എന്നാൽ സംസാരത്തിൽ ഉടനീളം അമ്മയെ ആ സ്ത്രീ, തള്ള എന്നൊക്കെയാണ് അയാൾ സംബോധന ചെയ്തത്…ഒടുവിൽ അയാൾ പറഞ്ഞു…

Story written by SRUTHY MOHAN

രാവിലെ എണീക്കുമ്പോൾ അഞ്ചു മിനിറ്റ് വൈകി…ഇന്ന് കോർട്ടിൽ കുറച്ചധികം കേസുകൾ വിചാരണക്കുണ്ട്…ഇന്നലെ ഫയലുകൾ പഠിക്കാനിരുന്നു ഉറങ്ങുമ്പോൾ ഏറെ വൈകിയിരുന്നു…വേഗം ഒരുങ്ങി ഇറങ്ങി…മേരി ചേച്ചിയുടെ ചായ കുടിച്ചു ഞാൻ ഇറങ്ങി…പി എ ജോണി സിറ്റ് ഔട്ടിൽ നില്പുണ്ടായിരുന്നു…എന്നെ കണ്ടു വിഷ് ചെയ്തു.. ഞങ്ങൾ സബ് കളക്ടർ എന്ന ബോർഡ് വച്ച കാറിൽ കയറി..

കളക്ടറേറ്റിൽ എന്റെ ഓഫീസിൽ അത്യാവശ്യം ചെയ്യേണ്ട ജോലികൾ കഴിഞ്ഞു ഞാൻ ആർ ഡി ഓ കോർട്ടിലേക്ക് പോയി….ഇന്ന് സീനിയർ സിറ്റിസൺ കേസ് ചിലതുണ്ട്…ആധാരം റദ്ദക്കാനും സംരക്ഷണ ചിലവിനും ഒക്കെയായി…

എല്ലാവരെയും കേട്ട് കഴിഞ്ഞു ഒടുവിലെ ആളെ വിളിച്ചു..

ജാനകി എന്നാണ് ഹർജിക്കാരിയുടെ പേര്… എൺപതു വയസ്സ്.

അകത്തേക്ക് വന്ന ആളെ നോക്കി..നരച്ച കോട്ടൺ സാരിയിൽ മെലിഞ്ഞുണങ്ങിയ രൂപം…. തലയിൽ ഒരു വിരലിൽ നീളത്തിൽ അങ്ങിങ്ങായി ഏതാനും വെളുത്ത മുടികൾ….എങ്കിലും മുഖത്ത് ഒരു ഐശ്വര്യം ഉണ്ടായിരുന്നു..

ഹർജിയിൽ പറഞ്ഞ കാര്യങ്ങളെ കുറിച്ചു അവരോടു ചോദിച്ചറിഞ്ഞു..അവരുടെ സമ്പാദ്യം കൊണ്ടു വാങ്ങിയ വീട്ടിൽ മകൻ താമസിക്കാൻ അനുവദിക്കുന്നില്ല…ഉപദ്രവവും അസഭ്യം പറച്ചിലും… ഭക്ഷണം നൽകാതെ പീഡിപ്പിക്കലും…അവസാനമായി അവർ പറഞ്ഞു..മാഡം എല്ലാം സഹിക്കാം എന്നാൽ എന്റെ മകൻ എന്നെ വേ ശ്യ എന്നാണ് ഇപ്പോൾ വിളിക്കുന്നത്…അത് ഞാനെന്ന അമ്മക്ക് സഹിക്കാനാവില്ല.എനിക്ക് എന്റെ വീട്ടിൽ മനഃസമാധാനത്തിൽ കഴിഞ്ഞാൽ മതി…

അവരുടെ വാക്കുകൾ കേട്ട് ഹർജിഭാഗം അഡ്വക്കേറ്റിന്റെ മുഖം ചുളിഞ്ഞു..എനിക്കും തോന്നി… ഈ എൺപതു വയസ്സായ കണ്ടാൽ ഇപ്പോൾ മരിക്കുമെന്ന അവസ്ഥയിലുള്ള സ്ത്രീയെ മകൻ വേ ശ്യ എന്ന് വിളിക്കുമോ….വിശ്വസിക്കാൻ പ്രയാസമാണ്..

മകനെ വിളിച്ചു…ഉദ്യോഗസ്ഥൻ ആണ്…എന്നാൽ സംസാരത്തിൽ ഉടനീളം അമ്മയെ ആ സ്ത്രീ തള്ള എന്നൊക്കെയാണ് അയാൾ സംബോധന ചെയ്തത്….ഒടുവിൽ അയാൾ പറഞ്ഞു…ഈ ഇരിക്കുന്ന സ്ത്രീ മുറിയിൽ മേൽ വസ്ത്രമില്ലാതെ കിടക്കുന്നത് എന്റെ മകൾ പലപ്പോഴും കണ്ടിട്ടുണ്ടെന്ന്..അയാളുടെ വാക്കുകളിൽ നിന്നും ജാനകി അമ്മ പറഞ്ഞത് സത്യമാണെന്നു എനിക്ക് ബോധ്യമായി..

ഇത്രയും മോശം ആരോപണം അതും പട്ടിണിക്കോലമായി ഇരിക്കുന്ന സ്വന്തം അമ്മക്കെതിരെ ആരോപിച്ച അയാളോട് പുച്ഛം തോന്നി…എങ്കിലും എനിക്ക് ജാനകി അമ്മ ആവശ്യപ്പെട്ട നിവർത്തി നൽകുവാൻ കഴിയുമെന്ന് ഉറപ്പില്ല..മുതിർന്ന പൗരൻമാരുടെ സംരക്ഷണത്തിനുള്ള നിയമത്തിന്റ പരിധിയിൽ പെടുന്നതല്ലേ എനിക്ക് ചെയ്യാനാവൂ…എങ്കിലും ഞാൻ നോക്കട്ടെ എന്നാണ് പറഞ്ഞത്…

മകനിൽ നിന്ന് സംരക്ഷണചിലവ് വാങ്ങി നൽകാനുള്ള ഉത്തരവ് നൽകാമെന്ന് പറഞ്ഞപ്പോൾ ജാനകി അമ്മ പറഞ്ഞു..വേണ്ട മേഡം… എന്ന് അവൻ എന്നെ വേ ശ്യ എന്ന് വിളിച്ചുവോ, അന്ന് എന്റെ മകൻ മരിച്ചു…. എനിക്ക് അവനിൽ നിന്നും യാതൊന്നും വേണ്ട… എനിക്ക് എന്റെ സമ്പാദ്യമായ വീട്ടിൽ മനസമാധാനത്തോടെ ജീവിക്കണം… അത് മതി…. എന്നും പറഞ്ഞു തല നിവർത്തി അവർ പയ്യെ ഇറങ്ങി പോയി…

ഞാൻ ബഹുമാനത്തോടെയും നിസ്സഹായതയോടെയും അവരെ നോക്കി നിന്നു..

Related Posts

Leave a Reply

Your email address will not be published. Required fields are marked *