കി. “ശ്യോ, ഇത് തുടങ്ങിട്ടേ ഉള്ളോ? കുറേ ആവൂലോ ഇതു കഴിയാൻ”

കുട്ടികളുടെ മിഴിയിൽ, നൈരാശ്യം കുടിയേറി.

സ്വതേ, ബഹളങ്ങൾ പ്രിയമല്ല. പ്രത്യേകിച്ചും, നല്ല സിനിമകൾ കാണുമ്പോൾ. അടുക്കളയിൽ കിണ്ണം വീഴുമ്പോൾ, ശ്രീമതി കലപിലാ ഓരോന്നു ചോദിക്കുമ്പോൾ, അപ്പോഴെല്ലാം സിനിമക്കായി നീക്കിവച്ച മനസ്സിന്റെ ഭൂമികയിൽ, അസ്വസ്ഥതകൾ മേയാനിറങ്ങും. കുട്ടികൾക്കു ഇരിപ്പിടം കൈമാറി, ഉമ്മറമുറ്റത്തേ കോലായിൽ ചെന്നിരുന്നു.

ഓർമ്മകളിലേക്ക് ഒരു ഒൻപതുവയസ്സുകാരൻ വിരുന്നു വന്നു. അമ്മയുടെ തറവാട്ടുവീട്ടിലെ സ്വാതന്ത്ര്യത്തിൽ, സ്വച്ഛന്ദം വിഹരിച്ച ബാല്യകാല സ്മൃതികളും. കാശിത്തുമ്പകളും, ആകാശമല്ലികളും, മാങ്ങനാറികളും പൂവിട്ട ചരൽമണ്ണു ചുവന്നു തുടുത്തു. ലാങ്കിലാങ്കി മരങ്ങളിൽ നിന്നും, സുഖഗന്ധമൊഴുകിയെത്തി. യൂക്കാലിപ്റ്റസ് മരത്തിൽ നിന്നും, ഇലനുള്ളി ആസ്വദിച്ചു ശ്വസിച്ചു. പാണൽ ച്ചെടിയുടെ ഇല ചുരുട്ടി പീപ്പിയുണ്ടാക്കി. വേലിമേലിരുന്ന ഓന്തുകളേ നിഷ്കരുണം എറിഞ്ഞുകൊ ന്നു. അന്തിക്ക്, പാടത്തെ കുളങ്ങളിൽ ചൂണ്ടയിട്ട്, കാരിയും കൂരിയും കരിപ്പിടിയും പള്ളത്തിയും അത്താഴത്തിനു സമ്പാദിച്ചു. കുട്ടികളല്ലേ യെന്നു കരുതി, കൺമുന്നിൽ തോർത്തുമുടുത്തു കുളിച്ച പെണ്ണുങ്ങളേ ദുഷിച്ച കണ്ണുകൊണ്ടാസ്വദിച്ചു. അന്തിച്ചോപ്പു മാഞ്ഞു. ഇരുൾ തിങ്ങി.

സന്ധ്യ കഴിഞ്ഞാൽ, പ്രദേശത്തേ ഇത്തിരി സമ്പന്നത നിറഞ്ഞ വീടുകളുടെ പടിയ്ക്കൽ ചിലതിൽ കാത്തുകെട്ടി നിൽക്കും. ചിലയിടങ്ങളിൽ വിസിയാർ, മറ്റു ഒരിടത്ത് വി സി പി!! ഏതായാലും, കാസറ്റിട്ടു സിനിമ വരുന്നിടത്ത് ക്ഷണിക്ക പ്പെടാത്ത അതിഥികളായി, ഒരു പറ്റം വികൃതിപ്പടയുണ്ട്. ഒരു വീട്ടുകാരും, കടുകുമണിയോളം അനിഷ്ടം കാണിച്ചിട്ടില്ല.

ഒരു വീട്ടിൽ, കാസറ്റിട്ടു. വീടിന്റെ അകത്തളത്തിലാണ്, ടെലിവിഷൻ. കാത്തിരുപ്പായി; ഗ്രെയിൻസിന്റെ ആമുഖത്തിനപ്പുറം സിനിമാ തുടുങ്ങുകയായി. എൺപത്തിയെട്ടു – തൊണ്ണൂറുകളിലെ ചിത്രങ്ങൾ, ഇടിയുള്ള സിനിമകൾ കേമവും, അല്ലാത്തവ പോക്കും, എന്നു നിനച്ചിരുന്ന കാലം. സിനിമക്കിടയിലെ, പരസ്യങ്ങൾ.

“വിക്കോ ടർമറിക്അ ല്ല കോസ്മെറ്റിക്, വിക്കോ ടർമറിക് ആയുർവേദിക് ക്രീം. മുഖക്കുരുവിനേ വേരോടെ മാറ്റീടും, മഞ്ഞൾ ചന്ദനഗുണങ്ങൾ ഇതിലുണ്ട്, ത്വക്കിനെ രക്ഷിച്ചീടും ആയുർവേദിക് ക്രീം”

പരസ്യം, വേറൊന്നിലേക്ക് മറയുകയാണ്.

“ഇന്ന് നീയൊരു മണവാട്ടിയായി കൺമണി, മഞ്ഞൾ പുരട്ടിടാം മംഗളം നേർന്നിടാം, മഞ്ഞളിലുണ്ടല്ലോ എല്ലാ ഗുണവും, പൂവിതൾ പോലെ”

വിക്കോ ഉൽപ്പന്നങ്ങളുടെ പരസ്യം തുടരുകയായി.

ഇടയിലെപ്പോഴോ, ഒരു സൂര്യൻ ഉദിച്ചുയരുന്നു. ദോശ മൊരിയുന്ന ശബ്ദ പശ്ചാത്തലത്തിൽ, എഴുതി കാണിക്കുന്നു. ” തോംസൺ വീഡിയോസ്”

കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ, ഊഴം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ദിനരാത്രങ്ങൾ, പാദമുദ്ര, സംഘം….!!

അങ്ങനേ, എത്രയോ സിനിമകൾ !!

വീമ്പൂർ മന. പടിപ്പുര കടന്നുചെല്ലുന്നത്, സസ്യപുഷ്പതരുക്കളുടെ ഘനശ്യാമ സമൃദ്ധിയിലേക്കാണ്. മനയുടെ ഉമ്മറമുറ്റത്തേ പൂന്തോട്ടത്തിന്റെ ഭംഗിയിൽ, പച്ചപ്പുല്ലിൽ ‘രാധ’ യെന്നു ആലേഖനം ചെയ്തിരിക്കുന്നു. അവിടത്തേ തമ്പുരാട്ടിയുടെ, ഓർമ്മയ്ക്കായിയാകാം.

തൊട്ടുകൂടായ്മക്കും, തീണ്ടാപ്പാടുകളുടെ മനനങ്ങൾക്കും നേരെ, വെല്ലുവിളിയുടെ ചൂണ്ടുവിരലായി, മനയുടെ ഇറയം നീണ്ടു നിവർന്നു. ചുവരിലെ, പഴയ മരയഴികളുള്ള ജാലകങ്ങൾ, സദാ തുറന്നു കിടന്നു.Nആ കോലായിലെ ഇറയം മുഴുവൻ നാട്ടിലെ കുട്ടികളായിരുന്നു. ഏറെ മുതിർന്നവർ, അവർക്കു കാഴ്ച്ച മറയ്ക്കാതെ തിണ്ണയിലിരുന്നു. മനയിലെ കളർ ടിവിയിൽ, ഒരു നാടു മുഴുവൻ, അഴികളുള്ള ജാലകത്തിലൂടെ ദൂരദർശൻ പരിപാടികൾ കണ്ടു. മൂത്ത തമ്പുരാനും, ഉണ്ണിയും, അനിയനുമെല്ലാം ഒപ്പമിരുന്നു. സപ്താഹവും, കഥകളിപ്പദങ്ങളും, തിരുവാതിരപ്പാട്ടുകളും അലയടിച്ച ഒരിടത്തുനിന്നും, അന്നത്തേ ചെറുബാല്യ ക്കാരുടെ പൊട്ടിച്ചിരികൾ മുഴങ്ങി. വരേണ്യതയുടെ നെറ്റിചുളിച്ചിലുകളുടെ ഭീതിയില്ലാതെ, ചിരികളലയടിച്ചു.

ദൂരദർശൻ സിനിമകൾ, ചിത്രഗീതം, ചിത്രഹാർ, എക്സ് ബഡ്കർ ഏക്, ജെയ്ന്റ് റോബോട്ട്,Nഹി – മാൻ, മൗഗ്ലി, രാമായണം,മഹാഭാരതം, സമീക്ഷ, തിരനോട്ടം;

അങ്ങനെ, എത്രയോ കാഴ്ച്ചയുടെ പൂരങ്ങൾ.Nദൃശ്യരുചിഭേദമാർന്ന സദ്യവട്ടങ്ങൾ.

“മണിമുത്തിന്റെ മാലാ, നാരിക്കലങ്കാരം, എന്നാൽ, മാല -ഡീ, മാല – ഡീ സുഖ ജീവിതത്തിന്നാധാരം, മാല – ഡീ ഗർഭനി രോധന ഗുളികകൾ”

മാല – ഡി എന്തെന്നറിയാതെ ആവശ്യത്തിനും, അനാവശ്യത്തിനും, അനവസ രങ്ങളിൽ എത്രയോ ആ പാട്ടു പാടി നടന്നിരിക്കുന്നു.

“ചന്ദ്രിക സോപ്പിൻ നറുമണം, പ്രകൃതിയേകിടും നന്മ. ചന്ദ്രികാ സോപ്പിൻ പുതുമ, പ്രകൃതിയേകിടും ഗുണം” പ്രകൃതിയേകും ആയുർവേദ ചേരുവകളടങ്ങിയ കുടുംബ സോപ്പ്, ചന്ദ്രികയുടെ പരസ്യവും വെള്ളച്ചാട്ടത്തിനരികിലേ കുളിപ്പരസ്യവും എത്ര ഹൃദ്യമായിരുന്നു.

നവരത്നമാല സേവിംഗ് പദ്ധതി, സിന്തോൾ സോപ്പ്, ലിറിൽ സോപ്പ്, വിജിൽ സോപ്പ്, ഗംഗാ സോപ്പ്, റിൻ വാഷിംഗ് പൗഡർ നിർമാ വാഷിംഗ് പൗഡർ, ഉജാല, റോട്ടോമാക് പേനകൾ, പാൻപരാഗ് പാൻമസാല.

അങ്ങനേ, എത്രയോ പരസ്യങ്ങൾ.

അളകനന്ദയും, രാജേശ്വരി മോഹനും, ബാലകൃഷ്ണനും വിരുന്നു വന്ന വാർത്താവേളകൾ. ഓർമ്മയിലെന്നും തിളങ്ങുന്ന, ആ വാർത്തയുടെ പശ്ചാത്തല ഗീതം.

കാലം, എത്ര കടന്നുപോയിരിക്കുന്നു.

പതിയേ എഴുന്നേറ്റ് നടുവകത്തേക്ക് വന്നു. കിടപ്പുമുറിയിൽ നിന്ന്, കമ്പ്യൂട്ടറിന്റെ ശബ്ദം കേൾക്കാം. “വൈശാലിയെ” ക്ലോസ് ചെയ്തിരിക്കുന്നു. ഇപ്പോൾ, ഒരു പാട്ടു സുവ്യക്തമായി കേൾക്കാം. കുട്ടികൾ, ഏറ്റുപാടുന്നുമുണ്ട്.

‘മറിയേടമ്മേടെ ആട്ടിന്‍കുട്ടി മണിയന്റമ്മേടെ സോപ്പു പെട്ടി പാട്ടുപെട്ടി വട്ടപ്പെട്ടി വെറുതെ നിന്നാല്‍ കുട്ടംപെട്ടി’

ചിരി വന്നു; പിന്നേ, ‘ദൽഹി ഗാഥകൾ’ തിരഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *